മിശ്രം/കെ.ആർ.സുരേന്ദ്രൻ

പച്ചപ്പെയിന്റടിച്ച ഓട്ടോ റിക്ഷയാണ്. നാലു വശവും മൂടിക്കെട്ടി ഒരു മൂട്ടവണ്ടിയെ ഓർമ്മിപ്പിയ്ക്കും. പിന്നിലെ സീറ്റ് ഒരൊറ്റയാൾക്ക് വേണ്ടി സംവരണം ചെയ്തിരിയ്ക്കുന്നു. സാരഥി എപ്പോഴും അഡ്വക്കേറ്റ് കൊച്ചുമോൾ കുഞ്ഞവര തന്നെ. പിൻസീറ്റിലിരിയ്ക്കുന്നയാൾ അഡ്വക്കേറ്റ് താമരാക്ഷൻ പിള്ള. മിശ്രവിവാഹമായിരുന്നിരിക്കണം. അതോ പ്രണയ വിവാഹമോ?

അഡ്വക്കേറ്റ് കൊച്ചുമോൾ കുഞ്ഞവരയെ ഞാൻ പഞ്ഞിക്കാട്ട് പ്രൈമറി സ്കൂളിന് മുന്നിലെ ലംബോദരൻ പിള്ള സാറിന്‍റെ വാടക വീട്ടിൽ താമസിയ്ക്കുന്ന കാലം തൊട്ടേ അറിയാം. ലംബോദരൻ പിള്ള സാർ മൂവാറ്റുപുഴ താലൂക്കാപ്പീസിൽ നിന്ന് തഹസീൽദാരായി അടുത്തൂൺ പറ്റി. മെലിഞ്ഞ് അഞ്ചരയടിയോളം പൊക്കം. നിറം വെളുപ്പ്. കാതിൽ ചുവപ്പ് കല്ല് പതിപ്പിച്ച കടുക്കൻ. പ്രായമേറെയായി. വീട്ടിറയത്തെ ചാരുകസേരയിൽ രണ്ട് കാലുകളും നീട്ടി കസേരക്കൈകളിൽ പ്രതിഷ്ഠിച്ച് അങ്ങനെയിരിയ്ക്കും. നന്നായി വെറ്റില മുറുക്കും.

ഷർട്ടിന് മേൽ മുണ്ടുടുത്താണിരിപ്പ്. മുണ്ട് മടക്കിക്കുത്തിയിരിയ്ക്കും. ചാരുകസേരയ്ക്ക് തൊട്ട് താഴെ കോളാമ്പി വിശ്രമിയ്ക്കുന്നു.

കാലത്ത് ദിനചര്യകൾ തീർത്ത് ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചിരുന്നാൽ ഉച്ചയ്ക്ക് ഇളയ മകൾ ലക്ഷ്മി, “അച്ഛാ ചോറുണ്ണാൻ വര്വാ” എന്ന് വിളിയ്ക്കും. സാർ കസേരയ്ക്കരികിൽ തിണ്ണയിൽ നീട്ടിവെച്ചിരിയ്ക്കുന്ന വടിയും കുത്തി അകത്തേയ്ക്കും.

ആഹാരം കഴിച്ച് വന്നാൽ വീണ്ടും കസേരയിൽ. പഴയ പടി. വിശാലമായി മുറുക്കും. കസേരയിൽ കിടന്ന് തന്നെ ഉച്ച മയക്കം.

വൈകിട്ട് വെയിലാറുന്നതോടെ സാർ വടിയുമെടുത്ത് മുറ്റത്തേക്കിറങ്ങി റോഡിലേയ്ക്ക്. ഇടത് വശത്താണെന്റെ വാടക വീട്. എന്നെ മുറ്റത്തെങ്ങാനും കാണാൻ തരപ്പെട്ടാൽ കോളാമ്പിയാക്കിയ വായകൊണ്ട് തന്നെ നിലത്ത് വടിയൂന്നി ഒരു ലോഹ്യം പറച്ചിൽ. അല്‌പനേരത്തേയ്ക്ക് മാത്രം.

ഗേറ്റ് കടന്ന് റോഡിലിറങ്ങും. ഇടത്തോട്ട് നടക്കും. ഒരു പത്ത് – പതിനഞ്ചടി ദൂരം. അത്രമാത്രം. റോഡിൽ നിന്ന് പിന്നെ ഇടത്തോട്ട്.

റോഡരികിൽ കൂട്ടുകാരനും, സമപ്രായക്കാരനുമായ കുഞ്ഞുവര മാപ്പ്ളയുടെ പലവ്യജ്ഞനക്കടയിലേയ്ക്ക്. പുറത്തിട്ടിരിയ്ക്കുന്ന ബഞ്ചിൽ വടിയും കുത്തി സാറിരിയ്ക്കും.

കുഞ്ഞവര മാപ്പ്ളയ്ക്ക് വയസ്സ് പത്തെമ്പതായെങ്കിലും നല്ല ആരോഗ്യമാണ്. ഒരു ഊന്നുവടിയുടെ ആവശ്യമില്ല.

കൈലിമുണ്ടും, ഷർട്ടെന്നോ ബനിയനെന്നോ പറയാനാവാത്ത, കോളറില്ലാത്ത അയഞ്ഞ വെള്ള കുപ്പായം ധരിച്ചിരിയ്ക്കും എന്നും.

ഇരുവരുടെയും പഞ്ചായത്ത് അവിടെയാണ്. വെയിലാറി, സന്ധ്യ വരുന്നതോടെ കുഞ്ഞവര മാപ്പ്ള അകത്ത് പോയി രണ്ട് സ്ഫടിക ഗ്ലാസ്സുകളിലായി വിദേശിയെ പകർന്ന് സോഡ പൊട്ടിച്ച് വിദേശിയെ നേർപ്പിയ്ക്കും. മാപ്പ്ള രണ്ട് നിറ ഗ്ലാസ്സുമായി പുറത്തേയ്ക്ക്. മാപ്പ്ള പല്ലില്ലാത്ത വപ്പിച്ചിരിയുമായി ലംബോദരൻ പിള്ള സാറിന് ഒരു ഗ്ലാസ്സ് കൈമാറും. എലി പുന്നെല്ല് കാണുമ്പോഴുള്ള വികാരത്തോടെ സാറ് മീശക്കിടയിലൂടെ വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി ഒരു പുഞ്ചിരി സമ്മാനിയ്ക്കും. സാധനം തലയ്ക്ക് പിടിയ്ക്കുന്നതാണ് കണക്ക്. അതുവരെ ഗ്ലാസ്സുകൾ രണ്ട് മൂന്ന് വട്ടം കൈമാറ്റം നടക്കും.

