വാക് ക്ഷേത്രം -2

മിത്രഭാവത്തോടെ പക്ഷികൾ, ചിത്രശലഭങ്ങൾ, തുമ്പികൾ, മൃഗങ്ങൾ! അവ അനുഗമിക്കുകയാണ്‌.  ചില പക്ഷികൾ മധുര ശബ്ദത്തിൽ ഈണമിടുകയാണ്‌, മനസ്സിനെ ഭാവസാന്ദ്രമാക്കുവാനാണോ! പക്ഷേ ഒരു ഈണത്തിലും ഭ്രമിക്കാത്ത കരുത്തിലല്ലേ ഭൗതിക നിസ്സംഗത തന്നെ ചുറ്റി നിൽക്കുന്നത്‌!  എങ്കിലും സന്യാസിയപ്പൻ ആർദ്രഭാവത്തോടെ കൈ ഉയർത്തി പ്രോത്സാഹിപ്പിച്ചു.
പക്ഷികൾ സന്യാസിയപ്പന്റെ കൈകളിൽ പറന്നു പറ്റി.  സന്യാസിയപ്പന്റെ തലോടൽ വാത്സല്യമായ്‌ സ്വീകരിച്ചു.  ആഹ്ലാദം ചുണ്ടുകളിൽ അല തല്ലി – കിലു കിലു ശബ്ദം.പക്ഷിപ്പാട്ട്‌.  പക്ഷിപ്പാട്ടിന്റെ സംഗീതം അന്തരീക്ഷത്തിൽ നിറഞ്ഞു.  പലയിനം പക്ഷികൾ സന്യാസിയപ്പനു മുകളിൽ കൂട്ടമായ്‌ പറന്നു, പക്ഷി ജാഥ! ഏറ്റവും മുകളിൽ                                     ചക്രവാളപ്പക്ഷി.
നിനക്കുള്ളിൽ അത്ഭുതം ഊറുന്നു – സന്യാസിയപ്പന്റെ  മനസ്സിനെ മാനസഅപരൻ വാക്കുകളുടെ അർത്ഥവ്യാപ്തി കൊണ്ട്‌ തൊട്ടു.
ഇത്‌ ആദ്യമായാണല്ലോ ഇങ്ങനെ! ഇവയിൽ ഏത്‌ ചേതോവികാരം ഇഴഞ്ഞാണ്‌ ഈ സ്നേഹവർഷവും പരിചിത ഭാവവും ആയിമാറുന്നത്‌.
ഒരു വൃക്ഷത്തിന്റെ അഭയലാളിത്യം, അതാണ്‌ പക്ഷികളും മൃഗങ്ങളും നിന്നിൽ കാണുന്നത്‌ – മാനസ അപരൻ തൊട്ടറിയിച്ചു – മൃഗങ്ങൾക്കും , പക്ഷികൾക്കും ശത്രുവിന്റെ കണ്ണുകളെ തിരിച്ചറിയാം, മുഖഭാവവും.  മാംസഭോജി, വേട്ടക്കാരൻ ഇങ്ങനെ മനസ്സിലെ ക്രൂരന്റെ ഒരു തരിപോലും അവ തിരിച്ചറിയും.  ഇതൊന്നുമില്ലാതെയുള്ള ജീവിതം, കൂടാതെ ദ്വന്ദ്വമാനസവും!  അത്‌ നിന്നിൽ വാസനാഗുണം നിറച്ചു.  ആ ഗന്ധം നിനക്കു ചുറ്റിലും പരന്നൊഴുകുകയാണ്‌.  പക്ഷിമൃഗാദികൾക്ക്‌ സ്വയം നിർവൃതിയിൽ ലയിച്ചുപോകുന്ന ആ ഗന്ധം                    മണത്തറിയുവാൻ കഴിവുണ്ട്‌.  മനുഷ്യന്‌ ആ കഴിവ്‌ ഇല്ല.  അതാ ആ കാട്ടുപോത്തുകളെ ശ്രദ്ധിക്കൂ, കൂട്ടമായ്‌ വഴിയിൽ നിന്നവ ഇപ്പോൾ വഴിയുടെ ഇരു വശത്തേക്കും മാറി നിന്നു തലകുലുക്കി സ്നേഹ സന്ദേശം അയച്ചു തരുന്നത്‌! നിന്നിലെ മഹാ മാനവികതയെ വാസനാ ഗന്ധത്തിലൂടെ അവയും തിരിച്ചറിയുകയാണ്‌!  അല്ലങ്കിൽ നമുക്ക്‌ ചുറ്റി വളഞ്ഞ്‌ മറ്റൊരു വഴിയേ പോകേണ്ടി വരുമായിരുന്നു.
