മുടി മുടിച്ചതു

 
കേശ സംരക്ഷണിയുടെ പരസ്യത്തിലെ സുന്ദരിയെ കണ്ടയാൾ മോഹിച്ചുപോയി. അവളെയല്ല കേട്ടോ അവളുടെ മുടിയെ സ്വപ്നത്തിലയാൾ അവളുടെ അഴിഞ്ഞുലഞ്ഞ മുടികളിലാടിത്തിമിർത്തു. പിന്നീടവൾ സിനിമയിലഭിനയിച്ചപ്പോൾ അവളുടെ സിനിമകൾ അയാൾ മുടങ്ങാതെ ഒറ്റയ്ക്ക്‌ പോയ്‌ കണ്ടു. തിയേറ്ററിൽ മനസ്സുകൊണ്ടയാൾ അവളുടെ മുടിയിഴകളിൽ കുരുങ്ങിനിന്നു.
 
അയാൾക്ക്‌ വിവാഹാലോചനകൾ വന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. ജാതകപ്പൊരുത്തവും ജാതിപ്പൊരുത്തവും കൂടാതെ മുടിപ്പൊരുത്തവുമായിരുന്നു അയാളുടെ നിബന്ധനകൾ. ജാതിയൊക്കുമ്പോൾ ജാതകം ചേരില്ല. ജാതിയും ജാതകവുമൊത്താൽ മുടി കുറവാകും. ഇങ്ങനെ പെണ്ണുകാണലിൽ വശം കെട്ടിരിക്കുമ്പോൾ അയാളുടെ കല്ല്യാണ ബ്രോക്കർക്കാണ്‌ ആ വെളിപാടുണ്ടായത്‌. നമുക്കാപരസ്യത്തിലെ സുന്ദരിയെത്തന്നെ എന്തുകൊണ്ട്‌ ആലോചിച്ചുകൂടാ
 
“നിങ്ങ കുറഞ്ഞ പയ്യനൊന്നുമല്ലല്ലോ സൗന്ദര്യമുണ്ട്‌, പണമുണ്ട്‌ ണല്ലോന്നാന്തരം എഞ്ചിനീയറുമാണ്‌.”
 
അതുകേട്ടയാൾ സന്തോഷത്തോടെ സമ്മതിച്ചു. അയാളെ അതിശയപ്പെടുത്തികൊണ്ട്‌ ആലോചന അവർക്കും ബോധിച്ചെന്ന്‌ ബ്രോക്കർ അറിയിച്ചു. സന്തോഷംകൊണ്ട്‌ മതിമറന്ന അയാൾ അടുത്ത അവധിക്ക്‌ നാട്ടിൽ വരുമ്പോൾ കല്ല്യാണം നടത്താമെന്നുറപ്പിച്ചു. വീഡിയോചാറ്റിംഗിലൂടെ അവർ പരസ്പരം കണ്ട്‌ സംസാരിച്ചു.
 
നിന്റെ മുടി എനിക്കിഷ്ടമാണ്‌ അത്‌ സൂക്ഷിക്കണം എന്ന്‌ ചാറ്റിയപ്പോൾ
 
“മുടി മാത്രമേ ഇഷ്ടമുള്ളോ എന്നെ ഇഷ്ടമല്ലേ എന്നവൾ ചോദിച്ചിരുന്നു.
 
“പിന്നേ, നിന്നെയും നിന്റെ മുടിയേയും എനിക്ക്‌ പ്രാണനാണെന്ന്‌” അയാൾ ഉത്സാഹിച്ചു.
 
വിവാഹം കഴിഞ്ഞാദ്യരാത്രി കേശാലങ്കാരങ്ങളോടെ സർവ്വാഭരണ വിഭൂഷിതയായി വന്ന അവളെ അയാൾ നിർന്നിമേഷനായ്‌ നോക്കിനിന്നു.
 
എല്ലാ ഭാരങ്ങളും താങ്ങി വയ്യാതായെന്ന്‌ പറഞ്ഞ്‌ അവൾ ആഭരണങ്ങളും അലങ്കാരങ്ങളും ഒന്നൊന്നായി അഴിക്കാൻ തുടങ്ങി. അയാൾ സ്നേഹപൂർവ്വം അവളെ സഹായിച്ചു. ആഭരണങ്ങളൊന്നൊന്നായി അഴിച്ചുവെച്ച്‌ അവസാനം അവൾ മുടിയുടെ പിന്നിലഴിച്ചു. പിന്നെ മുടിയുമഴിച്ചുവെച്ചു. അപ്പോൾ ചൂലുപോലെ മെലിഞ്ഞ്‌ ചന്തിയിൽപ്പോലുമെത്താത്തത്ര ശോഷിച്ച്‌ നിൽക്കുന്ന അവളുടെ കോലൻ മുടികണ്ട്‌ അയാൾ ഞെട്ടിത്തെറിച്ചു. “അപ്പോൾ പരസ്യത്തിൽ നിനക്ക്‌ കുറേ മുടികണ്ടല്ലോ” അയാൾ ആകെ സംഘർഷപ്പെട്ട്‌ ചോദിച്ചു.
 
അത്‌ പരസ്യമല്ലേ ? അവൾക്ക്‌ അത്ഭുതമായി.
 
“സിനിമയിലും കണ്ടല്ലോ ഞാൻ”  അയാൾ കർക്കശസ്വരത്തിൽ പറഞ്ഞു.
 
അതിന്‌ ? അത്‌ സിനിമയല്ലേ. അവൾക്കാകെ സങ്കടമായി. അയാളുടെ സംശയം അവളെ കുഴക്കി സിനിമയിലും പരസ്യത്തതിലുമെല്ലാം ഉള്ളതിലുമേറെ പൊലിപ്പിച്ചുകാണിക്കുമേട്ടാ.
 
നിഷ്കളങ്കമായി ചിരിച്ചുകൊണ്ട്‌ നിസ്സഹായമായി അവളങ്ങനെ പറഞ്ഞത്‌ അയാളെ ഉലച്ചു.
” ഏട്ടാ‍ാ‍ാ എന്നു വിളിച്ചടുപ്പം കാണിച്ച്‌ ഓടിവരാറുള്ള കൗമാരത്തിൽ മരിച്ചുപോയ തന്റെ അനുജത്തിയെ പെട്ടന്നയാൾ ഓർത്തു.
 
മുടിചിന്തകൾ മാറ്റിവച്ച്‌ അയാൾ അവളെ ചേർത്തണച്ചു. അവളുടെ സമ്മതത്തോടെ അയാൾ വിളക്കണച്ചു പിന്നെ ഇരുട്ടിൽ അവൾ തന്ന അറിവിന്റെ വെളിച്ചത്തിൽ ഇതുവരെ താൻ ശ്രദ്ധിച്ചിട്ടേയില്ലാത്ത അവളുടെ ഉള്ളുകാണാൻ അയാൾ ശ്രമിച്ചു.
 
 

You can share this post!