മുഖാമുഖം

ഗാന്ധി പാർക്കിനും, ഗേൾസ് ഹൈസ്കൂളിനും ഇടയിൽ വച്ചായിരുന്നു ജോൺസി യെ കാണാതാവുന്നത് .പാർക്കിംങ്ങ് ഏരിയയിൽ കാർ നിറുത്തുമ്പോൾ   അയാൾ കാറിൽത്തന്നെ ഇരിക്കുകയായിരുന്നു , മഴ കഴിഞ്ഞ ആകാശം പോലെ അപ്പോൾ അയാൾ ശാന്തനായിരുന്നു ….

കിംങ്ങ്സ് ബേക്കറിയിൽ നിന്നും ജോൺസിക്ക് ഇഷ്ടപ്പെട്ട ബർഗറും ‘കോക്കും വാങ്ങി തിരികെ എത്തുമ്പോഴേക്കും അയാൾ അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു:
‘ഈ നഗരം ഞങ്ങൾക്ക് അത്രയൊന്നും സുപരിചിതമായിരുന്നില്ല. ഞങ്ങളുടെ നഗരത്തിൽ നിന്നും അറുപതു കിലോമീറ്റർ ദൂരമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും എനിക്കോ ജോൺസിക്കോ ഇവിടേക്ക് വരേണ്ട കാര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല:
പക്ഷെ ഇപ്പോൾ ഞങ്ങൾ ഇവിടേക്ക് വന്നത് ഈ നഗരത്തിലെ ഏറ്റവും ഉയർന്ന കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന “ഡോക്ടർ കുഞ്ഞാ ലൂസിന്റെ “മനോരോഗ ചി കിത്സാലയത്തിലേക്കായിരുന്നു’

ജോൺസിയായിരുന്നു ഇങ്ങിനെ ഒരു ആശുപത്രി ഈ നഗരത്തിൽ ഉണ്ടെന്ന് കണ്ടു പിടിച്ചതും പോകാമെന്ന് ഉത്സാഹിച്ചതും ‘!

അത്രയൊന്നും മാനസിക പ്രശ്നങ്ങൾ ജോൺസിക്ക് ഉള്ളതായി എനിക്ക് തോന്നിയിരുന്നില്ല: പക്ഷെ ഏതോ ഒരു അദൃശ്യ മനുഷ്യൻ അയാളെ നിരന്തരം ശല്യം ചെയ്യുന്നതായും നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി അറിയിക്കുന്നതായും അയാൾ പറഞ്ഞു. കുഞ്ഞവുസേപ്പ് വല്യപ്പച്ചൻ മരിക്കുന്ന ദിവസവും സമയവും, മെറീനയ്ക്ക് ഉണ്ടായ കാറപകടവും ,ജോൺസി കൃത്യമായും നേരത്തേ തന്നെ എന്റെ ചെവിയിൽ പ്രവചിച്ചിരുന്നു…
അതൊക്കെ വെറും തമാശയായി കണ്ട് ഞാൻ ചിരിച്ചു തള്ളിയെങ്കിലും ജോൺസി പറഞ്ഞതുപോലെ പല കാര്യങ്ങളും സംഭവിക്കുന്നതു കണ്ടപ്പോൾ എനിക്കും സംഗതിയുടെ കിടപ്പുവശം ഏതാണ്ട് പിടി കിട്ടി.
വല്യപ്പച്ചന്റെ അടക്കും കഴിഞ്ഞ് മെറീനയെ ആശുപത്രിയിൽ ചെന്നു കണ്ടു: അവളുടെ ഇടതുകാൽ മുഴുവനായും പ്ലാസ്റ്ററിട്ടിട്ടുണ്ടായിരുന്നു….
അൽപ്പം കോങ്കണ്ണുണ്ടായിരുന്നെങ്കിലും മെറീന സുന്ദരിയായിരുന്നു അവളുടെ കാലുകൾക്ക് പതിവ് ഇന്ത്യൻ ശുഷ്കതയിൽ നിന്നും വ്യത്യസ്തമായി ഒരു പോർച്ചുഗീസ് പറങ്കിമാങ്ങ സ്പർശമുണ്ടായിരുന്നു: അരപ്പാവാടയും ഇട്ട് അവൾപള്ളിയിൽ പോകൂമ്പോൾ ജോൺസി
അവളുടെ കാലുകളിൽ ഭ്രമിച്ച് പുറകേ പോകുമായിരുന്നു:…’
ആ കാലുകൾ ,ഇറച്ചി കച്ചവടക്കാരൻ മോനച്ചൻ സ്വന്തമാക്കിയപ്പോൾ ‘ ജോൺസിക്ക് വല്ലാത്ത സങ്കടം തോന്നിയിരുന്നു.
മെറീനയുടെ ഒടിഞ്ഞ കാലിൽ, തൊട്ട് അവൻ സന്തോഷിച്ചു! സത്യത്തിൽ കാലുകളെ അല്ലാതെ അവളുടെ മുഖമോ മറ്റ് അവയവങ്ങളോടോ  അവന് ഭ്രമം തോന്നിയിരുന്നതേയില്ല!..

