മനുഷ്യജീവിതത്തിലെ എല്ലാ ഇന്ദ്രിയങ്ങളും തുറന്നുപിടിച്ചാലും വളരെക്കുറച്ച് അറിവുകളിലേക്ക് മാത്രമേ തുറക്കുന്നുള്ളൂ .അതിൽ തന്നെ കമ്പാർട്ട്മെൻറലൈസേഷനുണ്ട് .എല്ലാ വ്യക്തികൾക്കും എല്ലാ അറിവുകളുമില്ല. ഒരു ബഹിരാകാശശാസ്ത്രജ്ഞന് പെയിൻ്റിംഗിനെക്കുറിച്ച് കാര്യമായ അറിവുണ്ടാകണമെന്നില്ല .ആൽബർട്ട് ഐൻസ്റ്റീനെ ഭൗതികശാസ്ത്രജ്ഞനായി നാം ആദരി ക്കുന്നു. എന്നാൽ ചിത്രകാരൻ വാൻഗോഗിൻ്റെ മനസ്സിലൂടെ കടന്നുപോയ ജീവിതവെളിപാടുകൾ എന്താണെന്ന് ഐൻസ്റ്റീന് അറിയില്ല ;തിരിച്ചും അങ്ങനെ തന്നെ. ഓരോ മനുഷ്യനും ജീവിതത്തെ, ലോകത്തെ ,പ്രപഞ്ചത്തെ ഓരോ കണികയോളം വലിപ്പമേ അറിയുന്നുള്ളു. ഓരോ വ്യക്തിയും സർഗസിദ്ധിയിലൂടെ ലോകത്തെക്കുറിച്ചുള്ള നാമമാത്രമായ അറിവുകൾ കൊണ്ടുവരുന്നു. മഹാനായ സംഗീതജ്ഞൻ യെഹൂദി മെനുവിൻ സംഗീതകലയുടെ ഒരു കണമാണ് നമുക്ക് നല്കിയത്.
പ്രാപഞ്ചിക സംഗീതമെന്ന മഹാസമുദ്രം ഇനിയും അജ്ഞാതമായി ശേഷിക്കുകയാണ്.
സദാപ്രസന്നവും സൗഖ്യവുമായി ശ്രീകൃഷ്ണൻ ഓടക്കുഴൽ വായിക്കുമ്പോഴുള്ള ശാന്തത എങ്ങനെയുണ്ടാകുന്നുവെന്ന് ആലോചിക്കാൻ പോലും കഴിയില്ല. പ്രാപഞ്ചികമായ പ്രതിഭാസങ്ങളുമായി നമ്മുടെ ജീവിതത്തിലെ ഉദ്വേഗങ്ങളും ത്വരകളും ആശകളും കെട്ടുപിണഞ്ഞു കിടക്കുന്നു.
ഒരാൾക്ക് ഒറ്റയ്ക്ക് പ്രപഞ്ചത്തെക്കുറിച്ച് ഒന്നുമറിയില്ല. പലരുടെ വിജ്ഞാനം ചേർന്ന ഒരു വലിയ വിജ്ഞാനമേഖല രൂപപ്പെടുകയാണ്. ഓരോ തരം ജീവിയും അങ്ങനെ തങ്ങളുടെ ഐന്ദ്രിയലോകത്തിനകത്താണ് സംവേദനക്ഷമമായ ചര്യകൾ വികസിപ്പിച്ചെടുക്കുന്നത്. അപ്പോൾ പ്രപഞ്ചം അതിൻ്റെ ദൃശ്യതയിലും അഗാധതയിലും അകന്നു തന്നെ നിൽക്കുകയാണ് .അതൊരു അതാര്യ മേഖലയാണ്. അവിടേക്ക് മനുഷ്യർക്കെന്നല്ല ,ഒരു ജീവിക്കും പ്രവേശനമില്ല. എല്ലാ ജൈവ ഇന്ദ്രിയ സിദ്ധികളും പരിമിത പ്പെട്ടിരിക്കുകയാണ്. എന്നാൽ അതൊക്കെ സ്വകാര്യമാണ്. അഭൗമമായ ഈ വാദ്യസംഗീതം പുറപ്പെടുവിക്കുന്നവർ പരസ്പരം അതിനെക്കുറിച്ച് അറിയില്ല. ഓരോ ജീവിയും അതിൻ്റെ മാത്രം സംഗീതമാണ് അറിയുന്നത്. അതിൻ്റെ തൊട്ടരികിലുള്ള സംഗീതസാഗരത്തെ അറിയാനേ കഴിയുന്നില്ല. ഈ നിസ്സഹായതയാണ് ജീവിതത്തിലെ വിവശത,ദു:ഖം,അന്യത,നിരാശ …
