വന്യം/വിനയബോസ് പൊൻകുന്നം

തളിർവനമുടയ്ക്കുന്ന
കാറ്റിന്റെ കൈകളിൽ
കരിവള ചിതറും പോൽ
ദലമർമ്മരം.
അഴിഞ്ഞൂർന്നു തുടങ്ങുന്ന
മരതകച്ചേലയിൽ
പിടിമുറുക്കുന്നുണ്ട്
പെൺകൊടിയാൾ.
അതിരില്ലാ ദുഃഖത്തിൽ
അലറിക്കരഞ്ഞുകൊ-
ണ്ടവിടവിടെച്ചില
മുളങ്കാടുകൾ.
അഭിമാനം പൊള്ളുമ്പോൾ
പിരിയുന്ന പ്രാണനായ്
പറന്നകലുന്നൂര –
ണ്ടിണക്കിളികൾ.
മദിച്ചു വന്നെത്തുമ്പോ –
ഴല്ല ലാസ്യം, ബലം
അടക്കിയൊതുക്കുമ്പോൾ
ഇല്ല താളം.
ശ്രുതി ചേർത്തു
തഴുകുമ്പോൾ
ഉയരുന്നുണ്ടെവിടെയും
പ്രകൃതിയൊളിപ്പിച്ച
പഞ്ചമങ്ങൾ.

You can share this post!