ഇരുട്ടുന്നതോടെ വടിയും കുത്തിപ്പിടിച്ച് ചങ്ങാതിയോട് “ഗുഡ്‌നൈറ്റ്” പറഞ്ഞ് സാറ് ബാലൻസ് കിട്ടാൻ വിഫല ശ്രമം നടത്തി വീട്ടിലേയ്ക്ക്.

അഡ്വക്കേറ്റ് കൊച്ചുമോൾ കുഞ്ഞവരയ്ക്ക് ഒത്ത വണ്ണവും, ഒത്ത പൊക്കവുമുണ്ട്. അഡ്വക്കേറ്റ് താമരാക്ഷൻ പിളളയ്ക്കും അങ്ങനെ തന്നെ.

കുഞ്ഞവര മാപ്പ്ളയുടെ കടയ്ക്ക് പിന്നിൽ ചോലമരങ്ങൾക്കിടയിലാണ് വീട്. വീട്ടിലേയ്ക്കുള്ള വഴി കടയുടെ വലത്ത് വശത്താണ്. ഓട്ടോയ്ക്കും, കാറിനും കടന്നു പോകാം. കൊച്ചുമോൾ കുഞ്ഞവരയെ അറിയുന്നതിന് മുമ്പ് തന്നെ അഡ്വക്കേറ്റ് താമരാക്ഷൻ പിളളയെ എനിയ്ക്ക് പരിചയമുണ്ട്. പരിചയപ്പെടുക മാത്രമല്ല തമ്മിൽ സംസാരിച്ചിട്ടുമുണ്ട്. അഡ്വ. കൊച്ചുമോൾ കുഞ്ഞവരയെ കണ്ടുള്ള പരിചയമേയുള്ളു. സംസാരിച്ചിട്ടില്ല.

പഞ്ഞിക്കാട്ട് താമസിയ്ക്കുന്ന കാലം മുതലാണ് കണ്ടുള്ള പരിചയം. കൊച്ചുമോൾ കുഞ്ഞവരയ്ക്ക് പക്ഷെ എന്നെ കണ്ടതോർമ്മ പോലുമുണ്ടാവില്ല. കാണാന്‍ പാകത്തിന് ഞാനില്ലല്ലൊ.

അഡ്വക്കേറ്റ് താമരാക്ഷൻ പിള്ളയെ ആദ്യമായി പരിചയപ്പെടുന്നതിന് മുമ്പ് ഞാൻ ധാരാളം കേട്ടിട്ടുണ്ട്.

നാട്ടിൽ ഗ്രാമ സേവകനായി ജോലി നോക്കിയിരുന്ന കരുണാകരൻ സാറാണ് താമരാക്ഷൻപിള്ളയെക്കുറിച്ചെന്നോട് പറയാറുണ്ടായിരുന്നത്. ഗ്രാമസേവകൻ – ഇന്നത്തെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ – സാറും താമരാക്ഷൻ പിള്ളയും ഒരേ നാട്ടുകാരുമാണ്. അയൽക്കാരുമാണ്. ആ വഴിയിൽ അവർക്കിടയിൽ സൗഹൃദം വളർന്നിരുന്നു. എന്നാൽ ബന്ധുക്കളല്ലായിരുന്നു.

എന്റെ നാട്ടിൽ നിന്ന് മിനിമം ബസ്സ് ചാർജ്ജേ അവരുടെ നാട്ടിലേയ്ക്കുള്ളു.

ആശാരിപ്പടിയാണ് അവരുടെ നാട്. ആശാരിപ്പടി അമ്പലത്തിനടുത്താണ് താമരാക്ഷൻ പിള്ളയുടെ വീട്. ആശാരിപ്പടി അമ്പലത്തോട് ചേർന്ന്.

കരുണാകരൻ സാറിന്‍റെ വീട്ടിലേയ്ക്ക് പിന്നെയും ദൂരമുണ്ട്. തമ്മിൽക്കണ്ട് പരിചയം വളർന്ന് മിത്രങ്ങളായതാണിരുവരും.

ആശാരിപ്പടി വലിയ കനാൽ ബണ്ടിന്‍റെ താഴോട്ടിറങ്ങണം അമ്പലത്തിലേയ്ക്കും, താമരാക്ഷൻ പിള്ളയുടെ വീട്ടിലേയ്ക്കും.

താമരാക്ഷൻ പിള്ളയ്ക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മ മരിച്ചതോടെ ഒറ്റക്കായി. അന്ന് തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു. രണ്ട് നേരവും കനാലിൽ കുളിച്ച് അമ്പലത്തിൽ തൊഴും. നെറ്റിയിൽ കുറി വരയ്ക്കും. വീട്ടിലെത്തി നാമജപം, ലളിതാസഹസ്രനാമവും, വില്വമംഗലത്തിന്റെ അനന്തൻ കാടും ഉറക്കെ കാണാപ്പാഠമുരുവിടും. ലളിതാസഹസ്രനാമം നിത്യേന ഉറക്കെയുരുവിട്ടാൽ അക്ഷരസ്ഫുടത ഉറപ്പാണെന്ന് പരിചയപ്പെട്ട കാലത്ത് താമരാക്ഷൻ പിള്ള എന്നോട് പറഞ്ഞിട്ടുണ്ട്.

വീട്ടിൽ തനിച്ചായതോടെ ആഹാരമൊക്കെ സ്വയം പാചകം ചെയ്യും. വീടൊരു ആശ്രമമായി ക്രമേണ. ചുറ്റും പൂച്ചെടികൾ, നിറയെ പൂക്കൾ. വക്കീൽ പരീക്ഷ പാസ്സായെങ്കിലും ആ പണിയ്ക്ക് പോയില്ല. മഹാപാപം വലിച്ച് വെയ്ക്കുന്ന പണിയാണതെന്ന് താമരാക്ഷൻ പിള്ള പറഞ്ഞതായി കരുണാകരൻ സാർ എന്നോട് പറഞ്ഞിരുന്നു. അത് പഠിക്കാൻ പോയത് മണ്ടത്തരമായെന്നും.

അന്നൊക്കെ താമരാക്ഷൻ പിള്ള മെലിഞ്ഞിട്ടായിരുന്നു. ആവശ്യത്തിന് തടിയും പൊക്കവും, തല നിറയെ മുടി. മീശ, നീട്ടി വളർത്തിയ താടി. വെള്ള മുണ്ടും വെള്ള ഷർട്ടും. ഇസ്തിരിയിട്ടില്ലെങ്കിലും നിറം വെളുപ്പായിരിക്കണം. വൃത്തി വളരെ നിർബന്ധം.

