വിവർത്തനം./എൻ.കെ.ഷീല

മറ്റുള്ളവരെന്തു വിചാരിക്കുമെന്നു
ഈയിടെഞാനെന്നെ വിവർത്തനം ചെയ്യുന്നു.
മുഖംനോക്കാതെ കാര്യംപറഞ്ഞ ചങ്കൂറ്റം
മുടന്തി മുടന്തി , ജീവിതം മൈലേജ് താഴുന്നു.

ഓടിവന്ന് പെട്ടുന്നുനിന്ന്
പിന്നാക്കം മാറുന്ന -ഓന്ത്
വലിയ ശരിയായിരുന്നെന്ന്
ആദ്യമായ് ശരിവയ്ക്കുന്നു.
തറപ്പിക്കേണ്ടിടത്തൊക്കെ
“ആലോചിക്കട്ടെ”യെന്ന്
സമയംകൊണ്ടിളക്കി നാട്ടി
വ്യവസ്ഥ പോകുന്നു.

“പിന്നെയാകാ”മെന്ന
എവർഗ്രീൻ മുദ്രവാക്യവുമായി
പണ്ടേ നോട്ടമിട്ട മടി ,
പമ്മിപ്പമ്മി, അകത്താകുന്നു.
നാക്കും വാക്കും നോക്കും
വീണ്ടുവിചാരത്തിൻ്റെ വരാന്തയിൽ അശാന്തരായ് മുഷിയുന്നു
ശബ്ദം ‘അയഞ്ഞയഞ്ഞ് മടുത്ത്
കേൾവിക്കാരില്ലാതെ.

വിവർത്തനത്തിലപ്പോൾ
തന്മൊഴി കെടുന്നു
തൻ നിലയും.

എൻ.കെ.ഷീല

You can share this post!