ശ്രീനാരായണഗുരുവിൻ്റെയും രവീന്ദ്രനാഥ ടാഗോറിൻ്റെയും കൃതികളെ ഓർമ്മിക്കുകയാണ് ലേഖകൻ
മാനവികതയുടെ മഹനീയതകൊണ്ട് രാജ്യാന്തരസീമകൾ മറികടന്ന രണ്ടു മഹാഗുരുക്കന്മാരുടെ അപൂർവ്വ സംഗമം നടന്നിട്ട് ഒരു നൂറ്റാണ്ട് പിന്നിടുകയാണു്.
പുല്ലാങ്കുഴലിൽ നിന്ന് ഒരു ദേവഗാനം പോലെ, ഒരു ഭാവഗീതം പോലെ ഗീതാഞ്ജലി.
ഒമ്പത് മുത്തുകൾ കോർത്ത് , ഒരു മഹർഷിയുടെ മനോമുകുരത്തിൽ നിന്ന് അവതീർണ്ണമായ ജനനീനവരത്ന മഞ്ജരി. ഇത് രണ്ടും വിശ്വസാഹിത്യ നഭസ്സിലെ ദീപസ്തംഭങ്ങളായി നിലകൊള്ളുന്നു.
ദൈവം കൈയൊപ്പിട്ട അപൂർവ്വ രചനകൾ.
ഗീതാജ്ഞലിയുടെ കൈയെഴുത്തു പ്രതിയുമായി അനേക ദിവസങ്ങൾ തീവണ്ടി മുറികളിലും ഉല്ലാസ യാത്രാവേളകളിലും റെസ്റ്റോറണ്ടുകളിലും വായനയിൽ മുഴുകി ഞാൻ അലഞ്ഞിട്ടുണ്ട്. ഇത് എന്റെ ഹൃദയത്തെ എത്രമാത്രം മഥിക്കുന്നുവെന്ന് മറ്റാരും അറിയരുതെന്നു കരുതി പലപ്പോഴും പുസ്തകം മടക്കി വച്ചിരുന്നു എന്ന് ഡബ്ല്യൂ. ബി. യേറ്റ്സ് എന്ന മഹാകവി രേഖപ്പെടുത്തിയിട്ടുണ്ട്.
കാലത്തെ അതിജീവിച്ച ഈ അനശ്വരകൃതികൾ രണ്ടും രചിക്കപ്പെടുന്നത് ഏകദേശം ഒരേ കാലഘട്ടത്തിലാണ്. ഗീതാഞ്ജലി ഇപ്പോഴും വായനയുടെ കുളിർമ്മയുമായി ,വാക്കുകളുടെ ചിറകടിയിലൂടെ വിശ്വദർശനം വിളംബരം ചെയ്യുന്നു. കവിതയുടെ ഗംഗാപ്രവാഹത്തിലൂടെ അനുഭവങ്ങളുടെ ജീവിതമൂല്യങ്ങൾ
ഒരുക്കുന്ന അമൂല്യ രചന. ഗീതാഞ്ജലി ഇതെല്ലാമാണ് .പാഴ്മുളം തണ്ടിലെ വേണുഗാനം പോലെ, ഈ പാഴ്മുളം തണ്ടിലൂടെ നീ വേണു ഊതുമ്പോൾ സംഗീതം അനർഗളം പ്രവഹിക്കുന്നു. കാലമെത്ര പഴകിയാലും പുതുമ പോകാത്തവിധം ഈശ്വരൻ്റെ കൈയിൽ ഏൽപ്പിക്കുമ്പോൾ ജീവിതം സംഗീതമയമാകുന്നു എന്നു തോന്നിപ്പിക്കുന്ന ആമുഖവരികൾ . ഈശ്വരസ്പർശം കൈവിടാത്ത വിരലുകൾ അസത്യത്തെയും തിന്മയെയും അകറ്റിനിർത്താനുള്ള ആഹ്വാനമായി മാറുന്നു. എൻ്റെ ഉള്ളിലെരിയുന്ന ശരിതെറ്റുകളുയും സത്യത്തിന്റെയും നാളം നീ തന്നെയാണെന്ന് കവി കണ്ടെത്തുന്നു. വൈകരുതേ നാഥാ, കൊഴിയും മുമ്പ് , ഈ പൂവിനേയും ഇറുത്തെടുത്ത് നിന്റെ പൂജാഹാരത്തിൽ അണിയിച്ചാലും എന്ന് ഗീതാഞ്ജലി പ്രാർത്ഥിക്കുന്നു .