വെറ്റില മുറുക്ക് നിർബന്ധം. മുറുക്കിച്ചുവപ്പിച്ച് വായ, വീർപ്പിച്ച ബലൂൺ പോലെയാക്കിയിരിയ്ക്കും.

കരുണാകരൻ സാർ പറഞ്ഞ വിവരങ്ങളാണിതൊക്കെ. അങ്ങേരുടെ വിവരണങ്ങൾക്ക് ഞാൻ മനസ്സിലൊരു രൂപമുണ്ടാക്കിയിരുന്നു. നേരിൽ കാണുന്നതിന് മുമ്പ്.

ഞങ്ങളുടെ സ്ഥാപനത്തിന്‍റെ പള്ളിപ്പുറം ആപ്പീസിൽ ജോലി ചെയ്യുന്ന കാലത്താണ് ഞാൻ താമരാക്ഷൻ പിള്ളയെ നേരിൽ കാണുന്നത്. അഞ്ച് മണിയ്ക്ക് ജോലി കഴിഞ്ഞ് പതിവുപോലെ ഞാൻ ബസ്സ് സ്റ്റോപ്പിലേയ്ക്ക് നടന്നു. വെയിലാറിയിരുന്നു. ആപ്പീസിന് വലത്തായി ഒരു പെട്ടിക്കടയും, ഇടതു വശത്തായി ഒരു ചായക്കടയും, ചായക്കടയെ ഉരുമ്മി ഒരു ക്ലിനിക്കും. അതിനുമപ്പുറത്ത് ഒരു സ്വകാര്യ പണമിടപാട് സ്ഥാപനവും മാത്രം. മുൻ വശത്തായി ഒരു ഹയർസെക്കൻഡറി സ്കൂ‌ൾ. അതിനടുത്തായി ഒരു മൂന്ന് നില ഹോസ്റ്റൽ. സ്‌കൂൾ പിള്ളേർക്ക് താമസിക്കാൻ ദൂരനാടുകളിൽ നിന്ന് ഗൾഫിൽ ജോലിയും, ബിസിനസ്സും നടത്തുന്ന ധനികരുടെ മക്കളെ പാർപ്പിച്ചിരിയ്ക്കുന്ന ഇടം. ഹോസ്റ്റലിന് പിന്നിലാണ് സാറന്മാർക്കും പിള്ളേർക്കുമായി ഒരു കാന്‍റീൻ. വല്ലകാലത്തും എന്റെ ആപ്പീസിൽ നിന്ന് ഞാനുൾപ്പെടെയുള്ളവരും അവിടെ നിന്ന് ലഞ്ച് തരപ്പെടുത്താറുണ്ട്. സാറന്മാരുടെ പരിചയക്കാരായതുകൊണ്ട് ഞങ്ങള്‍ക്ക് ഫ്രീ ലഞ്ചാണ്. പതിവാക്കാതിരുന്നാൽ മതി.

ഒഴിഞ്ഞ ചോറ്റു പാത്രം വഹിയ്ക്കുന്ന ബാഗ് നെഞ്ചോട് ചേർത്ത് ഞാനെന്നും തെക്ക് നിന്നുള്ള ബസ്സിനായി റോഡരികിൽ കാത്ത് നിൽക്കും. തെക്ക് നിന്ന് വരുന്ന വണ്ടികളിലേതെങ്കിലുമൊന്ന് ബസ്സായിരിയ്ക്കും. ആരെങ്കിലും ഇറങ്ങാനുണ്ടാകും. ആരെങ്കിലും കയറാനും.

അന്ന് റോഡരികിൽ ഒരു കൊന്ന മരത്തിന് ചുവട്ടിൽ വായ നിറയെ മുറുക്കാനുമായി ഒരു മധ്യവയസ്കൻ നിൽക്കുന്നു. ഇരുനിറമാണ്. നിബിഡമായ മുടി. നീട്ടി വളർത്തിയ താടി, മീശ. നര കയറിയിട്ടില്ല. തീരെ മെലിഞ്ഞിട്ടല്ല. എന്നാൽ വണ്ണവുമില്ല. പൊക്കമുണ്ട്. മടക്കിക്കുത്തിയ വെള്ളമുണ്ടും, വെള്ള ഷർട്ടിന്റെ കൈകൾ മുട്ടുവരെ മടക്കിവെച്ചിട്ടുണ്ട് . എന്‍റെ മുന്നിലൊരു മിന്നൽ. ഈ മനുഷ്യനല്ലേ ആശാരിപ്പടിക്കാരൻ താമരാക്ഷൻ പിള്ള. കരുണാകരൻ സാർ വരച്ച് കാട്ടിയ ചിത്രവുമായി ഒത്തു പോകുന്നുണ്ടല്ലൊ? അതെ, ഇതയാൾ തന്നെ. ഞാൻ എന്നോട് തന്നെ സ്വകാര്യം പറഞ്ഞു.

ഞാനയാളെ വിശദമായൊന്ന് നോക്കിയതും അയാളെന്നെ നോക്കിയതും ഒരേ സമയത്ത്. അയാൾ എന്റെ നേരെ കൈകെട്ടി നടന്നു വരുന്നു. മുറുക്കാൻ ചവയ്ക്കുന്നുണ്ട്. കൂർത്ത നോട്ടമാണ്. വലിയ കണ്ണുകൾ. ഞാനൊന്ന് പരുങ്ങി.

“ജോലി കഴിഞ്ഞ് ബസ്സ് പിടിക്കാൻ നിൽക്ക്വായിരിയ്ക്കും?”

“അതെ” – ഞാൻ ഭവ്യനായി, വിനീതനായി ഒരു പുഞ്ചിരി പൊഴിച്ചു.

“ആ ആപ്പീസിലല്ലേ ജോലി?” ആപ്പീസിലേയ്ക്ക് കണ്ണുകൾ നീട്ടി. അയാൾ ഞാൻ ജോലി നോക്കുന്ന ആപ്പീസിലേയ്ക്ക് കണ്ണുകള്‍ നീട്ടി.

“അതെ”- ഞാൻ പറഞ്ഞു.

“ഞാൻ താമരാക്ഷൻ പിള്ള. ആശാരിപ്പടിക്കാരനാണ്” – അയാൾ തന്നെ പരിചയപ്പെടുത്തി.

ഞാൻ വീണ്ടും പുഞ്ചിരിച്ചു. “കാറളത്താണോ പെരുമ്പാവൂരാണോ വീട്?” – ചോദ്യം.

“അതിനിപ്പുറം. കല്ലുവഴീലാ” ഞാൻ പറഞ്ഞു.