പിന്നേയും ഓരോരോ കാര്യങ്ങൾ മുൻകൂട്ടി അറിഞ്ഞു സംഭവിച്ചു തുടങ്ങിയപ്പോൾ, ജോൺസിക്ക് അതൊരു ബാദ്ധ്യത ആയി മാറി!’ പരിണാമഗുപ്തി നഷ്ടപ്പെട്ട ജീവിതം അയാൾ മടുത്തു.അങ്ങിനെയാണ് അയാൾ തന്നെ ,തന്റെ ചികിത്സക്കായി ഡോക്ടർ കുഞ്ഞാലൂസിന്റെ ” മൈന്റ് കെയർ ” നഴ്സിംങ്ങ് ഹോം കണ്ടെത്തിയത്.

ഇനിയിപ്പോൾ എന്തു ചെയ്യാൻ: ഞാൻ കുറേ നേരം കാറിൽത്തന്നെ ഇരുന്നു ജോൺസി യുടെ മൊബൈൽ ഫോൺ അയാൾ ഇരുന്ന സീറ്റിൽത്തന്നെയുണ്ടായിരുന്നു. ചിലപ്പോൾ കുറച്ചുനേരം കറങ്ങി നടന്നിട്ട് ജോൺസി കാറിനടുത്തേക്ക് തിരിച്ചു വരും എന്ന പ്രതീക്ഷ ഇരുളുന്ന സന്ധ്യക്കൊപ്പം ഇല്ലാതെയായി:

ഇനി എന്ത്?”

അയാൾ ജോൺസിയെ തിരക്കി പുറത്തേക്കു് നടന്നു ഗാന്ധി പാർക്കിലെ ഇരിപ്പിടങ്ങൾ ഒഴിഞ്ഞു തുടങ്ങി അവിടെയെങ്ങും ജോൺസിയെ കണ്ടില്ല’ അയാൾ LED ബൾബുകൾ തെളിഞ്ഞു തുടങ്ങിയ പാതയോരത്തിലൂടെ നടക്കാൻ തുടങ്ങി
പാതയിൽ കാൽനടയാത്രക്കാരുടെ തിരക്ക്: ഓരോ മുഖങ്ങളിലും ജോൺസിയെ തിരഞ്ഞ് അയാൾ നടന്നു, വൈദ്യുതാലങ്കാരങ്ങളിൽ മിന്നി നിൽക്കുന്ന സ്വർണ്ണക്കടകൾ, തുണിക്കടകൾ, മാളുകൾ, അനാവശ്യമായി ഹോൺ മുഴക്കുന്ന വാഹനങ്ങൾ, വഴിയോര കച്ചവടക്കാർ, തട്ടുകടക്കാർ:: കാഴ്ചകളിൽ സ്വയം നഷ്ടപ്പെട്ട് അയാൾ നടന്നു കൊണ്ടേയിരുന്നു പാലവും, കുട്ടികളുടെ പാർക്കും കഴിഞ്ഞ് ശ്രീകൃഷ്ണസ്വാമി അമ്പലത്തിനടുത്തെത്തിയപ്പോഴേക്കും ദീപാരാധന കഴിഞ്ഞിരുന്നു.’ ജോൺസിക്ക് പഞ്ചാമൃതം വളരേ ഇഷ്ടമായിരുന്നു.അതിനു വേണ്ടി അയാൾ അമ്പലങ്ങളിൽ പോകുമായിരുന്നു’ പ്രത്യേകിച്ച് ഒരു മതത്തിലും ജോൺസി വിശ്വസിച്ചിരുന്നില്ല ,മെറീനയുടെ കാലുകൾ ഇഷ്ടപ്പെട്ടതു പോലെ, അമ്പലങ്ങളിലെ പഞ്ചാമൃതവും, കടും പായസവും അയാൾ ഇഷ്ടപ്പെട്ടു.