“ആത്‌മോപദേശശതക’ത്തിൽ ഗുരു ഇങ്ങനെ എഴുതുന്നു :
“അലയറുമാഴിയിലുണ്ടനന്തമായാ
കലയിതു കല്യ,യനാദി കാര്യമാകും
സലിലരസാദി ശരീരമേന്തി നാനാ-
വുലകുരുവായുരുവായി നിന്നിടുന്നു “
അനന്തമായ ഒരു മായാകലയെക്കുറിച്ചാണ് ഗുരു പറയുന്നത്. എന്താണ് അതിൻ്റെ സവിശേഷത ?അലകളില്ലാത്ത ഒരു കടലിനെ ഗുരു അവതരിപ്പിക്കുകയാണ്. അലയറുമാഴിയാണത് .അതിലാണ് അന്തമറ്റ മായാലോകമുള്ളത് .ആ കല മായയാണ്. അത് ഓരോ നിമിഷത്തിലും സഹസ്രകോടി സ്വഭാവങ്ങളെ അന്തർവഹിക്കുകയാണ്.
അതിൻ്റെ പൊരുൾ മാറുകയാണ്. അത് മനുഷ്യബുദ്ധിയെ കബളിപ്പിക്കുന്നു. മനുഷ്യനു യാതൊന്നിനെയും ആസ്പദിച്ച് അതിൻ്റെ അർത്ഥമോ പരിണാമമോ വേർതിരിച്ചെടുക്കാനാവില്ല .മനുഷ്യനെ ഉപയോഗിച്ച് വലിച്ചെറിയുകയാണ് ആ മായാകല. അത് അനാദിയായ കാര്യങ്ങളെ ഉൾക്കൊള്ളുന്ന, വെള്ളവും മറ്റ് ഐന്ദ്രിയരസങ്ങളും കൂടിച്ചേർന്നുണ്ടാകുന്ന ഓരോ ജീവിയിലും, ജീവിവർഗ്ഗത്തിലും സന്നിഹിതമാണ്.
ജീവിയുടെ ഉന്മാദ,വിഷാദശീലങ്ങൾക്ക് ബോധ്യപ്പെടാത്ത വിധം യഥാർത്ഥ്യത്തിനുള്ളിൽ മറിഞ്ഞിരിക്കുകയാണ് ആ മായാകല. നാനാതരത്തിലുള്ള വസ്തുക്കളും വിഷയങ്ങളും പ്രമേയങ്ങളുമായി അത് ജീവികളിൽ വിലസുകയാണ്.
വ്യർത്ഥതയുടെ ലീല
അർത്ഥവും അർത്ഥസന്ദിഗ്ദ്ധതകളും ഭാവനകളും എല്ലാം ഈ മായാകലയുടെ ഫലമായി ആവിർഭവിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
അന്തമില്ലാത്ത പ്രവാഹമാണത്. അനേകം ശരീരങ്ങൾ അനേകം ലീലകളിൽ ബദ്ധരായിരിക്കുന്നു. ഓരോന്നിനെയും കണ്ണുകെട്ടി നൃത്തം ചെയ്യുകയാണ് ഈ മായാകല. ഇതാകട്ടെ നമ്മെ ചലിപ്പിക്കുകയാണ്; എവിടെയും അവസാനമുണ്ടെന്ന തോന്നലിൽ നമ്മൾ അതിൻ്റെ ലീലയിൽ കണ്ണുകെട്ടി നൃത്തം ചെയ്യുന്നു.
“നവനവമിന്നലെയിന്നു നാളെ മറ്റേ –
ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
അവിരതമെണ്ണിയളന്നിടുന്നതെല്ലാം
ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം”
ഭാവിയിലേക്ക് നമ്മെ നടത്തിക്കുകയാണ് ആ മായാകല. അതിന് നമ്മെ ഭ്രമിപ്പിക്കാനാകും. സത്യത്തെ അത് ഓരോ വേളയിലും പലതായി ഉയർത്തിക്കാട്ടുന്നു . നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം.