ശ്രീനാരായണഗുരുവിന്റെ അഭൗമസുന്ദരമായ അനേകം കൃതികളിൽ അത്വജ്ജ്യലമായി പ്രശോഭിക്കുന്ന ഒരു ദാർശനിക കൃതിയാണ് ജനനീനവരത്നമഞ്ജരി. കാവ്യഭംഗി കൊണ്ടും ദർശനഗരിമ കൊണ്ടും വളരെ ഉന്നത തലങ്ങളിലാണ് ഈ മഞ്ജരി പ്രശോഭിക്കുന്നത്. ഈ മഞ്ജരിയിൽ പൂക്കളല്ല രത്നങ്ങളാണുള്ളത്. രത്നങ്ങൾകൊണ്ട് തീർത്ത ഈ കുലയിൽ ഒമ്പതു പദ്യങ്ങളാണ് ചേർത്തു വച്ചിരിക്കുന്നത്. ഭൗതികജീവിതത്തിൽ ഏറെ വിലപിടിപ്പുള്ള വസ്തുവാണ് രത്നം . ആദ്ധ്യാത്മിക ജീവിതത്തിൽ നാം അനുഭവിക്കുന്ന ആനന്ദത്തിന് ഈ രത്നത്തേക്കാൾ മൂല്യമുണ്ട്. ഇവിടെ രത്നം ജ്ഞാനാനുഭൂതിയുടെ പ്രതീകമായി ഗുരു സ്വീകരിക്കുന്നു.
ഭാഗവതത്തിൽ നവവിധ ഭക്തിയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട് ശ്രവണം, കീർത്തനം, സ്മരണം, പാദസേവനം, അർച്ചന ,വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം: എന്നിവയാണവ.
ഈ ഒമ്പതു ഭാവങ്ങളെ ആവാഹിക്കുവാൻ വേണ്ടി സ്വാതി തിരുനാൾ കീർത്തനങ്ങൾ രചിച്ചു. ഭാരതത്തിൽ ഒമ്പത് എന്ന അക്കത്തിന് ഗണനക്രിയയിൽ ചില പ്രത്യേകതകളുണ്ട്. അതൊരു മാന്ത്രിക സംഖ്യയാണ്. മാത്രമല്ല ജീവിതത്തിൽ നാം കേട്ടു പോരാറുള്ള നവരസങ്ങൾ, നവധ്യാന്യങ്ങൾ, നവഗ്രഹങ്ങൾ, ഇവയിലൊക്കെ കാണുന്ന നവ ശബ്ദത്തിന് ഗുരുവിന്റെ മനസ്സിൽ ഒരു കൃതിയുടെ നിർമിതിയിലേക്ക് പ്രവേശിക്കുവാനുള്ള പ്രേരണ ഒരുക്കി കൊടുത്തിരിക്കണം. കേൾക്കുമ്പോൾ പോലും ഇമ്പമുള്ളവയാണ് നവരത്നങ്ങളുടെ പേരുകൾ .ആ രത്നങ്ങളെക്കുറിച്ചറിയുവാൻ കൗതുകമി ല്ലാത്തവർ ആരും ഉണ്ടാവില്ല. ഗുരുവിന്റെ ഈ കൃതിയിലെ ഓരോ പദ്യവും സൗന്ദര്യത്തിന്റെ മുഴുവൻ സാദ്ധ്യതകളെയും ഒരു ചിമിഴിലാക്കി സൂക്ഷിച്ചിരിക്കുന്നു.
ഗീതാഞ്ജലിയിലെ ഭാവഗീതങ്ങൾ ജീവന്റെ കൈയൊപ്പ് പതിഞ്ഞ സൗന്ദര്യത്തിന്റെ നിറകുടമായി കാലമെത്ര കഴിഞ്ഞാലും പുതുമ പോകാത്ത വിധമാണ് വിരാജിക്കുന്നത്.
മഹർഷി ടാഗോർ പറയുന്നു.
