യോഗനിദ്രയുടെ നിശാന്തത്തയിൽ സന്യാസിയപ്പന്റെ മനസ്സ് നിത്യ ശാന്തിയുടെ നിലവറയിൽ നിലയുറപ്പിച്ചു. കൊഴിഞ്ഞു വീഴുന്ന വർഷങ്ങൾ സന്യാസിയപ്പനിൽ വർണ്ണ വസന്തങ്ങളായി, ജീവിതം അതിൽ ഉത്സവലഹരിപോലെ ആറാടി നിന്നു. അതിനിടയിൽ നൂറ്റി എൺപത് വർഷങ്ങളുടെ സമയ കാലങ്ങളിൽ സന്യാസിയപ്പൻ കടന്നു കയറി. ആ ദിനം, നൂറ്റി എൺപതാം ജന്മവാർഷികത്തിന്റെ നിറവിൽ സന്യാസിയപ്പൻ ശാന്തനായിരിക്കുമ്പോൾ വാക്കുകൾക്കന്യമായ ഒരു വാചാല സംതൃപ്തി മനസ്സിൽ ഒഴുകി എത്തി. അതിന്റെ തിരതള്ളൽ അനുഭവിച്ചു തീർക്കുവാൻ കഴിയാത്ത സുഖാനുഭൂതിയായ് മനസ്സിൽ നിറഞ്ഞു തുളുമ്പി. ഒരു മനസ്സിന് അനുഭവിച്ചു തീർക്കുവാൻ കഴിയാതിരുന്ന അതിന്റെ സംതൃപ്ത സമ്മർദ്ദത്താൽ സന്യാസിയപ്പന്റെ മനസ്സ് വളർച്ച പൂർത്തിയായ ഒരു ഏകകോശ ജീവിയെപ്പോലെ രണ്ടായ് വിഭജിച്ചു!
അമ്മയുടെ ഗർഭപാത്രത്തിൽ എന്ന പോലെ നിന്റെ വിശാല മാനസത്തിൽ ഞാൻ തപസ്സിരിക്കുകയായിരുന്നു, എന്റെ ഭൂപ്രവേശനത്തിന് – സന്യാസിയപ്പന്റെ മനസ്സിൽ പിറന്ന മാനസ അപരൻ മനസ്സും മനസ്സും മാത്രം ശ്രവിച്ചറിയുന്ന ഭാഷയിൽ സന്യാസിപ്പനോട് പറഞ്ഞു – എന്റെ ജനനത്തിന് നിന്നെ ഞാൻ പരിശീലിപ്പിക്കുകയായിരുന്നു, നിനക്കുള്ളിൽ ഇരുന്ന് നീ അറിയാതെ . നിനക്കു ചെയ്തു തീർക്കുവാനുള്ള അതിമഹത്തായ ഒരു കർത്തവ്യമുണ്ട്. ആ കർത്തവ്യ ലക്ഷ്യസ്ഥലിയിലേക്കുള്ള യാത്രയിലും, ലക്ഷ്യസ്ഥലിയിലും നിനക്ക് ഞാനും കൂടിച്ചേരുന്ന ദ്വന്ദ്വ മാനസം കൂടിയേ തീരൂ.
മനസ്സ് മനസ്സിനോട് സംവദിക്കുന്ന ആ നവാനുഭൂതിയുടെ സാന്ദ്രതയിൽ കുളിർത്തു സന്യാസിയപ്പൻ ഇരുന്നു.