മഹാനായ ജർമ്മൻ ചിന്തകൻ ഫ്രെഡറിക് നിഷെ (Friedrich Nietzche)പറഞ്ഞു: Knowledge kills action ;action requires the veils of illusions.ജ്ഞാനികൾ പാരമാർത്ഥികമായ ഒരു അതുല്യതയിലേക്ക് പ്രയാണം ചെയ്യുകയാണ്. അവരുടെ ആന്തരികമായ സജ്ജീകരണം അത്തരത്തിലുള്ളതാണ് .അവർ വസ്തുവിൻ്റെ ബാഹ്യ ആവരണത്തെ തകർത്ത് അകത്തു കയറുന്നു. വാക്കുകൾ പിളർത്തുന്നു. ജ്ഞാനിക്ക് അതുകൊണ്ട് വൃഥാപ്രയത്നം ആവശ്യമില്ല. ജ്ഞാനികൾ വ്യർത്ഥതയെ തരണം ചെയ്യുകയാണ്. ലോകജീവിതത്തിൽ വ്യർത്ഥത കടലിലെ ആഫ്രിക്കൻ പായൽ പോലെ പടരുകയാണ് .അതിനടിയിൽ നിന്ന് സാരം ഗ്രഹിക്കാൻ വിധിക്കപ്പെട്ട ജ്ഞാനി വ്യർത്ഥതയെ ഒരു മിഥ്യയായി കാണുകയാണ്. അതിൻ്റെ ആവരണം വിവിധ പ്രവർത്തനങ്ങളാൽ മുഖരിതമാണ് .പ്രവർത്തിക്കണമെങ്കിൽ മിഥ്യയുടെ മൂടുപടങ്ങൾ ആവശ്യമാണെന്ന് നിഷെ പറയുന്നത് അതുകൊണ്ടാണ്. സാധാരണ മനുഷ്യന് ജീവിക്കാൻ മിഥ്യയാവശ്യമാണ് .കാരണം, ജ്ഞാനം വളരെ അകലെയാണ്. മിഥ്യകളാൽ ചുറ്റപ്പെട്ട ഒരു ദ്വീപിൽ അർത്ഥശൂന്യമായി കലഹിക്കുന്നത് അവൻ്റെ ‘വ്യർത്ഥ’മായ അർത്ഥാന്വേഷണത്തിൻ്റെ ഭാഗമാണ്. അത് വീണ്ടും അനിവാര്യമായ വിധത്തിൽ മിഥ്യകളുടെ വേലിയേറ്റമുണ്ടാക്കുന്നു.
ചീത്തയായ ഒരു ലോകത്തോട് പടവെട്ടുന്ന നമ്മൾ ക്രമേണ ചീത്തയാകുന്നത് സ്വാഭാവികമാണ്. അതിനെതിരെയാണ് ജാഗ്രത വേണ്ടത് .ഇതിനു ജ്ഞാനം ആവശ്യമാണ്.
നിത്യജീവിതത്തിലെ മായാകലയുടെ സാന്നിദ്ധ്യം തർക്കമറ്റ കാര്യമാണ്. നാം തന്നെ ഒരു മായാകലയാണ്. മായയാൽ ഉണ്ടാക്കപ്പെട്ടതു പോലെ ,സ്വപ്നസമാനമെന്ന പോലെ ,
ജലരേഖകൾ പോലെ ജീവിക്കുന്നവർ. ഓർമ്മകൾക്ക് മാത്രം അസ്തിത്വമുള്ള ഒരു ലോകത്താണ് നമ്മുടെ അർത്ഥങ്ങൾ നിലനിൽക്കുന്നത്. യുക്തിയുടെ ഏറ്റക്കുറച്ചിൽ അനുസരിച്ച് നാം സ്വന്തം നരകങ്ങൾ സദാനിർമ്മിച്ചുകൊണ്ടിരിക്കുന്നു.
അതിനെ മറികടക്കുമ്പോൾ മായാ കലയുടെ പിടിയിൽനിന്ന് മോചിതമാവുന്നു. അതാണ് സദാശിവമായിത്തീരുന്നത്.
