കൊച്ചി: ‘ആത്മായനങ്ങളുടെ ഖസാക്ക് ‘എന്ന വിമർശനകൃതി എഴുതിയതോടെ തനിക്ക് നേരെ സാഹിത്യലോകത്ത് ഒരു വിഭാഗം ഒളിയുദ്ധം തുടങ്ങിയെന്ന് സാഹിത്യകാരനും കോളമിസ്റ്റും വിമർശകനുമായ എം.കെ. ഹരികുമാർ പറഞ്ഞു.
അന്താരാഷ്ട്ര പുസ്തകോത്സവസമിതി ഏർപ്പെടുത്തിയ കെ.രാധാകൃഷ്ണൻ മെമ്മോറിയൽ സാഹിത്യഅവാർഡ് വെണ്ണല മോഹനും പൂർണാ ബുക്സിനും(ഡോ.കെ. ശ്രീകുമാർ) ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് സമ്മാനിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കോളേജിൽ പഠിക്കുന്ന കാലത്ത് എഴുതിയതാണ് ആത്മായനങ്ങളുടെ ഖസാക്ക് (1984).എന്നാൽ അത് ഒരു സാമ്പ്രദായിക പഠനമോ അക്കാദമിക് പ്രബന്ധമോ അല്ല .താൻ ഒരു നോവലിനെക്കുറിച്ച് ഒരു പുസ്തകമാണ് എഴുതിയത്; പലരും ലേഖനങ്ങളാണ് എഴുതിക്കൊണ്ടിരുന്നത്. എന്നാൽ താൻ ചെയ്തത് വലിയ തെറ്റാണെന്ന് പലരും വിശ്വസിക്കുന്നു.തന്റെ പുസ്തകം വ്യക്തിപരമായ കലാസൗന്ദര്യാന്വേഷണത്തിൻ്റെയും സറിയലിസ്റ്റിക് ,എക്സ്പ്രഷണിസ്റ്റിക്ക് അനുഭവങ്ങളുടെയും ഒരു ആവിഷ്കാരമായിരുന്നു. അങ്ങനെ വിമർശനമെഴുതാൻ പാടില്ലെന്ന ചിലരുടെ നിലപാടാണ് തനിക്കും തന്റെ പുസ്തകത്തിനും ദോഷകരമായി മാറിയത്. ഒരു സാഹസം ചെയ്തു പോയി. അതോടു കൂടി സാഹിത്യലോകത്ത് പലതും തനിക്ക് നിഷേധിക്കപ്പെടാനുള്ള പ്രവണതകളുണ്ടായി. സാഹിത്യ അക്കാഡമിയുടെ ആളുകൾ സ്കൂളിൽ വന്ന് സംസാരിക്കാറുണ്ട് , കുട്ടികളേ ,നിങ്ങൾ എഴുതൂ ഞങ്ങൾ സംരക്ഷിച്ചു കൊള്ളാമെന്ന്!. എന്നാൽ നമ്മൾ വായിച്ച് വായിച്ച് അറിവു നേടി സ്വന്തം നിലയിൽ ചിന്തിക്കാൻ തുടങ്ങുന്നതോടെ അവർ പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെടും. സ്വന്തം സൗന്ദര്യബോധത്തിന്റെ പശ്ചാത്തലത്തിൽ മാമൂലകളെ ഭേദിക്കുന്ന ഒരു വാക്യം എഴുതുന്നതോടെ നമ്മൾ അവർക്ക് അപ്രിയരായി മാറുന്നു. അതുവരെ പ്രശംസിച്ച ബന്ധുക്കളും സുഹൃത്തുക്കളും സാവധാനം അകലുകയാണ് ചെയ്യുന്നത്. അവരുടെ മനോഭാവമുള്ള എഴുത്തുകാർ നമ്മെ എല്ലാ രംഗത്തും ദ്രോഹിക്കും. അവർ നമ്മുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കരുതെന്നു പറഞ്ഞ് പലർക്കും കത്തയ്ക്കും .അവാർഡുകൾ കൊടുക്കരുതെന്നു പറയും- അദ്ദേഹം പറഞ്ഞു.