എന്തോ ഓർത്തിട്ടെന്ന പോലെ താമരാക്ഷൻ പിള്ള കോളാമ്പി വായിലൂടെ ചിരിച്ചു. അറിയാം അറിയാം എന്ന മട്ടിൽ രണ്ട് മൂന്ന് വട്ടം തല കുലുക്കി.

“ഞാനിവിടെ ശാന്തി ക്ലിനിക്കിലെ ഡോ. ശ്രീധരനെ കാണാൻ വന്നതാണ്. ചികിത്സക്കല്ല. ഞങ്ങൾ പരിചയക്കാരാണ്. എന്നെപ്പോലെ ആത്മീയ കാര്യങ്ങളിൽ തല്പരൻ. സായി ബാബയുടെ ഭക്തനാണ്.” – ഞാൻ ചിരിച്ചു കൊണ്ട് തലകുലുക്കി.

“ഞാൻ പക്ഷെ സായി ഭക്തനല്ല. ആത്മീയം ചർച്ച ചെയ്യാൻ അതൊരു തടസ്സമായിട്ടില്ല. ഡോക്‌ടറെയറിയുമോ?” – താമരാക്ഷൻ പിള്ള ഒരു ചോദ്യം.

“ഇടക്കൊക്കെ ആപ്പീസിൽ വരാറുണ്ട്.” – ഞാൻ.

“നല്ല മനുഷ്യനാ. ഒട്ടും തണ്ടില്ല. അങ്ങനെയല്ലേ മനുഷ്യരായാൽ വേണ്ടതും?”

ഞാൻ അങ്ങനെയാണ് വേണ്ടതെന്ന മട്ടിൽ വിനയം കൈവെടിയാതെ തല കുലുക്കി.

ഇതിനിടയ്ക്കും തെക്കു വടക്കായി കുറെ വണ്ടികൾ കടന്നു പോയി. ബസ്സ് വരുന്നില്ലല്ലോ. ഞാൻ വാച്ചിൽ നോക്കി.

“ഈ താടി എന്തിനാണെന്നറിയാമോ?”

ഞാൻ ഇല്ലെന്ന മട്ടിൽ തലയാട്ടി.

“താടി വളർത്തിയാൽ വിൽ പവർ കൂടും” – അയാൾ കുറേക്കൂടി അടുത്തേയ്ക്ക് നീങ്ങി കൂർത്ത കണ്ണുകൾ എന്‍റെ മുഖത്ത് തറപ്പിച്ചു.

തെല്ലൊന്നമ്പരന്നു പോയി. കരുണാകരൻ സാർ പണ്ടേ പറഞ്ഞിട്ടുണ്ട് ആളൊരു പ്രത്യേക ടൈപ്പാണെന്ന്. അതുകൊണ്ട് വേഗം ശാന്തനായി. താടി വളർത്തയാൽ വിൽ പവർ കൂടുമായിരിയ്ക്കും. അതുകൊണ്ടല്ലേ താടി വളർത്തിയിരുന്നത്. ഇക്കാലത്ത് കള്ള സന്യാസിമാരും താടി വളർത്തുന്നുണ്ടെന്ന് ഞാൻ തമാശയോടെ ഓർത്തു.

അങ്ങനെ സംസാരിച്ച് നിൽക്കുമ്പോഴാണ്, കീറിയ മുണ്ടും, പിന്നിയ ബ്ലൗസും ധരിച്ച ഒരു ഭ്രാന്തി ആ വഴി എന്തൊക്കെയോ പുലമ്പിക്കൊണ്ട് വരുന്നു. താമരാക്ഷൻ പിള്ളയെ കണ്ടതും ഭ്രാന്തി സഡൻ ബ്രേക്കിട്ട പോലെ ഒറ്റ നിൽപ്. മുടിയാകെ ചപ്രശ്ശ. കുളിച്ചിട്ട് കാലം കുറെ കടന്നു പോയിട്ടുണ്ട്. തീർച്ച.

ഭ്രാന്തി താമരാക്ഷന്‍ പിള്ളയെ അടുത്ത് വന്ന് തുറിച്ചൊരു നോട്ടവും പല്ലിറുമ്മലും. ഭാഗ്യം. എന്നോടല്ല.

“നായിന്‍റെ മോനേ അന്ന് രാത്തിരി എന്‍റെ മാടത്തില് ന്തൂണ്ട് കയറി. എന്നെ തോന്നിയതൊക്കേ ചെയ്‌ത്‌ എറങ്ങിപ്പോയേ? അതൊക്കെ ഞാൻ മറന്നൂന്നാ വിചാരം? നിന്നെയന്വേഷിച്ച് നടക്കാൻ തൊടങ്ങീട്ട് കാലം കൊറൊയായെടാ. തെണ്ടി പരിഷേ. ആ കാശിങ്ങടെടുക്കെടാ പട്ടീ. ഓശാരത്തിനാന്ന് വിചാരിച്ചൊ? “

ഭ്രാന്തി ചുടല ഭദ്രകാളിയായി ഉറഞ്ഞുതുള്ളിയ വഴി താമരാക്ഷൻ പിളള കോളാമ്പി വായ അവളുടെ മുഖത്തേയ്ക്ക് ചീറ്റി. കാർക്കിച്ച് മുഖത്തേക്കൊരു തുപ്പും. കരണകുറ്റി നോക്കി ഒറ്റപ്പൊട്ടിക്കലും. “ഓടടീ പുണ്ടച്ചി മോളെ.”- ഭ്രാന്തി “ആയ്യൊ പാവേ” എന്ന് നിലവിളിച്ചൊരോട്ടം.

താമരാക്ഷൻ പിള്ള ആപ്പീസിനടുത്തെ പെട്ടിക്കടയിൽ നിന്ന് ഒരു മൊന്ത വെള്ളം വാങ്ങി കൈകഴുകി. പെട്ടിക്കടയിൽ നിന്ന് മുറുക്കാനും ചവച്ച് വീണ്ടും ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാൻ നിൽക്കുന്നിടത്തേയ്ക്ക്. ആൾ കുളാണ്. മുഖഭാവം പഴയ പടി.

അങ്ങനെ വർത്തമാനം പറഞ്ഞ് നിന്ന് ബസ്സിനിയും വരുന്നില്ലല്ലോയെന്ന് ഞാനെന്നോട് തന്നെ കുണ്‌ഠിതപ്പെട്ടു.

“അമ്പലത്തിൽ പോകാറുണ്ടോ?” – താമരാക്ഷൻ പിള്ള.

“വല്ലകാലത്തും പോകും” – ഞാനെളിമയോടെ പറഞ്ഞു.

