
വഴി
ജനനം മുതൽ
അകലങ്ങളിലേക്ക് വിളിച്ച്
ജാഗരൂകമാക്കുന്ന
ഒരു സ്വപ്നത്തിന്റെ പ്രകാശം.
കാലടികൾ പൂക്കുമ്പോഴും
ചിലപ്പോൾ മുറിവുകളെയും
ചേർത്തുപിടിച്ച്
മുന്നോട്ടുപോകുന്നു.
കാലത്തെ പിന്നിലാക്കി
ഒരു നിശ്വാസം
മാത്രമായിത്തീരാൻ.
കൊഴിഞ്ഞ കാലത്തേക്ക്
നോക്കുമ്പോൾ,
കാറ്റു വഹിച്ച തിരമാലകളിൽ
പ്രണയത്തിന്റെ ശ്വാസം
നിലാവായി പടർന്നുചേരുന്നു.
എല്ലാം അറിയുന്ന
വഴിയുടെ ചിരി
ദൂരെ നിന്നു കേൾക്കാം,
കനൽത്തീരത്തെ
കടന്നുപോകാൻ
അവധിയില്ലാത്ത യാത്രയുടെ
അകമാനം തുറക്കുന്നു.
പുതുജീവൻ്റെ
അരുണോദയങ്ങളിൽ
വഴിയെ തേടുക,
സൂര്യകിരണം പോലെ
പ്രതീക്ഷയുടെ സത്യമായി
വഴി തെളിയും.
പുഴ
വർണ്ണനകളിൽ
പൊന്മണലിൽ ചിത്രം വരച്ച്
ഭൂമിക്ക് അരഞ്ഞാണമായവളെ
നിന്നിലെ ഒഴുക്കിൽ,
അവസാനിക്കുന്നില്ല ജീവിതം
എന്നത് നിനക്കറിയാമോ?
മഴവില്ലൊളി
തുമ്പിലെത്തുമ്പോൾ
പെയ്ത്തിന് മുമ്പുള്ള
മേഘമായി
ഉണക്കി ശേഖരിച്ചു
വെച്ച സഹനകാലങ്ങൾ
അക്കരെയിക്കരെ നീന്തി ,
കാലങ്ങളിലൂടെ വീശി,
വലിഞ്ഞും തെളിഞ്ഞും
പെയ്യാൻ വിതുമ്പിക്കൊണ്ടിരിയ്ക്കും.
മഴയായി, മൗനമായി , കവിതയായി.
നീ രാത്രിയായും
പകലായും
പകർന്നാടുന്നു.
അലയൊലികളിൽ
ജീവിതത്തിൻ്റെ
തിരകളുണ്ട്.
ഇടതൂർന്ന അനുഭവങ്ങളുടെ
വനമുണ്ട്.
ഓർമ്മയുടെ
അസ്തമിക്കാത്ത ചെരിവുകളിലെ
ശിലാതലങ്ങളെ തഴുകി
വഴുതിമാറി ലക്ഷ്യത്തിലേയ്ക്ക്
കുതിച്ച്
സമാഗമത്തിൻ്റെ
പരിരംഭണത്തിൽ
പരിവർത്തനത്തിൻ്റെ
സംഗീതമാകുന്നവൾ.
രാഗവിസ്താരങ്ങളുടെ
തടശിലകൾ
മറി കടന്ന് വേണം
ജീവിത നദി
മുറിച്ചു കടക്കുവാൻ!
കൊടുങ്കാറ്റുകൾ
ദിശ തിരിച്ചേയ്ക്കാം
ഗതി മുറിയാതെ
പാൽമുത്തുതിരകൾ
തെറിപ്പിച്ച്,
ധീരയായി നീ ഒഴുകുക !
ഓരോ പുഴയും
ഓരോ അനുഭവങ്ങൾ.
ഒരു പുഴയ്ക്കുള്ളിൽ തന്നെ
മറ്റൊരു പുഴയുണ്ട്.
കവി എഴുതാത്ത
ഒരു പുതിയ കവിതയായി.