മെല്ലെ
അല്ലെങ്കിൽ പതുക്കെ
എങ്ങനെയാണത് പറയേണ്ടത്?
എനിക്കറിയില്ല
അത്ര സൂക്ഷ്മമായിരുന്നു അത്
നോക്കൂ,
ദാ വന്നിരിക്കുന്നു
സിമന്റുകട്ടയ്ക്ക് മുകളിൽ
ഒരു പക്ഷി
പേരൊന്നും തിരിയില്ല
ഞാനോരപരിചിതൻ
നഗരത്തിലാണെന്റെ വേരുകൾ
ഇവിടെ ഗ്രാമത്തിൽ
സുഹൃത്തിന്റെ വീട്ടിൽ
ഒരു ഹ്രസ്വസന്ദർശനം
ഒരുവനും തള്ളിക്കളയാനാകില്ല
ഇതുപോലൊരു സൂക്ഷ്മത
ഒരു ഭൗമശാസ്ത്രജ്ഞന്റെ
അസ്ഥികൂടം പോലെ
എന്റെ ശരീരം
അവ നോക്കിനിൽക്കുന്നു
കട്ടുറുമ്പുകളുടെ ഒരു പട
അവയ്ക്കു പിന്നിൽ
പച്ചയിൽ നിന്ന് മഞ്ഞയിലേക്ക് വഴുതുന്ന
ഒരോന്തിന്റെ നർത്തനം
വിണ്ണിൽ നിന്ന് മണ്ണിലേക്ക്
പിന്നെ, കണ്ണിഴയുമ്പോൾ
അതാ
ഒരു മഞ്ഞച്ചേര
അതിന്റെ നാവ്
ഒരരുവിയാണ്
കണ്ണുകൾ തടാകങ്ങൾ
ഒരു തവളയെ പേടിപ്പിക്കാൻ
അവ ഏറെയുചിതം
തവള ഒരു നിമിത്തമാകുന്നു
അത് അണ്ണാന്റെ ചലനങ്ങളിലേക്കാണ്
കുതിച്ചതു
പച്ചപ്പിനിടയിൽ
ഒരു കരിയില
നിശ്ചലതയ്ക്കിടയിൽ
ഒരു ചടുലത
പക്ഷേ
ഈ കുഴിയാനകളിക്കർത്ഥമെന്താണ്?
പിന്നിലേക്ക് പായുന്ന
ഈ മദയാനകൾക്ക്
നെറ്റിപ്പട്ടം
കെട്ടാനോടി നടക്കുന്നതാര്?
ഇടവേളകളിൽ
തേനീച്ചകളുടെ
റോന്ത് ചുറ്റൽ
അവ
പ്രഹസനം പോലെ
കടന്നുപോകുന്നു
തുമ്പക്കാട്ടിൽ ഒരു തുമ്പി
അതിന്റെ ചിറകുകൾ
സ്വപ്നം പോലെ
പക്ഷേ
മരംകേറ്റം മറന്നുള്ള
ഈ ഇരിപ്പ്
ഹേ, അണ്ണാറക്കണ്ണാ
താങ്കൾക്ക്
ഒരിക്കലും യോജിക്കുന്നില്ല കേട്ടോ
നന്ത്യാർവട്ടത്തിന്റെ കൊമ്പിൽ
ഒരു പുഴുവിരിപ്പുണ്ട്
വിരിഞ്ഞ പൂക്കളെ
അത്
കൊതിയോടെ നോക്കുന്നുണ്ട്
ജമന്തിചെടികൾക്കിടയിൽ
രണ്ടൊച്ചുകൾ
പ്രണയകേളിയിലാണ്
ഒട്ടലിന്റെ അഭൗമസഞ്ചാരം
വിസ്തൃതഗഗനമേ,
നീ കണ്ടുവോ
ഒരട്ടയെ?
അതിന്റെ അവധാനത
അഭിനന്ദനീയം
ഇത്രമാത്രം ജീവിതം
ഇവിടേക്ക് വർഷിക്കപ്പെടുന്നതിന്റെ
കാരണമെന്താകാം?
ഇത്രയും ഭാഗ്യത്തിനിരയായത്
എന്റെ ഏത് കർമ്മം കൊണ്ടാകാം!
ഇത്തരം സൗന്ദര്യം
ഇത്തരം ആനന്ദം
എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു
ഇത്രയും ജീവിതം
എനിക്കൊരിക്കലും ഉൾക്കൊള്ളാനാകില്ല
മരണം ഓരോ ഞരമ്പിലും
തിളച്ചൊഴുകുമ്പോൾ എനിക്കിങ്ങനെ
വെറുതെ നോക്കിയിരിക്കാനാകില്ല
അതിനാൽ
ഞാനെന്റെ ശരീരം വെടിഞ്ഞ്
ഒരു മണ്ണാങ്കട്ടയായ് മാറുകയാണ്
ഇപ്പോൾ എനിക്ക്
ഒരു മണ്ണിരയുടെ
ഭക്ഷണമെങ്കിലുമാകാൻ കഴിഞ്ഞേക്കും!