രാവണന്‍(ഏകാംഗ നാടകം )

 

യുദ്ധപ്രവേശം
———
ത്രികൂടോപരി സ്വര്‍ണ്ണത്തില്‍ തിളങ്ങുന്ന ലങ്കാനഗരത്തിലെ പ്രധാനകൊട്ടാരം. പുറത്ത്  കടലിരമ്പം, കൊടുങ്കാറ്റിന്റെ ആരവം, കുറുക്കന്മാരുടെ ഓരിയിടല്‍ ആകാശത്ത് കഴുകന്മാര്‍ വട്ടമിടുന്നു. ഭീഷണതയും സൗന്ദര്യവും. അകത്ത് രാവണന്റെ പ്രാര്‍ഥനാമുറി. ഭംഗിയായി അലങ്കരിച്ച ആയുധങ്ങള്‍, വിഗ്രഹങ്ങള്‍, വിളക്ക്. വിളക്കിനു മുമ്പില്‍ കൈകൂപ്പി ഇരിക്കുന്ന രാവണന്‍ പതിയെ കണ്ണ് തുറക്കുന്നു. നീല ശൈലം പോലുള്ള ശരീരത്തില്‍ ചമയങ്ങളൊന്നുമില്ല.
 ആയുധപൂജയിലും, ശേഷം ധ്യാനത്തിലുമായിരുന്ന  രാവണന്‍ പതുക്കെ കണ്ണ് തുറക്കുന്നു. ആയുധങ്ങളുടെ മൂര്‍ച്ച പരിശോധിക്കുന്നു.
രാവണന്‍ :
        ഇനി പുലരുന്നത് അവസാനയുദ്ധത്തിലേക്കാണ്. ഒരു യോദ്ധാവ് കാത്തിരിക്കുന്നതും ഈ അവസാന യുദ്ധത്തിനു തന്നെ. ആയുധം കൈകളിലേന്താന്‍ ശീലിച്ച നാള്‍ മുതല്‍, കരബലം വര്‍ദ്ധിപ്പിച്ചും മെയ്വഴക്കം ശീലിച്ചും കാത്തിരിക്കയായിരുന്നു. ഒരുനാള്‍ തനിക്കു താന്‍ പോരുന്ന ശത്രുവിനെ നേരിടേണ്ടി വരുന്ന ദിവസത്തിന് വേണ്ടി …. അതെ അജയ്യനെന്നു വാഴ്ത്തപെട്ട പത്തു തലയുള്ള രാവണന്‍റെ പ്രധാന ശത്രു.  നിഗ്രഹിക്കയോ നിഗ്രഹിക്കപ്പെടുകയോ ചെയ്യാവുന്ന ശത്രു …. ഈ യുദ്ധം ക്ഷണിച്ചു വരുത്തിയതാണോ? അതോ … ക്ഷണം ഒരു നിമിത്തമോ ? ——–കടലിനാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന എന്‍റെ ലങ്കാരാജ്യത്തിനെ തകര്‍ക്കാന്‍ കടലിനപ്പുറത്തുള്ളവനാകുമോ?
(ആയുധങ്ങള്‍ ഒന്നൊന്നായി പരിശോധിക്കുന്നു )
രാവണന്‍ :
         ആയുധങ്ങളുടെ മൂര്‍ച്ചയേക്കാള്‍ പ്രയോഗിക്കുന്നവന്റെ മിടുക്കാണ് ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത്  …. ശിരസ്സുകള്‍ ഈ വാളാല്‍ അറ്റുവീണിരിക്കുന്നു. ഒരു പിടച്ചില്‍ … ഞരക്കം …അത്ര മാത്രം … ചോരവാര്‍ന്ന ശിരസ്സറ്റ ശരീരങ്ങള്‍ കുമിഞ്ഞു കൂടുമ്പോഴും രാവണന്‍ തളരാറില്ല. എത്ര യുദ്ധങ്ങള്‍ .. അജയ്യനെന്ന് എന്റെ കൂലി എഴുത്തുകാര്‍ വാഴ്ത്തിയാലും എനിക്കറിയാം അതല്ലെന്ന്.പലപ്പോഴും പരാജയത്തിന്‍റെ കയ്പ്പുനീര്‍ കുടിക്കേണ്ടി വന്നിട്ടുള്ളത് ഞാനോര്‍ക്കുന്നു …. കാര്‍ത്തവീരാര്‍ജ്ജുനന്റെ കല്‍ത്തുറുങ്കില്‍ ദേവേന്ദ്രന്റെ സന്നിധിയില്‍ … എന്തിന് ബാലിയുടെ വാലില്‍ കിടന്നുപോലും മരണവെപ്രാളപ്പെട്ടിട്ടുണ്ട് ….. എന്നിട്ടും ഞാനജയ്യനാണ് …. കഴുത്തിനു മീതെ ഈ തല ഉറച്ചു തന്നെ ഇരിക്കുന്നതാവം കാരണം. ആ യുദ്ധങ്ങള്‍ പരാജയപ്പെട്ടെങ്കിലും ശിരസ്സ്‌ ഉറച്ചു തന്നെ ഇരുന്നു ..