അമ്പലത്തിന്റെ വാതുക്കൽ ഏറെ നിന്നിട്ടും ജോൺസി യുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല: അവിടെ നിന്നും അയാൾ മുന്നോട്ടു നടന്നു…..
പൊടുന്നനെ അയാൾ നഗരത്തിന്റെ കെട്ടുപിണഞ്ഞ രാവണൻവഴികളിൽ ചെന്നുപെട്ടു: ഒരു ഇലക്ട്രോണിക്ക് ബോഡിന്റെ സങ്കീർണ്ണ സർക്യൂട്ടുകൾ പോലെയുള്ള വഴികൾ പാർപ്പിട സമുച്ചയങ്ങളുടെ ഉൾ ഞരമ്പുകളായിരുന്നു’…
രാത്രിയാകുന്നതോടെ വീടുകൾ എത്രത്തോളം സ്വയം ഉൾവലിയുന്നു എന്നയാൾ കണ്ടു!…..എല്ലാ വീടുകളും പുറംവാതിൽ ബന്ധിച്ച് അകത്ത്  ഓരോരുത്തരും ഓരോ മുറികളിൽ സ്വന്തം മൊബൈൽ ചതുരത്തിനുള്ളിലൂടെ അവന് താൽപ്പര്യമുള്ള ലോകം സൃഷ്ടിച്ച് അതിൽ അഭിരമിക്കുകയും താൻ ഉൾപ്പെടുന്ന ലോകത്തെ നിരാകരിക്കുകയും ചെയ്തു കൊണ്ടേയിരിക്കുകയാവാം.
….
പുറത്തേക്കുള്ള വഴി ചോദിക്കാൻ ഒരു വഴിപോക്കനേയും കണ്ടില്ല

അയാൾ ആകെ കുഴങ്ങി ഇരുവശത്തുള്ള വീടുകളിൽ നിന്നും പ്രസരിക്കുന്ന വെളിച്ചത്തിൽ റോഡിൽ ഏകനായി നിന്ന അയാൾ സ്വയം ഒരു തെരുവുനാടകത്തിന്റെ ഭാഗമായിത്തോന്നി

ഏകനായി മുന്നോട്ടോ. പിന്നോട്ടോ എന്ന് നിശ്ചയമില്ലാതെ നടക്കുമ്പോൾ പുതുതായി നിർമ്മാണ പ്രവർത്തികൾ നടക്കുന്ന ഒരു വീടിന്റെ മുന്നിൽ അടുക്കി വച്ചിരുന്ന കട്ടകൾക്ക് മുകളിൽ രണ്ടു പേർ ഇരിക്കൂന്നത് കണ്ടു ആ സ്ഥലത്ത് അരണ്ട പ്രകാശം മാത്രമേ ഉണ്ടായിരുന്നുള്ളൂ
അയാൾ അവരുടെ അടുത്തേക്ക് നടന്നു.. ‘ പടർന്നു വിതാനിച്ചു നിന്നൊരു അത്തിമരത്തിനു കീഴിൽ ദൂരയുള്ള വൈദ്യുതി ബൾബിൽ നിന്നും വന്നെത്തുന്ന അവശ പ്രകാശത്തിൽ ജോൺസി യുടെ പാർശ്വ മുഖം കണ്ട് അയാൾ ആഹ്ലാദിച്ചു ‘
“ജോൺസീ ” എന്ന് ഉറക്കെ വിളിച്ച് അവരുടെ അടുത്തെത്തുന്നതിനു മുൻപ് തന്നെ അവർ രണ്ടു പേരും കട്ടപ്പുറത്തു നിന്നും ചാടിയിറങ്ങി നൊടിയിടയിൽ ഇരുട്ടിൽ അപ്രത്യക്ഷരായി:

കഞ്ചാവിന്റെ പുക ഗന്ധം മാത്രം കള്ളനെപ്പോലെ അവിടെ പതുങ്ങി നിന്നു.
“ജോൺസീ…. “ജോൺസീ,…
അയാൾ ഇരുട്ടിലേക്കും നോക്കി ഉറക്കെ വിളിച്ചു:

അടുത്ത വീട്ടിൽ നിന്നും ആരോ ജനാല തുറന്നു നോക്കുകയും ,അടയ്ക്കുകയും ചെയ്തു.

അയാൾ നിരാശനായി അവിടെത്തന്നെ നിന്നു. അത് ജോൺസി തന്നെയായിരുന്നു എന്നു് അയാൾക്കുറപ്പുണ്ട്.
പക്ഷെ ജോൺസി തന്നെ കണ്ടിട്ട് എന്തിനാണ് ഓടിയത് ?, അയാളുടെ കൂടെ ഉണ്ടായിരുന്ന ആൾ ആരാണ്?  ‘ജോൺസി ഒരിക്കലും തന്നെ കഞ്ചാവോ, മറ്റു ലഹരി വസ്തുക്കളോ ഉപയോഗിക്കുന്നത് തന്റെ ശ്രദ്ധയിൽ പെട്ടിട്ടേയില്ല !,

അയാൾ ആകെ കുഴപ്പത്തിലായി! ഇനി ഏതായാലും ജോൺസിയെ കണ്ടു പിടിക്കാതെ തനിക്ക് തിരിച്ചു പോകാനാവില്ല..:
അയാൾ ഇരുളിലും, അരണ്ട വെളിച്ചത്തിലും ,ആണ്ടു നിൽക്കുന്ന അർദ്ധ നിർമ്മിത കെട്ടിടത്തിന്റെ നേർക്ക് നടന്നു… ‘പാഴ്പ്പലകകൾ കൊണ്ട് അടിച്ചുകൂട്ടിയ മുൻവാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചു ഇരുട്ട്: മരപ്പൂളുകളുടേയും, സിമന്റിന്റേയും മണം: ….

അയാൾ മൊബൈലിന്റെ പ്രകാശത്തിൽ ചുറ്റും നോക്കി.
നിർമ്മാണ സാമഗ്രികൾ അലങ്കോലമായി കിടക്കുന്ന മുറികൾ ഓരോന്നായി പരിശോധിച്ചു!’ ആരും ഇല്ല:
രണ്ടാമത്തെ നിലയിലേക്കുള്ള പടവുകൾ കയറാൻ ഉദ്യമിച്ച് അതൊരു പാഴ് വേലയാകുമെന്ന് ശങ്കിച്ച് പിൻതിരിയാൻ തുടങ്ങുമ്പോൾ മുകളിൽ നിന്നും എന്തോ അനക്കം കേട്ടു .
“ജോൺസീ”…
അയാൾ ശബ്ദം താഴ്ത്തി വിളിച്ചു.: പിന്നെ സിമന്റും, കട്ടകളും ചിതറി കിടക്കുന്ന പടികളിലൂടെ വളരേ ശ്രദ്ധിച്ച് മുകളിലേക്ക് കയറി.:: !
ആദ്യത്തെ മുറിയിൽ ആരുമില്ല, രണ്ടാമത്തെ മുറിയിൽ വെളിച്ചം പായിച്ചപ്പോൾ ഒരു പൂച്ച ചാടി ഓടിപ്പോയി:
താൻ വെറുതേ സമയം കളഞ്ഞു എന്ന് സ്വയം ശപിച്ച് താഴേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ഒരു ഞരക്കം കേട്ട് അയാൾ ഞെട്ടിത്തിരിഞ്ഞു മൂന്നാമത്തെ മുറിയിൽ മരപ്പലകകൾ അടുക്കി വച്ചിരിക്കുന്നതിനിടയിൽ ആരോ കിടക്കുന്നു അയാൾ മൊബൈൽ ടോർച്ച് തെളിച്ച് കാഴ്ച വ്യക്തമാക്കി: കൈയ്യും കാലും കെട്ടപ്പെട്ട് വായിൽ ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച നിലയിൽ ഒരു പെൺകുട്ടി’!?.

