
തോരാമഴയിലേക്ക് തോൾസഞ്ചിയുമായി കുട ചൂടി ഇറങ്ങുമ്പോൾ പുറത്തു പെയ്‌യുന്നതിലധികം കണ്ണീർ മഴ അയാളുടെ മിഴികളിൽ നിന്നൂറുന്നുണ്ടായിരുന്നു.തെറ്റിദ്ധരിക്കപ്പെട്ട,ആരും മനസ്സിലാക്കാനില്ലാത്തവരുടെ നൊമ്പരങ്ങൾക്ക് എന്ത് വില??
സ്വന്തം അധ്വാനത്തിന്റെ ഫലം അല്പകാലത്തേക്ക് പോലും ഉപേക്ഷിച്ചു പോവുക അത്ര എളുപ്പമല്ല.
ആത്മാഭിമാനത്തിന് മീതെ ഒന്നിനും താൻ വില കല്പിക്കുന്നില്ല.
ഒറ്റാന്തടിയായി ജീവിക്കാമെന്ന് കരുതിയെങ്കിലും, ഒരു പ്രത്യേക സാഹചര്യത്തിൽ യമുനയെ,തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കേണ്ടി വന്നു.അതും അവൾക്ക് പറ്റിയ വലിയ അബദ്ധം നാലാൾ അറിയാതെ ഇരിക്കാൻ വേണ്ടി. അനാഥ ജീവിതത്തിന്റെ ഭാരം പേറി ജീവിച്ചൊരുവന് നീ വെച്ചു നീട്ടിയ പുതിയ ലോകം എത്രമേൽ വിചിത്രമായിരുന്നു ദൈവമേ….!!
ഒരു കാലിലെ മന്ത് അടുത്ത കാലിലേക്ക് മാറ്റിയത് പോലെ.. അല്ലാതെന്ത്??
ബാല്യകൗമാരങ്ങൾ ദുരിതത്തിന്റെ അകമ്പടിയോടെ കടന്നു പോന്നെങ്കിലും ഒരിയ്ക്കലും പ്രതീക്ഷ കൈവിട്ടിരുന്നില്ല.കിഴക്കേലെ മധുചേട്ടന്റെ ഒറ്റപ്പുത്രി യമുന തന്നെക്കാൾ രണ്ടു വയസ്സിളപ്പമുള്ളവളാണ്.അവൾ
തന്റെ മനസ്സിലെ ഒരു പൂജാ ബിംബം പോലെ ആയിരുന്നു. ഒരിക്കൽപ്പോലും തുറന്നു പറയാത്ത എന്നാൽ ഇരുവർക്കും മാത്രം മനസ്സിലാകുന്ന കണ്ണിന്റെ പകർന്നാട്ടങ്ങൾ. കുന്നിൻ മുകളിലുള്ള അച്ഛമ്മയുടെ വീട്ടിലേക്ക് സൊസൈറ്റി യിൽ പാൽ കൊടുക്കാനും, പാത്രം തിരിച്ചു കൊടുക്കാനുമുള്ള നെട്ടോട്ടത്തിനിടയിലായിരുന്നു അച്ഛമ്മയുടെ സ്നേഹം മാത്രം തന്നെ സംബന്ധിച്ച് കണക്കില്ലാത്ത ഒന്നായിരുന്നു. “മോനേ.. ആനന്ദാ… നിന്റച്ഛൻ ഗോപി നിന്നെ തള്ളിപ്പറഞ്ഞാലും എനിക്ക് ആരോഗ്യം ഉള്ള കാലം വരെ നിനക്ക് ഒരു നേരത്തെ ആഹാരം ഞാൻ കരുതും.ഈ പശുക്കറവ ഉള്ളത് എന്റെ ഭാഗ്യം..നിനക്ക് നിൽക്കക്കള്ളി ഇല്ലാതെ വരുമ്പോൾ നീ ഇങ്ങു പോരേ.”