പക്ഷെ നാളത്തെ യുദ്ധം അതല്ലെന്ന് എന്റെ മനസ്സ് പറയുന്നു … ഭാര്യയെ തേടി വന്ന ഒരു ഭര്‍ത്താവിനെക്കാള്‍ ഒരു രാജ്യത്തിന്‍റെ പ്രജകളുടെ ആത്മരോഷം പേറി വരുന്ന  രാജാവിന്‍റെ കോപാഗ്നിയാണവന്‍. ബന്ധുജനങ്ങളേക്കാള്‍ കര്‍ത്തവ്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നവന്‍ …
( രാവണന്‍ ജനല്‍ തുറക്കുന്നു …. അകലെ അശോക വനം അയാള്‍ക്ക് കാണാം …)
രാവണന്‍ :
        ദാ …. ഈ കണ്ണുകളില്‍ ആ സൗന്ദര്യം ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു … സീതേ, നീ എന്തിനാണ് എന്നെ മോഹിപ്പിച്ചത്‌ ?… എന്റെ രാജ്യത്ത് ബന്ധനങ്ങളില്ലാതെ എന്തിനു നീ ബന്ദിയായി?  നിന്‍റെചലനങ്ങള്‍ക്ക് വിഷാദം സൃഷ്ടിക്കുന്ന ഒന്നും എനിക്കാലോചിക്കാനാവുന്നില്ല …. നീ എന്റെ ബന്ദിയല്ല സ്വപ്നമാണ് … മനോഹരമായ സ്വപ്നം … നീ അശോകവനത്തിലെ അലങ്കാരമാണ് ഏറ്റവും മനോഹരമായ അലങ്കാരം … ആരാണ് ഈ കടുംകൈ എന്നെക്കൊണ്ട് ചെയ്യിച്ചത് .. സ്വപ്നത്തിനെ നിദ്രയില്‍ തള്ളി വിടുന്നത് തെറ്റാണോ ? നിന്റെ അനുവാദമില്ലാതെ ആ ശരീരത്തില്‍ ഒന്ന് സ്പര്‍ശിക്കപോലും ചെയ്യില്ല ഞാന്‍ — ഈ ലങ്കാധിപന്‍  നിന്നെ സ്നേഹിക്കുന്നു ..
പ്രണയത്തിനേക്കാള്‍ കര്‍ത്തവ്യങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കുന്ന രാമന്‍ പ്രജകളുടെ വാക്ക് കേട്ട് നിന്നെ തിരസ്ക്കരിച്ചേക്കാം. കുപ്രസിദ്ധ രാവണന്‍ കോട്ടയില്‍ കഴിഞ്ഞ സീതയെ പ്രജകള്‍ ഏല്‍ക്കില്ല,ഒപ്പം രാമനും. ലങ്കയല്ല അയോധ്യ.
നമുക്കിടയില്‍ ഇനി അധികം വിനാഴികകള്‍ ഇല്ല … ഞാനോ അവനോ യുദ്ധത്തില്‍ കൊല്ലപ്പെടും .. രണ്ടായാലും നഷ്ടം നിനക്ക് തന്നെയാണ് .. കാരണം എന്റെ മരണം നിനക്ക് വേണ്ടിയായിരുന്നുവെന്നു ചരിത്രത്തില്‍ കുറിക്കപെടും… യുദ്ധത്തിലെ മരണം യോദ്ധാവിനെ സ്വര്‍ഗ്ഗപ്രാപ്തനാകുന്നു … എന്റെ സ്വര്‍ഗാരോഹണം നിന്റെ നരകയാതനക്ക് തുടക്കമാവരുതെന്നാണ് എന്റെ പ്രാര്‍ത്ഥന … മറിച്ചു മരണം അവനാണെങ്കില്‍ നിനക്ക് നിന്നെ സ്നേഹിക്കുന്ന ഭര്‍ത്താവ് നഷ്ടപെടും പക്ഷെ കിട്ടുന്നതോ സ്വന്തം  ജീവനേക്കാള്‍ നിന്നെ സ്നേഹിക്കുന്ന
ലങ്കാധിപനെ  ..