അയാൾ നടുങ്ങിത്തരിച്ചു പോയി…. പെട്ടന്ന് തന്നെ ധൈര്യം വീണ്ടെടുത്ത്, അയാൾ അവളുടെ കൈ, കാലുകളിലെ കെട്ടഴിച്ചു വായിൽ നിന്നും ടേപ്പ് നീക്കി പെൺകുട്ടി ഉറക്കെ ചുമച്ചു…

” കുട്ടി ആരാണ്’ ?’ ‘എങ്ങിനെ ഇവിടെ എത്തി??”

അവൾ പരിഭ്രമിച്ച കണ്ണു വിടർത്തി ചുറ്റും നോക്കി..

അധികനേരം അവിടെ നിൽക്കുന്നത് സുരക്ഷിതമല്ലെന്നു കണ്ട് അയാൾ അവളുടെ കൈ പിടിച്ച് താഴത്തെ നിലയിലേക്കു വന്നു പിന്നെ വളരെ വേഗത്തിൽ വീടിന്റെ പുറത്തേക്കിറങ്ങി
മുന്നിലുള്ള റോഡിലൂടെ അവർ വളരെ വേഗം നടന്നു..

അയാൾ ആകെ ആശയക്കുഴപ്പത്തിൽപ്പെട്ടു;.. ജോൺസിയെ കണ്ടു പിടിക്കണമെങ്കിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് പോകണം: പക്ഷെ പെൺകുട്ടിയെ സുരക്ഷിത സ്ഥാനത്തെത്തിക്കാതെ ജോൺസിയെ തിരക്കി ഇറങ്ങുന്നതെങ്ങിനെ?, ഇനി ജോൺസിക്ക് ഈ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിൽ എന്തെങ്കിലും പങ്കുണ്ടോ? എല്ലാം കൂടി ചിന്തിക്കുമ്പോൾ ആകെ തല പെരുക്കുന്നു…

സമയം എത്രയായി എന്നു ഒരു പിടിയും ഇല്ല !മൊബൈൽ ചാർജ് തീർന്ന് ചത്തു!’
വിജനമായ പാതയിലൂടെ പെൺകുട്ടിയുമായി നടക്കുമ്പോൾ ഏതൊക്കെയോ അദൃശ്യ ശക്തികൾ തങ്ങളെ പിൻതുടരുന്നതായി അയാൾക്കു തോന്നി, … ഏതു നിമിഷവും താൻ ആക്രമിക്കപ്പെട്ടേക്കാമെന്നും, പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയേക്കാമെന്നും അയാൾക്ക് തോന്നി .അയാൾ പെൺകുട്ടിയുടെ കൈയ്യിൽ പിടിച്ചു അവൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു:

” നിന്റെ പേരെന്താണ്? ആരാണ് നിന്നെ തട്ടിക്കൊണ്ടുവന്നത്?”

” ഞാൻ…. ഞാൻ: എനിക്ക് പേടിയാകുന്നു: ”എനിക്ക് ഒന്നും അറിയില്ല: ”
“ശരി നിന്റെ വീടെവിടെയാണ്? ഞാൻ വീട്ടിൽ കൊണ്ടുചെന്നാക്കാം…. ”

” വീട്: :..ദൂരെയാ” ഞാൻ ഇവിടെ ഹോസ്റ്റലിൽ: ”

” ശരി എന്നാൽ ഞാൻ ഹോസ്റ്റലിൽ കൊണ്ടു വിടാം”.

“വേണ്ട …. വേണ്ട …. ഞാൻ തനിയേ പൊയ്ക്കോളാം: ”

നടന്ന് എങ്ങിനെയോ അവർ പ്രധാന റോഡിൽ പ്രവേശിച്ച്, തിരക്കില്ലാത്ത ബസ് സ്റ്റോപ്പിൽ എത്തി .തൊട്ടടുത്തുള്ള പെട്ടിക്കടയിൽ നിന്നും ഒരു കുപ്പിവെള്ളം വാങ്ങി പെൺകുട്ടിക്ക് കൊടുത്തു: കിതപ്പോടെ വെള്ളം കുടിച്ച്, മുഖം കഴുകി ,പെൺകുട്ടി ദീർഘനിശ്വാസം ഉതിർത്തു.

