വാക് ക്ഷേത്രം /6, 7

6

സന്യാസിയപ്പൻ നാസിക വിടർത്തി അസാധാരണ രീതിയിൽ വായുവിലെ ഗന്ധം മണത്തു.  അശുഭമായ എന്തോ ഒരു മണം അതിൽ ലയിച്ചിരിക്കുന്നതു പോലെ !   സന്യാസിയപ്പന്റെ നെറ്റി ചുളുങ്ങി.  മനസ്സിൽ ആ ഗന്ധത്തിന്റെ രുചിയും വീര്യവും അളന്നു.  അതിന്റെ സാന്നിദ്ധ്യ പശ്ചാത്തലം അളക്കുന്നതിന്‌  അനുഭവ പാഠങ്ങളിലേയ്ക്ക്‌ പിൻയാത്ര ചെയ്തു.  പെട്ടെന്ന്‌ മാനസ അപരൻ സന്യായപ്പന്റെ കാലുകൾക്ക്‌ വേഗത കൂട്ടി.  മുന്നോട്ടു നീങ്ങവേ വായുവിൽ കലർന്ന ആ ഗന്ധത്തിന്റെ ഉറവിടം സന്യാസിയപ്പൻ തിരിച്ചറിഞ്ഞു.  മുഖത്തെ സന്ദേഹങ്ങൾ ഇരട്ടിച്ചു.  മരണത്തിന്റെ മാരി പെയ്യിക്കുന്ന അണുക്കൾ മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്നതിന്റെ ഗന്ധം വിയർപ്പിലൂടെ അന്തരീക്ഷ വായുവിൽ കലർന്നു വരികയാണ്‌!
സന്യാസിയപ്പന്റെ കാലുകൾക്ക്‌ മാനസ അപരൻ വീണ്ടും വേഗത കൂട്ടി.  വഴി ഇത്തിരി പിന്നിട്ടപ്പോൾ മുന്നിൽ ഒരു വലിയ ഗ്രാമം.  മരണത്തിന്റെ കൂട്ട കരച്ചിലുകൾ പല വീടുകളിൽ നിന്നും ഉയരുന്നു.
മാനസ അപരൻ കാതോർത്തു – ആത്മാക്കളുടെ സാന്നിദ്ധ്യവും തേങ്ങിക്കരച്ചിലുകളും ഗ്രാമത്തിലെങ്ങും നിറഞ്ഞിരിക്കുന്നു!
നീ അറിയുന്നുണ്ടോ, ആത്മാക്കളുടെ സാന്നിദ്ധ്യവും വിങ്ങിക്കരച്ചിലുകളും – മാനസ അപരൻ സന്യാസിയപ്പനെ തൊട്ടു.
ഇല്ല.
മനുഷ്യ ജീവിതം തന്നെ ആത്മാവിനെ വളർത്തി വലുതാക്കി പ്രസവിക്കുവാനുള്ള ഒരു ഗർഭകാലമാണ്‌.  മനുഷ്യനെ ആത്മാവിനെ ചുമക്കുന്ന ഗർഭിണികളായാണ്‌                           അദൃശ്യാത്മാക്കൾ നോക്കിക്കാണുന്നതും ആത്മാവിന്റെ നവജാത ശിശുവിനായ്‌, ആത്മാവിന്റെ പ്രസവം അഥവാ മനുഷ്യന്റെ വാർദ്ധക്യമരണം കാത്തിരിക്കുന്നതും – മനുഷ്യൻ മഹാ മാരികൾക്ക്‌ അടിപ്പെട്ട്‌ അകാലത്തിൽ ആത്മാക്കളെ ചാപിള്ളയായ്‌ പ്രസവിച്ചാൽ ആത്മാക്കൾ എങ്ങനെ സഹിക്കും.
അവിശ്വസനീയം എന്ന്‌ മാനസ അപരനെ തൊട്ട്‌ സന്യാസിയപ്പൻ കളിയാക്കി.  ആത്മാവ്‌ എന്റെ വിശ്വാസ വലയത്തിൽ ഇല്ല.  അത്‌ വെറും സങ്കൽപം മാത്രമാണ്‌ എന്നെ സംബന്ധിച്ച്‌.
