
റോഡിനരികിലേയ്ക്ക്
വലിച്ചെറിയുന്ന
കാരമുള്ളുകൾ
തിരിച്ചു വരാൻ
ഇടയുള്ളവയാണ്
എന്ന് പറഞ്ഞത്
നടുവിലൂടെ മാത്രം
വരിയിടുന്ന
ചോണനുറുമ്പുകളാണ്.
എത്ര പോയാലും
മധുരം കിട്ടാറില്ല എങ്കിലും
ഈ വഴി ജാഥയെന്തിനെന്ന്
അണികളുടെ സംശയം?
വെള്ളത്തിലിറങ്ങാൻ
റോഡുകയറുന്ന
താറാവിൻക്കൂട്ടത്തോടൊപ്പം
കൂടിയ
ഇളയനുറുമ്പ്
ഏറ്റവും മുൻപിലെത്തിയതിൽ
അതിശയമില്ലാതെ
നേതാവ്
എല്ലാരോടുമായി ഓർമ്മപ്പെടുത്തി
വഴികളിലെ
കാരമുള്ളുകൾ
പലതും
ഓരങ്ങളിൽ
പതുങ്ങി കിടപ്പുണ്ട്
എപ്പോ വേണമെങ്കിലും
റോഡിൻ നടുവിലേയ്ക്ക്
നടന്നു കയറാം
വർഷങ്ങൾ അമർന്നു
കിടന്നാലും
വേദനിപ്പിക്കാവുന്ന
മൂർച്ചയുടെ വാളവൻ
വിരൽ തുമ്പിലൊളിപ്പിക്കും
ശ്രദ്ധ വേണം…
ആ മൂർച്ചയിൽ കോർത്ത്
എങ്ങനെ
പ്ലാവിലത്തൊപ്പി തുന്നാം
എന്ന് പഠിക്കുകയായിരുന്ന
ഇളയുറുമ്പിനു മുന്നിലൂടെ
താറാക്കൂട്ടങ്ങൾ
വെള്ളത്തിലേയ്ക്കിറങ്ങി
കൊണ്ടേയിരുന്നു.