ബസ് കാത്തു നിൽക്കവേ രണ്ട് മൂന്ന് പേർ അവരുടെ സമീപം വന്നു നിന്നു അവരിൽ നിന്നും വിലക്കുറഞ്ഞ മദ്യ ഗന്ധം പ്രസരിക്കുന്നുണ്ടായിരുന്നു.
ഒരാൾ തീപ്പെട്ടിയുരച്ച് ബീഡി കത്തിച്ചു:
വേറൊരാൾ അവരുടെ അരികിൽ എത്തി

“സമയമെത്രയായി സാറേ?”
“അറിയില്ല ”
“ഓ… അത് ശരി …. ഇതാരാ സാറേ കൂടെയുള്ളത് “?

” അതറിഞ്ഞിട്ട് നിങ്ങൾക്കെന്തു വേണം?”

ബീഡി കത്തിച്ച ആളും വേറൊരാളും അവരുടെ സമീപത്തെത്തി
” ഞങ്ങളൊക്കെ ഇവിടെ ഒള്ളവരാ: ഞങ്ങളറിയാതെ ഇവിടെ ഒരെട പാടും നടക്കില്ല”

ഒരു സംഘർഷാവസ്ഥ സംജാതമാകുന്നത് അയാൾ അറിഞ്ഞു

“ഇതെന്റെ പെങ്ങളാ: ”

“നല്ല പെങ്ങളാണല്ലോ സാറേ ”

ബീഡിപ്പുക മുഖത്തേക്കൂതിക്കൊണ്ട് ഒരാൾ അയാളുടെ അടുത്തേക്കു വന്നു
ആക്രമണം തന്നെയാണ് നല്ല പ്രതിരോധം:.

പിന്നെ ഒന്നും നോക്കിയില്ല ഒരൊറ്റയടി ബീഡിപ്പൊരി അന്തരീക്ഷത്തിൽ ചിതറി’..
മറ്റു രണ്ടു പേർ അയാളെ അടിക്കാൻ അടുത്തു – ഒരു കൂട്ടയിടി:
പൊടുന്നനെ ഒരലർച്ചയോടെ വെള്ളക്കുപ്പിയും വലിച്ചെറിഞ്ഞ് പെൺകുട്ടി റോഡിലൂടെ ഭ്രാന്തമായ വേഗത്തിൽ ഓടാൻ തുടങ്ങി’!….
അയാൾ കാര്യമെന്തന്നറിയാതെ സ്തംഭിച്ചു നിന്നു.. അയാളുടെ പ്രഹരമേറ്റവർ ഇരുട്ടിൽ അപ്രത്യക്ഷരായി അപ്പോഴേക്കും ചുറ്റും കൂടിയ നാട്ടുകാർ അയാളെ ചോദ്യം ചെയ്യാൻ തുടങ്ങി

നിമിഷ നേരത്തിനുള്ളിൽ ഒരു പോലീസ് ജീപ്പ് അവിടെ വന്നു നിന്നു. ഏതോ ഭീകരനെ എന്ന പോലെ പോലീസുകാർ ചുറ്റും വളഞ്ഞ് അയാളെ പിടിച്ച് ജീപ്പിൽ കയറ്റി ‘

എന്താണ് സംഭവിക്കുന്നതെന്ന് അയാൾക്ക് ഊഹിക്കാൻ പോലും കഴിഞ്ഞില്ല: “!

പോലീസ് സ്റ്റേഷനിൽ ആകെ പേടിച്ചരണ്ട് നിൽക്കുന്ന പെൺകുട്ടിയെ വനിതാ പോലീസുകാർ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു..
ആ കുട്ടിയെ രക്ഷിച്ചത് താനാണെന്ന സത്യം തെളിയുമ്പോൾ എല്ലാം ശരിയാകും…. അയാൾ ഒന്നു നിശ്വസിച്ചു –

” ഇയാൾ തന്നെയാണോ കുട്ടിയെ തട്ടിക്കൊണ്ടുപോയത് ”
“അതേ: ഇയാൾ തന്നെ എന്നെ ബലമായി പിടിച്ചു കാറിൽ കയറ്റി ആകെട്ടിടത്തിൽ കൊണ്ടു കെട്ടിയിട്ടു. ഇയാളുടെ കൈയ്യിൽ കത്തി ഉണ്ടായിരുന്നു: ഞാൻ പേടിച്ചു തളർന്നു പോയിരുന്നു”..