“അത് പോര. എന്നും കുളിച്ച് തൊഴുത് ഭഗവാനെ കാണണം. അതിന്റെ പുണ്യമൊന്ന് വേറെയാ” – ഞാനൊന്നും മിണ്ടിയില്ല.

“നിത്യവും നാമം ജിപിക്കണം. ഞാനെന്നും രണ്ട് നേരം അമ്പലത്തിൽ പോകും. തിരികെ വീട്ടിലെത്തി അരമണിക്കൂറോളം ധ്യാനം. ശേഷം ലളിതാസഹസ്രനാമ പാരായണം. മന:പാഠമാണ്. ഉറക്കെച്ചൊല്ലണം. അക്ഷരസ്‌ഫുടതയുണ്ടാവും. വില്വമംഗലത്തിന്‍റെ അനന്തൻ കാട് വായിച്ചിട്ടുണ്ടോ?”

“ഇല്ല” – “വായിക്കണം. മഹാ പുണ്യമാണ്.”

ഞാൻ തലകുലുക്കി. തർക്കിച്ചാൽ ശത്രുപക്ഷത്തായാലൊ? ചില നേരങ്ങളിൽ നിശ്ശബ്ദനായിരിയ്ക്കുന്നത് തന്നെ പുണ്യം.

അപ്പോഴേയ്ക്കും ചുവന്ന മുഖത്ത് വിടർത്തിയ ചിരിയുമായി ആനവണ്ടി ഇരച്ചെത്തി.

രക്ഷപ്പെട്ടു. ഞാൻ സമാധാനിച്ചു

“ഇടയ്ക്ക് ഞാൻ ഡോ. ശ്രീധരനെക്കാണാൻ വരുമ്പ് കണ്ട് മുട്ടാം. ഒരു ദിവസം ആശാരിപ്പടി അമ്പലത്തിനടുത്തുള്ള എന്‍റെ പർണ്ണശാലയിലേയ്ക്ക് വരൂന്നെ. ആദ്ധ്യാത്മിക കാര്യങ്ങളൊക്കെ സംസാരിച്ചിരിക്കാം. ബസ്സ് സ്റ്റോപ്പിൽ നിന്ന് കുറച്ച് നടന്നാൽ മതി. ആരോട് ചോദിച്ചാലും താമരാക്ഷൻ പിള്ളയുടെ വീട് കാണിച്ചു തരും.”

ഞാൻ സമ്മതിച്ചു. വേറെ പണിയില്ലേയെന്ന് ഞാൻ പിറുപിറുത്തു.

പിന്നീടും പള്ളിപ്പുറത്ത് താമരാക്ഷൻ പിള്ളയെ യാദൃശ്ചികമായി കണ്ടുമുട്ടി. സംസാര വിഷയം എന്നും ആത്മീയ കാര്യങ്ങൾ തന്നെ. പർണ്ണശാലയിലേയ്ക്ക് പലവട്ടം ക്ഷണിച്ചു. അതിനായി നീക്കിവെച്ച നേരമില്ലായിരുന്നത് കൊണ്ട് ഞാനാ ക്ഷണങ്ങളൊക്കെ നന്ദിപൂർവ്വം നിരസിച്ചു.

“അമ്മ പോയതോടെ തനിച്ചായി. തനിച്ചുള്ള ജീവിതം സ്വതവേ ഈശ്വരഭക്തനായ എനിയ്ക്ക് വീടൊന്നും ആശ്രമമാക്കിയാലോ എന്ന ചിന്തയിലെത്തിച്ചു. ചിന്ത വളർന്ന് തീരുമാനത്തിലുമെത്തിച്ചു. വീടിന് ചുറ്റും പൂച്ചെടികൾ നട്ട് നനച്ചു. പുരയിടത്തിൽ നടുതല കൃഷി ചെയ്‌തു. പച്ചക്കറികൾ പുറത്ത് നിന്ന് വാങ്ങാതെ കഴിക്കാം. അമ്മ കിടപ്പിലായ കാലം തൊട്ടേ ഞാനടുക്കളയിൽ കയറി ചോറും കൂട്ടാനുമൊക്കെയുണ്ടാക്കി. കല്യാണം പണ്ടേ വേണ്ടെന്ന് വെച്ചതാണ്. അമ്മ കേണപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല. ആ ഒറ്റ കാര്യമേ അനുസരിക്കാതിരുന്നുള്ളൂ. ഗൃഹസ്ഥാശ്രമം കഴിഞ്ഞേ വാനപ്രസ്ഥവും, സന്യാസവും പാടുള്ളൂ എന്നാണ് പുരാണം. ശ്രീ ശങ്കരൻ പോലും ഗൃഹസ്ഥാശ്രമത്തിലേയ്ക്ക് പേരിന് മാത്രം കാലെടുത്ത് വെച്ചയാളാണ്. അറിയാം. എന്തോ എനിയ്ക്ക് വേദോപനിഷത്തുകളും പുരാണങ്ങളും, അദ്ധ്യാത്മിക ഗ്രന്ഥങ്ങളുമൊക്കെയാണ് കൂട്ടുകാർ. അല്‌പസ്വല്പം ജ്യോതിഷവുമറിയാം.”

“ഏതാ നാള്?” – സംസാരത്തിനിടയിൽ നിനച്ചിരിക്കാതെ ഒരു ചോദ്യം.

ഞാൻ നാള് പറഞ്ഞു.

“കൊല്ലം?” – ഞാൻ കൊല്ലം പറഞ്ഞു.

“സമയം?” – സമയം ഞാൻ മനസ്സിൽ തോന്നിയത് പറഞ്ഞു.

താമരാക്ഷൻ പിള്ള തലയല്പം ഉയർത്തി വിരലുകൾ കൊണ്ട് ചില കണക്ക് കൂട്ടലുകളായിരിക്കണം നടത്തിയിട്ടുള്ളത്.

“കല്യാണയോഗമില്ല.” അല്പം ഗൗരവത്തിൽ തന്നെ അതിനകം താമരാക്ഷൻ ചേട്ടനായി, പിന്നെ വെറും ചേട്ടനായി പരിണമിച്ച മനുഷ്യൻ പറഞ്ഞു.

എനിയ്ക്ക് ചിരി വന്നു. അതിനകം പെണ്ണ് കെട്ടിക്കഴിഞ്ഞവനോടാണ് ഈ പ്രസ്താവന. അക്കാര്യം ഞാൻ വെളിപ്പെടുത്തിയില്ല. മുഷിയരുതല്ലൊ.

