വഴിയിൽ/ബി ഷിഹാബ്

ജനൽ പഴുതിലൂടെ നോക്കിയിരുന്നാൽ
യാത്ര പോകുന്നവരെ കാണാം

കുഴിയിൽ വീഴുന്നവർ,
വീഴ്ത്തപ്പെടുന്നവർ, പോയ്‌ ചാടുന്നവർ
യാത്രക്കാർ പലവിധം
കയറ്റം അനായാസം കയറുന്നവർ
മെല്ലെ മെല്ലെ കയറുന്നവർ
എത്ര ശ്രമിച്ചിട്ടും കയറാൻ കഴിയാത്തവർ

ഇറങ്ങി ഇറങ്ങി പോകുന്നവരെ കാണാം
തുടക്കക്കാരെ കാണാം
ഒടുക്കക്കാരെ കാണാം
ഓടുന്നവരെ കാണാം
നടക്കുന്നവരെ കാണാം
ഒച്ചിനെ പോലെ ഇഴയുന്നവരെ കാണാം

ആനപ്പുറത്ത് നിന്ന് ഇറങ്ങാത്തവരെ കാണാം
കുതിര വണ്ടിയിൽ പായുന്നവരെ കാണാം

ചിലർ സൈക്കിൾ ചവിട്ടി പോകുന്നത് കാണാം
ചിലർ വണ്ടിയിൽ വള്ളം കയറ്റുന്നത് കാണാം
ചിലർ പല്ലക്കിൽ പത്രാസ് കാട്ടുന്നത് കാണാം

ചിലർ മുയലിനെ പോലെ ഓടും,
ചിലർ ആമയെ പോലെ പന്തയം ജയിക്കും
ചിലർ കുഞ്ഞാടുകളെ പോലെ
കൊമ്പ് മുട്ടുന്നത് കാണാം,ചിലർ
ചെന്നായെ പോലെ ചോര നക്കുന്നത് കാണാം
ചിലർ ഒരെല്ലിൻ കഷ്ണം കണ്ടാൽ മതി
നായയെ പോലെ കടിച്ച് വലിച്ചോടുന്നത് കാണാം

രാജപതായിൽ കൊട്ടാരം കാണാം
മൂക്കിന് താഴെ കുടിലും കാണാം
കലാപങ്ങൾ കാണാം
ഇടക്കിടെ സമാധാന ജാഥകൾ കാണാം
നൂറ്‌ നൂറു ഭയങ്ങളാൽ
ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കാണാം
ഓരോരോ ആവശ്യങ്ങളുമായ്
ആളുകൾ അലഞ്ഞു തിരിയുന്നത് കാണാം
കാല് പിടുത്തം കാണാം
കാക്കപിടുത്തം കാണാം
അതിനപ്പുറം ഗർഭ ശ്രീമാനെ കാത്ത ‘അമ്മച്ചി പ്ലാവ് കാണാം

ഇടവഴിയിൽ
നിര നിര യായ് പിറകോട്ട് ഓടുന്ന
കല്പവൃക്ഷങ്ങൾ കാണാം
തേനൂറുന്ന വരിക്കകൾ കാണാം
അതിനപ്പുറം തണൽ മരങ്ങൾ കാണാം
വഴിയമ്പലങ്ങൾ കാണാം
വഴിക്കിണറുകൾ കാണാം
വഴിവിളക്കുകൾ കാണാം
ചുമട് താങ്ങികൾ കാണാം
നിരാലംബയായ വൃദ്ധയെ കൈപിടിച്ച്
നടത്തുന്നത് കാണാം

You can share this post!