മഴയിലേക്ക് ഒരു വേനൽ ദൂരം

വേനൽ കത്തുന്നു.
വേനൽദാഹമേറി ദേഹം തളരുന്നു.
ദേഹി പിടയുന്നു.
ദൈന്യതയേറുന്നു.
മഴനീർപ്പളുങ്കുകളോട് മോഹമേറുന്നു
സുഖകരമായൊരു കുളിർത്തെന്നലകമ്പടിയോടെ
ആകാശവൃഷ്ടി നടത്തി ആലിപ്പഴങ്ങളെ ഈ ഭൂവാകെ ചൊരിഞ്ഞിടാൻ മഴ ദേവന്റെ ഉള്ളം കനിയണം.
അതിനൊരു വേനൽ ദൂരം താണ്ടണം.
മഴയിലേക്കുള്ള വേനൽ ദൂരങ്ങളിൽ
കനൽക്കാടുകൾ പൂക്കുന്നു
കള്ളിമുൾച്ചെടികളിൽ നിറയേ വർണ്ണപ്പൂക്കൾ
അവയെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന സമൃദ്ധമായ കൂർത്ത മുള്ളുകൾ
സീൽക്കാര ശബ്ദത്തോടെ
എന്റെ നേരെ
ചീറ്റിയടുക്കുന്ന വിഷസർപ്പങ്ങൾ
തീ തുപ്പുന്ന വ്യാളികൾ
ചോരക്കറയേറിയ ദംഷ്ട്രകൾ
വേനൽ ദൂരമെന്നെ തളർത്തുമ്പോൾ കനിവു പെയ്യുന്ന മഴയേ
കൊതിക്കാതെന്തു ചെയ്യും?
നീ മഴ
ഞാൻ വരണ്ടുണങ്ങി വിണ്ടുകീറി പഴുത്തു കിടക്കും ഭൂമി
മഴയേ നീ പെയ്യുക..
എന്നിൽ കനിവായ് പെയ്യുക…
മാറു തണുക്കണം
മഞ്ഞിൽ പുതയണം
ചുംബനമേൽക്കണം….
സ്നേഹമൂറണം
കുളിർ മുത്തുക്കൾ മേനിയാകെ മൂടണം
മഴ പൊഴിയേ അഗ്നി അണയണം
പഴുത്തു പൊള്ളിയ ഈ ഭൂമിയുടെ ആഴങ്ങളിലേക്ക് ആഴങ്ങളിലേക്ക് കലങ്ങി മറിഞ്ഞ്
കുത്തിയൊഴുകി കനിവിന്റെ ചാലുകൾ ആഴ്ന്നിറങ്ങട്ടെ..
നീ മഴ
ഞാൻ ഭൂമി
നീ പെയ്യുക
വേനൽ ദൂരത്തിനിപ്പുറം നീ പെയ്യുക.

You can share this post!