മരങ്ങൾക്കിടയിലൂടെയുള്ള
ഈ വഴിയെ സുതാര്യമാക്കുന്നത്
കരിയിലകളാണ്;
വഴിയൊഴിച്ചിട്ട് പൊഴിയുന്ന കരിയിലകൾ
അസ്തമയത്തിനു മുമ്പ്
സൂര്യനടർത്തിയ ശൽകങ്ങൾ
രാത്രിയിലും ഇതിനെ
വെളിച്ചത്തിന്റെ നേർവരയാക്കുന്നു
വേനലും തീരാത്ത വസന്തവും
തോരാത്ത മടുപ്പിന്റെ ശൈത്യവും
ഇതിനെ സ്പർശിക്കുന്നതേയില്ല
വേഷങ്ങൾക്ക് കാത്തുനിൽക്കാതെ
കൗതുകങ്ങളുടെ പട്ടികയിലിടം നേടാതെ
ചരിത്രമാകാതെ
ഇതെവിടേക്കാണ് പോകുന്നത്?
സംശയമില്ല, നിന്റെ ഹൃദയത്തിലേക്ക് തന്നെ
നാമൊരുമിച്ചുരുകുന്ന
തീരങ്ങളില്ലാത്ത സരസ്സുകളിലേക്ക് തന്നെ?.