മാനസ അപരൻ തുടർന്നു – കാറ്റിലൂടെയും, മഴയിലൂടെയും മഞ്ഞിലൂടെയും കൊടും തണുപ്പിലൂടെയും നിന്നെ ഞാൻ നടത്തിക്കൊണ്ട് പോവുകയായിരുന്നു. നിന്റെ ശരീരത്തെ ബലത്തിന്റെ ഭാഷ പഠിപ്പിക്കുവാൻ. ഭാഷകൊണ്ടും ആചാരങ്ങൾ കൊണ്ടും വ്യത്യസ്തമായ മനുഷ്യരെ പരിചയപ്പെടുവാൻ വിട്ടപ്പോൾ നീ അവരുടെ ജീവിതം ആകെ മൊത്തത്തിൽ അളന്നു പഠിച്ചു. നല്ലത്, നിന്റെ കർത്തവ്യ ലക്ഷ്യസ്ഥലിയിൽ എത്തുമ്പോൾ ചുവടുകൾ മുന്നോട്ടു വയ്ക്കുവാൻ അവിടത്തെ മനുഷ്യരുടെ മനസ്സ് ഉള്ളുകൊണ്ട് അളന്നു കുറിക്കേണ്ടതുണ്ട്. യോഗമുറയും, ധ്യാനമുറയും പഠിക്കുവാൻ നിനക്ക് ഉൾപ്രേരണ നൽകിയപ്പോൾ ശരീരവും മനസ്സും നീ ആ പ്രക്രിയകൊണ്ട് ബലപ്പെടുത്തി. നല്ലത്, അതുകൊണ്ട് എന്റെ ജനനം നിന്റെ ശരീരം തിരിച്ചറിയുന്നു, നിന്നെ താങ്ങുന്നതുപോലെ എന്നെയും താങ്ങി നിർത്തുന്നു! കഴിഞ്ഞ പതിനെട്ടു പതിറ്റാണ്ടും ഒരു അജ്ഞാതനായ വഴികാട്ടിയായ് ഞാൻ നിനക്കുള്ളിൽ ഇരിക്കുകയായിരുന്നു, നിന്റെ ഓരോ ചലനങ്ങളും ആദിമധ്യാന്തം നിരീക്ഷിച്ചുകൊണ്ട്. നിന്നിൽ കടന്നുകൂടിയ ഓരോ അശുഭ ചിന്തകളുടേയും ആണിക്കല്ലിളക്കി മിന്നൽപ്പിണറിന്റെ വേഗത്തിൽ പുറം തള്ളി. നിന്റെ താരുണ്യത്തെ കാമത്തിന്റെ ഉൾത്തിളപ്പിലേക്കു ഞാൻ വിട്ടുകൊടുത്തില്ല. ആ ഉജ്ജ്വല ഊർജ്ജത്തെ പ്രകാശ ഗോപുരം പോലെ കാലത്തിൽ തെളിഞ്ഞു നിൽക്കുവാൻ തീപാറുന്ന കനൽക്കട്ടപോലെ ഊതി ജ്വലിപ്പിക്കുകയായിരുന്നു. ആ ജ്വാല ഇന്ന് നിന്നിൽ കത്തിപ്പടർന്നു നിൽക്കുന്നത് എങ്ങനെയെന്ന് ഇനിയുള്ള നിന്റെ ജീവിതം നിസ്സംശയം സൂചിപ്പിച്ചുകൊണ്ടിരിക്കും. ഇനി നിന്റെ ശരീരം എന്ന് ഞാൻ പറയുന്നില്ല, നമ്മുടെ ശരീരം.
നമ്മുടെ ശരീരം!
സന്യാസിയപ്പൻ ആ നവ യാഥാർത്ഥ്യം അംഗീകരിക്കുവാൻ പരിശീലിച്ചു – നമ്മുടെ ശരീരം! നമ്മുടെ ശരീരം.
യൗവ്വനത്തിന്റെ പിടി മുറുക്കം ഇന്നും നമുക്കുണ്ട് – മാനസ അപരൻ വാചാലനായി – ഞാൻ നിന്നിൽ നിദ്ര കൊള്ളുമ്പോൾ നീ ദ്വന്ദ്വമാനസം അനുഭവിച്ചറിയും. അപ്പോൾ മറന്നിട്ട താരുണ്യം നിന്നിൽ ഉണരും. കാമമായിട്ടല്ല അതിനെക്കാൾ ആയിരം മടങ്ങ് സംതൃപ്തിയിൽ എന്റെ പിറവിയുടെ സമയത്ത് നീ അനുഭവിച്ച് ആസ്വദിച്ച അത്യാനന്ദം പോലെ. അപ്പോൾ നീ – ചോദ്യ ഭാവമായിരുന്നു സന്യാസിയപ്പന്.