മിഥ്യാലോകങ്ങളുടെ പ്രവാഹം
ജീവിതത്തിലെ കോശങ്ങൾ മായാകലകൊണ്ട് നിർമ്മിച്ചതാണ്. ആശകൾ മായകലയുടെ ഫലമാണ്. അത് ഒന്നിനൊന്ന് വൈവിധ്യമാർന്നതാണ്. ഓരോ ചിന്തയുടെ വ്യക്തിത്വവും വിഭിന്നമായിരിക്കുന്നത് ഇതിൻ്റെ വിധിയാണ്. അതിനെ ആസ്പദിച്ചുപോകുന്ന ,അതിൻ്റെ ഫലമായുള്ള വൈകാരിക ബലാബലങ്ങൾ പരീക്ഷിക്കപ്പെടുന്നു. തൊട്ടടുത്ത നിമിഷം അത് വ്യർത്ഥമാവുകയാണ്. എന്നിട്ടും അതിൽ യുക്തി കണ്ടെത്താൻ ശ്രമിക്കുന്നു .’അനാദികാര്യ’മെന്ന് ഗുരു വിവക്ഷിക്കുന്നത് ഇതിനെയാണ്. ഈ അനാദികാര്യം ഒരു മനുഷ്യനിലോ ഒരു സമൂഹത്തിലോ ഒതുങ്ങുന്നില്ല. അത് ശതഗുണിതങ്ങളായി പെരുകുകയാണ്. അതിൻ്റെ മിഥ്യകൾ താനെ രൂപപ്പെടുന്നു. മിഥ്യാലോകങ്ങളുടെ പ്രവാഹങ്ങൾ നാലുപാടും പടരുകയാണ്. മനുഷ്യൻ അത് നിർമ്മിക്കാൻ നിയോഗിക്കപ്പെട്ടവനാണ്.
ഓരോ ജീവിയിലും ഈ അനാദികാര്യങ്ങൾ ആവിർഭവിക്കുന്നു. അത് പലകാലങ്ങളിൽ പലതായി പിരിയുന്നു .പരസ്പരം ഏറ്റുമുട്ടാനും മടിയില്ല.
ഒരാളിൽ തന്നെ പല കർതൃത്വങ്ങൾ രൂപപ്പെടാനും ഇതുമതി. ജലവും രസവും എന്നതുകൊണ്ട് ഗുരു അറിയിക്കുന്നത് ശരീരത്തെയാണ്. ശരീരമുള്ളയിടത്തെല്ലാം ഈ അനാദികാര്യമുണ്ടാകും. അതിൻ്റെ സ്പന്ദങ്ങളും പ്രതിസ്പന്ദങ്ങളും നമ്മെ ഒരു മരുഭൂമിയിലെന്നപോലെ വഴിതെറ്റിക്കാൻ പര്യാപ്തമാണ്. എല്ലാം ഭ്രമമാണെന്ന് ഗുരു തുടർന്നു പറയുന്നുണ്ട് .എന്തിനാണ് നമുക്ക് ഭ്രമങ്ങൾ? അപ്പോൾ മാത്രമാണ് മായാകല നിലനിൽക്കുന്നത്. അതിൽ നിന്നൊഴിയാൻ നമുക്ക് സാധ്യമല്ല. ജീവിതത്തിൻ്റെ തിരയില്ലാത്ത കടലുകളിൽ നാം കാണുന്നത് മായാകല മാത്രമാണ്.അതിലാണ് നമ്മുടെ അസ്തിത്വം .
അത് പൊള്ളയായ ഒരു കുഴൽ പോലെയാണ്. ഒരിക്കലും അതിൻ്റെയറ്റത്ത് എത്തുവാനാകില്ല.
നശ്വരതയ്ക്ക് എതിരെ പൊരുതാം
ജീവിതത്തിലെ നശ്വരതയാണ് മനുഷ്യരെ പരിഭ്രാന്തരാക്കുന്നത് ;സ്വയം മറക്കുന്നത് അവിടെയാണ്. മരണം നശ്വരതയുടെ സന്ദേശത്തെ പത്തിവിടർത്തിയ സർപ്പത്തെപ്പോലെ പ്രകടമാക്കി കാണിക്കുകയാണ്. എന്നാൽ നമുക്ക് അതിനെതിരെ പൊരുതേണ്ടതുണ്ട് .മായാ കലയിൽനിന്ന് അതിജീവിക്കാനായി നമ്മൾ ജീവിതത്തെ ജ്ഞാനമുഖിയാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് അമേരിക്കൻ എഴുത്തുകാരനായ ഡേവിഡ് ലെവിതൻ(David Levithan) പറഞ്ഞത്, ‘നമ്മൾ വെറും ധൂളിയായല്ല തുടങ്ങുന്നത് ,നമ്മൾ ധൂളിയായല്ല അവസാനിക്കുന്നത് ;ധൂളിയേക്കാൾ വലുത് നമ്മൾ സൃഷ്ടിക്കുന്നുണ്ട് എന്ന്’.അങ്ങനെയൊരു ചിന്തയാണ് മായാകലയിലും മനുഷ്യർ ജീവിതം വെടിയാതിരിക്കാൻ കാരണം .പൊരുളുകളെക്കുറിച്ചുള്ള ചിന്തയിൽ അതിൻ്റെ അന്ധതമസ്സിൽ നമുക്ക് കൂടുതൽ അന്വേഷിക്കേണ്ടതുണ്ട്.