കാലം പലരുടെ ജീവിതത്തിലും കാടാറുമാസം നാടാറുമാസം നാടകം കളിക്കാറുണ്ട്. പലരുടേയും എന്നല്ല എല്ലാവരുടേയും വനവാസം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ചിത്രങ്ങൾ മാറി മറിയും. ചില ചിത്രങ്ങൾ അപ്പാടെ മാഞ്ഞു പോകും. ചിലവ ജന്മം കൊള്ളും. ഒരു പക്ഷെ കാലം കൈവശം ഒരു റിമോട്ട് സൂക്ഷിക്കുന്നുണ്ടാവുമോ? മറഞ്ഞിരുന്ന് അമ്പ് കുലയ്ക്കുന്നവനെപ്പോലെ ആയിക്കൂടെന്നില്ല എന്നതാണ് വാസ്ത‌വം.

ഒരു ഉറക്കം വിട്ടെഴുന്നേറ്റപ്പോൾ ഞാൻ കാറളം ടൗണിലെ ഓഫീസിലാണ്. കാലം 1988.

പഞ്ഞിക്കാട്ട് ഒരു വീടന്വേഷിച്ച് കണ്ടെത്തി. ടൗണിൽ നിന്നും ഉള്ളിലോട്ട് മാറി ഒരു പ്രദേശം. ടൗണിലെ കാതടപ്പിയ്ക്കുന്ന ബഹളങ്ങളൊന്നും അങ്ങോട്ട് കടക്കാൻ ധൈര്യപ്പെട്ടില്ല.

അങ്ങനെ ഞാനും കുടുംബവും പഞ്ഞിക്കാട്ടൊരു വീട് കണ്ടെത്തി. അതാണ് ലംബോദരൻ പിള്ള സാറിന്‍‍റെ വീട്. സാറിന്‍റെ വീടെന്നങ്ങനെ അറുത്ത് മുറിച്ച് പറഞ്ഞുകൂടാ. സാറിൻറെ രണ്ടാമത്തെ മകൻ പണിയിച്ച വീടാണ്. മകളെ കെട്ടിച്ചയയ്ക്കുമ്പോൾ വീടവൾക്ക് നല്‌കണമെന്ന സദുദ്ദേശം. ആൺമക്കളെല്ലാം അവരവരുടെ ഭാര്യ വീടുകളിലാണ്. രണ്ട് പെൺമക്കളിൽ ഒരാൾ എന്റെ വാടകവീടിനടുത്ത് സ്വന്തമായി പുരവെച്ച് താമസം. ഇളയ മകളും സാറും പിന്നിലെ തറവാട്ടിൽ.

എന്നും ആപ്പീസിലേയ്ക്ക് നടന്നാണ് പോകുക. വൈകുന്നേരം വരുന്നതും നടന്ന്. ഉച്ചയ്ക്ക് ചോറുണ്ണാൻ ആപ്പീസിൽ നിന്ന് വീട് വരെ വെയിലിനെ തടുക്കാൻ കുടയും ചുടിയാണ് വരവ്. ജീവിതം അങ്ങനെ ഒഴുകി നീങ്ങുകയാണ്.

എന്നും കോടതി വളപ്പ് കടന്നാണ് ആപ്പീസിലേയ്ക്ക് പോക്ക് വരവ് നടത്തുന്നത്. സബ് രജിസ്ട്രാർ ആപ്പീസും, താലൂക്കാപ്പീസും, എജ്യൂക്കേഷൻ ആപ്പീസുമുണ്ട് ആ വളപ്പിൽ. അതിനപ്പുറത്ത് പോലീസ് സ്റ്റേഷൻ.

കോടതിവളപ്പിറങ്ങി ഒരു പത്തടി നടന്നാൽ ഞങ്ങളുടെ ആപ്പീസായി.

ടൗണിലേയ്ക്ക് കയറുന്നത് അയ്യപ്പൻ ക്ഷേത്രത്തിന്‍റെ പിന്നിൽക്കൂടിയാണ്. വേണമെങ്കിൽ ഒരു വളവ് തിരിഞ്ഞ് അമ്പലത്തിന് മുന്നിൽ കൂടിയും പോകാം. അതത്ര എളുപ്പമല്ല. ആ റോഡൊരു പതിനെട്ടാം പടിയാണ്. തെരുവോരത്തായി ഒരു വശത്ത് മാത്രം ഒട്ടിയൊട്ടി നിൽക്കുന്ന നീണ്ടനിര ക്കെട്ടിടങ്ങൾ. എല്ലാം വക്കീലാപ്പീസുകളാണ്.

ഒരു ദിവസം നാലു പാടും നോക്കി നടക്കുന്നതിനിടയിൽ നോട്ടം ഈ നിരക്കെട്ടിടങ്ങൾക്കിടയിലേയ്ക്കും നീണ്ട് ചെന്നു.

ഒരു ബോർഡ് കറുപ്പിൽ വെള്ളയക്ഷരങ്ങളിലായി തൂങ്ങിക്കിടക്കുന്നതിൽ കണ്ണ് തറച്ചങ്ങനെ നിന്നു. അതിങ്ങനെ, അഡ്വക്കേറ്റ് താമരാക്ഷൻ പിള്ള, പഞ്ഞിക്കാട്ട് ബി.എ..ബി.എൽ, അഡ്വക്കേറ്റ് കൊച്ചുമോൾ കുഞ്ഞവര, പഞ്ഞിക്കാട്ട് ബി.എ.ബി.എൽ. ആപ്പീസ് അടഞ്ഞുകിടക്കുന്നു.

ഈ താമരാക്ഷൻ പിള്ള ഞാനറിയുന്ന താമരാക്ഷന് ചേട്ടൻ തന്നെയാണോ? ആൾ വക്കീൽ പരീക്ഷ പാസായ ആളാണെന്ന് കരുണാകരൻ സാർ പറഞ്ഞിട്ടുണ്ട്. എൻറോൾ ചെയ്തിട്ടില്ലെന്നും. മഹാപാപം തലയിലെടുത്ത് വെക്കാൻ പറ്റില്ലെന്ന ന്യായീകരണത്തെക്കുറിച്ചുമറിയാം. വക്കീലിന്റെ വീട്ടിൽ മനഃസമാധാനമുണ്ടാവില്ലെന്ന് സ്വാമി വിവേകാനന്ദനും എവിടെയോ പറഞ്ഞിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. കേട്ടറിവാണ്. രണ്ട് പേരും കോടതിയിലായിരിയ്ക്കും. പിള്ളയുടെ ഐഡന്‍റിറ്റി വെളിച്ചത്ത് കൊണ്ടുവരണം. ഞാനുദ്ദേശിയ്ക്കുന്നയാളാണോ എന്നറിയാണം. ഞാനുറപ്പിച്ചു. ആ ദിവസമാണ് പച്ചപ്പെയിന്‍റടിച്ച മുടിക്കെട്ടിയ ഓട്ടോ കോടതി വളപ്പിൽ കണ്ടത്.