ഒരു നേർത്ത ഓളം പോലെ മനസ്സിൽ വന്നടിച്ച ശബ്ദങ്ങളെ  ഞാൻ നിർവ്വചിക്കുകയായിരുന്നു.  ശരിയോ, തെറ്റോ. എനിക്കും വ്യക്തമല്ല – മാനസ അപരൻ പറഞ്ഞു – എങ്കിലും ചിന്തിച്ചെടുത്തപ്പോൾ  വാക്കുകൾ അങ്ങനെയാണ്‌ അതിന്റെ ശൃംഖലകളിലൂടെ പുറപ്പെട്ടു വന്നത്‌.
ഗ്രാമത്തിന്റെ പടിഞ്ഞാറെ മൂലയിലെ മുത്തിക്കാവും മൂവന്തിപ്പാറയും പിന്നിട്ടപ്പോൾ അവിടെ മരണത്തിന്റെ പെയ്ത്തു കണ്ട്‌ ദു:ഖം വാർന്ന്‌ നിസ്സംഗരായ്‌ പകച്ചു നിൽക്കുന്ന ചെറിയ ചെറിയ ജനക്കൂട്ടങ്ങൾ.  സന്യാസിയപ്പനെ കണ്ടപ്പോൾ അവരുടെ മുഖത്ത്‌ അത്ഭുതത്തിന്റെ ഭാവ ചലനങ്ങൾ അലയടിച്ചു – പഞ്ഞിക്കെട്ടുപോലെ വെളുത്ത താടിയും മുടിയും കഴുത്തോളം നീണ്ടു കിടക്കുന്നു!   വെളുത്ത്‌ വെള്ളകയറിയ രോമകൂപങ്ങൾ.  ഉടുവസ്ത്രവും വെളുത്തിട്ട്‌.  വെള്ള വസ്ത്രം കൊണ്ട്‌ നെയ്ത രണ്ട്‌ നിറ പൊക്കണങ്ങൾ!  ആകെ മൊത്തത്തിൽ ഒരു പീതാംബര സ്വാമി.  മുകളിൽ ഒരു സൈന്യം പോലെ വട്ടമിട്ടു പറക്കുന്ന പക്ഷിക്കൂട്ടങ്ങൾ!   അത്ഭുതം ഒരു മനുഷ്യനൊപ്പം പക്ഷിക്കൂട്ടങ്ങളും യാത്ര ചെയ്തു വരിക!
സന്യാസിയപ്പൻ കൈപ്പത്തി വിടർത്തി ഗ്രാമീണരെ അരുകിലേക്കു വിളിച്ചു.  അരുകിൽ എത്തിയപ്പോൾ തൊട്ടു ഗന്ധം മണത്തു.
ഗന്ധം മണക്കുകയോ!   ദു:ഖത്തിന്റെ നിഴലിലും അവരുടെ മനസ്സ്‌ ഹഹഹാ… എന്ന്ആഹ്ലാദിച്ചു ചിരിച്ചു.
പകർച്ചവ്യാധിയുടെ സാന്നിദ്ധ്യം  വിയർപ്പിൽ നിന്ന്‌ അളന്നെടുത്തതുപോലെ സന്യാസിയപ്പനിൽ ആശങ്ക ഇരട്ടിച്ചു.  ശ്വസിച്ച വായു പലവട്ടം നിശ്വസിച്ചു.  ശ്വാസത്തിന്റെയും നിശ്വാസത്തിന്റെയും ഹ്രസ്വ ഇടവേളയിൽ ലയിച്ചു സന്യാസിയപ്പൻ നിന്നു.  നിന്ന നിൽപ്പിൽ പൊക്കണത്തിൽ നിന്ന്‌ ഒരു ഔഷധക്കുപ്പി പുറത്തെടുത്ത്‌ ചുറ്റും കൂടിയ ഗ്രാമവാസികൾക്കു നേരെ ഇത്തിരി നേരം തുറന്നു പിടിച്ചു.  അതിന്റെ ഗന്ധാനുഭൂതിയിൽ അവർ ആനന്ദചിത്തരായി രോമകൂപങ്ങൾ എഴുന്നു.
