മഞ്ഞുകണങ്ങൾ ഇറ്റിറ്റു വീഴുന്ന വാടിയ മുന്തിരിവള്ളികൾ
നിരന്തരം ചുഴറ്റിക്കൊണ്ട് തരിശുനിലത്തെഴുതി ഞാൻ : ഭാവിയിൽ വിശ്വസിക്കുക.
ചക്രവാളത്തിലേക്കു കുതിച്ചുയരുന്ന
തിരമാലകളെ നോക്കി നില്ക്കുന്നു ഞാൻ,
സമുദ്രത്തെ താങ്ങി നിറുത്തുന്നു ,
സൂര്യനെ പിടിച്ചു നിറുത്തുന്നു.
പ്രഭാതത്തിന്റെ ലോല ദീപ്തിയിൽ
ഭീമാകാരമായ തൂലികയേന്തിയ ശിശുവിനെപ്പോൽ
ഞാനെഴുതും :ഭാവിയിൽ വിശ്വസിക്കുക.
ഞാൻ ഭാവിയിൽ ദൃഢമായി വിശ്വസിക്കുന്നു ; എന്തെന്നാൽ
ചരിത്രത്തിന്റെ പൊടിപടലങ്ങളെ
കണ്ണികൾ കൊണ്ട് തുടച്ചു മാറ്റുന്ന
കാലത്തിന്റെ ഏടുകളിലേക്കു തുളച്ചുകയറുന്ന
കൃഷ്ണമണി കളിൽ , ഭാവിജനതയുടെ കൺകളിൽ
എനിക്കു പ്രതീക്ഷയുണ്ട്.
നമ്മുടെ ചീഞ്ഞളിഞ്ഞ ത്വക്കും മാംസവും
അവർ എങ്ങനെ നോക്കിക്കാണുന്നുവെന്നതല്ല കാര്യം
എല്ലാം നഷ്ടമാവുന്നതിന്റെ വിഷാദത്തെയോർത്തോ
പരാജയങ്ങൾ തൻ തീവ്രവേദനയെച്ചൊല്ലിയോ
അവർ കണ്ണീർ പൊഴിച്ചേക്കാം.
അഗാധമായി സഹതപിച്ചേക്കാം. അല്ലെങ്കിൽ
നിന്ദാ ഗർഭമായി പരിഹസിക്കയോ
ശകാരിക്കയോ ചെയ്തേക്കാം. ഞാൻ
ദൃഢമായി വിശ്വസിക്കുന്നു , നമുക്കു പിന്നിൽ
എണ്ണമറ്റ പര്യവേഷണങ്ങൾ ,നഷ്ടങ്ങൾ
പിന്മടക്കങ്ങൾ ,പ്രയത്നസാഫല്യങ്ങൾ
നിഷ്പക്ഷവും നീതിനിഷ്ഠവുമായ ന്യായവിധികൾ
ഉണ്ടാവുക തന്നെ ചെയ്യും .
സഖാക്കളേ ഭാവിയിൽ വിശ്വാസമുള്ളവരായിരിക്കുക .
അചഞ്ചലമായ അധ്വാനത്തിൽ വിശ്വസിക്കുക .
യുവതയുടെ ശക്തി മരണത്തെ അതിജീവിക്കുമെന്ന് വിശ്വസിക്കുക.
ഭാവിയിൽ പ്രത്യാശയുള്ളവരായിരിക്കുക ;
ജീവിതത്തെ ഗാഢമായി പ്രണയിക്കുക.
ലീ യിങ്
1962 ൽ ഹെബെയിലെ ഫെൻ ഗ്രൂണിൽ ജനിച്ചു.ബെയ്ജിങ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം .കമ്യൂണിസ്റ്റ് പാർട്ടിയിൽ മെംബർ ആയിരുന്നു. സാംസ്കാരിക മന്ത്രി പദവി വഹിച്ചു.കവി ,പത്രാധിപർ എന്നീ നിലയിൽ പ്രശസ്തി .ലീയിങ്ങിന്റെ കവിതാ സമാഹാരത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.കവിതകൾ പല ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു.നിരവധി രാജ്യങ്ങളിൽ കാവ്യപ്രതിനിധിയായി സഞ്ചരിച്ചു. സാഹിത്യത്തിനുള്ള ലൂ ക് സൂൺ പ്രൈസ് ,ചൈനീസ് ലിബറേഷൻ ആർമി ലിറ്ററച്ചർ പ്രൈസ് എന്നിവ ലഭിച്ചു.ഇരുപതിലധികം കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.
ഷി ത്സി
ഷി ത്സി എന്നത് തൂലികാനാമമാണ്. യഥാർത്ഥ നാമം ഗുവൊ ലൂഷെങ് എന്നാണ്.1960 കളിലെ പ്രബലനായ ചൈനീസ് കവി. നവീന കവിതയുടെ പ്രോദ്ഘാടകനായിരുന്നു. മാവൊ സെ തുങ് ശൈലിയിലുള്ള ക്ലാസ്സിക് കവിതയുമായുള്ള വിച്ഛേദമായിരുന്നു ഷിയുടെ സവിശേഷത.1948ലെ ഒരു ശൈത്യകാലത്ത് ഗുവൊ ലൂ ഷെങിനെ വഴിയോരത്ത് പ്രസവിച്ചു.ലൂഷെങ് എന്ന വാക്കിന്റെ അർത്ഥം ‘ പെരുവഴിയിൽ ജനിച്ചവൻ ‘ എന്നാണ് .
1968 ലെ പ്രാഗ് വസന്തത്തിന്റെ നിഴലിൽ ,നിരാശാജനകമായ പശ്ചാത്തലത്തിൽ എഴുതിയ ‘ഭാവിയിൽ വിശ്വസിക്കുക ‘ എന്ന കവിത യുവാക്കൾക്കിടയിൽ കാട്ടുതീ പോലെ പടർന്നു പിടിച്ചു. ഷി ത് സി എന്ന വാക്കിന്റെ യ ർ ത്ഥം ചൂണ്ടുവിരൽ എന്നാണ്.
സ്കീ സോഫ്രീനിയ രോഗം ബാധിച്ച ഷിത്സി ഭ്രാന്താശുപത്രി പ്രമേയമായിട്ടുള്ള കവിതകൾ എഴുതി. പലകുറി അവിടം സന്ദർശിച്ചിട്ടുള്ള കവിയ്ക്ക് അതൊരു ഗൃഹപ്രവേശം പോലായിരുന്നു.
ചൈനയിൽ ഒരു സാഹിതീ നക്ഷത്രമായി ഗുവൊ വിലയിരുത്തപ്പെട്ടു.ചെറുപ്പക്കാരായ വായനക്കാർ ഷിയുടെ കവിത പകർത്തിയെഴുതി പ്രചരിപ്പിച്ചു.അദ്ദേഹം തുടക്കം കുറിച്ച അധോലോക കവിതാ പ്രസ്ഥാനം മുപ്പതിലധികം വർഷങ്ങളിൽ പച്ച പിടിച്ചു നിന്നു.പല ആധുനിക കാവ്യ പ്രസ്ഥാനങ്ങൾക്കും അത് പ്രചോദനമായി.