രണ്ട് കവിതകൾ

ഗീത മുന്നൂര്‍ക്കോട്

1)വരണം

എന്റെ വീട്ടിലേയ്ക്ക്

കവിതയുടെ കൂട്ടിലേയ്ക്ക്

നിങ്ങൾക്കായി

കവാടം തുറന്നേ കിടപ്പാണ്

 

ഹൃദയത്തിൽനിന്ന്

അങ്കലാപ്പിന്റെ എല്ലാ കറുപ്പുകളും

വേവലാതിത്തൊങ്ങലുകളും

അഴിച്ചെറിഞ്ഞുവേണം വരാൻ…

 

വികടവഴികളാണെന്നു

ശപിക്കരുത്

വാക്കുകൾ ചിതറിക്കിടപ്പാണെങ്ങും

സ്റ്റീവ് ജോൺസൺ

വഴികളിൽ

കനത്തകല്ലുകളായോ

പൊടിഞ്ഞുടഞ്ഞ

പരൽത്തരികളായോ

കുഴഞ്ഞുടഞ്ഞ

ചതുപ്പായോ

തോന്നിയേക്കാം

 

കൂർത്തമുള്ളുകൾ

കോപിച്ച്

തറച്ചുകേറാനുള്ള കാലടികൾ

കാത്തുകിടക്കുകയാകാം

 

വഴിയിറമ്പുകളിൽ

സ്നേഹം വാസനിച്ച്

പൂക്കൾ

പുഞ്ചിരിക്കുന്നുണ്ടാകാം

 

ഇടയ്ക്കല്പം നിൽക്കണം

മിഴിയുഴിച്ചിൽ നടത്തണം

കിളികളിണച്ചൂടു നുകർന്ന്

പ്രണയം കൂകുന്നുണ്ടാകും

നനഞ്ഞുനേർക്കുന്ന സ്പർശങ്ങൾ

ഇടവഴിനടത്തയിലേയ്ക്കിഴഞ്ഞേക്കാം

 

കിരുകിരുപ്പുകൾക്കു കാതോർക്കണം

കുശുമ്പിക്കാറ്റുകളുടെ

കുസൃതികൾ കേൾക്കണം

 

പടുമരങ്ങളുടെ വയസ്സൻപ്രാന്തുകൾ

ഇലമർമ്മരങ്ങളായി

നിങ്ങൾക്കുമേൽ

അച്ചടക്കമില്ലാതെ വിറയൽപെയ്യിച്ചേക്കാം.

 

പുഴയോരം താണ്ടുമ്പോൾ

പാതാളമിറങ്ങുന്ന തുള്ളിപ്പിടച്ചിലുകൾ

കേട്ടേ മതിയാകൂ…

പുഴപ്പെണ്ണിന്റെ നിനവിനെയൊന്നു

തീണ്ടിവേണം കാട്ടിടങ്ങളിലേക്കുള്ള കയറ്റം

 

ഇരുട്ടെങ്ങാൻ കൂട്ടം കൂടിയാൽ

പീഡിപ്പിക്കാനും പേടിപ്പിക്കാനും

ശ്വാസപ്രേതങ്ങളൊരുമ്പെട്ടിറങ്ങിയേക്കാം

ഭയക്കാ, മെന്നാൽ

തലയെടുപ്പിന്റെയാ കയറ്റമാകണം

കാടും പൊന്തയും ചുറ്റിലുമുണ്ടെന്നാലും

എന്റെ വീട്ടകം, കവിതയുടെ പാർപ്പിടം

സുരക്ഷിതമാണ്….

ഓടിക്കയറി

നിങ്ങളുടെ ശ്വാസങ്ങൾ

ഇവിടെയല്പം തൂവി

വേണ്ടതെല്ലാം കോരിയെടുത്തേ

മടങ്ങാവൂ .

സ്റ്റീവ് ജോൺസൺ

2) നിദ്രയെന്ന പാതിരാജാരൻ

ഉയിരുണർന്നിരിക്കുമ്പോഴെന്റെ

ഹൃദയമടക്കാൻ

ഓട്ടപ്പന്തയത്തിനെന്നപോലെ

ഒരുമ്പെട്ടെത്തും

കുതിരതുള്ളി

പിടിമുറുക്കുന്ന പിൻവലിച്ചിലുകളെ

കുതറിയെറിഞ്ഞ്

’ശ്ശൊ…. മെല്ലെ മെല്ലെ….ഒന്നു നില്ക്കെ’ന്ന്

കിതപ്പുകളെയപ്പാടെ കുടഞ്ഞ്

കുത്തനെയൊരു സ്വപ്നക്കയറ്റമാണ്!

 

ചിലപ്പോൾ

ഒച്ചിഴച്ചിലുകളായി

പതുങ്ങിപ്പമ്മി

വശം തിരിഞ്ഞൊരു വരവുണ്ട്

തട്ടിമുട്ടിയെന്തെങ്കിലും

പിടഞ്ഞാലോ ഉടഞ്ഞാലോ

ഓർത്തോർത്തൊരു മയക്കം പുതപ്പിക്കും

ഇടയ്ക്കൊരു പൂച്ചച്ചൊറിച്ചിൽ

തൊട്ടുരുമ്മി മുരണ്ട്

മ്യാവുന്ന് കൊഞ്ചി

പേശികളിലേക്ക്

കരിമ്പൻരോമമുരസി

ഉണ്ടക്കണ്ണുകളിലേ-

യ്ക്കുരുട്ടിക്കൊതിപ്പിച്ച്

പ്രേതപ്പിശാചുക്കളെ

ചൂണ്ടിപ്പേടിപ്പിച്ച്

നീട്ടിയൊരാജ്ഞയാകും…

അപ്പോഴും

ചുരുങ്ങിച്ചുരുണ്ട്

ഒരു ശാഠ്യം

’…. ഊഹും … പറ്റില്ല’…ന്ന്

തിരിച്ചും മറിച്ചുമെന്നെ

ഉരുട്ടിക്കൊണ്ടിരിക്കും…

 

നിന്റെ വിരലുംകോർത്തൊ-

തുങ്ങുമ്പോഴേക്കും

’ഠോ’ന്നൊരു ചാട്ടം

ചെറിയതെന്നു തോന്നിപ്പിച്ച്

കാതുവീർപ്പിക്കുമൊച്ച

കൊലവിളിയോ

കവർച്ചഭ്രമമോ

കാമക്കാറ്റോ

കൂർത്തുനീളുന്ന ഭയമുന

കൊളുത്തിക്കൊത്തുമെന്നു

തക്കീത്…

 

ഉറക്കമേ, ജാരനെന്നു

പറയിക്കാനായി

പാതിരാവിലെപ്പോഴായിരിക്കും

നീയെത്തുക

രമിപ്പിക്കുക

രസിപ്പിക്കുക

എനിക്കൊന്നുടയണം

നിന്നിലേക്ക്.

You can share this post!