“എനിക്കറിയാം എന്റെ പൊന്നച്ഛമ്മേ.. അതല്ലേ എന്റെ ധൈര്യം “
രണ്ടു മുറിയും, ചായ്‌പ്പും മാത്രം ഉള്ള ആ കുഞ്ഞു വീടിന്റെ സമാധാനം ‘മണിമന്ദിരം’വീട്ടിൽ കിട്ടാറില്ലല്ലോ.
ജലജക്കൊച്ചമ്മയുടെ ഒരു അടിമയെപ്പോലെ ജീവിക്കാം എന്നല്ലാതെ.കിഴക്കേലെ വീട്ടുമുറ്റത്തു കൂടി അങ്ങോട്ട് പോകുമ്പോൾ വെറുതെ ശോഭേച്ചിയോട് എന്തെങ്കിലുമൊക്കെ മിണ്ടിപ്പറയും. വീടിന്റെ ഇളം തിണ്ണയിലിരുന്ന് നാളത്തേക്കുള്ള മുല്ലയോ, കനകാംബരമോ കൊരുക്കുന്ന യമുനയും, രാധയും തന്നെ നോക്കി ചിരിക്കും. പിറ്റേന്ന് അതിരാവിലെ കുന്നിറങ്ങി വരുമ്പോൾ രണ്ടിനെയും കണി കൂടി കാണാൻ കിട്ടില്ല.. മടിച്ചികൾ അത്ര രാവിലെയൊന്നും എണീക്കില്ല.സ്കൂളിൽ ചെല്ലുമ്പോൾ വലിയ ജാഡക്കാരികൾ.
നിറം മങ്ങിയ യൂണിഫോമും, പാരഗണിന്റെ തേഞ്ഞു തീരാറായ ചെരുപ്പും ചളുങ്ങിയ ഒരു പുസ്തകപ്പെട്ടിയുമായി നടക്കുന്ന ഈ ആനന്ദനെ പരിചയം ഉണ്ടെന്ന് പറയുന്നതേ അവർക്ക് നാണക്കേട്.
റയ്നോൾഡ്സിന്റെ പേനയും, മണമുള്ള പെൻസിലും ഒക്കെയുള്ള പെൺകുട്ടികൾ. ശോഭേച്ചിയുടെ ആങ്ങള,അതായത് യമുനയുടെ അമ്മാവൻ വാങ്ങിക്കൊടുക്കുന്നതാത്രെ.ഇതൊന്നും വാങ്ങാൻ വകയില്ലാത്തവൻ റീഫില്ലർ മാറ്റി മാറ്റിയിട്ടു ഒരേ പേന കാലങ്ങളോളം ഉപയോഗിക്കും. വല്ലവരുടെയും പഴമ്പുസ്തകം ഇരന്നു വാങ്ങിക്കും. അങ്ങനെയും ഒരു കാലം!!
വളരുന്തോറും യമുനയോടുള്ള ആ കൗതുകം കുറഞ്ഞു വീട്ടിൽ കാത്തിരിക്കുന്ന ജോലികൾ ഓർക്കുമ്പോൾ അങ്ങോട്ട് ചെല്ലാൻ തോന്നാറില്ല, എങ്കിലും പോകാതെ വയ്യല്ലോ, പത്താം തരം കൊണ്ട് തന്റെ പഠിപ്പ് നിർത്തുവാണെന്നാ അച്ഛൻ രണ്ടാനമ്മയോട് കഴിഞ്ഞ ദിവസം പറഞ്ഞത്. എതിർക്കണമെന്ന് തോന്നിയെങ്കിലും സാധിച്ചില്ല. “ഒളിഞ്ഞു നിന്ന് കേൾക്കുവാണോടാ “എന്ന് ചോദിച്ച് അപ്പോഴേ അടി കിട്ടിയേനെ. ഇങ്ങനെയൊക്കെയുള്ള സാഹചര്യം വെച്ച് യമുനയെ കണ്ടാൽ വാക്കുകൾ അധരങ്ങളിൽ നിന്ന് പുറത്തു ചാടാൻ മടിച്ചു. കാണുമ്പോൾ ഒരു ചെറു പുഞ്ചിരി മാത്രം. മനസ്സുകൾക്കിടയിൽ കാലം സൃഷ്ടിയ്ക്കുന്ന വിടവ് എത്ര വലുതാണ്.കോളേജും,പഠിത്തവുമൊക്കെയായി അവളാകെ മാറിപ്പോയി.