ജീവിതം എവിടെയോ ആർത്ത് തളിർക്കുന്നു ;ഒഴിവാക്കാനാവാത്ത വിധിപോലെ. ഗുരുവിൻ്റെ ഭാഷയിൽ ‘സലിലരസാദി ശരീരമേന്തി’.ശരീരം ഏന്തിയ ജീവികളാണ് നമ്മൾ. നമ്മൾ ഉള്ളിലാണ് ജീവിക്കുന്നത്. നമ്മുടെ ആയുധമാണ് ഈ ശരീരം . നശ്വരതയാണ് ശരീരമായി നമ്മുടെ മുന്നിലുള്ളത്. അതാകട്ടെ ക്ഷയോന്മുഖമാണ്. ശരീരത്തിൽ നശ്വരതയോടെ ഇരിക്കുക എന്ന പൊള്ളുന്ന അനുഭവം മനുഷ്യരെ മാനസികമായി പിരിമുറുക്കത്തിലാക്കുന്നു .മായാകലയിൽപ്പെട്ട് നമ്മൾ മോഹവിവശകരാവുകയാണ്. സൗന്ദര്യം ഒരു പ്രലോഭനവും മരീചികയുമായി നമ്മുടെ മനസ്സിൽ ഉയർന്നുവരികയാണ്. ഈ സൗന്ദര്യം കവികളും എഴുത്തുകാരുമെല്ലാം പാരമ്യതയുടെ അനുഭവമായി കാണുകയാണ് .എന്നാൽ അത് മായാകലയിൽ ആവൃതമാണ്. അതിനു നമ്മെ മോചിപ്പിക്കാൻ കഴിയില്ല; പകരം അതിൻ്റെ തന്നെ വ്യാമിശ്രമായ കുതൂഹലങ്ങളിലേക്ക് നയിച്ചു കൊണ്ടുപോവുകയാണ് ചെയ്യുന്നത്. സൗന്ദര്യം വിശദീകരിക്കാനാവാത്ത അറിവാണ്; ഭ്രമിപ്പിക്കുന്നതും ഭീകരവുമായ അറിവാണത്. കലാകാരന്മാർ ആ അറിവിൻ്റെ ജ്വാലയിൽ തൊടാനാവാതെ ഭ്രമം ബാധിച്ചു പിന്തിരിയുന്നു. സൗന്ദര്യത്തിലേക്ക് ചെല്ലുന്തോറും അത് കൂടുതൽ ദുരൂഹവും അപ്രാപ്യവുമായിരുന്നു. സൗന്ദര്യത്തെ തൊട്ടുനോക്കാനാവില്ല ;അത് അസ്തിത്വത്തിൻ്റെ പ്രഹേളികയായി അവശേഷിക്കുകയാണ്. ജ്ഞാനിയായ കവി ജ്ഞാനത്തിനും അതീതമായ സൗന്ദര്യത്തെ തേടി വ്രണിതരാവുന്നു.
ജലം കൊണ്ടു മുറിവേറ്റവനെ കാണണമെന്നു സ്പാനിഷ് കവി ഗാർസിയ ലോർക എഴുതുന്നത് അതുകൊണ്ടാണ്.
