വിസ്മൃതികളിലാണ്ടു പോം കാലങ്ങൾ പിന്നെയും കാണാൻ
കഴിഞ്ഞെങ്കിലെന്നോർത്തു പോയ് ഞാൻ
അമ്പലക്കുന്നിൻ നെറുകയിൽ
കൗമാര സ്വപ്നങ്ങൾ കണ്ടു നടന്ന കാലം
അതിരുകളില്ലാത്തൊരാകാശസീമയിൽ
മേഘങ്ങൾ നോക്കിക്കിടന്ന കാലം
പനസ വൃക്ഷങ്ങളും പാണലും , പാലയും, ആഞ്ഞിലി’ചക്കര മാമരവും
തണലായ് പുതച്ചു നിന്നമ്പലക്കുന്നിന്റെ
സുഖശീതളിമയ്ക്കു മാറ്റുകൂട്ടി
തെല്ലു താഴത്തൊരാലും മാവുമായി
ഒന്നായിണചേർന്നൊരാൽമാവായ് നിൽപ്പൂ
കല്ലുവെട്ടാംകുഴിക്കപ്പുറം സർക്കസ്സുകാർ നിർമ്മിച്ച മരണക്കിണറും
കുംഭ.. പൂയത്തിനുത്സവമാകിലോ
കുംഭ കുലുക്കിയെത്തിടും ഗജവീരന്മാർ
വച്ചു വാണിഭക്കടകൾ, സർക്കസ്സു മാജിക്കുകൾ,
കൊച്ചുവിളക്കുമായി പീടമുറുക്കാനും,
കൈ നോക്കി മെയ് നോക്കി കാര്യം പറയുന്നോർ,
തത്തയെക്കൊണ്ടു ചീട്ടെടുപ്പിച്ചോരോ
ഭാഗ്യ നിർഭാഗ്യങ്ങൾ കേട്ടു രസിക്കുന്നോർ
ആഞ്ഞിലിച്ചോട്ടിൽ കഥകളി ആടുമ്പോൾ
പ്ലാവിന്റെ ചോട്ടിൽ കഥയുമായ് സാംബശിവൻ
ആനയുമായി പറയ്‌ക്കെഴുന്നെള്ളത്തും
കാവടി കരകാട്ട ഘോഷയാത്രകളും
ഉത്സവം പെട്ടെന്ന് തീർന്നു പോം
വർണ്ണ ബലൂണുകൾ കാറ്റഴിയുംമ്പോലെ
പിന്നെ മണലിൽ പുതഞ്ഞ വളപ്പൊട്ടുകൾ
നുള്ളിയെടുത്തിനിയത്തെ പൂരവും കാത്തിരിക്കും
അമ്പലക്കുന്നിലെ സ്കൂളിൻ മുറ്റങ്ങളിൽ
എത്രയോ പ്രേമങ്ങൾ കതിരിട്ടു തളിരിട്ടു
മതിൽക്കെട്ടിനുള്ളിലെ അലറിപ്പൂക്കളും
തൊട്ടു താഴത്തുള്ള ചെമ്പകപ്പുക്കളും കൊന്നപ്പൂക്കളും
തൂമ്പയും കലo പട്ടയും മഞ്ഞ നിറത്തിലെ കോളാമ്പിപ്പൂക്കളും
എല്ലാം മറഞ്ഞു പോയ്
കോൺക്രീറ്റ് കാടുകൾക്കുള്ളിൽ മറഞ്ഞു പോയ് അമ്പലക്കു ന്നും
നിർമ്മല വിശുദ്ധി തൻ അമ്പലം മാഞ്ഞു പോയ്
കോൺക്രീറ്റ് ദൈവങ്ങൾ വാഴുന്നോരാ ലയം
ചിരപരിചിതങ്ങളാം കാഴ്ചകൾ മാഞ്ഞു പോയ്
അപരിചിതനായ് പൂർവ്വ സ്മരണകൾ തൻ അടയാളം
നഷ്ടപ്പെട്ടോരിടങ്ങളിൽ വെറുതേ ഭ്രമിച്ചു നിൽക്കുന്നു ഞാൻ
കാലമേ , ഓ, കാലമേ ……