മരുന്നോ, മയക്കു മരുന്നോ!
മരുന്നാണെങ്കിൽ മഹാമാരിക്ക്‌, മയക്കു മരുന്നാണെങ്കിൽ ഗ്രാമം കൊള്ളയടിക്കുവാൻ വന്നവൻ!   ഗ്രാമീണർ സംശയിച്ച്‌ അകന്നുമാറുവാൻ തുടങ്ങി.  മയങ്ങുന്നോ, മയക്കമുണ്ടോ, കണ്ണുകൾ കണ്ണുകളിൽ പരതി.
നവ ഊർജ്ജം, നവോന്മേഷം!   ശബ്ദങ്ങൾ മുരണ്ടു.  അണുക്കൾ പാതി മയങ്ങി, അപ്പോൾ സന്യാസിയപ്പൻ ഭസ്മം പോലെ പൊടിച്ച പച്ചില ഔഷദി അവർക്കു നേരെ                    വായുവിൽ പ്രയോഗിച്ചു.
ഉണർവ്വും, ഊർജ്ജവും ശരി.  ഒളികണ്ണ്‌ വേണം ഒളികണ്ണ്‌.  ഉണർവ്വും ഊർജ്ജവും ചിലപ്പോൾ മയക്കത്തിനു വഴിമാറും.  അപ്പോൾ മുതു മുത്തച്ഛനായ സന്യാസിയപ്പൻ ചിലപ്പോൾ കൊള്ളക്കാരനാവും – ചില സംശയ ശബ്ദങ്ങൾ മുഴങ്ങി.
സന്യാസിയപ്പൻ പ്രതികരണങ്ങൾക്കു കാതു കൊടുത്തില്ല.  പ്രയോഗത്തിൽ                      മുന്നേറി. ഔഷധപ്പൊടി അന്തരീക്ഷത്തിൽ വിതറി ഗ്രാമം ചുറ്റിക്കറങ്ങി.
എന്തിന്‌? ഗ്രാമീണരിൽ നിന്ന്‌ ചോദ്യങ്ങളുണ്ടായി.  ചോദ്യങ്ങൾക്ക്‌ സന്യാസിയപ്പനിൽ നിന്ന്‌ ഉത്തരം വന്നു – ഔഷധം – ഉത്തരം പറയുവാൻ തിരിഞ്ഞു നിന്നില്ല.  നടക്കുന്നതിനിടയിൽ ഉത്തരങ്ങളും വന്നു.  വന്നവർ പോയി, പോയവർ കേട്ടപടി ഗ്രാമത്തിൽ പറഞ്ഞു നടന്നു.  സംതൃപ്തികൾ ഉയർന്നു. സംശയദൃക്കുകൾക്ക്‌ ആശങ്ക വർദ്ധിച്ചു.
കൊച്ചു കുട്ടികൾ കൗതുകത്തിന്റെ  അലയടികളോടെ പിന്നാലെ കൂടി.  അവർക്ക്‌ കുട്ടിക്കഥകളും അതിലെ പൊട്ടിച്ചിരികളും ഇട്ടുകൊടുത്തു. കുട്ടികളിൽ പൊട്ടിച്ചിരിയും സംതൃപ്തിയും രോഗാതുരമായ അവസ്ഥയിൽ കൂടുതൽ പ്രതിരോധ ശേഷി നൽകുമെന്ന്‌ സന്യാസിയപ്പൻ ഊഹിച്ചു.  പകലന്തിയോളം മരുന്നിന്റെ പ്രയോഗം തുടർന്നു. അതിനിടയിൽ മരണം ആസന്നമായ വീടുകളിൽ മാത്രം സന്യാസിയപ്പന്റെ കാലടികൾ ആരുടെയും അനുവാദം കൂടാതെ കടന്നു ചെന്നു.  രോഗികളുടെ നാടിമിടിപ്പ്‌ അളന്ന്‌ അതിനനുസരിച്ച്‌ കുപ്പിയിലെ ഔഷധം കൂട്ടിയും കുറച്ചും അവരുടെ  വായിലേയ്ക്ക്‌ ഇറ്റിച്ചു കൊടുത്തു.