പൊടുന്നനെ പടക്കം പൊട്ടും പോലെ ഒരടി: അയാളുടെ കണ്ണിൽ മിന്നാമിന്നികൾ മിന്നി
“പറയെടാ…. നീ എന്തിനാണ് ഈ കുട്ടിയെ തട്ടിക്കൊണ്ടുപോയത് :- ?”

“സാർ ഞാനല്ല… ഞാൻ എന്റെ ബന്ധുവും സുഹൃത്തുമായ ജോൺസിയെ തിരക്കി ഇറങ്ങിയതാ… ഈ കുട്ടിയെ രക്ഷിച്ചത് ഞാനാ :”

“സാർ’ ” ഇയാളാണ് ജോൺ സി :ജോൺസിയോട് കളിക്കരുതെന്ന് അയാൾ എന്നോട് പറഞ്ഞിരുന്നു!”

” പറയെടാ നിന്റെ പേരെന്താ?”

“സറേ എന്റ പേര് മാത്യു ” എന്നാണ് ജോൺസി എന്റെ സുഹൃത്താണ്?”

“സാർ’ ” ഇയാൾ തന്നെയാണ് എന്നെ തട്ടികൊണ്ടുപോയത് :എനിക്ക് ഉറപ്പാണ് എന്റെ കാലുകൾ മെറീനയുടെ കാലുകൾ പോലെ ആണെന്ന് ഇയാൾ പറഞ്ഞു ”

വീണ്ടും ഒരടി: ഒരലർച്ച!…

“എടുക്കെടാ. നായിന്റെ മോനേ നിന്റെ ഐഡൻറിറ്റി കാർഡ് ”

ദൈവമേ” ‘ അവസാനത്തെ പിടിവള്ളി —

അയാൾ പാന്റിന്റെ പോക്കറ്റിൽ തപ്പി …പഴ്സ് നഷ്ടപ്പെട്ടിരിക്കുന്നു!

“പഴ്സ് കളഞ്ഞു പോയി സാർ ”

അതു പറഞ്ഞതും കരണം പൊത്തി വീണ്ടും ഒരടി വീണു ലോക്കപ്പിലേക്ക് ഒരു തള്ള്: ‘

അയാളുടെ കണ്ണുകളിൽ അവിശ്വസനീയതയുടെ അന്ധാളിപ്പ് നിറഞ്ഞു
അപ്പോഴും അയാൾക്കു് മനസ്സിലാക്കാത്ത ഒരു കാര്യം ഇതായിരുന്നു..
ആപത്തിൽ നിന്നും രക്ഷിച്ച തന്നെത്തന്നെ എന്തിനു പ്രതിയാക്കി?
ജോൺസി യും താനും ആയി യാതൊരു സാമ്യമില്ലെങ്കിലും, തന്നെ ജോൺസി ആക്കാൻ പെൺകുട്ടി എന്തിനു ശ്രമിച്ചു?
മെറീനയുടെ കാലുകളെപ്പറ്റി ജോൺസി പറയാതെ പെൺകുട്ടി എങ്ങിനെ അറിയും?
ഇനി താൻ ജോൺസി ആണെങ്കിൽ യഥാർത്ഥ ഞാൻ എവിടെ?
അയാൾ ഒരെത്തും പിടിയും കിട്ടാതെ തലയ്ക്ക് കൈയ്യും വച്ച് സെല്ലിൽ കുത്തിയിരുന്നു.!

അപ്പോൾ പോലീസുകാർ തെളിയാതെ കിടക്കുന്ന പീഡന, തട്ടിക്കൊണ്ടു പോകൽ കേസ്സുകൾ എത്ര എണ്ണമുണ്ടെന്നു കണക്കെടുക്കുന്ന തിരക്കിലായിരുന്നു’
******

You can share this post!