രണ്ട് കവിതകൾ

1) നോട്ടപ്പിശക്

എന്റെ കണ്ണിണകളിൽ നിന്നിറങ്ങിയ

കുഞ്ഞുതുമ്പിയൊന്ന്

നിന്റെ മിഴിമദ്ധ്യേ

കുത്തിയെന്നത്

നീയഴിച്ചു വിട്ട ചിരിത്തിരകളുടെ

ചടുലപാശമെന്നെ

വരിഞ്ഞുമുറുക്കിയപ്പോഴാണറിയുന്നത്

 

ചുറ്റിലും

കരിവണ്ടുകൾ മൂളി

നിനക്കൊത്താശ ചെയ്തതും

 

സുഗന്ധം പെയ്യുന്നെന്നു തോന്നിക്കുമാറ്

ചെറുകാറ്റു വന്നെനിക്കു

മുത്തം തന്നതും

 

ഉച്ചസ്സൂര്യന്

തകൃതിയിലൊരു

മഴമേഘശ്ശീല

മൂടുപടമിട്ടതും

 

നമ്മെ

വലിച്ചടുപ്പിച്ച്

പ്രണയത്തീയിലേക്കെറിഞ്ഞിട്ടും

ഒന്നുമേതുമറിഞ്ഞില്ലെന്ന്

കാണാതെ, കേൾക്കാതെ

കവിതത്തുമ്പികൾ

പൊട്ടിപ്പിടഞ്ഞുണർന്ന്

പ്രണയാഗ്നിക്കു ചുറ്റും

വലംവച്ചതും

 

അതേ നോട്ടത്തിലെന്നോ!

ഹാ!

***************

2)

മാ നിഷാദ

n ഗീത മുന്നൂര്‍ക്കോട്

കാഴ്ചകളിലേയ്ക്ക്

ചെമപ്പിന്റെ രംഗോളിക്കളം

അവിടമാണ്

ഇരുട്ട്

തിരശ്ശീല വീഴ്ത്തുന്നത്

 

ചടുലം

സിരകളിലെ മതമദം

തിളച്ചുവീണത്

കത്തിമുനയിലേക്ക്

 

കാലം വിരിച്ചുനിവർത്തിയ

ചുവരിലേക്ക്

അതിജീവനത്തിന്റെ

പോസ്റ്ററുകൾക്കുമേൽ

എഴുതുന്നു

’പക… പോര്…. പകപ്പ്…’

ചോരപ്പൂക്കൾ വാടാൻ മടിക്കുന്നു…

 

പിടയ്ക്കുന്നുണ്ട് കാറ്റുകൾ

ദല്ലാളുകൾ

പുത്തനനക്കങ്ങളെ

തേടുകതന്നെയാണ്…

 

തെരുവുകളിൽ

ആൾക്കൂട്ടത്തിൽ

പ്രച്ഛന്നമാകുന്ന ജ്വരം

അടുത്തയിരയുടെ

ഹൃദയത്തിലേക്ക്

പ്രാണായാമം കൊള്ളുന്നത്…

വിലങ്ങു വീഴുന്നു

കണ്ണുകളിൽ

നമ്മളൊന്നും കാണുന്നില്ല.

 

You can share this post!