ഹാവൂ… രോഗികളിൽ സംതൃപ്തമായ ശബ്ദം.  ഓരോ തുള്ളിയും ജീവധാരയെ പ്രലോഭിച്ചു താങ്ങായ്‌, തണലായ്‌ പടർന്നു.  ഒപ്പം അവരുടെ  കുഴിഞ്ഞ കണ്ണുകളിലേയ്ക്ക്‌ സന്യാസിയപ്പനിൽ നിന്ന്‌ പ്രതീക്ഷ ഇറങ്ങിച്ചെന്ന്‌ സാന്ത്വനപ്പെടുത്തി.
സന്യാസിയപ്പൻ ഗ്രാമത്തിന്റെ ചില ഭാഗങ്ങളിൽ ശ്വാസം പിടിച്ചു നിന്നു ചുറ്റിക്കറങ്ങി – കിഴക്ക്‌, വടക്ക്‌, പടിഞ്ഞാറ്‌, തെക്ക്‌.  തെക്കു നിന്ന്‌ രൂക്ഷ ഗന്ധം! ഗ്രാമത്തിന്റെ  മലിന വസ്തുക്കളുടെ കൂമ്പാരം തെക്കു ഭാഗത്താണ്‌ നിക്ഷേപിക്കുന്നത്‌. അവിടെ അസംഘടിതരായ അവിശ്വാസികളുടെ കുടിലുകളും. സന്യാസിയപ്പൻ ഔഷധ തൈലത്തിന്റെ തുള്ളികൾ പിന്നെയും പിന്നെയും  ആ ഭാഗത്തേക്ക്‌ തുറന്ന്‌ ഇറ്റിച്ചു.  അത്‌ മണ്ണിൽ പതിച്ചില്ല. ബാഷ്പീകരിച്ച്‌ ചുറ്റിലും പടർന്നു.  കാറ്റിളകി, കാറ്റിൽ രോഗാണുക്കൾ കൂട്ടത്തോടെ ചത്തു വീണു.
ഇരുൾ വ്യാപിച്ചു.  സന്യാസിയപ്പൻ ഗ്രാമത്തിലെ മൺചെരാതിനു ചുവട്ടിൽ ചെന്നിരുന്ന്‌ പൊക്കണത്തിന്റെ  ഒരറയിൽ നിന്ന്‌ ഉണങ്ങിയ പച്ചിലപ്പൊടി ഒരു നുള്ള്‌ തൊണ്ടയിൽ വിതറി പെയ്തു തുടങ്ങിയ മഞ്ഞിലേക്ക്‌ വായ്‌ പിളർത്തി ഇരുന്നു. മൺചെരാതിന്റെ വെളിച്ചത്തിൽ മഞ്ഞിൻ കണങ്ങൾ ചുഴിപോലെ വായിലേക്ക്‌ പാഞ്ഞു കയറി.  അവയെ സന്യാസിയപ്പൻ  ആസ്വദിച്ചാസ്വദിച്ച്‌ ഉള്ളിലേക്കിറക്കി.  മതി വന്നപ്പോൾ ഒന്നു കുനിഞ്ഞു നമിച്ചു.

7
വാക്ക്ഷേത്രം!  ഇരിക്കൂർ ഇടനിലക്കാരൻ ഞെട്ടലോടെ വായന ഒന്നു, രണ്ടാവർത്തിച്ചു.  ഇരിക്കൂർ വിശ്വാസത്തിന്റെ  അടിത്തറ മാന്തുക! ധിക്കാരം! ധിക്കാരി!
ആരവൻ! ഇടനിലക്കാരൻ അലറി നിന്നു.  കൽമണ്ഡപത്തിന്റെ മുകളിൽ ചക്രവാളപ്പക്ഷി എല്ലാം കേട്ടിരുന്നു.