തെങ്ങു ചതിക്കില്ലെന്ന് പഴമക്കാർ പറയാറുണ്ട്.തേങ്ങ പിരിയ്ക്കുന്നത് നോക്കി പണിക്കാരനോട് സംസാരിച്ചു നിന്ന അച്ഛന്റെ തലയിലേക്ക് കൊന്ന തെങ്ങിൽ നിന്നും തേങ്ങ വന്നു വീണു. ശക്തിയായി പതിച്ചതിനാൽ “അയ്യോ…”
എന്നൊരു ആർത്തനാദം കേട്ടാണ്
മുറ്റത്ത് നിന്നും ഉണങ്ങിയ ഷീറ്റ് പെറുക്കി അടുക്കിക്കൊണ്ടിരുന്നതിനിടയിൽ എത്തി നോക്കിയത്. പണിക്കാരൻ ഒരു വിറയലോടെ തെങ്ങിൽ നിന്നിറങ്ങി.
അല്പം വായ പൊളിച്ച് നെറ്റിയിൽ നിന്ന് ചാലൊഴുകിയ രക്തത്തിൽ കുളിച്ച്
അച്ഛൻ കിടക്കുന്നു. മറക്കാൻ പറ്റാത്ത വേദന നൽകിയ അവസാനനിമിഷത്തിന്റെ കാഴ്ച.
പിന്നീടങ്ങോട്ട് വെറും ഒരു വേലക്കാരന്റെവേഷം എടുത്തണിഞ്ഞു. അല്ലെങ്കിലും അവർ വന്നു കയറിയ നാൾ മുതൽ സ്വന്തം അച്ഛൻ പോലും അങ്ങനെയാണ് കരുതിയിരുന്നത്.പ്രീഡിഗ്രി ക്ലാസ്സിൽ നല്ല മാർക്കോടെ പാസായിട്ടും, റബ്ബർ തോട്ടത്തിൽ നിന്ന് വരുമാനമുണ്ടായിട്ടും തുടർപഠനത്തിന് അവർ അയച്ചില്ല. രണ്ടാനമ്മയുടെ മകൾ സർവ്വ സുഖസൗകര്യങ്ങളോടെ തന്നെ വെല്ലുവിളിച്ചു ജീവിച്ചു. ഒടുക്കം അച്ഛമ്മയുടെ ഒപ്പം ആ ചെറിയ വീട്ടിലേക്കു കുടിയേറി. അവിടുത്തെ ഇത്തിരിപ്പോരം മണ്ണിൽ പണിയെടുത്തു.ആയമ്മയുടെ
കാലം കഴിഞ്ഞപ്പോൾ താനൊറ്റയ്ക്ക്.വല്ലപ്പോഴും എന്തെങ്കിലും ആവശ്യം വന്നാൽ താഴത്തെ വീട്ടിൽ ശോഭേച്ചിയോട് ചോദിച്ചു വാങ്ങും.ഇടയ്ക്കൊക്കെ വരുമ്പോൾ യമുന ഒന്നോ, രണ്ടോ വാക്ക് സംസാരിയ്ക്കാറുണ്ടായിരുന്നു.ഒറ്റയ്ക്കായ തന്നോട് അവർക്ക് വലിയ കാര്യമായിരുന്നു.
