വായന മനസ്സിനെ യോഗാത്മകധ്യാനത്തിലേക്ക് നയിക്കുന്നു :എം.കെ.ഹരികുമാർ

മൂവാറ്റുപുഴ വായനാ പക്ഷാചരണത്തിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തുന്നു.

റിപ്പോർട്ട് :എൻ.രവി 

മൂവാറ്റുപുഴ: ഒരു മനുഷ്യജീവിയായിയിരിക്കുന്നതിന്റെ ആഘോഷമാണ് പുസ്തകവായനയെന്ന് സാഹിത്യവിമർശകനും നോവലിസ്റ്റുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ, ആസാദ് ലൈബ്രറിയുടെ സഹകരണത്തോടെ പേഴയ്ക്കാപ്പിള്ളി ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വായന പക്ഷാചരണത്തിൻ്റെ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .

ഒരു ലൈബ്രറിയിൽ ചെന്ന് ഒരറ്റത്തു നിന്നു വായിച്ചു തുടങ്ങുന്നതല്ല വായന .വായിക്കാനുള്ള അഭിരുചി കണ്ടുപിടിക്കണം .അത് നമ്മുടെ ഉള്ളിൽ രൂപപ്പെടുന്നതാണ്. നമ്മൾ വായിക്കേണ്ട പുസ്തകം ഏതാണെന്ന് കണ്ടുപിടിക്കാനുള്ള സിദ്ധി ആർജിക്കണം. ആ രീതി തുടരുന്നതോടെ നമുക്ക് നല്ല വായനക്കാരായി മാറാം. വായനയിലൂടെയാണ് ഒരു രാഷ്ട്രം വളരുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരം, മഹാത്മാഗാന്ധി വായിച്ചതിന്റെ ഫലമായാണ് സാരമായ ഉള്ളടക്കം നേടിയത്.നോൺ വയലൻസ് അഥവാ അഹിംസ എന്ന ആശയം റഷ്യൻ സാഹിത്യകാരനായ ടോൾസ്റ്റോയിയിൽ നിന്നാണ് ഗാന്ധിജി സ്വന്തമാക്കിയത്. വിശുദ്ധ ക്രിസ്തുമത വിശ്വാസിയായിരുന്ന ടോൾസ്റ്റോയി അഹിംസയുടെ പ്രചാരകനായിരന്നു. ടോൾസ്റ്റോയ് ഒരു കത്തിൽ ഗാന്ധിജിയോട് ഉപദേശിച്ചു, ഒരിക്കലും ആയുധം എടുത്ത് പോരാടരുതെന്ന് .  സൗത്താഫ്രിക്കയിൽ ഗാന്ധിജി അത് പ്രാവർത്തികമാക്കി .അതുതന്നെയാണ് അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും നടപ്പാക്കിയത്-ഹരികുമാർ പറഞ്ഞു. 