കാട്ടുപോത്തുകൾക്കു മധ്യത്തിലൂടെ നടന്നു നീങ്ങുമ്പോൾ കണ്ണുകളിൽ നിറച്ച സ്നേഹവുമായ്‌ അവ വഴിക്കിരുവശവും ഭവ്യതയോടെ തല കുമ്പിട്ടു നിന്ന്‌ അമർത്തി വിളിച്ചു, സാധ്യമായ ഏറ്റവും മധുര ശബ്ദത്തിൽ.  സന്യാസിയപ്പൻ ഇരു കൈത്തലവും അവയ്ക്കു മുകളിലുടെ വീശിക്കൊണ്ട്‌ മുന്നോട്ടു നടന്നു. കൈത്തലങ്ങൾക്കിടയിൽ വാസനാ ഗന്ധം വലിച്ചൂറ്റുവാനായ്‌ കാട്ടുപോത്തുകളുടെ  നാസാരന്ത്രങ്ങൾ വികസിച്ചു, വലിച്ചൂറ്റി. സന്യാസിയപ്പെന്റെ യാത്രയെ ഏതാനും നാഴികവരെ പിന്നിൽ അവ അനുഗമിച്ചു.  പിന്നീട്‌ ഒരു കാട്ടാനക്കൂട്ടം! അവ തുമ്പിക്കൈ ഉയർത്തി സന്യാസിയപ്പനു നേരെ വീശി.  ഏറ്റവും അവസാനമായ്‌ മുഴുത്ത ഒരു കൊമ്പൻ, അത്‌ ശരീരം താഴ്ത്തി മുൻകാൽ നീട്ടി.                                       സന്യാസിയപ്പൻ കണ്ണുകൾ കൊണ്ട്‌ കണ്ണുകളിൽ വേണ്ട എന്ന്‌ നന്ദിയോടെ കാണിച്ചു.  പെട്ടെന്ന്‌ അത്‌ ചിന്നം വിളിച്ചു.  അതിന്റെ തുമ്പിക്കൈ ഇത്തിരി അകലെ മരക്കൂട്ടങ്ങൾക്കിടയിലേയ്ക്ക്‌  മൂന്നാര്റിയിപ്പുപോലെ ചൂണ്ടി നിന്നു. അവിടെ മദമിളകിയ ഒരാന!
സന്യാസിയപ്പന്റെ കാൽപ്പാദങ്ങൾ ഇടറാതെ മുന്നോട്ടു തന്നെ ചലിച്ചു.  മദമിളകിയ ആന തല ശക്തമായ്‌ ഒന്നു രണ്ടു വട്ടം കുലുക്കി സന്യാസിയപ്പനുനേരെ രുദ്രഭാവത്തിൽ കുതിച്ചു.
ഓംംം………. വെടിക്കെട്ട്‌ പൊട്ടിത്തെറിക്കുന്നതു പോലെയുള്ള ഒരു ശബ്ദപ്രവാഹം! സന്യാസിയപ്പനിൽ നിന്ന്‌ ഉയർന്ന അതിന്റെ  പ്രകമ്പനത്തിൽ ചാഞ്ഞു നിന്ന വൃക്ഷച്ചില്ലകൾ ഉലഞ്ഞാടി.  മുന്നോട്ടു കുതിച്ച ആന വിലങ്ങിട്ടതുപോലെ നിന്നു.  സന്യാസിയപ്പന്റെ ശാന്തമായ കണ്ണുകൾ മദയാനയെ സശ്രദ്ധം ഉഴിഞ്ഞു. തോൽ സഞ്ചിയിൽ നിന്ന്‌ ഒരു ഒറ്റമൂലിപ്പൊടി ആനക്കു നേരെ വീശിപ്പറത്തി.  അതിന്റെ മദിപ്പിച്ചുകളയുന്ന സുഗന്ധം അവിടമാകെ കാറ്റിലൂടെ ഒഴുകി.  ആന തല ഒന്നു കുടഞ്ഞു, രണ്ടു കുടഞ്ഞു, മൂന്നു കുടഞ്ഞു, കുടച്ചിലോട്‌ കുടച്ചിൽ!  കുടഞ്ഞിട്ടത്‌ കണ്ണുകളിലെ രൗദ്രഭാവം!  രൗദ്രം വിട്ടൊഴിഞ്ഞപ്പോൾ മുറുകി വലിഞ്ഞുനിന്ന ശരീരം താനേ അയഞ്ഞു.  തുമ്പിക്കൈ താഴ്‌ന്നു.  മദപ്പാട്‌ പൊട്ടി നീര്‌ വാർന്നൊലിക്കുവാൻ തുടങ്ങി.  സന്യാസിയപ്പൻ തുമ്പിക്കൈയിൽ തലോടി കണ്ണുകളിൽ അവശേഷിച്ച രൗദ്രഭാവം കൂടി അലിയിച്ചുകളഞ്ഞു മുന്നോട്ടു നടന്നു.