.ടൗണിലെ കോളേജിൽ നിന്ന് യമുന പഠനം ഒക്കെ കഴിഞ്ഞുവന്നെന്ന് തോന്നുന്നു.ഹോസ്റ്റലിൽ നിന്ന് കൊണ്ടു വന്നതാവും, പതിവില്ലാതെ കുറെ വസ്ത്രങ്ങൾ അലക്കി അയയിൽ ഇട്ടിട്ടുണ്ട്. വീട്ടിലേക്ക് കടയിൽ നിന്ന് സാധനം വാങ്ങി ഇടവഴിയിൽക്കൂടി വരുമ്പോഴാണ് ശ്രദ്ധിച്ചത്.. ഇളം തിണ്ണയിൽ കാലാട്ടി ഇരിക്കുന്ന യമുന.മുഖത്തെ രക്തശോഭ വാർന്നു പോയ പോലെ ഉണ്ട്. തന്നെ കണ്ട പാടെ അവൾ അകത്തേക്ക് പോയി.
അനിയത്തിക്കൊച്ചിന്റെ മുഖവും വീർത്തു കെട്ടി ഇരിക്കുന്നു.ശോഭ ചേച്ചി അരകല്ലിൽ തേങ്ങ അരയ്ക്കുന്നു.
“ശോഭേച്ചിയെ…ഇന്നാ കുറച്ചു പരിപ്പുവട… ജോസേട്ടന്റെ കടേന്നുവാങ്ങിയതാ.. പിള്ളേർക്ക് കൊടുക്കണേ….”
ചേച്ചി കല്ലിലെ അരപ്പ് പാളമുറി കൊണ്ടു വടിച്ചെടുത്ത് പാത്രത്തിലിട്ടു.കൈ കഴുകി സാരിത്തുമ്പിൽ തുടച്ചു.എന്നിട്ട് പൊതി വാങ്ങി.മ്ലാനമായ മുഖഭാവം. എന്തോ വിഷമം ഉള്ളിലുണ്ട്.
“നീ അവിടെ നിൽക്കുവാണേൽ ഞാൻ ഇത്തിരി ഉള്ളിത്തീയൽ തരാം കൊച്ചേ…”
“നിൽക്കാം..വായ്ക്ക് രുചി ആയിട്ട് വല്ലതും കഴിക്കാമല്ലോ… പിന്നെ..മധുച്ചേട്ടൻ എവിടെ???
“ചേട്ടൻ.. ഒരിടം വരെപ്പോയതാ.”
“ഊം…”
കറി വാങ്ങിപ്പോരുമ്പോൾ വീടിന്റെ ഉള്ളിലേക്കൊന്നു പാളി നോക്കി… ആരെയും കാണുന്നില്ല.
ആ…. എന്തെങ്കിലും ആകട്ടെ. തനിക്കെന്ത് ചേതം??
പിറ്റേന്ന് പാത്രം കൊടുക്കാൻ ചെല്ലുമ്പോൾ വലിയ ഒച്ചപ്പാട് കേൾക്കാം. മധു ചേട്ടൻ ഇത്രയ്ക്കും ദേഷ്യപ്പെടുന്നത് ആദ്യം കേൾക്കുന്നു. അടുക്കളപ്പുറത്ത് നിന്നപ്പോൾ കേട്ട സംഭാഷണശകലങ്ങൾ
വല്ലാതെ ഉള്ളു പൊള്ളിച്ചു. സ്നേഹിച്ച പുരുഷനാൽ വഞ്ചിക്കപ്പെട്ടവളുടെ തേങ്ങൽ..”ഇനി വിഷം വാങ്ങി ഒരുമിച്ചു ജീവനൊടുക്കാം.അതേ വഴിയുള്ളൂ. നാണം കെട്ട് ജീവിക്കാൻ പറ്റില്ല ” എന്ന ശോഭേച്ചിയുടെ തീരുമാനം കേട്ട പാടെ ആ വാതിലിൽ ഉറക്കെ തട്ടി.