“പ്രതിവിഷയം പ്രതിബന്ധമേറിമേവു-
ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;
അതിവിശദസ്മൃതിയാലതീതവിദ്യാ-
നിധി തെളിയുന്നിതിനല്ല നീതിഹാനി”
അറിവു തന്നെ പ്രതിബന്ധമായി മാറാം. അറിവിനു ആധാരമായ ഏതൊരു വസ്തുവും നമ്മെ കൂടുതൽ ചോദ്യങ്ങളിലേക്ക് കൊണ്ടുപോവുകയാണ് .അതിനു അന്തമില്ല .ആറ്റം കണ്ടുപിടിച്ചതുകൊണ്ട് മാത്രം ഒന്നും അവസാനിക്കുന്നില്ല. നാനോ സാങ്കേതികത (Nanotechnology) കണ്ടുപിടിച്ചതോടെ പുതിയ ആവശ്യങ്ങൾ ഉണ്ടായിരിക്കുന്നു. സൂര്യനിലെ സംഗീതം പോലും കേൾക്കാൻ മനുഷ്യൻ ശ്രമിക്കുന്നു. അറിവ് പെരുകുകയാണ്; അസ്വസ്ഥതകൾ പെരുകുന്നു .അറിവ് തേടുന്നവൻ ദുഃഖത്തെയും തേടുകയാണല്ലോ. അത് വസ്തുവിനെയും അറിവിനെയും രണ്ടായി തന്നെ നിലനിർത്തുന്നു.
അതീത വിദ്യാനിധി
വസ്തുവും വസ്തുവിനെ ആരായുന്നവനും ഒന്നായി തീരുന്നില്ല. അതീതവിദ്യാനിധി’യാണ് മാനവമോചനത്തിനായി ഗുരു ഉപദേശിക്കുന്നത്. അവിടെ മായാകലയില്ല. അവനവനെ അറിയുന്ന ആവശ്യകത എപ്പോഴും വന്നുചേരുന്നുമില്ല. ഭൗതിക ജീവിതത്തിലെ സുഖങ്ങളും സ്വപ്നങ്ങളും ആത്മാവിൻ്റെ ആനന്ദവും ഒന്നായിത്തീരുന്നിടത്താണ് ഭൂരിപക്ഷം മനുഷ്യരും കഴിയുന്നത്. അവർക്ക് ആത്മജ്ഞാനം വളരെ ദൂരെയാണ് .പലപ്പോഴും അവർ ആത്മാവിനെ പരംപൊരുളായി കാണുന്നില്ല. മനസ്സിൽ അറിയുന്ന വികാരങ്ങളും കലകളുമാണ് അവരെ ജീവിതത്തിൽ ഉയർത്തുന്നത്. എന്നാൽ എല്ലായ്പ്പോഴും ആത്മാവിൻ്റെ അന്വേഷണത്തിൽ ഒരു ശൂന്യത മനുഷ്യനെ മഥിക്കുന്നുണ്ട്. നശ്വരതയുടെ അർത്ഥമെന്ത്, എന്തിനാണ് താൻ ജനിച്ചത് ,എന്താണ് തന്നെ ഉന്മത്തനും ഉത്സുകനുമാക്കുന്നത് തുടങ്ങിയ ചിന്തകൾ ഏതൊരു വ്യക്തിയെയും വല്ലപ്പോഴുമെങ്കിലും അലട്ടാറുണ്ട്. ആ അലട്ടൽ താമസിയാതെ കെട്ടടങ്ങുകയും ചെയ്യുന്നു. ഒരു മിന്നൽ പോലെ ചില അറിവുകൾ നമ്മളിലൂടെ കടന്നു പോകുന്നു .സ്വപ്നത്തിലെന്നപോലെ അത് മാഞ്ഞുപോവുകയും ചെയ്യുന്നു. മനസ്സിൻ്റെ സിദ്ധിയാണത്. ഒരു അസാധാരണ ഗാനം കേൾക്കുമ്പോഴോ മഹത്തായ ഒരു പുസ്തകം വായിക്കുമ്പോഴോ നമ്മെ നാമല്ലാതാക്കി ഉന്നതമാക്കുന്ന എന്തോ സംഭവിക്കുന്നു; അത് ആത്മീയമാണ്. പ്രാപഞ്ചികമായ ഒരു പൊരുളിന് മുഖാമുഖം വരുന്നതിൻ്റെ സൂചനയാണത്, അങ്ങനെയാണെങ്കിൽ കലയിലെ സൗന്ദര്യം മായാകലയുടെ ഭാഗമാണോ ? വൈകാരികക്ഷമതയുടെ അത്യുന്നതമായ വിതാനത്തിൽ, സൗന്ദര്യത്തിൻ്റെ സ്പർശത്തിൽ നാം ആത്യന്തികവും അനശ്വരവുമായ അറിവിനെയല്ലേ സ്പർശിക്കുന്നത്?