ആ ശബ്ദം, അതും ഈ സ്തൂല ശരീരത്തിൽ നിന്ന്‌!  വിശ്വസിക്കുവാൻ പ്രയാസം – സന്യാസിയപ്പൻ സംശയ നിവർത്തിക്കായ്‌ മാനസ അപരനിൽ കാതോർത്തു.
പെട്ടെന്ന്‌ ഉണ്ടാകുന്ന ഭയം സാധാരണ ശരീരത്തെപ്പോലും ത്രസിപ്പിച്ച്‌ അതിൽ നിന്ന്‌  അസാധാരണ നിലവിളിയുയർത്തുമല്ലോ.  എന്നാൽ നമ്മുടെ ശരീരം ഉയർത്തിയ അസാധാരണ ശബ്ദം ഭയത്തിൽ നിന്നല്ല.  ഭയത്തിൽ നിന്നുണരുന്ന ശബ്ദത്തെ ഒരു ജീവിയും ഭയപ്പെടുകയില്ല.  ആ ശബ്ദം അചിന്തനീയമായ നിമിഷത്തിൽ ഉണർന്ന ആത്മവിശ്വാസത്തിന്റേതായിരുന്നു.  അത്‌ ശരീരത്തിന്റെ ഓരോ കോശങ്ങളിൽ നിന്നും മനോബലത്തിന്റെ അംശങ്ങളിൽ നിന്നും  ഒരുമിച്ച്‌ പുറപ്പെട്ട അപൂർവ്വ ശക്തിയായിരുന്നു.  നമുക്ക്‌ തന്നെ കൽപിച്ചു കൂട്ടി ഇനി അതിന്റെ പുനർപ്രവാഹം സൃഷ്ടിക്കുവാൻ കഴിയുകയില്ല. കഴിയുന്നത്‌ അപ്രതീക്ഷിത നിമിഷങ്ങൾക്കു മാത്രം.  തൊണ്ടയിലൂടെയാണ്‌ ആ ശബ്ദം പുറത്തേക്കു വന്നത്തെങ്കിലും  അതിന്റെ തള്ളൽ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും  തൊണ്ടയിലേയ്ക്കുള്ള ഒരു മാസ്മരിക ഊക്കായിരുന്നു.  നമ്മുടെ ശരീരം സ്തൂലമാണ്‌, അതിന്റെ ആരോഗ്യത്തിന്‌  ആവശ്യമായതിൽ കൂടുതലോ കുറവോ ഒന്നും അതിൽ ഇല്ല.  പിരിമുറുക്കത്തിൽ അയഞ്ഞോ സ്തൂലമായോ ശരീരത്തിന്റെ ബലം നഷ്ടമായിട്ടില്ല.  അതുകൊണ്ട്‌ ഓരോ കോശങ്ങളിലും തുടിക്കുന്ന ജീവനുണ്ട്‌.  അവയുടെ കൂട്ടായ പ്രതികരണമായിരുന്നു മറ്റൊരു വിധത്തിൽ പറഞ്ഞാൽ മദയാനയുടെ കാലുകളെ ബന്ധിച്ച ഇടിമുഴക്കം.  നമ്മുടെ ശരീരം പിന്നിട്ട നൂറ്റി എൺപത്‌ ജീവിത വർഷങ്ങളിൽ ശബ്ദകോശങ്ങൾ അപൂർവ്വമായേ വിനിയോഗിച്ചിട്ടുള്ളൂ. ബാക്കി ചൊല്ലിയതും പറഞ്ഞതും മൗനമായ്‌.  അതുകൊണ്ടാണ്‌ പൊട്ടിത്തെറിയുടെ ഉച്ചത്തിൽ ഉയർന്ന ആ ശബ്ദപ്രവാഹത്തെ തൊണ്ടയ്ക്ക്‌ ഏകധ്വനിയിൽ പുറംതള്ളുവാൻ കഴിഞ്ഞത്‌.  അല്ലെങ്കിൽ അത്‌ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ചീറ്റിത്തെറിച്ചു പോകുമായിരുന്നു.