“നീ താഴ്ന്നവർക്കും അധ:സ്ഥിതർക്കൊപ്പവുമാണ്. സമ്പന്നർക്കൊപ്പം ഗമയോടെ നടക്കുന്ന എനിക്ക് എത്ര കുനിഞ്ഞാലും നിൻ്റെ കാലുകളിൽ തൊടാനാവുകയില്ല. നിലമുഴുതും കല്ലു പൊട്ടിച്ചും വിയർക്കുന്നവർക്കൊപ്പമാണ് നീ . അതിനാൽ ധനമോഹങ്ങളുടെ അന്തപുരങ്ങളല്ല .പൊടിയും ചെളിയും നിറഞ്ഞ പരപ്പുകൾ തന്നെ എനിക്ക് പ്രിയം. ദൈവത്തെ കാണാൻ ഉള്ള യാത്രയിൽ മറ്റുള്ളവർക്കായി സ്വയം വിരിയാനുള്ള സന്നദ്ധത ജീവിതത്തിൻ്റെ ഉത്സവനാളുകളിൽ പാടാൻ എന്നെ നീ ഗായകനാക്കിയിരിക്കുന്നു .എന്നിട്ടും ജീവിതവൃക്ഷത്തിന് ഇല കൊഴിച്ചിൽ ; എന്നിങ്ങനെയുള്ള കൽപ്പനകളുടേയും മിസ്റ്റിക് ദർശനങ്ങളുടെയും മഹാസാഗരമാണ് ഗീതാഞ്ജലി .
മലയാളമുൾപ്പെടെ മിക്ക ഭാരതീയ ഭാഷകളിലും എഴുതുന്ന കവികളുടെ രചനാശൈലിയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു കൃതി ഇല്ലെന്നുതന്നെ പറയാം. പൂവിതൾ വിരിയുന്നത്ര നിശബ്ദതയാണ് പലപ്പോഴും ഗീതാഞ്ജലിയിലെ വരികൾക്ക് എന്ന് തോന്നുന്നു, സന്ധ്യയും പ്രഭാതവും നക്ഷത്രവും കൊണ്ട് ഗീതാഞ്ജലിയുടെ കാവ്യ പ്രപഞ്ചം നിറയുന്നു, ടാഗോർ കാത്തിരിക്കുന്ന ആ സഞ്ചാരി പല വേഷത്തിലാണ് ഓരോ അധ്യായത്തിലൂടെയും കടന്നുപോകുന്നത് ;ആരാണ് ഈ സഞ്ചാരി എന്നറിയണമെങ്കിൽ കാവ്യത്തിലൂടെ സഞ്ചരിക്കുക തന്നെ വേണം. കാലാതീതമായ ഈ ക്ലാസിക് ഭാവമാണ് ഗീതാഞ്ജലിയുടെ ഗീതാരഹസ്യം.
ശ്രീനാരായണ ഗുരുവിൻ്റെ ഗാന പിയൂഷമാണ് ജനനീ നവരത്നമജ്ഞരി. ഇതിന്റെ ശീർഷകം പോലും ഹൃദയത്തിൽ അനല്പമായ അനുഭൂതിയെ ജനിപ്പിക്കുന്നു. ഗുരുവിൻ്റെ ഋഷിത്വം അതിന്റെ പൂർണ്ണതയിൽ എത്തി നിൽക്കുമ്പോൾ സംഭവിച്ച ഒന്നാണ് നവരത്നമഞ്ജരി .
നാം ഇതിനെ സമീപിക്കേണ്ടതും ബുദ്ധിപരമായ ഒരന്വേഷണം മാത്രമായല്ല, ആനുഭൂതികമായി രിക്കുന്ന ഹൃദയത്തിൻ്റെ വശത്തിലൂടെയും അന്വേഷിക്കേണ്ടതായിട്ടുണ്ട് .
ഹൃദയത്തിൻ്റെ മൃദുത്വം ഇതിൻ്റെ ഓരോ വാക്കിലും സ്പന്ദിച്ചു നിൽക്കുന്നു. എന്നാൽ ബുദ്ധിയുടെ സൂക്ഷ്മതയുള്ള – ഭാഗങ്ങളും ഇതിൽ കാണാം.
മലയാളം ഉൾപ്പെടെ മിക്ക ഭാരതീയ ഭാഷകളിലും കവികളുടെ രചനാശൈലിയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു കൃതി ഇല്ലെന്നുതന്നെ പറയാം.