കതക് തുറന്നത് പരിക്ഷീണയായ ശോഭേച്ചി ആയിരുന്നു.
മധു ചേട്ടൻ തല കുമ്പിട്ടു കസേരയിൽ ഇരിക്കുന്നു. ഏതോ ഒരു ഉൾപ്രേരണ കൊണ്ട് അവിടേക്ക് കടന്നു ചെന്നു. അടിയേറ്റ് തിണർത്ത കവിൾത്തടത്തോടെ യമുന തറയിൽ ഇരിക്കുന്നത് കണ്ടിട്ട് സഹിച്ചില്ല.
“ഞാൻ… ഞാനെല്ലാം കേട്ടു.. നിങ്ങൾക്ക് സമ്മതമെങ്കിൽ ഇവളെ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. അതിനു കൂട്ടക്കുരുതിയൊന്നും വേണ്ട.. ചോരത്തിളപ്പിൽ ഒരു തെറ്റ് ആർക്കും പറ്റും”അവിശ്വസനീയമായ എന്തോ ഒരു കാര്യം കേട്ട പ്രതീതി ആയിരുന്നു എല്ലാവർക്കും. അവൾ തന്റെ നേരെ കൈകൂപ്പി പൊട്ടിക്കരഞ്ഞു.ശോഭേച്ചി…. “മോനെ…. നിന്നെ ദൈവം ആണ് അയച്ചതെന്ന്”നന്ദിവാക്കുതിർത്തു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഒരു ചെറിയ കല്യാണം. കുഞ്ഞു വീട്ടിലേക്കു പെണ്ണൊരുത്തി വലതു കാൽ വെച്ചു കയറി ചെന്നു. ഒന്നിനും ഒരു കുറവ് വരാതെ നോക്കാൻ ആനന്ദൻ ആവോളം ശ്രദ്ധിച്ചു.കടപ്പാടിന്റെ അദൃശ്യമായ ഒരു നൂലിഴയാൽ എന്നും ബന്ധിതനായിരുന്നു ആനന്ദൻ… തന്റെ സ്വന്തമല്ലെന്നറിഞ്ഞിട്ടും അവളുടെ വയറ്റിൽ പിറന്ന കുഞ്ഞിനെ തന്റേതായി തന്നെ കരുതി വളർത്തി.കുഞ്ഞ് ആദ്യം
വിളിച്ചത് അച്ഛനെന്നാണ്. ആ ഓമന മുഖത്ത് നോക്കി ഒരായിരം വട്ടം പറഞ്ഞു..
“അതേ മോനേ… ഞാൻ തന്നെയാണ് നിന്റെ അച്ഛൻ!!”
തനിക്കും, അവൾക്കും സ്വന്തമായി ഒരു കുഞ്ഞു കൂടി വേണമെന്ന് ഉണ്ടായിരുന്നു.
എങ്കിലും അവനോടുള്ള അതിരു കവിഞ്ഞ സ്നേഹം കൊണ്ട് മറ്റൊരു
കുട്ടി വേണ്ട എന്ന് ഇരുവരും തീരുമാനിച്ചു.
ശോഭേച്ചിക്ക് മുറുമുറുപ്പുണ്ടായിരുന്നു.
ആ കുഞ്ഞിനോട് മനസ്സ് കൊണ്ട് ഒരകലം അവർ സൂക്ഷിച്ചു. യമുനയ്ക്ക് ഹൃദയവേദന തോന്നാതെയിരുന്നില്ല.നാട്ടിലെ വീടും, സ്ഥലവും വിറ്റ് ആനന്ദൻ പത്തനം തിട്ടയിൽ കുറച്ചു കൃഷി സ്ഥലം ഒക്കെ വാങ്ങി. രണ്ടു പേരും വിശ്രമമില്ലാതെ അധ്വാനിച്ചു. പാടത്തു കതിർക്കുല കാണുമ്പോൾ മനസ്സ് തുടി കൊട്ടുന്നത് അനുഭവിച്ചു. ജീവിതം പച്ച പിടിച്ചു തുടങ്ങി.കാലം കടന്നു പോകെ സാഹചര്യങ്ങൾ ആകെ മാറി മറിഞ്ഞു.വിനുക്കുട്ടൻ കെട്ടിലും, മട്ടിലും ആകെ മാറി. നല്ല വിദ്യാഭ്യാസം നേടാൻ കഴിഞ്ഞത് ഉയർന്ന ജോലിയിലേക്കും വഴി വെച്ചു.പാടത്തു പണിയുമ്പോഴാണ് ജോലിയിലേക്കുള്ള നിയമന ഉത്തരവ് കൊണ്ട് അവൻ ഓടിക്കിതച്ചു വന്നത്.