യാത്ര ദേശങ്ങൾ പിന്നിട്ടു.  പലയിനം മൃഗങ്ങളും  മുകളിൽ പക്ഷിക്കൂട്ടങ്ങളും അതിനു മുകളിലായ്‌ ചക്രവാളപ്പക്ഷിയും ജാഥപോലെ ആരവങ്ങളോടെ സന്യാസിയപ്പനൊപ്പം നീങ്ങിക്കൊണ്ടിരുന്നു.  ഓരോ ദേശങ്ങൾ പിന്നിടുമ്പോഴും  ആ ദേശങ്ങളിലെ പക്ഷിമൃഗാദികൾ  അത്യാനന്ദത്തോടെ ഏറ്റവും മധുരമായ ശബ്ദത്തിൽ പാടിയും അമർത്തിവിളിച്ചും സന്യാസിയപ്പനോട്‌ വിട ചൊല്ലിക്കൊണ്ടിരുന്നു.  പുതിയവ ഗുരുവര്യനെപ്പോലെ  സന്യാസിയപ്പനെ വണങ്ങി യാത്രയിൽ പങ്കുചേർന്നു.  ഇടയ്ക്കിടെ ചക്രവാളപ്പക്ഷിയുടെ മധുരമായ ശബ്ദം മറ്റു ശബ്ദങ്ങൾക്കിടയിൽ സന്യാസിയപ്പൻ തിരിച്ചറിഞ്ഞുകൊണ്ടിരുന്നു.  മറ്റൊരു പക്ഷിക്കും ഇല്ലാത്തവിധം അതിന്റെ കൊക്കും കാലുകളും തൂവലിന്റെ അതേ തൂവെള്ള നിറമായിരുന്നു.  യാത്ര കുറച്ചുകൂടി പിന്നിട്ടു.  പെട്ടെന്ന്‌ ചക്രവാളപ്പക്ഷി സന്യാസിയപ്പന്റെ വഴിക്കു കുറുകെ  വലഞ്ഞു പരവശനായ്‌ വീണു.  സന്യാസിയപ്പൻ അരികിൽ എത്തിയപ്പോൾ  അതിന്റെ കണ്ണുകൾ ബാഷ്പജലത്താൽ നിറഞ്ഞു.  ജലത്തിനടിയിൽ കൺഗോളങ്ങളിൽ സന്യാസിയപ്പനോടുള്ള ആദരവ്‌ തെളിഞ്ഞു നിന്നു.  സന്യാസിയപ്പൻ നീട്ടിയ കൈകളിലേയ്ക്ക്‌ അത്‌ സുരക്ഷിത വലയത്തിലേയ്ക്ക്‌ എന്ന മുഖപ്രസാദത്തോടെ പറന്നു കയറി.  അതിന്റെ ശരീരം വെണ്ണപോലെ പതുപതുത്തത്തായിരുന്നു.    സന്യാസിയപ്പൻ തോൾ സഞ്ചിയിൽ നിന്ന്‌ ഒരു ഔഷധം  അതിന്റെ നാവിൽ ഇറ്റിച്ചുകൊടുത്തു. പക്ഷിയിൽ നിന്നു ഒരു വിറയാർന്ന ശബ്ദം പുറപ്പെട്ടു വന്നു.  രോമാഞ്ചം ഉൾക്കൊണ്ടതുപോലെ അതിന്റെ തൂവലുകൾ ആകെ കുത്തി എഴുന്നേറ്റു.  പക്ഷി എഴുന്നേറ്റ്‌ ചിറകടിച്ച്‌ തലനീട്ടി ആനന്ദ നൃത്തത്തോടെ സന്യാസിയപ്പന്റെ മുഖത്തേക്ക്‌ ആർദ്രമായ്‌ കൺ നീട്ടി. അസാധാരണമായ ഒരു ഊർജ്ജപ്രവാഹം  അതിന്റെ ചലനങ്ങളിൽ നിറഞ്ഞു.  അത്‌ ആനന്ദത്തോടെ പറന്നുയർന്ന്‌ വീണ്ടും സന്യാസിയപ്പന്‌ അനുയാത്ര തുടങ്ങി.