വിശ്വാസത്തടവറയ്ക്കു മുന്നിൽ വാക്ക്ഷേത്രം എന്ന്‌ എഴുതി പിടിപ്പിക്കുക! കടന്നു കയറി അകമാകെ വൃത്തിയാക്കുക!  കടന്നു കയറ്റക്കാരൻ നിസ്സാരനല്ല, അവനുള്ളിൽ ജ്ഞാനമുണ്ട്‌.  ജ്ഞാനമില്ലാത്തവൻ ഇരിക്കൂർ വിശ്വാസങ്ങളെ  അവഗണിച്ചുകൊണ്ട്‌ വിശ്വാസത്തടവറയ്ക്കുള്ളിൽ പ്രവേശിക്കുകയില്ല.  അവന്റെ ജ്ഞാനം അടിത്തറ ഇല്ലാത്തത്താണെങ്കിൽ കട പുഴകി ഇരിക്കൂർ വിശ്വാസിയാക്കണം.  അടിത്തറ ഉണ്ടെങ്കിൽ നാടുകടത്തി വിടണം.  അവൻ ?വിശ്വാസത്തടവറ എന്ന നാമം  ചുരണ്ടിക്കളഞ്ഞതുപോലെ  ഇരിക്കൂർ                            വിശ്വാസത്തെ ചുരണ്ടും.  ചുരണ്ടുന്നിടത്ത്‌ ജ്ഞാനം കുത്തി നിറയ്ക്കും.  അതിന്റെ സൊ‍ാചനയാണ്‌ വാക്ക്ഷേത്രം! ജ്ഞാനത്തിന്റെ  തീക്കൊള്ളികളിൽ വിശ്വാസത്തിന്റെ ശീത ജലം കോരി ഒഴിച്ചാണ്‌ ഇരിക്കൂർ വിശ്വാസം വളർന്നു പന്തലിച്ചതു.  ഇരിക്കൂർ ഇടനിലക്കാരൻ വാക്‌ ക്ഷേത്രം ചുരണ്ടി മാറ്റി വിശ്വാസത്തടവറ എന്ന്‌ പുനർ നാമകരണം നടത്തി.  അപ്പോൾ മുകളിൽ നിന്നും ഘർ….. ഘർ…… എന്ന വൻ പ്രതിഷേധ ശബ്ദം!
ഇടനിലക്കാരൻ നോക്കി . മുഴുത്ത ഒരു തൂവെള്ളപ്പക്ഷി! അത്‌ പറന്നുയർന്നു പോയി.
ഇടനിലക്കാരൻ അകത്ത്‌ ചപ്പും ചവറുകളും വാരി നിറച്ച്‌ അന്ധകാരത്തിന്‌ ഇരിപ്പിടമൊരുക്കി.  പിന്നെ പ്രാർത്ഥനാ സ്ഥലിയിലേക്ക്‌ പാഞ്ഞു പോയി.
ദീനവാദ്യം, ദീനവാദ്യം! വിശ്വാസികൾ അമ്പരന്നു, വിശ്വാസത്തിന്‌ കളങ്കം.  ഇരിക്കൂർ ഇടനിലക്കാരൻ ദീന വാദ്യം ഉച്ചത്തിൽ വായിക്കുന്നു!  അതിന്റെ ദു:ഖാർദ്രമായ ശബ്ദം ഇരിക്കൂർ ദേശമാകെ അലയടിച്ചു കയറി.  വിശ്വാസികളിൽ സന്ദേഹം ജനിച്ചു.  കടൽ കടന്നു വന്നവനോ, കാൽ നടയായ്‌ വന്നവനോ വിശ്വാസത്തെ കളങ്കപ്പെടുത്തിയത്‌!