“അച്ഛാ….. നോക്ക്… എനിക്ക് ജോലി കിട്ടി.. ഇനി അച്ഛൻ പണിയാനൊന്നും ഇറങ്ങേണ്ട.”അവൻ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു.
“മോനെ… അച്ഛന്റെ ദേഹത്ത് ആകെ വിയർപ്പാ..ഞാൻ അങ്ങോട്ട് വരുവാ.”
യമുന അഭിമാനത്തോടെ ആ കാഴ്ച കണ്ണീർ തുളുമ്പുന്ന മിഴികൾ തുടച്ചു.
എല്ലാം മാറിമറിയാൻ എത്ര സമയം വേണം??
അധികമൊന്നും വേണ്ടി വരില്ല.
വിവാഹം ചിലർക്കൊക്കെ നല്ല തുടക്കം. മറ്റു ചിലർക്ക് ഉറ്റവരിൽ നിന്നുള്ള അകലത്തിന്റെ ആദ്യപടി.
പുതുപ്പെണ്ണ് വിനുവിന്റെ കൈപിടിച്ച് ആ വീട്ടിലേക്കു കയറി വന്നെങ്കിലും അധികം നിന്നില്ല.. വീട്ടിൽ ഉള്ളവർക്ക് കൾച്ചർ ഇല്ലത്രേ. സെറ്റിയിൽ അലക്ഷ്യമായിട്ട മുഷിഞ്ഞ തോർത്ത്. പണി കഴിഞ്ഞു വരുമ്പോൾ എത്ര കാൽ കഴുകിയാലും ഇത്തിരി ചെളിയവശേഷിക്കുന്ന വീടിന്റെ ഹാൾ, ചുമച്ചു കാർക്കിക്കുന്ന അച്ഛൻ,
രാവിലെ പലഹാരം എപ്പോഴും ഉണ്ടാക്കാതെ, വലിയ ആർഭാടങ്ങളില്ലാത്ത അമ്മ.അമ്മയെ പിന്നെയും സഹിക്കാം.. അച്ഛൻ തങ്ങൾ ക്കൊപ്പം വേണ്ടേ വേണ്ട എന്ന നിലപാട് അവൾക്ക്.
ജോലി സ്ഥലത്തെ ഫ്ലാറ്റിലേക്ക് അവർക്കൊപ്പം യമുനയെ കൊണ്ടു പോയി… ഏകാന്തപഥികൻ വീണ്ടും
ഏകാകിയായി. “ആരാന്റേം പശുവിനു പുല്ലു പറിച്ചാൽ പശുവുമില്ല, പാലുമില്ല “എന്ന അവസ്ഥ. അവൾ പോയിട്ടു എത്ര നാളായി??
ഏതാണ്ട് രണ്ടു മാസത്തിനു ശേഷം അവനൊപ്പം യമുന വന്നു. അവൾ സാരിയിൽ നിന്ന് ചുരിദാറിലേക്ക് മാറിയിരിക്കുന്നു.വല്ലപ്പോഴും വഴിപാട് പോലെ ഉള്ള ഫോൺ വിളികളിൽ ആ മനസ്സിന്റെ അകലം താൻ തിരിച്ചറിഞ്ഞതാണ്. ഇപ്പോൾ അത് പൂർത്തിയായി.