ഞാൻ വൈകാരിക ഉണർവ്വുകളുടെ സുഖം ത്യജിച്ച് നിന്നിൽ പിറന്ന മാനസ അപരൻ. എനിക്കു വികാര നിർവ്വികാരങ്ങളുടെ സുഖം അനുഭവിച്ചറിയുവാൻ കഴിയുകയില്ല. എന്റെ ആ പങ്കുകൂടി നിനക്ക് അനുഭവിച്ചറിയാം.
പെട്ടെന്ന് സന്യാസിയപ്പന്റെ മനസ്സിൽ സ്വപ്ന ദർശനം പോലെ ഒരു ദേശത്തിന്റെ വിതുമ്പൽ തെളിഞ്ഞു വന്നു. മണ്ണും ,മനുഷ്യനും, മൃഗങ്ങളും സസ്യലതാതികളും ആ വിതുമ്പലിൽ അണിചേർന്നു നിൽക്കുന്നു!
അതേ, ഒരു കൊച്ചു രാജ്യത്തിന്റെ വിലാപ ഹൃദയമാണ് നിന്റെ മനസ്സിൽ തെളിഞ്ഞു വന്നത്. ആ രാജ്യം നിന്നെ കാത്തിരിക്കുകയാണ്, നിന്റെ പാദസ്പർശനത്തിനായ് – മാനസ അപരൻ പറഞ്ഞു.
ഒരു പക്ഷേ, ആ അജ്ഞാത മണ്ണ് ജീവിതത്തിലെന്നോ എന്റെ കാൽപാദങ്ങളെ വഹിച്ചിരുന്നിരിക്കാം. എനിക്ക് അന്ന പാനീയങ്ങൾ നൽകിയിരിക്കാം. അതുമല്ലങ്കിൽ എന്റെ പൂർവ്വികരാരോ ആ മണ്ണിൽ കളിച്ചു വളർന്നിരിക്കാം, ജീവിച്ചു മരിച്ചിരിക്കാം. ഇപ്പോൾ അഭയം തേടുന്ന വൃദ്ധ മാതാവിനെപ്പോലെ ആ മണ്ണ് എന്നിൽ ആദിമമായ വൈകാരിക സമ്മർദ്ദങ്ങൾ നിറയ്ക്കുന്നു – സന്യാസിയപ്പനിൽ ജ്ഞാനചലനമുണ്ടായി.
ഇനി വൈകണ്ട, പുറപ്പെട്ടളൂ – മാനസ അപരൻ ഓർമ്മിപ്പിച്ചു.
ഓർമ്മകളെ വന്ന വഴിയിലൂടെ തിരിച്ചു നടക്കുവാൻ പരിശീലിപ്പിച്ചിരുന്നതുകൊണ്ട് സന്യാസിയപ്പന് വഴി സുനിശ്ചിതമായിരുന്നു. സന്യാസിയപ്പൻ ഓർമ്മകളെ പിന്നോട്ട് നയിച്ചുകൊണ്ട് വന്ന വഴികളിലൂടെ മടക്കയാത്ര തുടങ്ങി. നിധിപോലെ സൂക്ഷിക്കുന്ന ഒരു ഭാണ്ഡക്കെട്ട് സന്യാസിയപ്പെന്റെ തോളിൽ തൂങ്ങിക്കിടന്നു. വഴിത്താരകളിൽ എത്ര പുഴകൾ വഴി മാറി ഒഴുകുന്നു, എത്ര വൃക്ഷങ്ങൾ പടു വൃദ്ധന്മാരായി പട്ടു വീണു, എത്ര വൃക്ഷങ്ങൾ പുതിയതായ് പടർന്നു പന്തലിച്ചു, എത്ര കുന്നുകൾ കീറിമുറിച്ചു. യാത്രയിൽ അതൊന്നും സന്യാസിയപ്പൻ ശ്രദ്ധിച്ചതേയില്ല. മലകളും പർവ്വതങ്ങളും നോക്കി ദേശങ്ങൾ പിന്നിട്ടുകൊണ്ടിരുന്നു. യാത്രയിൽ മാനസ അപരന്റെ സാന്നിദ്ധ്യം സന്യാസിയപ്പൻ അനുഭവിച്ചറിയുന്നുണ്ടായിരുന്നു.