താൻ എഴുതുന്നത് വായനക്കാരുടെ ഒരു കൂട്ടത്തിനുവേണ്ടിയല്ല. ആരാണ് വായനക്കാർ ,അറിയില്ല .അവർ സ്ഥിരമായി കൂടെയുണ്ടാവുമോ ? തൊട്ടടുത്ത മുറിയിൽ നമ്മെ പ്രതീക്ഷിച്ച് ഒരു കൂട്ടം വായനക്കാർ ഇരുപ്പുണ്ടെന്നറിഞ്ഞാൽ പിന്നെ ഉറങ്ങാനൊക്കുമോ? അത് എഴുതാനുള്ള ധൈര്യം ചോർത്തിക്കളയും .അവർക്കുവേണ്ടി എങ്ങനെയാണ് എഴുതാനാവുക ? അവരുടെ താല്പര്യം സംരക്ഷിക്കുന്ന ഒരാളാവാൻ തനിക്കാവില്ല. താൻ ,പ്രാഥമികമായി തനിക്കു വേണ്ടിയാണ് എഴുതുന്നത് . എല്ലാവർക്കും അറിയാവുന്നതും എല്ലാവരും തുടയിൽ താളം പിടിച്ചു തലകുലുക്കി സമ്മതിക്കുന്നതുമായ കാര്യങ്ങൾ എന്തിനാണ് എഴുതുന്നത്? അത് എല്ലാവർക്കും അറിയാവുന്നതാണല്ലോ. അമ്മയെ ബഹുമാനിക്കണമെന്നു പറഞ്ഞ് കവിയെഴുതുന്നവരെ കണ്ടിട്ടുണ്ട്. അമ്മയെ ബഹുമാനിക്കണമെന്നു ആർക്കാണ് അറിയാത്തത്? അത് കവി പറഞ്ഞു തരണമോ ?മറ്റുള്ളവർ ചിന്തിച്ച വഴിയിലൂടെ നടന്നു മറ്റുള്ളവരുടെ ഭാഷ ഉപയോഗിച്ച് എഴുതുന്നതിനെ എഴുത്തെന്ന് പറയാനാവില്ല. നിങ്ങൾ വള്ളത്തോളിനെ പോലെ കവിത എഴുതണ്ടേ. അതിനു വള്ളത്തോൾ എഴുതിയ കൃതികൾ ഉണ്ടല്ലോ. നിങ്ങൾ എംടിയെ പോലെ കഥകൾ എഴുതേണ്ട. എം.ടിയുടെ കഥകൾ ഉണ്ടല്ലോ. നിങ്ങൾ നിങ്ങളുടെ മൗലികതയിൽ എഴുതുകയാണ് വേണ്ടത് .നിങ്ങളുടെ ഭാഷയിൽ അത് വായിക്കാനാണ് നല്ല വായനക്കാരൻ ആഗ്രഹിക്കുക. നൂറാം പതിപ്പും ആഘോഷപൂർവ്വം വിൽക്കുന്ന പുസ്തകങ്ങളെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല .അത് എല്ലാവരെയും സന്തോഷിപ്പിക്കുന്നുണ്ടാകാം. വെറുതെ സന്തോഷിപ്പിക്കുന്നവർ നിലവിലുള്ളതിനെ നവീകരിക്കാൻ ശ്രമിക്കുന്നവരല്ല. അവർക്ക് സർഗാത്മകതയില്ല .വർഷങ്ങളുടെ വായനയിലൂടെയേ സാഹിത്യത്തിൻ്റെ അടിത്തട്ടിലെത്താനാവുകയുള്ളു. മണ്ണിനടിയിൽ ജലമൊഴുകുന്ന ഒരു പാതയുണ്ട് .