പതിവുപോലെ പാടത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ മെല്ലെ യമുന അടുത്തേക്ക് വന്നു.”ആനന്ദേട്ടാ..എപ്പോഴും ഇനി ഇങ്ങോട്ട് വരാൻ പറ്റില്ല..ഈ സ്ഥലം വിറ്റ് മര്യാദക്ക് വൃത്തി ആയി നടക്കാമെങ്കിൽ മോന്റെ ഫ്ലാറ്റിൽ താമസിക്കാം.രേവതി ഗർഭിണിയാണ്.ഞാൻ അവിടെ കൂടുവാ. എനിക്ക് വയ്യാ പാടത്തും പറമ്പിലും കിടന്നു കഷ്ടപ്പെടാൻ”
“അയ്യോ… വേണ്ടായേ.. നീ അവിടെ നിന്നോ.എനിക്ക് ഈ മണ്ണും, ചെളിയും കിണറ്റിലെ വെള്ളോം ഒക്കെയുണ്ടെങ്കിലേ തൃപ്തി വരൂ..അധ്വാനിക്കാൻ മനസ്സും, വെച്ചു കഴിക്കാൻ ആരോഗ്യവും ഇപ്പോഴുണ്ട്. നിനക്ക് വരണമെന്ന് തോന്നുമ്പോൾ വരാം. ഞാൻ ഇവിടെ ഇല്ലെങ്കിലും വീടിന്റെ താക്കോൽ ഉമ്മറപ്പടിയുടെ മേലെ ഉണ്ടാവും. പിന്നെ… ഞാൻ ആർക്കും ഒരു ഭാരമാവില്ല. “
“ഭാരമാണെന്ന് ഞാൻ പറഞ്ഞോ??
വെറുതെ എഴുതാപ്പുറം വായിക്കാതെ ആനന്ദേട്ടാ”
യമുന മുഖം വീർപ്പിച്ചു.
“അച്ഛന് എപ്പോഴും സ്വന്തം കാര്യം മാത്രമേ ഉള്ളൂ.. മറ്റാരെയും കുറിച്ച് ഒരു ചിന്തയും ഇല്ല. എനിക്ക് ഇങ്ങോട്ട് എപ്പോഴും ഓടി വരാനൊന്നും പറ്റില്ല”
വിനുവിന് പെട്ടെന്നാണ് ദേഷ്യം വന്നത്.
ആനന്ദൻ യമുനയെ ഒന്ന് ഇരുത്തി നോക്കി.
“നിന്റെ അമ്മയോട് ചോദിച്ചു നോക്ക്..
അച്ഛൻ ആരെക്കുറിച്ചാണ് എപ്പോഴും ചിന്തിച്ചതെന്ന്??ആർക്ക് വേണ്ടിയാണു ഇത്രയും കാലം ജീവിച്ചതെന്ന്??
അവൾക്ക് അറിയാം.. നീ ചോദിച്ചു മനസ്സിലാക്ക്.. ഈ ആനന്ദന് ഇങ്ങനെ ആകാനെ കഴിയൂ.. ആരും എന്നെ കാക്കണ്ട.. തിരക്കുകയും വേണ്ട.. ഭാര്യയെ നോക്കി വിരൽ ചൂണ്ടി പറഞ്ഞു.””പക്ഷേ… എനിക്ക് നിന്നോട് മാത്രം ഒന്ന് പറയാനുണ്ട്.. നീ വന്ന വഴി മറക്കാതെ ഇരിക്കുക”
തോർത്തു കുടഞ്ഞു തോളിലിട്ട് തൂമ്പയുമായി അയാൾ പാടത്തേക്കിറങ്ങി. യമുന ഒരു ശില പോലെ നിൽക്കുന്നുണ്ടായിരുന്നു.ആരോടോ ഉള്ള ദേഷ്യം തീർക്കാൻ അയാൾ മണ്ണിൽ ആഞ്ഞു കിളച്ചു.സന്ധ്യയ്ക്ക് വീട്ടിലേക്കു തിരിച്ചു വരുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നുമില്ല.