കാലിളകി, കരയിളകി.  കരക്കാർ പ്രാർത്ഥനാസ്ഥലിയിലേക്കു കുതിച്ചു.  രോഗികൾക്കു കൂട്ടിരുന്നവർ അവരെ ഒറ്റപ്പെടുത്തി ഓട്ടത്തിനു നെടുകെ ഓടി. മുടി അഴിച്ചിട്ടു നിന്ന സ്ത്രീകൾ ഓടിയപ്പോൾ മുടി പാറി കാറ്റിലുയർന്നു.  അമ്മിഞ്ഞ കൊടുത്തു നിന്ന സ്ത്രീകൾ കുഞ്ഞുങ്ങളെ എളിയിൽ വച്ച്‌ കുണുങ്ങി ഓടി.  സന്യാസിയപ്പൻ കൊടുത്ത മരുന്ന്‌ ഫലിച്ചു തുടങ്ങിയ രോഗികൾ കൈ കുത്തി എഴുന്നേറ്റു.  ചിലർ പണിപ്പെട്ടു നിവർന്നു നടന്നു.  ചിലർ നാലുകാലിൽ മുന്നോട്ടു നടന്നു.  ചിലർ പരാജയം അറിഞ്ഞു.  ചിലർ വിറച്ചും കാൽ വഴുതിയും മുന്നോട്ടു നടന്നു.

വിശ്വാസികളേ – ഇരിക്കൂർ ഇടനിലക്കാരന്റെ ശബ്ദം  പ്രാർത്ഥനാ സ്ഥലിയിൽ മുഴങ്ങി- കേൾക്കുമ്പോൾ ഞെട്ടരുത്‌, വിഷാദത്തിന്‌ അടിപ്പെടരുത്‌, ഭയപ്പെടരുത്‌.  നിങ്ങൾക്കൊപ്പം ഇരിക്കൂർ ഇടനിലക്കാരൻ ഉണ്ടെന്ന സത്യത്തിന്റെ പിടി അയഞ്ഞു പോകരുത്‌.  വിശ്വാസികളെ, നമ്മുടെ വിശ്വാസത്തടവറയുടെ നെറ്റിയിലെ അക്ഷരങ്ങൾ ആരോ ചുരണ്ടി മാറ്റി വാക്‌ ക്ഷേത്രം എന്ന്‌ കുറിച്ചിരിക്കുന്നു!  അവന്റെ ലക്ഷ്യം മനസ്സിന്റെ അടിത്തട്ടുകളിലേയ്ക്ക്‌  അവിശ്വാസം കെട്ടിഇറക്കി വിശ്വാസം കോരി വറ്റിക്കലാണ്‌.  അതുകൊണ്ട്‌ വിശ്വാസികൾ ജീവൻ കൊടുത്തും വിശ്വാസത്തടവറ സംരക്ഷിക്കണം.  അർദ്ധ വിശ്വാസികളുടെ വിശ്വാസങ്ങളെ ആഴത്തിൽ തള്ളിപ്പറഞ്ഞ്‌ ഇരിക്കൂർ വിശ്വാസത്തിലേയ്ക്കുള്ള വഴി അവർക്കു മുന്നിൽ  തുറന്നിടണം. മെരുക്കാത്തവരെ മെല്ലെ മെല്ലെ വിശ്വാസം ഓതി ഓതി മെരുക്കി നമുക്കൊപ്പം ചേർക്കണം.  അതിന്‌ ഇരിക്കൂർ ഇടനിലക്കാരനായ എന്റെ വാക്കുകളെ  താപ്പാനകളായി അവരുടെ മനസ്സിനു മുന്നിൽ അണി നിരത്തണം.  അവിശ്വാസികളെ സംബന്ധിച്ചാണെങ്കിൽ അവരെ വിശ്വാസികളാക്കൽ പാറ പിഴിഞ്ഞ്‌ ജലമുണ്ടാക്കുന്നതുപോലെ പാഴ്‌ വേലയാണ്‌.    എങ്കിലും വിശ്വാസത്തടവറ നമ്മൾ കാത്തു സൂക്ഷിച്ചാൽ അവിശ്വാസികളിൽ ആശയ ദാരിദ്ര്യം നിറയും.  അതോടെ അവർ അർദ്ധവിശ്വാസത്തിലേയ്ക്ക്‌ അടുക്കും.  അവിടെ പാകപ്പെട്ടാൽ ഇരിക്കൂർ വിശ്വാസത്തിലേയ്ക്കും.