അവിടെ ചെന്നാൽ പലരെയും കാണാം. നിങ്ങൾ ഒരു കാര്യം തീവ്രമായി ആഗ്രഹിക്കുമ്പോൾ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തുകയാണെന്ന വാക്യം പാവ്ലോ കൊയ്ലോയുടേതായി ഇവിടെ പ്രചരിക്കുകയാണ്. കൊയ്ലോ അങ്ങനെ പറഞ്ഞിട്ടുണ്ടാകാം. എന്നാൽ അത് ആദ്യം പറഞ്ഞത് അമേരിക്കൻ ചിന്തകനായ എമേഴ്സൺ ആണ്. പിന്നീട് ഹെർമ്മൻ ഹെസ്സേ പറഞ്ഞു. അതു തന്നെ ജിദ്ദു കൃഷ്ണമൂർത്തിയും പറഞ്ഞു. അവിടെ നിന്നാണ് അത് കൊയിലോയിൽ എത്തിയത് .ഇങ്ങനെ വല്ലവരുടെയും ആശയങ്ങൾ കടമെടുത്തു സ്വന്തമാണെന്ന മട്ടിൽ പ്രചരിപ്പിക്കുന്നവരുണ്ട്. അതിനെ എഴുത്തെന്ന് പറയാനാവില്ല. എഴുതുമ്പോൾ നിങ്ങൾ മറ്റുള്ളവർ പറഞ്ഞതോ ചിന്തിച്ചതോ സ്വീകരിക്കരുത്. ഒരു ബ്ലാങ്ക് പേപ്പറിൽ എഴുതുകതാണ് വേണ്ടത് .അപ്പോൾ അതിനുമുമ്പ് ഉണ്ടായിരുന്നത് തുടച്ചു കളഞ്ഞിരിക്കണം -ഹരികുമാർ പറഞ്ഞു.
തന്നെ ഇരുപത്തിയഞ്ച് വർഷം ഒരു സാഹിത്യമാസികയുടെ പത്രാധിപർ ഒഴിവാക്കിയ കാര്യം ഹരികുമാർ അനുസ്മരിച്ചു. ഇത്തരം പത്രാധിപന്മാർ സ്വന്തം പരിചയക്കാരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയുമാണ് കാണുന്നത് .ഒരു പത്രം പത്രാധിപരുടെ ബന്ധുക്കൾക്കുള്ളതല്ല. അത് സമൂഹത്തിന്റെയാണ്. പത്രപ്രവർത്തകർക്കും എഴുത്തുകാർക്കും നന്ദി കിട്ടാൻ പ്രയാസമാണ്. മുപ്പത് വർഷം ജോലി ചെയ്ത് പിരിയുമ്പോൾ സ്വന്തം പത്രത്തിൽ അതിനെക്കുറിച്ച് ഒരു വാർത്ത വരാത്ത അനുഭവമാണ് മിക്ക പത്രപ്രവർത്തകർക്കുമുള്ളത്.
എഴുത്തുകാർ ഓർമിക്കപ്പെടണമെങ്കിൽ പ്രതിഭയുടെ മഹാസമ്പത്തുണ്ടാകണം. ഒരു നൂറുവർഷത്തിനിടയിൽ ഓർക്കാൻ മാത്രം പ്രസക്തി നേടുന്നത് ചിലപ്പോൾ ഒരാളായിരിക്കും. എഴുത്തച്ഛൻ അദ്ദേഹം ജീവിച്ച നൂറ്റാണ്ടിലെ ഒരേയൊരു കവിയാണ്. സാഹിത്യകാരൻ്റെ ജീവിതം സംഘർഷാത്മകവും സ്വയം ചതിക്കുന്നതുമാണ്. ഓരോ എഴുത്തുകാരനും സ്വന്തം വിധിയോടു പൊരുതേണ്ടി വരുന്നു. അവനവൻ്റെ ഭാഷയും ശൈലിയും വിമർശനാത്മകതയും എഴുത്തുകാരനെ ഒറ്റപ്പെടുത്തുകയാണ്- ഹരികുമാർ ചൂണ്ടിക്കാട്ടി.