അന്ന് രാത്രി ഒരു പാട് ആലോചിച്ചു.ആർക്കു വേണ്ടിയാണു താൻ സ്വന്തം നല്ല ജീവിതം ത്യജിച്ചത്?
ഈ അധ്വാനമൊക്കെ ചെയ്തത്… അവർക്ക് ഇതൊന്നും വേണ്ടെങ്കിൽ പിന്നെ എന്തിനാണ്??
ഇനിയെങ്കിലും തനിക്ക് വിശ്രമം വേണ്ടേ??
വേണം……!!
ഓരോ കാലഘട്ടത്തിൽ ചെയ്യേണ്ട കാര്യങ്ങൾ മുഴുവൻ ചെയ്തു എന്നാണ് വിശ്വാസം.എന്നിട്ട് എന്താണ് നേടിയത്…എന്നോർക്കുമ്പോൾ ഒരു വിഷമം.നഗര ജീവിതത്തിന്റെ മായക്കാഴ്ചകളിൽ കുടുങ്ങിക്കിടക്കുന്ന ഭാര്യ. മകനും, ഭാര്യക്കും ഇപ്പോൾ അവളെ ആവശ്യമുണ്ട്… താൻ ഒരു അധികപ്പറ്റും.
അന്നന്നു രാത്രി സമാധാനമായി ഉറങ്ങാൻ സാധിച്ചിരുന്നു എന്നതാണ് വലിയ കാര്യം.. ആരോടും, പകയും, ദേഷ്യവും വെച്ചു പുലർത്തുന്ന സ്വഭാവം പണ്ടേ ഇല്ലായിരുന്നു. തന്നാലാവും വിധം കുടുംബത്തെ കാത്തു,ഇപ്പോൾ കുറച്ചു നാളത്തേക്ക് കർമ്മ ഭാണ്ഡം ഇറക്കി വെയ്ക്കണം.യമുനക്ക് കൊടുത്ത വാക്ക് ഇതു വരെ പാലിച്ചു.
അവളുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുക മാത്രമല്ലല്ലോ, താൻ ചെയ്തത്. അനുഭവത്തിൽ അവന്റെ അച്ഛൻ തന്നെ ആയിരുന്നു, ഇതു വരെ ആ കഥയൊന്നും അവനറിഞ്ഞിട്ടില്ല, അവന്റെ അമ്മ പറഞ്ഞും കാണില്ല. ഇനി അവർക്ക് തന്നെ ആവശ്യം ഉണ്ടെന്ന് തോന്നുന്ന സമയം തെറ്റ് തിരുത്തട്ടെ.ഞാനും ഒരു പച്ചമനുഷ്യനല്ലേ.. വേദനകളും, അവഗണനയും ഏറെ സഹിച്ചു.. ഇനി വയ്യാ അത്ര തന്നെ!
ഒരു തീർത്ഥാടനയാത്രയാകാം. പിതൃക്കൾക്ക് ആത്മശാന്തിക്കായ് പ്രാർത്ഥിച്ച്, ഗംഗാ തടങ്ങളിൽ ഒന്ന് മുങ്ങി നിവരാം. മനസ്സും, ശരീരവും ഒന്ന് തണുക്കുമ്പോൾ ഇവിടേക്ക് മടങ്ങി വരാം. ഇല്ലെങ്കിൽ ഇനിയൊരു പിൻവിളി തേടിയെത്തും വരെ..കാത്തിരിക്കാം..അത്രയും, കരുതലും, സ്നേഹവും പകർന്നു കൊടുത്തിട്ടുണ്ട്.അവൾ… യമുന വിളിക്കും…വിളിക്കാതിരിക്കില്ല!!!