ലയനമൗനം/കെ.ജി. ശ്രീകുമാർ

ചേമ്പിലത്തളികയിൽ
തെന്നിക്കളിച്ചൊരു രാവാകെ,
ആകാശത്തിൻ ഭിന്നഭാവങ്ങൾ
മാറിമാറി ധരിച്ചു ഞാൻ.

കാറ്റൊന്നെങ്കിലും വന്നെൻ
തൊട്ടിൽ കമിഴ്ത്തുവാൻ
ഏറെ മോഹിച്ചു ഞാനാ—
നിലംതൊട്ട് അറിയുവാൻ.

ഇരുണ്ട മണ്ണ് തൊട്ടു കിടക്കും
കരിയില മന്ത്രിച്ചു: “അരുതേ!
ഇവിടെൻ മരത്തിൻ ഗന്ധത്തിൽ
ശയിക്കട്ടെ ഞാനല്പ നേരം.”

മേലെ ഞാനും, താഴെ ഇലയെങ്കിലും,
ഇരുവരേം കാത്തിരുന്നെന്തോ;
രാവിൻ അന്ത്യയാമങ്ങൾ
നിമിഷങ്ങളായ് കൊഴിഞ്ഞുപോയി.

ഒരു നിമിഷത്തെ ഓർമ്മയോ?
കരിയിലയൊരു ഇല മാത്രമോ?
സ്വന്തം പേരു മറന്നുപോയ
ഒരു മരത്തിന്റെ അവസാന വാചകമോ?

കാറ്റിലുതിർന്നൊരാ ജലകണം,
പറന്നു പൊന്തും കരിയിലമേലെ,
മണ്ണിലാർന്നൊരാ തനുവിൻ
അന്ത്യാഭിലാഷഹേതുവായ്.

പുലരി തന്നിതളിലൊരു
ശൂന്യമാം മഞ്ചലും,
നനഞ്ഞ മൺതടവും.
മൗനകുടീരത്തിൽ വിങ്ങി മങ്ങി
കുമിയും മണം ആരുടേതാം?

നനഞ്ഞ മണ്ണിൻ മണമോ,
മണ്ണിന്റെ മണ്ണായ കരിയിലച്ചൂരോ,
പുതുപിറവികൊള്ളുന്നൊരു
തളിരിൻ ആദ്യ ഉച്ഛ്വാസമോ

You can share this post!