കോടതി വളപ്പിൽ ഒരു മുത്തച്ഛനാലുണ്ട്. കൊമ്പകുളും, കൊമ്പുകളിൽ കൊമ്പുകളുമായി നിറയെ ഇലകളുമായി ഒരു പെരുങ്കുടയായി തണൽ വിരിയ്ക്കുന്ന മുത്തച്ഛനാൽ.

വക്കീലന്മാരും, ഉദ്യോഗസ്ഥരും, കക്ഷികളും, പൊതുജനങ്ങളുമൊക്കെ ചായയും കടിയും അകത്താക്കുന്നത് ആ ആൽമരച്ചുവട്ടിൽ പണ്ടേ കുടിയേറിയ ഒരു കാക്ക നടത്തുന്ന ഉന്തുവണ്ടിയ്ക്ക് ചുറ്റും നിന്നാണ്.

വെള്ളയ്ക്ക് മുകളിൽ കറുത്ത ചിറകുകൾ പോലെയുള്ള കൈകളുള്ള കറുത്ത കത്തി വേഷങ്ങളെക്കണ്ടാൽ പെൻഗ്വിനുകളെ ഓർത്ത് പോകും.

ആ കൂട്ടത്തിൽ താമരാക്ഷൻ ചേട്ടനുണ്ടോ എന്നന്വേഷിച്ചു നോക്കി. സമയക്കുറവ് കാരണം അങ്ങനെ നോക്കി നിൽക്കാൻ അനുവാദം തന്നില്ല. ഏതായാലും ഇപ്പറയുന്ന താമരാക്ഷൻ പിള്ള ബി.എ.ബി.എല്ലിനെ കണ്ടുപിടിക്കണമെന്നുറപ്പിച്ചു.

ഒരു വൈകുന്നേരം ജോലിയും കഴിഞ്ഞ് ഞാൻ വാടക വീട്ടിലേയ്ക്ക് നടക്കുകയാണ്. കൂടെയൊപ്പമുണ്ട്. ഇരുവശങ്ങളിലേയ്ക്കും മാറി മാറി കണ്ണുകളെറിഞ്ഞു കൊണ്ടാണ് നടത്ത.

ആ നേരത്താണ് ആ പച്ചയോട്ടോറിക്ഷ കട-കട ശബ്ദിച്ചുകൊണ്ട് പിന്നിൽ നിന്ന് വരുന്നത് കണ്ണിൽ പെട്ടത്.

പച്ച ഓട്ടോ അടുത്തെത്തി. ഞാൻ സൈഡ് കൊടുത്തു. തടിച്ചൊരു സ്ത്രീയാണ് സാരഥി. ജിജ്ഞാസയോടെ പിന്നിലെ ഇത്തിരി വെളിച്ചത്തിൽ കൈകൾ രണ്ടും സീറ്റിന്റെ ഇരുവശങ്ങളിലേയ്ക്കും ചിറകുകളാക്കി വിടർത്തി ഒരു വെള്ള വേഷം കണ്ണടച്ചിരിയ്ക്കുന്നു. ആളൊരു കഷണ്ഠിയാണെന്നും, തടിമാടനാണെന്നും മനസ്സിലായി. മുണ്ട് മടക്കിക്കുത്തിയിട്ടുണ്ടെന്നും. ഒരു ഐഡന്റിഫിക്കേഷൻ സാധ്യമായില്ല. താമരാക്ഷൻ പിള്ളയാവാൻ വഴിയില്ല. അല്ലാ, അങ്ങനെയാണെങ്കിൽ ഇങ്ങനെയൊരു രൂപാന്തരപ്രാപ്‌തിയുണ്ടാവുമോ? ആകെ കൺഫ്യൂഷൻ. ഒന്നുമാത്രം ഉറപ്പ്, ഇവർ വക്കീലന്മാരാണ്. പിന്നെത്തോന്നി അതങ്ങനെയങ്ങുറപ്പിക്കാമോ? പോട്ടെ, ആരെങ്കിലുമാവട്ടെ.

താമരാക്ഷൻ പിള്ള ബി.എ.ബി.എൽ നെ കണ്ടെത്തിയിട്ട് തന്നെ കാര്യം. ഒപ്പം കൊച്ചുമോൾ കുഞ്ഞവര ബി.എ.ബി.എൽ നേയും.

പിറ്റേന്ന് കാലത്ത് പതിവിലും നേരത്തെ കുടയും ചൂടി ഇറങ്ങിത്തിരിച്ചു. ആപ്പീസിൽ നേരത്തെയെത്തി. പെൻഡിങ്ങ് ജോലികൾ തീർക്കണമെന്ന് ഭാര്യയോട് നുണ പറഞ്ഞു.

പോകുന്ന വഴിയിലെവിടെയെങ്കിലും വെച്ച് പച്ചവണ്ടി പിന്നാലെ കാളരാഗവും പാടി വരുന്നുണ്ടോയെയെന്ന് ചുമ്മാ ചിന്തിക്കാതിരുന്നില്ല. എന്നാൽ ജംഗ്ഷനിലെത്തിയിട്ടും പിന്നാലെ വന്നില്ല.

ഞാൻ ഇടത്തേയ്ക്ക് നോക്കി. ദാ, റോഡരികിലായി കിടക്കുന്നു വണ്ടി. ഒതുക്കിയിട്ടിരിയ്ക്കുകയാണ്. വണ്ടികൾ തലങ്ങും വിലങ്ങും പായുന്നു . എന്തൊരു ബഹളം.

നീണ്ട മരക്കെട്ടിടങ്ങളിൽ അഡ്വക്കേറ്റ് താമരാക്ഷൻ പിള്ളയും അഡ്വക്കേറ്റ് കൊച്ചുമോൾ കുഞ്ഞവരയും കുത്തിയിരിയ്ക്കുന്ന മുറിയുടെ മുന്നിലാണ് പച്ചവണ്ടി.

അമ്പരപ്പോടെ ഞാൻ ഇരുവരിൽ ആരെങ്കിലുമൊന്ന് ശ്രദ്ധിക്കാൻ തെക്കുവടക്കായി സാവധാനം നടന്നു.