കടുത്ത വേനലിൽ പക്ഷി ക്ഷീണിച്ചുവീണതായിരുന്നു – സന്യാസിയപ്പൻ മാനസ അപരനോടു പറഞ്ഞു – ഞാൻ അതിന്‌ നൽകിയത്‌ ജലം വേഗത്തിൽ തണുപ്പിക്കുവാനുള്ള ഒരിനം പച്ചിലതൈലം ആയിരുന്നു. അത്‌ പക്ഷിക്ക്‌ ഫലിക്കുമെന്ന ഒരു മുൻ നിശ്ചയവും എനിക്കില്ലായിരുന്നു.  എങ്കിലും അതിന്റെ ശരീരത്തിൽ സ്പർശിച്ചപ്പോൾ ശരീരമാകെ ജലമാണെന്ന്‌ തിരിച്ചറിയുവാൻ കഴിഞ്ഞു.  അത്‌ മാത്രമായിരുന്നു ചികിത്സാവിധിക്ക്‌ മുൻപരിചയം.
ഊഹിക്കുവാൻ കഴിഞ്ഞിരുന്നു – മാനസ അപരൻ മനോനില അറിയിച്ചു.

തുടക്കം മുതൽ ആ പക്ഷി നമ്മുടെ യാത്രയെ അനുഗമിക്കുകയാണ്‌.  എന്താണ്‌ ഈ പക്ഷിയുടെ വിശപ്പകറ്റുന്നത്‌- സന്യാസിയപ്പൻ ചോദ്യഭാവം കൊണ്ടു.
വേനൽ എന്നോട്‌ പറഞ്ഞിരുന്നു ഇത്‌ ചക്രവാളപ്പക്ഷിയാണ്‌ എന്ന്‌.  ചക്രവാളപ്പക്ഷി സദാ മേഘങ്ങൾക്കു മുകളിൽ തുഴഞ്ഞു നീങ്ങും.  അതിന്റെ ഏറ്റവും മൃദുലമായ ചുണ്ടുകൾ കൊണ്ട്‌ ഒന്നിനേയും കൊത്തി വിഴുങ്ങുവാൻ കഴിയുകയില്ല.  മേഘങ്ങളിൽ നിന്ന്‌ ജീവജലം ഊറ്റിക്കുടിക്കും.  ആ ജലത്തിൽ അടങ്ങിയിരിക്കുന്നത്‌ മാത്രമാണ്‌ അതിന്റെ ആഹാരം.  അതുകൊണ്ടാണ്‌ ഈ പക്ഷിക്ക്‌ ആകെ മൊത്തത്തിൽ മേഘങ്ങളുടെ നിറം.  ഭൂമിയോട്‌ അങ്ങേയറ്റം ആർദ്രത ഉള്ളത്‌ മേഘങ്ങൾക്കാണ്‌.  ഭൂമിയുടെ യൗവ്വനം നിലനിർത്തുവാനുള്ള  വെമ്പലുമായ്‌ സദാ മേഘങ്ങൾ ഭൂമിക്കുമുകളിൽ ചുറ്റിക്കറങ്ങുന്നു. പെയ്തു വന്ന്‌ ഭൂമിയെ കുളിപ്പിച്ചും തണുപ്പിച്ചും നിൽക്കുമ്പോൾ ഭൂമി സ്വന്തം ചൂടിനാൽ നീറ്റി നോവിച്ച്‌ മടക്കി അയക്കുന്നു.  ആ വേദനയോടെ മടങ്ങിയെത്തിയാൽ മക്കൾ ആട്ടിയോടിച്ച അമ്മയുടെ ആർദ്രതയോടെ ഭൂമിക്കുമുകളിൽ മേഘങ്ങളായ്‌ കറങ്ങി നടക്കുന്നു.  ഈ നിലയ്ക്കാത്ത സ്നേഹപ്രവാഹത്തിന്‌ മുകളിലാണ്‌ ചക്രവാളപ്പക്ഷി തുഴഞ്ഞു നീങ്ങുന്നത്‌.  