സീതേ നിനക്കാലോചിക്കാന്‍ ഇനി സമയമില്ലല്ലോ ….മറ്റാരെക്കാളും എന്നെ അറിയുന്നത് നിനക്കല്ലേ … അത്രക്ക് ബഹുമാനം, അത്  നീ  പോലും നിനച്ചു കാണില്ലല്ലോ …. സീതേ നീ ഒന്നറിയണം ഞാനീ ലങ്കാമഹാരാജ്യത്തിന്‍റെ അധിപനാണ് ..എന്റെ കൂടപിറപ്പിന് രാമനോട് അഭിനിവേശം തോന്നി. അത് തെറ്റാണോ ? രാമനെ ആഗ്രഹിക്കുന്ന എത്ര പേരുണ്ടാകും ഈ ഭൂമുഖത്ത് …. ആദരവ് ബഹുമാനം ആരാധന പിന്നെ ആഗ്രഹം സ്ത്രീയുടെ കാംക്ഷ  ഈ വിധത്തില്‍ മാറി മാറി അവസാനം നേടിയെടുക്കുമ്പോള്‍ … അനാദരവിലും വെറുപ്പിലുമായി മാറ്റപ്പെടുകയല്ലേ ചെയ്യുന്നത് … ആഗ്രഹിക്കുന്നത് നേടാത്തിടത്തോളം കാലം അത് ആരാധനയായി തുടരും ,,,
എന്റെ കൂടപ്പിറപ്പ് ആഗ്രഹത്തെ സാധൂകരിക്കാന്‍ ശ്രമിച്ചു. അത് തെറ്റാണോ ? …. അതിനു അവര്‍ നല്‍കിയ ശിക്ഷയെന്താണ് … സ്ത്രീയുടെ ഏറ്റവും മനോഹരമായ അവയവങ്ങളെ മുറിച്ചുകളഞ്ഞ്  അവളെ വിരൂപയാക്കി തിരിച്ചയക്കുക — ഇതാണോ ഒരു നീതിമാന്‍റെ ഔദാര്യം … കുറ്റമോ പ്രണയം… ഈ ലോകം മാറ്റിമറിക്കാന്‍ ഒരു വികാരത്തിനു മാത്രമേ കഴിയു .. അത് പ്രണയമാണ് … പ്രണയം ആദരിക്കപ്പെടേണ്ടതാണ് ആക്ഷേപിക്കപ്പെടേണ്ടതല്ല .പ്രണയിക്കുമ്പോഴാണ് സ്വാതന്ത്ര്യം എന്താണെന്ന് തിരിച്ചറിയുക …
ഭരണാധികാരിയും സര്‍വോപരി സഹോദരനുമാണ് ഞാന്‍…എന്‍റെ കൂടപിറപ്പ് അപമാനിക്കപ്പെട്ടാല്‍ പ്രതികരിക്കുക എന്നത് സ്വാഭാവികം മാത്രമാണ് … നീ അറിയണം …അന്ന് നിന്നെ തേടി എത്തുമ്പോഴും മാരീചനിലൂടെ നിന്നെ കബളിപ്പിക്കുമ്പോഴും പ്രതികാരം മാത്രമായിരുന്നു ലക്‌ഷ്യം … പകരത്തിനു പകരം ..മുലക്ക് പകരം മുല …. മൂക്കിനു പകരം മൂക്ക് … പക്ഷെ നിന്റെയാ കണ്ണുകള്‍… ആ ശരീരം.. വശ്യത ..നിര്‍മ്മലത ഹോ അതെന്നെ പ്രണയാധീനനാക്കി… പ്രതികാരം ആദരവും, ആരാധനയും ആഗ്രഹവും ആയി മാറപ്പെട്ടു …
നോക്ക് ,,,
രാക്ഷസരാജാവായ , പ്രതികാരത്തിലന്ധനായി നിന്ന എന്നെ പ്രണയാധീനനാക്കി — നീ തന്നെയാണ് എന്നെ ബന്ദിയാക്കിയത് ,,ഇന്ന് ഞാന്‍ നിന്‍റെ ബന്ദിയാണ് … രാമന്റെ വരവ് എന്നെ രക്ഷിക്കാനാണോ അതോ നിന്നെയോ ??