സന്യാസിയപ്പൻ മുകളിലേയ്ക്ക് നോക്കി – കൊള്ളാം! അസാധാരണ വലിപ്പമുള്ള ഒരു തൂവെള്ളപ്പക്ഷി! തനിക്കു മുകളിൽ നിഴൽ ചാർത്തിക്കൊണ്ട് അത് അനുഗമിക്കുന്നു! ഓരോ കാലുകളും മുന്നോട്ടു വയ്ക്കുമ്പോൾ തനിക്ക് കൂടുതൽ ഊർജ്ജപ്രവാഹമുണ്ടാകുന്നു. കല്ലും , മുള്ളും, മണ്ണും, മണലും കാലുകൾക്ക് ഒരേ സ്പർശന അനുഭവം തരുന്നു. വലിച്ചെടുക്കുന്ന ഓരോ ശ്വാസവും ഓരോ ശരീര അംശങ്ങളിലും അത്യാനന്ദം നിറച്ചുകൊണ്ട് സഞ്ചരിച്ചു സഞ്ചരിച്ച് ശരീരത്തിൽ പുനർസൃഷ്ടി നടത്തുന്നതിൽ പങ്കാളിയാവുന്നതിന്റെ ഉഗ്ര സംവേദനം മനസ്സിലൂടെ തൊട്ടറിയുന്നു. പുണ്യതീർത്ഥം തൊട്ടു മടങ്ങിപ്പോകുന്നവരെപ്പോലെ ഓരോ നിശ്വാസവും ആനന്ദത്തിൽ ആറാടി പുറത്തേയ്ക്ക് ഗമിക്കുന്നു.
യാത്ര കുറെ പിന്നിട്ടപ്പോൾ കുത്തി ഒഴുകുന്ന ജലപ്രവാഹത്തിനുമുന്നിൽ ഒരു നിമിഷം സന്യാസിയപ്പൻ അറച്ചു നിന്നു.
എന്തേ? മാനസ അപരൻ സന്യാസിയപ്പന്റെ മനസ്സിനോട് ചോദ്യം ഉന്നയിച്ചു.
കണ്ടില്ലേ? പുഴ! അലറി കുത്തി ഒഴുകുന്ന പുഴ! ശാന്തമായ പുഴയിൽക്കൂടി നടന്നുപോകുവാനേ ഞാൻ പരിശീലിച്ചിട്ടുള്ളു.
നീ ഇപ്പോൾ ദ്വന്ദ്വമാനസനാണ്. പ്രതിബന്ധങ്ങൾ നിന്നെ തടഞ്ഞുനിർത്തുകയില്ല. നിനക്കു വഴികാട്ടിയായ് അവ സ്വയം മാറും. കാലുകൾ ഊന്നി നോക്കൂ.
മാനസ അപരൻ ജലത്തിന്റെ ആത്മാവിനെ തൊട്ടു വിളിച്ചു – എന്റെ ഈ ഭാരം ശാശ്വതമായ് ഒട്ടു മുക്കാലും നിന്റേതാണ്, താത്കാലികമായ് എന്നിൽ നിറഞ്ഞു നിൽക്കുന്നുവേങ്കിലും. നീ ഈ ഭാരത്തെ നിന്നോടു ചേർത്തു താങ്ങുക, ഞാൻ കുത്തി ഒഴുകുന്ന നിന്റെ ശരീരം കടക്കുവോളം.
എന്നെ തൊട്ടറിഞ്ഞ നീ ആരാണ്? ജലത്തിന്റെ ആത്മാവ് ഒരു നീർക്കുമിളയായ് പൊങ്ങി വന്ന് ചോദ്യം ഉന്നയിച്ചു.