വിശ്വാസികളെ – ഇരിക്കൂർ ഇടനിലക്കാരൻ വീണ്ടും നീട്ടി വിളിച്ചു – അതുകൊണ്ട്‌ വിശ്വാസത്തടവറ നിങ്ങൾ രാപ്പകൽ കാവൽ നിന്ന്‌ സംരക്ഷിക്കണം.  ഒപ്പം വിശ്വാസത്തടവറയിൽ അതിക്രമിച്ചു കയറിയവൻ ആരെന്ന്‌ കണ്ടെത്തുവാനുള്ള ചുമതലയും ഞാൻ നിങ്ങളെ ഇരിക്കൂർ നാമത്തിൽ ഏൽപിക്കുന്നു.
അയാൾ തന്നെ, സന്യാസിയപ്പൻ.  മറ്റാർക്കാണ്‌  വിശ്വാസത്തടവറ അതിക്രമിച്ചു കയറുവാൻ ധൈര്യം! അയാളുടെ കണ്ണുകളിലെ  നിർഭയവും ഒന്നിനേയും കൂസാതെയുള്ള വാക്കുകളും  സൂചിപ്പിക്കുന്നത്‌ അയാൾ തികഞ്ഞ അവിശ്വാസി തന്നെയെന്നാണ്‌.  ഒരു വിശ്വാസി വിളിച്ചു പറഞ്ഞു.
അയാൾ വിശ്വാസികൾ എന്നോ അവിശ്വാസികൾ എന്നോ പക്ഷഭേദമില്ലാതെ എല്ലാവർക്കും മരുന്ന്‌ നൽകി – മറ്റൊരു വിശ്വാസി പറഞ്ഞു –  പക്ഷഭേദമില്ലാത്തവർ വിശ്വാസത്തടവറ ആക്രമിക്കുകയില്ല.
പക്ഷഭേദമില്ലാത്തവൻ കുടുതൽ അപകടകാരിയാണ്‌.  അവന്‌ ഭേദമല്ല എന്നു തോന്നുന്ന എന്തിനെയും ആക്രമിക്കും.  അവൻ മണ്ടനുമാണ്‌. ഇരിക്കൂർ വിശ്വാസികൾ അത്തരത്തിൽ മണ്ടന്മാർ ആകരുത്‌.  വീണു കിടക്കുന്നവരെ പിടിച്ച്‌ എഴുന്നേൽപ്പിക്കുന്നതിനു മുമ്പ്‌ ഇരിക്കൂർ വിശ്വാസി ആണോ എന്ന്‌  അറിഞ്ഞിരിക്കണം.  അല്ലെങ്കിൽ മന:ചാഞ്ചല്യം ഉള്ളവനോ എന്ന്‌ തിട്ടപ്പെടുത്തണം.  ചാഞ്ചല്യമുള്ളവനെ ചലിപ്പിച്ച്‌ വിശ്വാസിയാക്കാം. അല്ലാത്തവന്‌ എഴുന്നേൽക്കുവാൻ കൈ കൊടുക്കരുത്‌.  പക്ഷഭേദമില്ലാത്തവൻ തികച്ചും അവിശ്വാസിയാണ്‌.  അവിശ്വാസിയേ പിൻതിരിപ്പൻ ആശയങ്ങൾ തുറന്നു വിടുകയുള്ളൂ.  ഈ ചെറു രാജ്യത്തിലുള്ള ഒരു അവിശ്വാസിയും  അതിന്‌ ധൈര്യം കാട്ടില്ല.  അപ്പോൾ അയാൾ തന്നെ,, ആ വറണ്ട സന്യാസി.   നമുക്ക്‌ ഇപ്പോൾ തന്നെ അയാളെ ബന്ധിക്കണം.  പുറപ്പെടുക, സമയം അമൂല്യമാണ്‌. മടങ്ങി വരാത്തത്താണ്‌ – ഇടനിലക്കാരൻ നടന്നു തുടങ്ങി. വിശ്വാസികൾ പിന്നാലെയും .

രാജേന്ദ്രൻ മാങ്കുഴി

You can share this post!