ശരമേറ്റു പിടയുമോരിണതന്റെ ചാരെയായ്
തലതല്ലിയാർക്കുമോരുള്ളാൻ കുരുവിയെ
എയ്യാനൊരുങ്ങമാ വേടനോടരുതെന്നു
ചൊല്ലിയ വാക്കിൽ പിറന്നു രാമായണം.
അതിരെഴാതൊഴുകുമോരനുകമ്പയാലൊരു
അറുതിയാക്കണ്ണുനീരാറിൻ മറുകര തേടവെ
ഹൃദയമലിഞ്ഞു കവിയായ് നിഷാദനിൽ
ഉത്തമൻ രാമൻ പിറന്നു കരുണയായ്.
കിളിയോടു പോലും കരുണാർദ്രമാകുമാ
കവിയിൽ പിറന്ന കഥയിലെ രാമനെ
കയ്യിൽ കുലവില്ലു ചേർത്തു പോരാളിയായ്
മാറ്റി മെനഞ്ഞു വസിഷ്ഠ ശ്രീരാമനായ്
തന്നുള്ളിലുരുവായ സത്യബോധത്തിനെ
രാമനെന്നു വിളിച്ചോരു ഗാന്ധിയെ
കൊന്നു തള്ളിയ നേരമുയിരറ്റു
വീണതും നിജം ശ്രീരാമനല്ലയോ
ആ നിണം കണ്ടു മദം പൂണ്ട കശ്മലർ
ആർത്തു ഘോഷിച്ചതും ശ്രീരാമജയ് വിളി
ശിരസറുത്തിന്നും തുടരുന്നു രഥ്യകൾ
രാമ ധർമ്മം മരിക്കുന്നു നാൾക്കുനാൾ.
രാജ്യം ത്യജിച്ചോരു രാമന്റെ പേരിലൊരു
രാജ്യം ചമയ്ക്കാൻ കോപ്പുകൂട്ടുന്നവർ
കാനനം പൂകിയ രാമനു വാഴുവാൻ
ക്ഷേത്രം പണിയുവാൻ വാളുകളേന്തുവോർ
രാമന്റെ പേരിൽ കുലച്ചോരു വില്ലതിൽ
തൊടുത്തു നിഷാദത്തിനമ്പുകളെന്നാളും
കൊലവിളി ദേശീയ ഭാവം ധരിക്കവെ
ശ്രീരാമജയ് വിളിയാക്രോശമാകവെ
ആദികാവ്യത്തിനീയന്ത്യ പദത്തിലും
അരുതെന്നു വാത്മീകി കരയുന്നതിപ്പൊഴും
രാമായണം കഥ ഈണത്തിലുരുവിട്ടു
ഭക്തിലഹരിയിൽ മുങ്ങുമ്പൊഴോർക്കുക
ക്രൗഞ്ചമിഥുനത്തിലൊന്നിന്റെ രോദനം
കാട്ടാള ഹൃദയം ദ്രവിപ്പിച്ചതിൽ നിന്നും
ഉറവ പൊട്ടിയ മാനവസ്നേഹത്തിൻ
കഥ നമ്മിലനുകമ്പയാകാതെ പോകലാ!