ഞാൻ നിസ്വനായ ഒരു യോഗി. എന്റെ നിയോഗം പൂർത്തിയാക്കുവാൻ പുറപ്പെട്ടവൻ. സമയത്തിന്റെ ഒരു കണികയും നഷ്ടപ്പെടുത്താതെ എനിക്ക് കർമ്മസ്ഥലിയിൽ എത്തണം.
നിസ്വൻ! യോഗവിദ്യയിൽ ദരിദ്രനായവന് എന്നെ തൊട്ടറിയുവാൻ കഴിയുകയില്ല. നീ ചെല്ലേണ്ടിടത്ത് എപ്പോൾ ചെല്ലണം എന്ന് തിരിച്ചറിയുന്നവൻ. നീ എന്നെ തൊട്ടതിലൂടെ ആ നിഗോൂഢ സത്യം ഞാൻ അറിഞ്ഞു. നോക്കൂ, ഭൂമിയാകെ പുഴയായും, മഴയായും, മഞ്ഞായും, നീരാവിയായും വ്യാപിച്ചുകിടക്കുന്ന എന്റെ ഈ ശരീരം കൊണ്ട് ഞാൻ നീ ചെല്ലേണ്ടിടം തിരിച്ചറിയുന്നു. നിന്നെ നയിക്കുന്ന ആന്തരിക ജ്ഞാനം ശരിയാണ്. നിന്റെ ഉള്ളിലുള്ള ആ ലക്ഷ്യസ്ഥലി നിന്റെ ആഗമനം കാത്തു കിടക്കുകയാണ്.
സംവദിച്ചു നിൽക്കുവാൻ എനിക്ക് ഒട്ടും സമയമില്ല – മാനസ അപരൻ അസ്വസ്ഥത പ്രകടിപ്പിച്ചു.
കാൽപാദങ്ങൾ വച്ചോളൂ, നിന്നെ ഞാൻ ജലഭാര മുക്തനാക്കിയിരിക്കുന്നു. ഇനി നീ ആഗ്രഹിക്കുന്ന ഏത് നിമിഷവും ഏത് പ്രളയജലത്തിന് മുകളിൽകൂടിയും നിനക്കു നടന്നു നീങ്ങാം.
നന്ദി – മാനസ അപരൻ ജലത്തിന്റെ ആത്മാവിനെ ആഴത്തിൽ വണങ്ങി. അത് ഒന്ന് വട്ടം കറങ്ങി ആ നന്ദി പ്രകാശനം സ്വീകരിച്ചുകൊണ്ട് കുമിളയായ് താങ്ങിനിർത്തിയിരുന്ന വായുവിനെ സ്വതന്ത്രമാക്കി പുഴയുടെ ഹൃദയത്തിലേക്ക് ലയിച്ചു താഴ്ന്നു.
സന്യാസിയപ്പൻ ഒന്നാമത്തെ കാൽപാദം ജലോപരിതലത്തിൽ വയ്ക്കുമ്പോൾ തന്നെ മാനസ അപരനും ജലത്തിന്റെ ആത്മാവും തമ്മിലുള്ള സംഭാഷണം കഴിഞ്ഞിരുന്നു. അത്രയ്ക്ക് മനുഷ്യ നിഗമനത്തിനപ്പുറത്തെ വേഗത ഉണ്ടായിരുന്നു മാനസ അപരനും ജലത്തിന്റെ ആത്മാവും തമ്മിലുള്ള സംഭാഷണത്തിന്.