പുസ്തകോത്സവസമിതിയുടെ മുഖ്യ സംഘാടകരിലൊരാളായിരുന്ന കെ.രാധാകൃഷ്ണനുമായി ഊഷ്മളമായ ഹൃദയബന്ധം സൂക്ഷിക്കാനായിട്ടുണ്ട്. മാത്രമല്ല ,വളരെ മുന്നേ തന്നെ സൗഹൃദമുള്ള ഒരാളോട് എന്നപോലെയാണ് അദ്ദേഹം പെരുമാറിയത്. അത് വിസ്മയകരമായിരുന്നു.കെ.രാധാകൃഷ്ണനെ ഓർമ്മിച്ച പുസ്തകോത്സവ സമിതിയെ അഭിനന്ദിക്കുകയാണ്. എറണാകുളത്തിനു സാഹിത്യപ്രതാപം നഷ്ടപ്പെട്ട ഒരു കാലത്താണ് അന്താരാഷ്ട്ര പുസ്തകോത്സവസമിതി രൂപീകൃതമായത്. ഇക്കാര്യത്തിൽ മുഖ്യ സംഘാടകനായ നന്ദകുമാറിനെയും സുഹൃത്തുക്കളെയും പ്രശംസിക്കാതിരിക്കാനാവില്ല. ജി. ശങ്കരക്കുറുപ്പ് ,സുകുമാർ അഴീക്കോട്, സി.പി.ശ്രീധരൻ തുടങ്ങിയവരുടെ കാലത്ത് എറണാകുളത്ത് പ്രവർത്തിച്ച സാഹിത്യപരിഷത്ത് ഒരു വലിയ സാഹിത്യകേന്ദ്രമായിരുന്നു. എന്നാൽ അത് ക്ഷയിച്ചിരിക്കുന്നു. അവിടെ ഇപ്പോൾ സിൽബന്ധികൾക്ക് മാത്രമാണ് സ്ഥാനം. അവർക്ക് ആശയങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സൂര്യനെ പോലെ ഉദിച്ചുവന്ന അന്താരാഷ്ട്ര പുസ്തകോത്സവസമിതിയെ താൻ ആദരിക്കുന്നതെന്നു ഹരികുമാർ ചൂണ്ടിക്കാട്ടി.
അദ്ധ്യക്ഷത വഹിച്ച ടി.സതീശൻ ,ജസ്റ്റിസ് എൻ. നഗരേഷ്, ടി.കെ. പ്രഫുല്ലചന്ദ്രൻ, പത്മജ എസ്. മേനോൻ ,വെണ്ണല മോഹൻ ,ഡോ. കെ. ശ്രീകുമാർ, ശ്രീവള്ളി രാജീവ് എന്നിവർ പ്രസംഗിച്ചു.
👍വരെ മനോഹരമായ വാക്കുകൾ. സത്യം വിളിച്ചു പറയാൻ സാഹിത്യലോകത്തും എഴുത്തുകാരൻ ഉണ്ടാകുക എന്ന് പറയുന്നത് അഭിമാനമാണ്.
സാറിന്റെ വാക്കുകളിൽ സത്യവും, ധൈര്യവും മാത്രമല്ല കണ്ടത് അറിവിന്റെ മികവും കണ്ടു. നന്ദി
👍വരെ മനോഹരമായ വാക്കുകൾ. സത്യം വിളിച്ചു പറയാൻ സാഹിത്യലോകത്തും എഴുത്തുകാരൻ ഉണ്ടാകുക എന്ന് പറയുന്നത് അഭിമാനമാണ്.
സാറിന്റെ വാക്കുകളിൽ സത്യവും, ധൈര്യവും മാത്രമല്ല കണ്ടത് അറിവിന്റെ മികവും കണ്ടു. നന്ദി