മാനവികതയുടെ മഹാഗംഗ
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ടാഗോറിലെ കാമുകൻ അധ്യാപകനായും കവി പ്രവാചകനായും മാറിക്കഴിഞ്ഞിരുന്നു. സത്യത്തിന്റെ വിവിധ മുഖങ്ങൾ കാണാനായിരുന്നു ടാഗോർ ശ്രമിച്ചത്. ഇതിനായി പൗരസ്ത്യ ,പാശ്ചാത്യ ആശയങ്ങളിൽ നിന്നെല്ലാം കടംകൊണ്ട് മാനവ മൂല്യത്തിന്റെ മഹാഗംഗയായ ശാന്തിനികേതന്റെ ചരിത്രം ആരംഭിക്കുന്നത് 1901 ൽ കൽക്കട്ടയിലെ തിരക്കിനിടയിൽ നിന്ന് നികേതനത്തിലേക്ക് ടാഗോർ മാറി താമസിക്കുന്നതോടെയാണ്. ടാഗോറിന്റെ മകനടക്കം അഞ്ചു വിദ്യാർത്ഥികൾ .
അഞ്ച് അധ്യാപകരിൽ ഒരാൾ ടാഗോർ തന്നെ. ചില എതിർപ്പുകളും സാമ്പത്തിക പ്രയാസവും മറികടന്ന് വിദ്യാലയം വളർന്നു. കാൽ ഉണ്ടായിട്ടും പൊയ്ക്കാലിൽ നടക്കുന്നതിന് തുല്യമാണ് മാതൃഭാഷയെ മറന്നുള്ള വിദ്യാഭ്യാസം എന്ന് ടാഗോർ വിശ്വസിച്ചു. പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് പ്രകൃതി എന്ന മഹാവിദ്യാലയത്തിൽ നിന്ന് കുട്ടികൾ ജീവിതപാഠങ്ങൾ തൊട്ടറിയണമെന്നും അതിനാൽ ക്ലാസുകൾ മരച്ചുവട്ടിലാകട്ടെ എന്നും നിർദ്ദേശിച്ചു .ഇന്നും സ്കൂൾ ക്ലാസുകൾ ഇവിടെ മരച്ചുവട്ടിലാണ്.
വേദന, വേർപാട് തുടങ്ങിയ ജീവിതത്തിന്റെ നേർക്കാഴ്ചകളിലേക്ക് തുറന്നു പിടിച്ച 157 ഭാവഗീതങ്ങളാണ് ബംഗാളിയിൽ രചിച്ച ഗീതാഞ്ജലി .ഇതിലെ 51 ഗീതങ്ങളാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. ലണ്ടനിലെ ഇന്ത്യ സൊസൈറ്റി വിശദീകരിച്ച കൃതിക്ക് അവതാരിക എഴുതിയത് പ്രശസ്ത ഇംഗ്ലീഷ് കവി ഡബ്ല്യു. ബി .യേറ്റ്സ് . എസ്രാപൗണ്ട് പോലെയുള്ള കവികൾ പുകഴ്ത്തിയതോടെ 1913 ൽ നോബൽ സമ്മാനം ലഭിച്ചു .
ഗീതാഞ്ജലിയിലെ ഏറ്റവും മനോഹരമായ വരികൾ :
ഭജനം പൂജനം ,ആരാധനയും
സാധനയും ,ഹേ നിര്‍ത്തുക സാധോ
നിജദേവാലയമൂലയിലെന്തിനിരിക്കുന്നൂ
നിരുദ്ധ കവാടം?
നിഭ്രുതമിരുട്ടില്‍ നിഗൂഡമിരുന്നു
നീ ധ്യാനിക്കും ദൈവമതെവിടെ?
നില കൊള്‍വീല! നിമീലിത
ലോചനമൊന്നു തുറക്കൂ, നന്നായ് നോക്കൂ!
കരിനിലമുഴുമാ കര്‍ഷകരോടും
വർഷം മുഴുവന്‍ വഴി നന്നാക്കാന്‍
പെരിയ കരിങ്കല്‍ പാറ നുറുക്കി
നുറുക്കിയൊരുക്കും പണിയാളരോടും
എരിവെയിലത്തും പെരുമഴയത്തും
ചേർന്നമരുന്നൂ ദൈവം!!
ദൈവത്തെ കാണാൻ ദേവാലയത്തിന്റെ ഇരുണ്ട കോണിൽ വാതിലടച്ചുനിന്നു ശ്ലോകം ചൊല്ലുകയോ പൂജ ചെയ്യുകയോ അല്ല വേണ്ടത്. കണ്ണു തുറന്നു നോക്കുമ്പോൾ ദൈവം നേരിൽ നിങ്ങളുടെ മുൻപിലല്ല കണപ്പെടുന്നത്. ദൈവം ചൂടിലും മഴയത്തും അഴുക്കു വസ്ത്രങ്ങളുമണിഞ്ഞു പാടത്തും പറമ്പത്തും പണിയെടുക്കുന്നവന്റെ കൂടെയാണുള്ളത്. പാതയിൽ കല്ലുകൊത്തുന്നവന്റെ കൂടെയാണുള്ളത്. അവരുടെ ഇടയിലേക്കു നിങ്ങൾ ഇറങ്ങിച്ചെല്ലൂ, ദൈവത്തെ അവിടെ കാണാൻ സാധിക്കും.