ജലോപരിതലത്തിൽ സന്യാസിയപ്പന് ശരീരഭാരം നഷ്ടപ്പെട്ടു. ശരീരത്തിൽ നിന്ന് ഭാരം ആരോ ദ്രുത വേഗത്തിൽ ചോർത്തിക്കളഞ്ഞതുപോലെ! ഇപ്പോൾ ശരീരം ഒരു കരിയിലപോലെ! കാലുകൾ മുന്നോട്ടു വയ്ക്കുമ്പോൾ ജലം പതുപതുത്ത ഒരു മെത്തപോലെ ശരീരത്തെ താങ്ങുന്നു! ശരീരത്തിന് ജലത്തിന്റെ അതേ താപം! ജലത്തിന്റെ ഒരു കുളിർമ്മയും ശരീരം തിരിച്ചറിയുന്നില്ല! സന്യാസിയപ്പൻ കുനിഞ്ഞ്, ഒഴുകുന്ന ജലം കൈകളിൽ കോരി മുഖത്ത് തളിച്ചു. ശരീരത്തിന് ജലത്തെ തിരിച്ചറിയുവാൻ കഴിയുന്നില്ല. ശരീരത്തിൽ ആകെ നിറഞ്ഞുകിടക്കുന്ന ജലത്തെ ശരീരത്തിന് തിരിച്ചറിയുവാൻ കഴിയാത്തതുപോലെ കോരിയെടുക്കുന്ന ജലത്തേയും ശരീരം സ്പർശനം കൊണ്ട് തിരിച്ചറിയുന്നില്ല! അകത്തെ ജലവും കോരിത്തളിച്ച ജലവും ഒത്തുചേർന്ന് ഒന്നായതുപോലെ! ആ ആനന്ദനിമിഷത്തെ ഒത്തിരി നേരം കൂടുതൽ അനുഭവിക്കുവാൻ സന്യാസിയപ്പൻ കാലുകൾക്ക് വേഗത കുറച്ചു. പെട്ടെന്ന് മാനസ അപരൻ കാലുകൾക്ക് വേഗത വർദ്ധിപ്പിച്ചു. ഒരേ വാഹനത്തിന്റെ വേഗത രണ്ട് പേർ രണ്ട് ആക്സിലേറ്ററിലുടെ നിയന്ത്രിക്കുന്നതുപോലെ!
ബാഹ്യ അനുഭൂതികളിൽ രമിക്കരുത്. അവ ശരീരത്തിലും മനസ്സിലും നൈമിഷിക യാത്ര നടത്തി മടങ്ങുന്നവയാണ്. ഏത് അപ്രതീക്ഷിത നിമിഷത്തിലായാലും അവയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് അതിവേഗം പുറത്താക്കണം. അല്ലെങ്കിൽ അവ യാത്രയെ പിന്നോട്ടടിക്കും. വഴി മുടക്കും, ലക്ഷ്യം തെറ്റിക്കും – മാനസ അപരൻ ഓർമ്മപ്പെടുത്തി.
ജലത്തിൽ നിന്ന് സന്യാസിയപ്പൻ ആദ്യ പാദം കരയ്ക്കുവച്ചപ്പോൾ ശരീരത്തിന്റെ നേർ പകുതി ഭാരമറിഞ്ഞു. ശരീരം ഒരേ സമയം രണ്ടു തലങ്ങളെ അനുഭവിച്ചറിയുന്നു! ഒരു ഭാഗം സാധാരണ ഭാരം ഉൾക്കൊണ്ട നിലയിൽ, മറ്റൊരു ഭാഗം ഭാരം തിരിച്ചറിയുവാൻ കഴിയാതെ അഞ്ജാത സംതൃപ്തിയിൽ തുള്ളി രമിച്ച്….. ധ്യാനത്തിന്റെ രുചി, പ്രേമം, കാമം ഈ മൂന്ന് വിചാര വികാരങ്ങളുടെയും രുചി അതൊക്കെ ഈ സംതൃപ്തിയെക്കാൾ എത്രയോ ലളിതമായ അനുഭൂതികൾ~!
സന്യാസിയപ്പൻ രണ്ടാം പാദവും കരയിൽ ചവിട്ടി. ഇപ്പോൾ ശരീരം പൂർണ്ണമായും പഴയ അവസ്ഥയിൽ. ശരീരത്തിന്റെ ഭാരം പാദങ്ങളിലൂടെ ഭൂമി ഏറ്റെടുത്തിരിക്കുന്ന അവസ്ഥയിൽ എല്ലാം പഴയപടി.