അകത്ത് ഇടതും വലതുമായിട്ടിരിയ്ക്കുന്ന മേശകൾക്ക് പിന്നിൽ രണ്ട് പേർ. കൊച്ചുമോൾ കുഞ്ഞവര കോളറോടുകൂടിയ ബ്ലൗസും, കറുത്ത കരയുള്ള സാരിയും ധരിച്ചിരിയ്ക്കുന്നു. താമരാക്ഷൻ പിള്ള വെള്ള മുണ്ടും വെള്ള ഷർട്ടും.

ഇരുവരുടേയും മേശകൾക്ക് പിന്നിൽ ചീട്ടുകളടുക്കിയ പോലെ കേസ് കെട്ടുകൾ.

കൊച്ചുമോൾ വക്കീൽ ഏതോ ഫയലുകളിൽ കണ്ണോടിച്ചുകൊണ്ടിരിയ്ക്കുന്നു. താമരാക്ഷൻ പിള്ള വക്കീൽ ഏന്തോ ആലോചനയിലാണ്. കാടു പിടിച്ച് വളർന്ന മുടിയൊക്കെ മാഞ്ഞ് ഒരു മുഴുത്ത കഷണ്ടി. (താമരാക്ഷൻ പിള്ള ഞാനുദ്ദേശിയ്ക്കുന്ന പിള്ള തന്നെയാണോ? സംശയം) അവർക്ക് പിന്നിലിരിയ്ക്കുന്നത് മെലിഞ്ഞ് മുഖത്ത് ശ്‌മശ്രുക്കളോടു കൂടിയ, വാർദ്ധക്യത്തിലേയ്ക്ക് പിച്ചവെയ്ക്കുന്നയാൾ. ഗുമസ്ഥനായിരിയ്ക്കും. അയാളും ഏതോ കേസ് കെട്ടിൽ കണ്ണോടിയ്ക്കുന്നു.

“ഇങ്ങ് കയറി വാടോ” ഞാനമ്പരന്നു. താമരാക്ഷൻ പിള്ള എന്നെയാണോ വിളിയ്ക്കുന്നത്.

“വേറാരേയുമല്ല. തന്നെത്തന്നെ.”

ഞാൻ കുട ചുരുക്കി മെല്ലെ അകത്തേയ്ക്ക് നടന്നു.

“ഇരിയ്ക്കൂ” – മുന്നിലിട്ടിരിയ്ക്കുന്ന മരക്കസേരയിലേയ്ക്ക് കണ്ണുകൾ നീട്ടി താമരാക്ഷൻ പിള്ള.

ഞാൻ ഭവ്യതയോടെ ഇരുന്നു.

“പാറപ്പുറം ആപ്പീസീന്ന് പോന്നു. അല്ലേ?” – താമരാക്ഷൻ പിള്ളച്ചേട്ടൻ ചിരിയ്ക്കുന്നു.

“ചുറ്റിക്കറങ്ങി ഇവിടത്തെ ആപ്പീസിലാ കൊറച്ച് നാളേ ആയിട്ടുള്ളൂ.”

ഞാൻ വീണ്ടും ഭവ്യനായി.

ചേട്ടനാകെ മാറീട്ടൊ. – ഞാൻ ചിരിച്ചു. താമരാക്ഷൻ പിള്ളയും

“പണ്ട് തല നിറയെ മുടിയായിരുന്നു. താടി നീട്ടി വളർത്തിയിരുന്നു. കൂടെക്കൂടെ വെറ്റില മുറുക്കുമായിരുന്നു. ഇപ്പോളാകെ മാറിയിരിയ്ക്കുന്നു.”

“ഈ നസ്രാണിച്ചിയെ കെട്ടിയതിന് ശേഷമാണിങ്ങനെയായത്. താടി വേണ്ട, മുറുക്കാൻ പാടില്ല അങ്ങനെ ചിട്ടകളുടെ പട്ടിക തന്നെ അവളുണ്ടാക്കിയിട്ടുണ്ട് . പാവമാ. ഒരു ശുദ്ധ.”

“പഴയ ഭക്തിമാർഗ്ഗമൊക്കെയുപേക്ഷിച്ചോ ? പർണ്ണശാല, അമ്പലം, ലളിതസഹസ്രനാമം, അനന്തൻ കാട്, കല്യാണം തന്നെ വേണ്ടായിരുന്നൂലൊ?”

“എല്ലാം വിട്ടെടോ. ആശാരിപ്പടീലെ പുരയിടോം വീടുമൊക്കെ വിറ്റു. ഇപ്പോൾ പഞ്ഞിക്കാട്ടെ ഇവളുടെ തറവാട്ടിലാ.” – താമരാക്ഷൻ ചേട്ടൻ രസിച്ച് ചിരിച്ചു.

“നിങ്ങൾ തമ്മിലെങ്ങന്യാ പരിചയം?”

“ലോ കോളേജ് കാലം തൊട്ടുള്ള അടുപ്പമായിരുന്നു. അടുപ്പം പ്രണയമായി. പിരിയാൻ പറ്റില്ലെന്നായി. അതിവളുടെ മുട്ടാളന്മാരായ ആങ്ങളമാരും അപ്പനുമമ്മേം എതിർത്തു. ഇവൾക്ക് കല്യാണമേ വേണ്ടെന്നായി. പിടിച്ച പിടി. അമ്പിനും തുമ്പിനുമടുക്കുന്നില്ല. അങ്ങനെ അവശകാമുകനായി മാറി. ഒരുതരം ഉന്മാദം. ഉന്മാദം ഭക്തിയിലേയ്ക്ക് നീണ്ട് ചെന്നു. അവളെന്നെ കോൺടാക്‌ട് ചെയ്യാതിരിക്കാൻ ആങ്ങളമാർ ഭൂതഗണങ്ങളെ അവിടവിടെയായി പ്രതിഷ്ഠിച്ചു. പെണ്ണ് വഴങ്ങുന്നില്ലെന്നായപ്പോ കാഞ്ഞിരക്കായുടെ സ്വാദോടെ വീട്ടുകാർ സമ്മതം മൂളി. ഈ വിധത്തിലാണ് കഥയുടെ പോക്ക്.”

കൊച്ചുമോൾ വക്കീൽ ഈ വർത്തമാനത്തിനിടയിൽ മന്ദഹസിയ്ക്കുന്നുണ്ട്.

“എടോ ഇന്ന് പ്രമാദമായ ഒരു കേസുണ്ട്. ക്രിമിനൽ കേസാ. കൊലപാതകമാണ് സംഭവം. പ്രതിഭാഗം ഞാനാണ് വാദിയ്ക്കുന്നത്. അതിന്‍റെ ഹിയറിങ്ങാണ്. നാല് കാശ് തടയുന്ന കാര്യാണ്.” – താമരാക്ഷൻ പിള്ള ധൃതി കൂട്ടി…………..

You can share this post!