മറ്റൊരു പ്രധാന ആശയമായ സിവിൽ ഡിസ് ഒബീഡിയൻസ് അദ്ദേഹത്തിനു ലഭിച്ചത് അമേരിക്കൻ  പരിസ്ഥിതിവാദിയായ ഹെൻറി ഡേവിഡ് തോറോയിൽ നിന്നാണ്. തോറോ ഇതേ പേരിൽ എഴുതിയ ലേഖനം വായിച്ചതിന്റെ ഫലമായി ഗാന്ധിജി ആ ആശയം സ്വീകരിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ഉപയോഗിച്ചു .സർവോദയം എന്ന ആശയവും അങ്ങനെയാണ് ലഭിച്ചത്.  ബ്രിട്ടീഷ് എഴുത്തുകാരനായ ജോൺ റസ്കിൻ എഴുതിയ Un to the Last എന്ന പുസ്തകത്തിലെ ആശയമാണ് സർവ്വോദയം. എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുകയാണ് അതിൻ്റെ ലക്ഷ്യം. ഇതിൽ നിന്നു എന്താണ് മനസിലാക്കേണ്ടത്? ഒരു മനുഷ്യൻ പുസ്തകം വായിക്കുകയാണെങ്കിൽ, വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും .ഗാന്ധിജി കേവലം ഒരു വ്യക്തിയല്ല. ആയിരം വ്യക്തികൾ അദ്ദേഹത്തിൽ അടങ്ങിയിരിക്കുന്നു. നമ്മളൊക്കെ രാവിലെ പത്ത് മുതൽ അഞ്ചുവരെ ജോലി ചെയ്തു വീട്ടിൽ പോയി ശ്രമിക്കും .എന്നാൽ ഗാന്ധിജി ഇന്ത്യയിലെ ജനങ്ങളെയാകെ സ്വാതന്ത്ര്യ സമരത്തിലേക്ക് കൊണ്ടുവരാൻ കഷ്ടപ്പെടുകയായിരുന്നു. അദ്ദേഹം ഒരു വ്യക്തിയല്ല .എന്താണ് സ്വാതന്ത്ര്യം എന്ന് അവരെ പഠിപ്പിക്കേണ്ടതുണ്ടായിരുന്നു. അതിനാണ് ഉപ്പുസത്യാഗ്രഹം സംഘടിപ്പിച്ചത് .നിങ്ങളുടെ കടലിലെ വെള്ളം എടുത്ത് വറ്റിച്ച് നിങ്ങൾക്ക് ഉപ്പ് ഉണ്ടാക്കാം. അത് സാക്ഷാത്കരിക്കുമ്പോൾ സ്വാതന്ത്ര്യം അനുഭവിക്കാം. ഇതാണ് സ്വാതന്ത്ര്യമെന്ന് അവരെ പഠിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ അനുഭവം എന്താണെന്ന് മനസ്സിലാക്കിയ ഇന്ത്യക്കാർ അദ്ദേഹത്തിന്റെ പിന്നിൽ അണിനിരന്നു. എന്നാൽ ഏറ്റവും പ്രധാന കാര്യം ,ഇന്ത്യൻ ജനതയെ സമാധാനത്തിലും അഹിംസയിലും  പിടിച്ചുനിർത്തുക എന്നുള്ളതായിരുന്നു. ഗാന്ധിജി അത്  നിറവേറ്റി – ഹരികുമാർ പറഞ്ഞു. 

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജോഷി സ്കറിയ പ്രസംഗിക്കുന്നു 

നമ്മുടെ വായനയുടെ ലക്ഷ്യം  കേവലം വിദ്യാഭ്യാസമോ ഉയർന്ന മാർക്ക് നേടലോ അല്ലെന്നോർക്കണം. ഉയർന്നുമാർക്കും ഉദ്യോഗവും കുടുംബവും എല്ലാവർക്കും കിട്ടും. ലോകത്ത് ധാരാളം അവസരങ്ങളുണ്ട്. എന്നാൽ അതിനപ്പുറം എന്താണ്? ലോകത്തെ നിങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്.ലോകം വിചിത്രമാണ്. അതിൻ്റെ വൈവിധ്യം നിങ്ങളുടേതുമാണ്. ലോകത്തു എന്ത് നടന്നാലും അത്  നമ്മെയും ബാധിക്കും. അത് മനസ്സിലാക്കണമെങ്കിൽ വായിക്കാതെ രക്ഷയില്ല. സ്വന്തം ജോലിയും സമ്പാദ്യവും മാത്രമല്ല ജീവിതം.വാൻഗോഗ് എന്ന ലോക ചിത്രകാരനെക്കുറിച്ച് കേൾക്കാതെ  ഉന്നത വിദ്യാഭ്യാസം നേടിയവരെ അറിയാം .വല്ലാത്തൊരു പതനമാണിത്.  ലോകത്തിൻ്റെ കലാപരമായ മഹത്വം അറിയാൻ നമുക്ക് അവകാശമുണ്ട്. ഏറ്റവും നല്ല പുസ്തകം നമുക്കും അവകാശപ്പെടുന്നതാണ്. സത്യജിത് റായിയുടെ ‘പഥേർ പാഞ്ചാലി ‘ ലോകത്തിലെ മികച്ച പത്ത് സിനിമകളിലൊന്നായി പാശ്ചാത്യ വിമർശകർ തിരഞ്ഞെടുത്തതാണ്. എന്നാൽ അത് നമ്മൾ അറിയാതിരിക്കുന്നതോ? ? വായന നമ്മുടെ ചുറ്റുപാട് വിപുലമാക്കും. നമ്മൾ അത് കൂടുതൽ മനുഷ്യത്വമുള്ളവരാക്കും. സ്നേഹമാണ് നമ്മുടെ ജീവിതത്തിൻ്റെ അടിസ്ഥാനം. ആരെയെങ്കിലും സ്നേഹിക്കാതെ നമുക്ക് ജീവിക്കാനൊക്കില്ല .ഇതു തന്നെയാണ് പുസ്തകങ്ങളിൽ നിന്നു നമുക്ക് കിട്ടുന്നത്. തകഴിയുടെ ‘ചെമ്മീൻ’ വായിക്കുമ്പോൾ കറുത്തമ്മയും ,പരീക്കുട്ടിയും നമ്മുടെ ആരോ ആണെന്ന് തോന്നുന്നത് ഈ സ്നേഹം കൊണ്ടാണ് – ഹരികുമാർ പറഞ്ഞു.