പുഴക്കര പിന്നിട്ടപ്പോൾ ചൂട് അതി ശക്തമായി. ഇത് ഉഗ്രൻ! അനുഭവിച്ചറിഞ്ഞതിൽ വച്ച് ചൂടിന്റെ ഏറ്റവും ഉഗ്ര താണ്ഡവം – സന്യാസിയപ്പൻ സ്വഗതം ഉരുവിട്ടു.
മാനസ അപരൻ വേനലിന്റെ ഹൃദയം തൊട്ടു നോക്കി, പട പടാ ഇടിച്ചു മിടിക്കുന്നു!
ജലം ആവിയായി എന്നിലൂടെ ഒഴുകുന്നതുകൊണ്ട് ജലത്തിന്റെ ആത്മാവുമായുള്ള നിന്റെ സംഭാഷണം ഞാൻ കേട്ടു. എന്റെ ശരീരം ചുട്ടു നീറുന്നു – വേനൽ മാനസ അപരനെ ദയനീയമായ് നോക്കി പറഞ്ഞു – എനിക്ക് സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുന്നു. ഉയർന്നു മുകളിലേയ്ക്ക് രക്ഷപ്പെടുവാൻ കഴിയുന്നില്ല. എനിക്ക് മുകളിൽ കനത്ത കൃത്രിമ മേഘങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു. അവയുടെ സമ്മർദ്ദത്തിൽ എന്റെ ചിറകുകളുടെ ശക്തി ചോർന്നുപോകുന്നു. നിന്റെ വംശമാണ് അവയെ എനിക്കു മുകളിൽ അഹങ്കരിച്ചു പറക്കുവാൻ അഴിച്ചു വിട്ടിരിക്കുന്നത്. അതുകൊണ്ട് നീയും ഇത്തിരി അനുഭവിച്ചോ.
ഞാൻ നിസ്സഹായനാണ് – മാനസ അപരൻ പറഞ്ഞു- നിന്റെ മുകളിൽ എന്റെ വംശം കൊണ്ടിടുന്ന മലിന വാതകങ്ങളുടെ വൻ മലകളെ എടുത്തുമാറ്റുവാനുള്ള ശക്തി എനിക്കില്ല. അല്ലെങ്കിൽ ഞാൻ എന്റെ യാത്രയെ ഒരു നിമിഷം മാറ്റി വച്ച് അവയെ എടുത്തുമാറ്റി നിന്നെ സ്വതന്ത്രമാക്കുമായിരുന്നു, എന്റെ കർമ്മമണ്ഡലം ഇവിടമല്ലെങ്കിലും.
നിന്റെ പരിമിധികൾ ഞാൻ മനസ്സിലാക്കുന്നു, എങ്കിലും എന്റെ നിസ്സഹായാവസ്ഥയെ തിരിച്ചറിയുന്ന നിന്നോടല്ലാതെ എന്റെ സങ്കടം ഞാൻ മറ്റാരുമായ് പങ്കുവയ്ക്കാനാണ്. നീ പ്രകൃതിയെ അനുസരിച്ചും വണങ്ങിയും ജീവിക്കുന്നവൻ. അതുകൊണ്ടാണ് എന്റെ ഹൃദയം തൊട്ടു നോക്കുവാൻ നിനക്കു കഴിഞ്ഞത്. നിന്റെ ഉദ്ദേശ ശുദ്ധിയുള്ള യാത്രയെ ഞാൻ എന്റെ വൈയക്തിക സങ്കടങ്ങൾ പറഞ്ഞ് വൈകിക്കുന്നില്ല. ഈ ദേശം എന്റെ തിരുനെറ്റിയാണ്. ഇവിടം കഴിഞ്ഞാൽ ചൂട് കുറഞ്ഞു നിൽക്കും. അതുവരെ, നീ ഈ ദേശം പിന്നിടുന്നതു വരെ ഞാൻ എന്റെ ശക്തിമുഴുവൻ സംഭരിച്ച് നിനക്കുവേണ്ടി മുകളിലേയ്ക്ക് മാറി നിൽക്കുവാൻ ശ്രമിക്കാം – പറഞ്ഞുകൊണ്ട് വേനൽ ശക്തിയായ് ചിറകുകൾ അടിച്ചു. അപ്പോൾ ഒരു ഇളം കാറ്റ് അവിടമാകെ ഇളകിയാടി. എന്നാൽ വേനൽ ഉയർന്നില്ല, ചിറകടിച്ചു. ചിറകടി ശക്തമായപ്പോൾ ഒരു കഴഞ്ച് മുകളിലേയ്ക്ക് പൊങ്ങി. ആയാസത്തിന്റെ അകമ്പടിയോടെ വീണ്ടും ശക്തിയായ് ചിറകടിച്ചു മുകളിലേയ്ക്ക് പൊങ്ങി. വേനലിന്റെ ഹൃദയതാളം മുറുകി. ചുവന്ന കണ്ണുകളിൽ നിന്ന് ബാഷ്പ ജലം ഇറ്റിറ്റു വീണു.