സമാനമായ ആർദ്രതയുടേയും സ്നേഹത്തിന്റെയും ഒഴുക്ക്‌ മറ്റെവിടെയെങ്കിലും കാണുമ്പോൾ ചക്രവാളപക്ഷി ആ സ്നേഹധാരയ്ക്കു മുകളിൽ തുഴയുവാൻ വരും. പെയ്തു ചെല്ലുന്ന മേഘങ്ങളെപ്പോലെ നിന്റെ ഈ യാത്രയേയും ചിലപ്പോൾ വറട്ടി പിൻതിരിപ്പിക്കാം.  അപ്പോഴും നീ മേഘങ്ങളുടെ  ആർദ്രതയോടെ വറണ്ടു കിടക്കുന്ന മനസ്സുകൾക്ക്‌ നേരെ കനിവാർന്നു നിൽക്കണം.  നിന്റെ ആർദ്രതയും സ്നേഹവും മനസ്സുകൾക്കു നേരെ തണുപ്പായ്‌ ശാന്തിയായ്‌ പെയ്തു ചെല്ലണം.  ഒരു പക്ഷേ അതായിരിക്കും ചക്രവാളപ്പക്ഷിയുടെ അനുയാത്ര നൽകുന്ന സന്ദേശം.
മലകളും സമതലങ്ങളും പിന്നിട്ട്‌ സന്യാസിയപ്പൻ ഒരു തടാകത്തിനു കുറുകെ നടക്കുകയായിരുന്നു.  പെട്ടെന്ന്‌ ചക്രവാളപ്പക്ഷി സന്യാസിയപ്പന്‌ കുറുകെ പറന്നിട്ട്‌ സന്യാസിയപ്പൻ നടന്നു പോകുന്നതിന്‌ വിപരീതമായ്‌ പറന്നു.  അതൊരു അപകട സൊ‍ാചന ആയിരുന്നു.   സന്യാസിയപ്പൻ ആ അപകട സൊ‍ാചനയെ ഗണിച്ചെടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ ഇരു കാലുകളും ആരോ വരിഞ്ഞു ചുറ്റി കെട്ടുന്നതുപോലെ!  കുനിഞ്ഞു നോക്കുമ്പോൾ ഒരു നീരാളി അതിന്റെ സർവ്വശക്തിയുമെടുത്ത്‌ കാലുകൾ വരിഞ്ഞു കെട്ടുകയാണ്‌.  പെട്ടെന്ന്‌ പിന്നിലേക്ക്‌ പറന്നുപോയ ചക്രവാളപ്പക്ഷി തിരികെ വന്ന്‌ നീരാളിയുടെ ശരീരത്തിൽ പറ്റി ഇരുന്നു.
നീരാളിയുടെ കണ്ണുകൾ തിളങ്ങി- വെണ്ണപോലൊരു ശരീരം.  എന്തിന്‌ ഈ എല്ലൻ കാലുകളെ കരണ്ടു പല്ലുപൊട്ടിക്കണം!
നീരാളി കൈവള്ളികളിൽ അയവു വരുത്തി  സന്യാസിയപ്പന്റെ കാലുകളെ സ്വതന്ത്രമാക്കി.  സന്യാസിയപ്പൻ ചക്രവാളപക്ഷിക്കുനേരെ കുനിഞ്ഞു.  പെട്ടെന്ന്‌ മാനസ അപരൻ കാലുകളുടെ വേഗത വർദ്ധിപ്പിച്ചു സന്യാസിയപ്പനെ ദ്രുതഗതിയിൽ കരയിൽ എത്തിച്ചു. സന്യാസിയപ്പൻ തിരിഞ്ഞു നോക്കവേ നീരാളിയുടെ പിടിയിൽ അമർന്നിരുന്ന ചക്രവാളപ്പക്ഷി പെട്ടെന്ന്‌ നീരാവിയാകുവാൻ തുടങ്ങി.  തല, ഉടൽ, കാലുകൾ ഇങ്ങനെ നീരാവിയായ്‌ അന്തരീക്ഷത്തിൽ പൊന്തി ഉയർന്നു!  നീരാവി വീണ്ടും തല, ഉടൽ, കാലുകളായ്‌ ചേർന്നു ചക്രവാളപ്പക്ഷിയായി!