വായിക്കാൻ തിരഞ്ഞെടുക്കേണ്ടത് ഏറ്റവും ഊഷ്മളമായ സമയമാണ്.  ബോറടിക്കുമ്പോൾ നിങ്ങൾ ഷോപ്പിങ്ങിന് പോവുക. വായന നമ്മുടെ മനസ്സിൻ്റെ ധ്യാനം വീണ്ടെടുക്കുകയാണ് ചെയ്യുന്നത്. നമുക്ക് അത് ഒരു വിമോചനമാണ്. വായന യോഗയുടെ ഫലം ചെയ്യും. യോഗ എന്നാൽ ശരീരം വക്രീകരിക്കുകയല്ല ,അത് മനസ്സിൻ്റെ ഗതിമാറ്റമാണ് .നമ്മുടെ സ്ഥിരം ബോധധാരയിൽ നിന്നുള്ള വിടുതലാണ്. അത് തന്നെയാണ് വായനയിലൂടെയും സംഭവിക്കുന്നത്. വാൻഗോഗിൻ്റെ  ചിത്രങ്ങൾ കാണുമ്പോൾ നമ്മുടെ മനസ്സ് മറ്റൊരു ലയത്തിലേക്ക് നീങ്ങുകയാണ്. തീരെ മലിനവും നീചവുമായ മാനസികാവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ കലാസ്വാദനവും വായനയും സഹായിക്കും – ഹരികുമാർ പറഞ്ഞു. 

മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ച യോഗം പായിപ്ര പഞ്ചായത്ത് പ്രസിഡൻ്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് പി.അർജുനൻ മാസ്റ്റർ വായനദിന സന്ദേശം നല്കി. 

സന്തോഷ് ടി ബി ,ഷൈലകുമാരി ഇ.എ, ഇ.എ. ഹരിദാസ് ,മുഹമ്മദലി കുന്നപ്പള്ളി ,ഫൈസൽ മുണ്ടങ്ങാമറ്റം  എന്നിവർ പങ്കെടുത്തു .

വായന നമ്മെ ലോകത്തോടു ആത്മബന്ധമുള്ളവരാക്കുന്നു:
എം.കെ.ഹരികുമാർ

ഇടയാർ ഗവ. യു.പി. സ്കൂളിൽ എം.കെ.ഹരികുമാർ വായന പക്ഷാചരണം ഉദ്ഘാടനം ചെയുന്നു

റിപ്പോർട്ട് :എൻ.രവി

കൂത്താട്ടുകുളം :വിദ്യാഭ്യാസം ചെയ്യാൻ അവസരം ലഭിച്ചവർ പുസ്തകങ്ങൾ ഉപേക്ഷിക്കരുതെന്ന് സാഹിത്യവിമർശകനും എഴുത്തുകാരനുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

ഇടയാർ ഗവൺമെൻറ് യുപി സ്കൂളിൽ വായനാ പക്ഷാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

പഠിക്കാനുള്ള അവസരം ജീവിതത്തിൽ കിട്ടുന്ന ഏറ്റവും പവിത്രമായ സമയമാണ്. ആ സമയം പെട്ടെന്ന് അവസാനിക്കുന്നതാണ്. അതുകൊണ്ട് അത് ഉപയോഗപ്പെടുത്തണം.സമയത്തിനു പണത്തേക്കാൾ മൂല്യമുണ്ട് .വായനയോടുള്ള അഭിരുചി നിലനിർത്തുകയാണ് പ്രധാനം. എല്ലാ പുസ്തകങ്ങളും കമ്പോട് കമ്പ് വായിക്കാൻ സമയം കിട്ടുകയില്ല. എന്നാൽ അതിനോടുള്ള താല്പര്യം നശിപ്പിക്കരുത് -ഹരികുമാർ പറഞ്ഞു.

