
മെലിഞ്ഞ സത്യം
ചുവന്ന മണ്ണിൽ
വെളുത്ത വഴിയായി,
അഹിംസയെ തേടി
സത്യത്തിന്റെ വിളക്കേന്തി
നടന്നുപോയി ഒരാൾ.
ആ സ്വപ്നവും
ആ സന്ദേശവും
മണ്ണും കാലവും കടന്ന്
രക്തസാക്ഷി ദിനങ്ങൾ
പാടിക്കൊണ്ടിരിയ്ക്കുന്നു.
സത്യാഗ്രഹത്തിന്റെ തീയിൽ
നീതിയുടെ സൂര്യനായി
തീജ്വാലയായി ഒരു ജീവിതം.
കാറ്റുപോലെ വീശിയ വാക്കുകൾ,
നീരായി ഒഴുകിയ ചിന്തകൾ,
തീപ്പൊരിയായി ഉരുകിയ സ്വപ്നങ്ങൾ
ഭാരതത്തിന്റെ വീര്യമായവ.
നോവിന്റെ ഉപ്പുരസം കുടിച്ച മണ്ണിൽ
നാം ഇന്നും
സ്വപ്നത്തിന്റെ വിത്തു വിതയ്ക്കുന്നു.
വീരസാഗരത്തിൽ പെരുകുന്ന ഓർമ്മകൾ;
സ്വരരഹിത ഗീതത്തിൽ
കാലം പാടിത്തീരുന്നു.
പ്രാർത്ഥനാ വഴികളിൽ
നിറഞ്ഞത് അനാദിയായ സ്നേഹം.
സമരതീക്ഷ്ണതയുടെ
അഗ്നിജ്വാലയിൽ
നാം ഇപ്പോഴും കാണുന്നു
മൂടുപടമില്ലാതെ, നിർഭയമായി
നടന്നുനീങ്ങുന്ന
ആ മെലിഞ്ഞ സത്യത്തെ!
ശിൽപ്പി
കരത്തിൽ ഉളിയേന്തി
കലയുടെ ശിൽപ്പവുമായി
അഗ്നിയെ തോൽപ്പിക്കുന്ന
പ്രഭാവം.
കല്ലിന് പ്രാണനും
കെട്ടിടത്തിന് ആത്മാവും
പകരുന്ന കലയുടെ
ഇന്ദ്രജാലം.
അടി മുതൽ മുടി വരെയുള്ള
കൊത്തുപണിയുടെ
കയ്യൊപ്പിൽ കാണാം
താളത്തിൻ്റെ ലാവണ്യം.
കരിങ്കണ്ണാൽ പിഴച്ചു
പോയ കരത്തിൽ
കനപ്പിച്ചു കയറ്റിയ
കൊള്ളി വാക്കുകൾ.
സ്വപ്നങ്ങളെ നിശ്ചലമാക്കി
കുറുകിയ കുറ്റബോധം
ചരിത്രത്തിൻ്റെ നെറ്റിയിൽ
കുറിച്ചിട്ടു , വഴുതി വീണ
ഉളിയുടെ ശിരോലിഖിതവും
അപകർഷതാബോധത്തിൻ്റെ
ശോണരേഖകളും.
കൃത്യമായ കണക്കിൽ
വാർന്നു വീണ
ജീവൻ തുടിയ്ക്കുന്ന
ശിൽപ്പങ്ങൾ
കണ്ണീരണിഞ്ഞു നിന്നു.
കാലത്തിന്റെ ചെരുവുകളിലേക്ക്
അവനിട്ട വഴികൾ
ഇന്നും ഉരുവിടുന്നു
ജീവന്റെ ശില്പഗാഥകൾ.