വേഗം, വേഗം, കാലുകൾക്ക് വേഗത വർദ്ധിപ്പിച്ചുകൊണ്ട്- വേനൽ മാനസ അപരനോട് ബദ്ധപ്പെട്ടു പറഞ്ഞു.
വേണ്ട നീ താഴേക്കു വന്നോളു. അത്യുഷ്ണത്താൽ ഞാൻ വിയർത്തൊഴുകിക്കോളാം. എന്റെ തൊക്കുകളിൽ നിന്റെ ശരീര താപം പൊള്ളൽ വീഴ്ത്തുന്നത് നിശ്ശബ്ദം സഹിക്കാം. എന്നാലും എനിക്കു വേണ്ടി നീ ഈ ദയനീയ അവസ്ഥയിൽ ചിറകടിച്ചു നിൽക്കണ്ട. മാത്രമല്ല എനിക്ക് നിഴൽ പരത്തി മുകളിൽ ഒരു വലിയ പക്ഷി പറക്കുന്നുണ്ട്.
അത് ചക്രവാളപ്പക്ഷിയാണ് – വേനൽ മൊഴിഞ്ഞു – മേഘങ്ങളിൽ നിന്ന് പിറന്നവൻ. അതിന്റെ അനുയാത്ര നിന്റെ ലക്ഷ്യമഹിമയാണ് സൂചിപ്പിക്കുന്നത്. പക്ഷേ അതിന് നിഴലാകുവാനേ കഴിയൂ. അതുകൊണ്ട് വേഗം, വേഗം… നിനക്കു പങ്കില്ലാത്ത എന്റെ ഈ അവസ്ഥ നിനക്കു ഭാരമാകരുത് – വേനൽ സ്വന്തം ശക്തി മുഴുവൻ ആവാഹിച്ചുകൊണ്ട് അങ്ങനെ തന്നെ നിന്നു, സന്യാസിയപ്പൻ അതിന്റെ തിരുനെറ്റി ദേശം പിന്നിടുന്നതുവരെ. പിന്നെ വേനൽ ചിറകു കുഴഞ്ഞു താഴേയ്ക്ക് വീണു.
സന്യാസിയപ്പൻ മുന്നോട്ടു നടക്കേ മാനസ അപരനിൽ നിന്ന് ഒരു നന്ദി വാക്ക് മൂളിപ്പറന്ന് ചെന്ന് വേനലിന്റെ തിരുനെറ്റിയിലെ നീരാവിയിൽ മുട്ടി സാന്ത്വനം അറിയിച്ചു. അശുദ്ധവായു മണ്ഡലത്തിന്റെ ഭാരം താങ്ങുവാൻ കഴിയാതെ വേനൽ കൂടുതൽ, കൂടുതൽ ഭൂമിയിലേക്ക് അമർന്നുപോയി. ആ ചൂടിനാൽ മണ്ണും മണലും കരഞ്ഞു കണ്ണീർ വറ്റി ഒരിറ്റുജലം എന്ന് ആന്തരികമായ് കേഴുന്നു. ആ കാഴ്ച കാണുവാൻ കഴിയാതെ മാനസ അപരൻ സന്യാസിയപ്പനുള്ളിൽ ഒതുങ്ങിപ്പതുങ്ങി ഇരുന്നു.