നാരായണഗുരുവിന്റെ കൃതികൾ ഭാവതലത്തിൽ വളരെ സരളമാണെന്ന് തോന്നിക്കുമെങ്കിലും അതിലടങ്ങിയിരിക്കുന്ന തത്വചിന്തയുടെയും ആത്മീയാനുഭൂതിയുടെയും ദാർശനിക ലാവണ്യം ആസ്വാദകരിൽ അമ്പരപ്പും വിസ്മയവും ഒരുപോലെ ഉളവാക്കുന്നതാണ്.
ദൈവദശകം എന്ന കൃതി പരിശോധിച്ചാൽ ദൈവത്തിൻ്റെ മഹത്വത്തെ പത്തു ശ്ലോകങ്ങളിലൂടെ വാഴ്ത്തിപ്പാടുന്ന സ്തോത്രമായിട്ടാണ് ആദ്യ വായന നൽകുന്ന നിഗമനം .എന്നാൽ ആന്തരികാർത്ഥത്തിൽ ശുദ്ധ അദ്വൈതബോധത്തിന്റെ തെളിനീരുറവ അതിൽനിന്നും പ്രസരിക്കുന്നത് വ്യക്തമാകുന്നു.
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും മൊഴിയുമോർക്കുകിൽ “
സാർവലൗകികമായ ഈ പ്രാർത്ഥനാഗാനത്തിന്റെ മഹത്വം ഇന്ന് ലോകരാഷ്ട്രങ്ങൾ പോലും തിരിച്ചറിഞ്ഞു വരുന്നതായി കാണാം. ദൈവം എന്നതിനേക്കാൾ പൂർണ്ണമായ ഒരു ആശയം ഇന്നുവരെ മനുഷ്യൻ സൃഷ്ടിച്ചിട്ടില്ല. ആ പൂർണ്ണതയെ മുഴുവൻ ഉൾക്കൊള്ളുന്ന സ്തോത്രമാണ് ദൈവദശകം എന്ന്
ഡോ.ഗീതാ സുരാജ് കണ്ടെത്തുന്നത് ഇവിടെ സ്മരണീയമാണ്. ഭദ്രകാളി അഷ്ടകത്തിൽ കാണുന്നത്
*ശ്രീമച്ചങ്കരപാണിപല്ലവ കിരല്ലോലംമ്പമാലോല്ല സന്മാലാലോല കലാപ കാള കബരീ ഭാരാവലീ ഭാസുരം
കാരുണ്യാമൃത വാരിരാശിലഹരീപീയുഷ വർഷാവലിം
ബാലാംബാംലളിതാള കാമനുദിനം ശ്രീ ഭദ്രകാളിം ഭജേ :
ഈ വർണ്ണനയ്,ക്കു തുല്യമായ ഒരു വർണ്ണന മലയാളത്തിൽ വിരളമത്രേ.!
“മരണവുമില്ല പുറപ്പുമില്ല വാഴ്വും
നരസുരരാദിയുമില്ല നാമരൂപം
മരുവിലമർന്ന മരീചി നീരുപോൽ
നിൽപ്പൊടു പൊരുളാം പൊരുളല്ലി തോർത്തിടേണം “
ജനനമരണങ്ങൾ ഇല്ലാത്തതുപോലെ അവയ്ക്കിടയിലെ ജീവിതവും ഇല്ലാത്തതാണ് .അതൊക്കെ മരീചിക പോലെ നാമങ്ങളും രൂപങ്ങളും മാത്രമാണെന്ന് ഈ കൃതി നമ്മെ പഠിപ്പിക്കുന്നു.നാരായണഗുരു അറുപതിലേറെ കൃതികളിലായി അദ്വൈതവേദാന്തത്തിന്റെ സമഗ്രത വെളിപ്പെടുത്തുമ്പോൾ
രബീന്ദ്രനാഥ ടാഗോർ ഗീതാഞ്ജലിയിലൂടെ സ്വാതന്ത്ര്യത്തിന്റെ , മാനവികതയുടെ സ്വർഗ്ഗത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു.