ഫാനുകൾ കറങ്ങുന്നത് ഇടത്തോട്ടോ വലത്തോട്ടോ??
അകവും പുറവും പുകയുമ്പോൾ
വിയർപ്പാറ്റാനും വേവകറ്റാനുമായി അവയുള്ളത് ആശ്വാസമാണ്.
ഫാനുകളുടെ തിരിയലുകളും, മധ്യ ബിന്ദുവിൻ്റെ മൃദുചലനവും എത്ര മനോഹരം.
മെല്ലെ വീശി തുടങ്ങി രൂപം മാറ്റി
വെറും കാറ്റു മാത്രമായി തീരുന്ന ഫാനുകൾ,
ഫാനുകളുടെ കയ്യുകൾ വാത്സല്യപൂർവ്വം മാടി വിളിക്കുന്നുണ്ടായിരുന്നു.
ആ കയ്യും പിടിച്ച് ഫാനിലേക്ക് തൂങ്ങിയാടി ഇറങ്ങിപ്പോയപ്പോഴാണ് അതിൻ്റെ കാന്തികത ശരിക്കും ബോധ്യപ്പെട്ടത്.
ഞാനും ഫാനുമൊന്നായി.
രൂപമേയില്ലാത്ത ഞാൻ അപ്പോൾ മാത്രമാണ് എന്നെയറിഞ്ഞത്.
2
എനിക്കിഷ്ടമുള്ള നിറങ്ങൾ തന്നതുകൊണ്ടാണ് ഞാൻ
പുഴയോരത്തേക്ക് നടന്നത്.
മടിയിൽ തല ചായ്ച്ചിരുന്നപ്പോഴാണ് പുഴവക്കിലെ പച്ചയും പുഴയോരത്തെ വെള്ളയുമെന്നെ എടുത്തുയർത്തിയത്.
ഞാനാ നിറങ്ങളിലേറി പറന്നു നടന്നു.
നീലാകാശത്തൂടെ ചിറകു വിരിച്ചങ്ങനെ.
എങ്കിലുംവളരെപ്പെട്ടെന്നു തന്നെ
പുഴയിൽ കണ്ട ആകാശനീലിമയിലേക്ക് ഞാൻ പറന്നിറങ്ങി.