മഹത്തായ പുസ്തകങ്ങളിലെ ചില വാക്യങ്ങൾ അത്ഭുതകരമാണ്. ഗ്രീക്ക് സാഹിത്യകാരൻ നിക്കോസ് കസൻദ്സാക്കിസിൻ്റെ ‘ക്രൈസ്റ്റ് റീ ക്രൂസിഫൈഡ് ‘എന്ന പുസ്തകത്തിൽ മനുഷ്യൻ്റെ മജ്ജയിൽ യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടിരിക്കുന്നു എന്നൊരു വാക്യമുണ്ട്. ഇതുപോലൊരു വാക്യം എഴുതിയാൽ തന്നെ എഴുത്തുകാരന്റെ ജോലി തീർന്നു .പലർക്കും അതിന് കഴിയാറില്ല. അനേകം പേജുകളുള്ള ഒരു പുസ്തകത്തിൽ ഇതുപോലൊരു വാചകം കാണണമെന്നില്ല. എന്താണ് ഈ വാക്യത്തിന്റെ അർത്ഥങ്ങൾ? യേശുവിനെ മനുഷ്യരാണ് ക്രൂശിലേറ്റിയത്. അതുകൊണ്ട് നമുക്കെല്ലാം അതിൽ പങ്കുണ്ട്. സത്യം പറഞ്ഞ യേശുവിനെ കുരിശിലേറ്റി മനുഷ്യരാശിക്ക് അതിന്റെ പാപത്തിൽ നിന്ന് ഒഴിയാനാവില്ല. മനുഷ്യൻ്റെ മജ്ജയിൽ ആ കുരിശിലേറ്റൽ നടന്നിരിക്കുന്നു .ഇത്രയും ആഴത്തിലുള്ള അർത്ഥങ്ങളെ വഹിക്കാൻ കഴിയുന്ന ഈ വാക്യം വായിക്കുന്നതോടെ നമ്മുടെ ശിരസ്സ് താഴ്ന്നുപോകും .ഇത്തരം വാചകങ്ങൾ ആസ്വദിക്കാനുള്ള അഭിരുചിയാണ് വായനയിലൂടെ നേടേണ്ടത്.മനുഷ്യൻ്റെ സ്വാതന്ത്ര്യം, വിദ്യാഭ്യാസം എന്നിവ കൊണ്ട് അവൻ എന്ത് ചെയ്തു എന്ന് ദൈവം ചോദിക്കുന്ന ഒരു സമയം വന്നാൽ നമ്മെ അത് കഴപ്പിക്കും. ദൈവം അതിന് ഉത്തരം പ്രതീക്ഷിക്കുന്നു. മനുഷ്യൻ്റെ നിയോഗം കൂടുതൽ സാമൂഹ്യബോധത്തിലേക്ക് ഉയരുന്നതിനു വേണ്ടിയുള്ളതാണ്. അവൻ്റെ സഹജീവിസ്നേഹമാണ് വായിക്കുമ്പോൾ പുറത്ത് വരുന്നത് -ഹരികുമാർ പറഞ്ഞു.

വായനാ പക്ഷാചരണത്തിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തുന്നു.