സന്യാസിയപ്പന്റെ കണ്ണുകൾ നീരാളിയെ വീക്ഷിച്ചു.  അതിന്റെ കൈ വള്ളികൾ ചക്രവാളപ്പക്ഷിയെ ചുറ്റിവരിഞ്ഞതുപോലെ തന്നെയിരിക്കുന്നു.  ചക്രവാളപ്പക്ഷിയുടെ രൂപാന്തരങ്ങൾക്കിടയിലും പിൻതുടർന്ന നീരാളിയുടെ കണ്ണുകളിൽ വിശപ്പിന്റെ നൈരാശ്യ മുദ്ര.
പാവം നീരാളി – സന്യാസിയപ്പൻ പറഞ്ഞു – വിശപ്പ്‌ ഒരു പാതകമല്ല, നില നിൽപിനുള്ള നൈസർഗ്ഗിക വികാരം മാത്രമാണ്‌.  വിശപ്പകറ്റാൻ വന്ന ഒരു ജീവിയെ ഇങ്ങനെ കബളിപ്പിക്കുവാൻ പാടില്ലായിരുന്നു.
മാനസ അപരൻ ഇത്തിരി നേരം ചിരിയുടെ മൗനങ്ങളിൽ ഇരുന്നിട്ട്‌ സന്യാസിയപ്പന്റെ മനസ്സിൽ പറഞ്ഞു – ഒരു നീരാളിയുടെ വിശപ്പിനുവേണ്ടി അലിഞ്ഞു തീരുവാനുള്ളതല്ല നിന്റെ ലക്ഷ്യം, അത്‌ മനുഷ്യരാശിക്കു മുകളിൽ ഒരു പുതിയ മാനവികത പടുത്തുയർത്തലാണ്‌.
ഞാൻ പറഞ്ഞത്‌ നേർക്കുനേർ എതിരിട്ട്‌ അതിനെ പരാജയപ്പെടുത്തൽ ആയിരുന്നു കബളിപ്പിക്കലിനേക്കാൾ അഭികാമ്യം എന്നായിരുന്നു.  ശക്തികൊണ്ട്‌ നമ്മെ പരാജയപ്പെടുത്തുവാൻ കഴിയില്ല എന്ന്‌ ബോധ്യമാകുമ്പോൾ അതിന്റെ ഇരയല്ല നമ്മൾ എന്ന്‌ തിരിച്ചറിയും.  അതായിരുന്നു നേർ വഴി.
നിന്റെ സമയം വിലപ്പെട്ടതാണ്‌.  നീരാളിയുമായ്‌ കായിക ബല പരീക്ഷണം നടത്തി നഷ്ടപ്പെടുത്തുവാൻ ഉള്ളതല്ല.  നീന്റെ യാത്ര സുഗമമാക്കാനും കളങ്കരഹിതമാക്കാനും  കൂടിയാണ്‌ ചക്രവാളപ്പക്ഷിയുടെ അനുയാത്ര.  നീരാളിക്കു പറ്റിയ അമളി മറ്റൊരു ഇരയെ കരണ്ടുതിന്നു പരിഹരിക്കും.
തടാകത്തിൽ നിന്നും ഇത്തിരി ദൂരം പിന്നിട്ടു.  ഒരു വെയിൽ നാളം ചക്രവാളപക്ഷിയുടെ ദേഹത്തുകൂടി കടന്നു പോയി.  വെയിൽ നാളം വീണപ്പോൾ ഒരു മഴവില്ലിന്റെ ഏഴു നിറങ്ങളും ചക്രവാളപ്പക്ഷിയുടെ  ദേഹത്ത്‌ വിടർന്നു.  അപ്പോൾ അത്‌ വലിപ്പമേറിയ ഒരു മയിലിനെപ്പോലെയായി.

ഇതെന്തു വിചിത്രം! ഇതുവരെ ലോകത്തെക്കുറിച്ച്‌ മനസ്സിലാക്കിയ അറിവുകൾക്കപ്പുറത്ത്‌ നിന്നൊരു അനുഭവം! ഇങ്ങനെയും ഒരു ജീവിതാവസ്ഥ ലോകത്തിൽ സാധ്യമാണെന്നത്‌ മഹാത്ഭുതം – സന്യാസിയപ്പൻ മനം മിഴിച്ചു.