ജീവിതത്തില്‍ ഞാനെപ്പോഴും പരാജിതനാണ് … സഹോദരിയെ അപമാനത്തില്‍ നിന്നു രക്ഷിക്കാന്‍ ലങ്കാധിപതിക്ക് കഴിഞ്ഞില്ല … സഹോദരന്‍ കൂറ് മാറുന്നത് തടയാനോ, ഉറക്കവും തീറ്റയും മാത്രം പതിവുള്ള സഹോദരന് ശാപമോക്ഷം നല്‍കാനോ എനിക്കായില്ല …
അവസാനം ഇതാ ..
ഒരു പ്രതികാരം പോലും കൃത്യമായി ചെയാന്‍ എനിക്കാവുന്നില്ലല്ലോ — ഈ നശിച്ച പ്രണയം !
ഇതില്ലായിരുന്നെങ്കില്‍ നിന്റെ മൂക്കും മുലയും അരിഞ്ഞു അവന്‍റെ മുന്നിലേക്കിട്ടു കൊടുക്കുമായിരുന്നു .
അവനും അറിയട്ടെ അപമാനത്തിന്റെ വേദന. പക്ഷെ … സീതേ — നിനക്ക് മുന്‍പില്‍ ആയുധം
വെച്ച് കീഴടങ്ങിയ വെറുമൊരു കാലാള്‍ഭടനല്ലേ ഞാന്‍ …
( രാവണന്‍ വെള്ളം കുടിക്കുന്നു . വാളെടുത്തു നെഞ്ചില്‍ വെച്ചു —-)
          രാവണന്‍ തോല്‍ക്കുന്നത് യുദ്ധത്തിലായിരിക്കില്ല … നിന്റെ ഇച്ഛക്ക് മുന്നിലായിരിക്കും … ശിരസ്സറ്റ്  എന്റെ ഈ ശരീരം പിടയുന്നത് കണ്ടു നീ രസിക്കുമെങ്കില്‍ രാമബാണം ഞാന്‍ പ്രണയപൂര്‍വ്വം സ്വീകരിക്കും .. എനിക്കറിയാം മനസ്സിന്റെ ഏതോ കോണില്‍ നിനക്കെന്നോട് ആദരവ്
തോന്നി തുടങ്ങിയിട്ടുണ്ട് …. കാമവെറി പൂണ്ടു നിന്നെ ബലാല്‍ക്കാരം ചെയ്യാന്‍ വെമ്പുമെന്നു ഭയന്ന നിന്റെ കണ്ണുകള്‍ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു … പക്ഷെ നിനക്ക് ഞാന്‍ സമ്മാനിച്ചത്‌ അശോകവനം അലങ്കരിക്കാനുള്ള അവസരവും … അപ്രതീക്ഷിത ആദരവില്‍ നീ ഒരല്പം ഇളകിയതു ഞാനും ശ്രദ്ധിച്ചു. ആ ഇളക്കമാണ് എന്നില്‍ ആവേശം ജനിപ്പിക്കുന്നത് –അതാണെന്നെ യുദ്ധത്തിലേക്ക് നയിക്കുന്നത് ..
അതെ ,
വീരശൂര പരാക്രമിയായ നിന്റെ ഭര്‍ത്താവിനെ നിന്റെ മുന്നില്‍ വെച്ച് പരാജയപ്പെടുത്തുന്നതോടെ നീ ; വേണ്ട ; എന്നാലും നിന്റെ അനുവാദമില്ലാതെ ഈ ലങ്കാധിപന്‍ നിന്നെ തൊടുകപോലുമില്ല … ഈ ദൂരത്തു നിന്ന് നിന്നെ ആരാധിക്കാന്‍ എനിക്കനുവാദം ആവശ്യമില്ലല്ലോ — എനിക്കത് മതി .. അത് മാത്രം മതി —
( ജനല്‍ അടച്ചു …. വീണ്ടും ആയുധം കൈയിലെടുത്തു …)
സൂര്യന്‍ ഉദിക്കാറായി
(അങ്ക ചമയങ്ങള്‍ ഓരോന്നായി അണിയുന്നു വാളും പരിചയും അണിഞ്ഞു –)
അവതാര  പുരുഷനായ രാമാ ഞാനിതാ തയ്യാറാണ് എന്റെ അവസാന അങ്കത്തിന്  ,
രാമാ … തയ്യാറെടുത്തോളൂ,
പത്തു തലകളും ഇരുപതു കൈകളുമായ് ഇതാ ലങ്കാധിപന്‍ വരുകയാണ് …….

You can share this post!