ഹജൂർകച്ചേരി റോഡിലെ
നിയമപാലകകാര്യാലയത്തിനു
സമീപത്തായിരുന്നു
അവളുടെ വഴിയോരക്കച്ചവടം.
പതിവുപോലെയന്നും
എല്ലാം ഭദ്രമായി
മൂടിവച്ചിട്ടാണ് അവൾ പോയത്.
പിറ്റേന്ന് രാവിലെയെത്തി
തുറന്നുനോക്കിയപ്പോഴോ,
എല്ലാം തച്ചുടച്ച്
വാരിവലിച്ചിട്ടിരിക്കുന്നു!
ചിന്നിത്തെറിച്ചുകിടന്നിരുന്ന
ആ ഉണങ്ങിയകളിമൺകഷ്ണങ്ങൾ
അവൾ ചേർത്തുവച്ചുനോക്കി,
കടിഞ്ഞാണറ്റ കുതിരത്തലകൾ
ചമ്മട്ടിയില്ലാത്ത നീലക്കൈത്തണ്ട,
മയിൽപ്പീലി മുറിഞ്ഞുപോയ മുടിക്കെട്ട്.
തൊട്ടരികിൽ,
ചോരപൊടിയുന്ന
കുരിശിന്റെ അവശിഷ്ടങ്ങൾ
മൂന്നായി മുറിഞ്ഞ മുൾക്കിരീടം!
പൊട്ടിയ വട്ടകണ്ണട,
ഒടിഞ്ഞുനുറുങ്ങിയൊരൂന്നുവടി!
അതിനുമപ്പുറത്തായി
നെടുകെ പിളർന്നുകിടന്നിരുന്ന
കണ്ണുകളടച്ച് ധ്യാനിക്കുന്ന
ഒരു ശാന്തമുഖം!
വെളുത്തമുണ്ടുടുത്തിരുന്ന
വെള്ളത്താടിരൂപം
തലകീഴായ് നില്ക്കുന്നു!
മഞ്ഞച്ചായംപൂശിയ
മറ്റൊരു രൂപം ചേർത്തുവയ്ക്കാനാവാത്തവിധം
തകർന്നുകിടന്നിരുന്നു!
അങ്ങിങ്ങായി നരച്ച താടിയുംമുടിയുമുള്ള
കറുത്തകോട്ടിട്ടൊരു രൂപത്തിന്റെ തീരെചെറിയ കഷ്ണങ്ങൾ…
അങ്ങനെയങ്ങനെ
എത്രയെത്ര രൂപങ്ങൾ…?
ഇരുകൈകൾകൊണ്ടും
അവളതെല്ലാം
തൂത്തുകൂട്ടിയപ്പോഴേയ്ക്കും
നഗരസഭയുടെ മാലിന്യവണ്ടി
അവളുടെയടുത്തെത്തിക്കഴിഞ്ഞിരുന്നു.