മനുഷ്യത്വത്തിന് വേണ്ടിയുള്ള അന്വേഷണം ഉപേക്ഷിക്കാനാവില്ല. പുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്ന ആശയങ്ങൾ കൂടുതൽ നല്ല മനുഷ്യനാവാൻ സഹായിക്കും .നിങ്ങൾ കാന്തമാകുകയാണ് ചെയ്യുന്നത്. നിങ്ങളിലേക്ക് നിങ്ങൾ ആഗ്രഹിക്കുന്നത് ആകർഷിക്കുകയാണ് .വായനയിൽ നിങ്ങളും പുസ്തകവും മാത്രമാണുള്ളത്. അതിലെ ആശയങ്ങൾ നിങ്ങളെയും നിങ്ങൾ ആശയങ്ങളെയും ആകർഷിക്കുന്നു. ഈ ബന്ധം നിങ്ങളുടെ മനസ്സിന് പുതിയ ഉണർവ്വും അറിവും നൽകുന്നതാണ്. പുസ്തകശാലകൾ നമുക്ക് ഒരു അഭയകേന്ദ്രമാകണം. ഒരു പുസ്തകം കാണുന്നതുപോലും വിദ്യാഭ്യാസമാണ്. കാരണം, കാണാനുള്ള അവസരം നിങ്ങൾക്ക് ലഭിച്ചു എന്നും അത് നിങ്ങൾ പാഴാക്കിയില്ല എന്നുമാണർത്ഥം. പുസ്തകങ്ങൾ കൈയിലെടുത്ത് വെറുതെ മറിച്ചു നോക്കുക. അത് വലിയ വിദ്യാഭ്യാസം തരാതിരിക്കില്ല. വൈക്കം മുഹമ്മദ് ബഷീറിൻ്റെ സമ്പൂർണ്ണ കൃതികൾക്ക് എത്രപേജുണ്ട് എന്ന് ആരെങ്കിലും ചോദിച്ചാൽ പുസ്തകം കണ്ടിട്ടില്ലാത്തവർ ഇരുനൂറോ അഞ്ഞൂറോ പേജുണ്ട് എന്നാവും പറയുക. എന്നാൽ പുസ്തകം കണ്ടിട്ടുള്ളവർക്ക് അത് രണ്ടു വാല്യങ്ങളാണെന്നും അതിനു ആകെ ആയിരത്തിലേറെ പേജുകളുണ്ടെന്നും പറയാനാവും .അത്രയ്ക്കെങ്കിലും അറിവുണ്ടായല്ലോ .അതിൽ നിന്ന് നമുക്ക് മുന്നോട്ടു പോകാനാവും. ഒരു കൗതുകം ,അറിയുന്നതിനുള്ള ആഗ്രഹം എപ്പോഴും ഉണ്ടാകണം. ആനുകാലികങ്ങളും മറിച്ചു നോക്കണം. ഇഷ്ടപ്പെട്ടാൽ വായിക്കണം. കുറച്ചു വായിക്കുന്നതോടെ ഒരു ശീലം ഉണ്ടാവുകയാണ് .രാത്രി ഉറങ്ങുന്നതിനു മുമ്പ് ഒരു പേജ് വായിക്കാൻ ആർക്കും കഴിയും .ആ പ്രക്രിയ മൂന്നു മാസം തുടർന്നാൽ ഒരു ചെറിയ പുസ്തകം വായിക്കാം. അങ്ങനെ നമ്മുടെ മനസ്സിൽ പുസ്തകത്തിന് ഒരിടം നൽകാം- ഹരികുമാർ പറഞ്ഞു.

മനുഷ്യൻ ഓർമ്മകൾ കൊണ്ട് ജീവിക്കുന്നവനാണ് .അവനെ മനുഷ്യനാക്കുന്നത് ഓർമ്മകളാണ്. എത്രയും ഓർമ്മകൾ അവൻ സ്വന്തമാക്കുന്നുവോ അത്രയ്ക്ക് അവൻ്റെ സാമൂഹ്യബോധവും ഭാവനയും ചിന്തയും വികസിക്കും. വായന ഓർമ്മകൾ വർദ്ധിപ്പിക്കുകയാണ്. ഒരു മഹാപ്രവാഹത്തിലേക്ക് അത് നമ്മെ കൊണ്ടുപോകുന്നു. അങ്ങനെ ഈ ലോകം – ചിന്തിച്ചതും പ്രവർത്തിച്ചതും – നമ്മുടേതാണെന്ന് തോന്നും. ലോകത്തോടുള്ള ആത്മബന്ധമാണത്.

ജവഹർ യു.പി സ്കൂൾ ഹെഡ്മാസ്റ്റർ അജിത് കെ.കെ ,പി.റ്റി.എ. പ്രസിഡൻറ് രാകേഷ് മാധവ് ,പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് സി.പി. ജോസ് ,
സ്റ്റാഫ് പ്രതിനിധി ഷൈനി ജോർജ് എന്നിവർ പ്രസംഗിച്ചു.


You can share this post!