ഭൂമിയിൽ ജനിച്ചവർക്ക്‌  മണ്ണും ജലവും ആവശ്യമായതുപോലെ ഈ പക്ഷിക്കു ജീവിക്കുവാൻ മേഘങ്ങൾ ആവശ്യമാണ്‌.  നീരാവിയിൽ പിറന്നതുകൊണ്ട്‌ അവയ്ക്ക്‌ നീരാവിയെപ്പോലെ രൂപ മാറ്റവും സാധ്യമാണ്‌.  നിന്റെ യാത്രയുടെ ലക്ഷ്യം മാത്രമല്ല ചക്രവാളപ്പക്ഷി അറിഞ്ഞിരിക്കുന്നത്‌, നിന്റെ മനസ്സിനെ  തന്നെ അത്‌ ആന്തരിക ദർശനത്തിലൂടെ അറിഞ്ഞിരിക്കുന്നു.  വരണ്ട ഒരു ഭൂപ്രകൃതിയിൽ വച്ചു തളർന്നപ്പോൾ അതുകൊണ്ടാണ്‌ അത്‌ നിന്റെ മുന്നിൽ വന്നു വീണത്‌, ഓർക്കുന്നില്ലേ.  വിലമതിക്കുവാൻ കഴിയാത്ത നിന്റെ ഔഷധ കൈപുണ്യം അങ്ങനെ അത്‌ അനുഭവിച്ചറിഞ്ഞു. ആ ഔഷധം അങ്ങേയറ്റം ഫലപ്രദമായിരുന്നു.  ഇനി ഭൂമിയിലെ ഏത്‌ പരിതസ്ഥിതിയിൽ നിന്നും  നീരാവി ഊറ്റിയെടുക്കുവാൻ ചക്രവാളപ്പക്ഷിക്കു കഴിയും – മാനസഅപരൻ പറഞ്ഞു.
നിന്റെ കണ്ടെത്തലുകൾ തികച്ചും നേരുതന്നെയാണോ?  സന്യാസിയപ്പന്റെ ചോദ്യം കേട്ട്‌  മാനസ അപരൻ സന്യാസിയപ്പനുള്ളിൽ ഇരുന്ന്‌ കുലുങ്ങി സമ്മതിച്ചു – നിന്റെ ഉള്ളാകെ വായിച്ചറിഞ്ഞ ഒരു പുസ്തകം പോലെ ചക്രവാളപ്പക്ഷി അറിഞ്ഞിരിക്കുന്നു.  എങ്ങനെ എന്നല്ലേ?  നീ കുടിച്ച ജലം വിയർത്തും വിസർജ്ജിച്ചും നീരാവിയായി മേഘങ്ങളിൽ അലിഞ്ഞു.  മേഘത്തിൽ നിന്ന്‌ ചക്രവാളപ്പക്ഷിയായി.  അല്ലെങ്കിൽ നിന്നിലൂടെ കയറി ഇറങ്ങി വന്നവൻ.  നിന്റെ ഓരോ അംശങ്ങളിലൂടെയും കടന്നുപോയവൻ.  അവന്‌ നിന്നെ അറിയില്ലെങ്കിലാണ്‌ അതിശയം.
സന്യാസിയപ്പൻ വനസ്ഥലി പിന്നിട്ടു.  വന്യമൃഗങ്ങൾ, നിറഞ്ഞ നഷ്ടബോധത്തിൽ തല കുലുക്കി അമർത്തി വിളിച്ചുകൊണ്ട്‌ യാത്രയിൽ നിന്ന്‌ പിൻമാറി.  അപ്പോഴും നാസാരന്ത്രങ്ങൾ വിടർത്തി അവ ആകാവുന്നത്ര വാസനാഗന്ധം ഉള്ളിലേയ്ക്ക്‌ വലിച്ചെടുത്തുകൊണ്ടിരുന്നു.  അവ പിന്മാറിക്കഴിഞ്ഞപ്പോൾ മുകളിൽ പക്ഷികളുടെ ഘോഷയാത്ര മാത്രം ബാക്കിയായി.

You can share this post!