റേഡിയോ പ്രഭാഷണം
”ഒരാൾ വായനയുടെ ഉപഭോക്താവ് മാത്രമാവുകയും ഒന്നിന്റെയും പ്രത്യേക അഭിരുചിക്ക് വിധേയനാകാതിരിക്കുകയും ചെയ്യുന്നതാണ് നാം കാണുന്നത്. വായന മരിക്കുന്നു എന്ന് ചിലർ പറയുന്നത്, പുസ്തകവായന പൊതുവേ കുറയുന്നതിനെ ഉദ്ദേശിച്ചാണ്. എന്റെ നോട്ടത്തിൽ വായന മരിക്കുന്നത് അങ്ങനെയല്ല.
വായിക്കേണ്ടതുപോലെ വായിക്കാത്തത്താണ് വായനയുടെ മരണം. സൂക്ഷ്മമായി ഇറങ്ങി, ബൗദ്ധികമായ ഉണർവ്വുകളിലേക്ക് പ്രവേശിക്കുമ്പോഴാണ് യഥാർത്ഥ വായന ഉണ്ടാകുന്നത്.”
ഒരു ആശയാനന്തരകാലത്തിന്റെ സൗന്ദര്യാത്മക കൂട്ടിക്കുഴക്കലോ ബഹുസ്വരതയുടെ നിർമ്മാണമോ ആണ് 2017ലെ സാഹിത്യത്തെ പൊതുവേ നോക്കുമ്പോൾ കാണുന്നത്. ഭാവുകത്വം മരിച്ചു എന്ന ഈ ലേഖകന്റെ നിലപാടിനു കുറേക്കൂടി തെളിവ് ലഭിക്കുകയാണ്. പ്രത്യേക ഭാവുകത്വത്തിന്റെ ആധിപത്യം കാണാനില്ല. ആധുനികതയുടെ എഴുപതുകളും എൺപതുകളും പിന്നിട്ട് 21-ാം നൂറ്റാണ്ടിലേക്ക് കടന്നിട്ടും സവിശേഷമായ ഒരു സാഹിത്യവൈകാരികതയുടെ പ്രഭാവം കാണാനില്ല. ഉത്തരാധുനികത ഒരു പ്രസ്ഥാനമായതുമില്ല. തൊണ്ണൂറുകളിൽ സാമാന്യജീവിതത്തിന്റെ അനുഭവങ്ങളിലേക്ക് ആഴ്‌ന്നിറങ്ങി എൻ.എസ്. മാധവൻ, സാറാ ജോസഫ്, എൻ. പ്രഭാകരൻ തുടങ്ങിയവർ ചില കഥകളെഴുതിയെങ്കിലും അത് ഒരു സർഗാത്മക ആഘാതമായില്ല. ഉത്തരാധുനിക ജീവിതത്തിന്റെ പുറംതോട് എന്ന നിലയിൽ ചില സൈബർ സ്പർശമുളള രചനകൾ ഉണ്ടായെങ്കിലും, സത്യാന്വേഷണമോ അപഗ്രഥനമോ കാണാനുണ്ടായിരുന്നില്ല. വൈകാരികമായ നിർജീവിതയിലേക്ക് കഥ ആണ്ടുപോകുകയാണ് ചെയ്തത്. സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി നന്നായി ചർച്ചചെയ്തെങ്കിലും എങ്ങും എത്തിയില്ല. നിത്യവും കാണുന്നതും ഒരു ശരാശരി വായനക്കാരനു സങ്കൽപിക്കാവുന്നതുമായ സംഭവങ്ങളുടെ അതിഭാവുകത്വപരമായ ഒരു രചനയായി ‘ബിരിയാണി’ അപ്രസക്തമാവുകയാണ്. ഒരു തയ്യൽക്കാരൻ അളവെടുത്ത് തുന്നിയ കുപ്പായംപോലെയാണ് ആ കഥയുടെ അവസ്ഥ.
വ്യക്തമായ പ്രത്യയശാസ്ത്രമോ തത്ത്വചിന്തയോ ഇപ്പോൾ ആർക്കും ആവശ്യമില്ല. പുരോഗമനസാഹിത്യം പേരിൽ മാത്രമായി. വൈകാരികമായ കുത്തൊഴുക്ക് കഥയിൽ കല്ലുകടിയാവുകയേയുള്ളൂ. എങ്ങനെ വിവേകത്തിലേക്ക് സാവധാനം കടന്നുചെല്ലാമെന്ന ചിന്തയ്ക്ക് ഏക്കാളത്തും പ്രസക്തിയുണ്ട്. അതുപോലെ രൂപപരമായ പരീക്ഷണങ്ങളും വേണം. നമ്മുടെ മികച്ച കഥകൾ അങ്ങനെയാണ് ഉണ്ടായിട്ടുള്ളത്. എം.ടിയുടെ ഷെർലക്, ഒ.വി. വിജയന്റെ ‘അരിമ്പാറ’, ടി. പത്മനാഭന്റെ ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ തുടങ്ങിയ കഥകൾ വായനക്കാരനെ വിവേകമുള്ളവരാക്കുന്നു. അവൻ ജീവിതത്തിന്റെ ഇരുട്ടിൽ നിന്ന് കരകയറാനായി കാത്തുനിൽക്കുമ്പോൾ കിട്ടിയ അവസാനത്തെ ബസ്സായി ഈ രചനകളെ കാണാവുന്നതാണ്.
എന്നാൽ അക്കാലത്ത് ഭാവുകത്വപരമായ കേന്ദ്രീകരണമുണ്ടായിരുന്നു. വിജയൻ എഴുതുമ്പോൾ, അതുവരെ ആവിഷ്കരിക്കപ്പെടാതിരുന്ന ചില ചിന്തകളും അനുരണനങ്ങളും ഉണ്ടാകുന്നു. അത് വായിക്കാൻ പ്രത്യേക താൽപര്യമുള്ളവരുണ്ടായിരുന്നു. അവരാണ് അങ്ങനെയുള്ള സാഹിത്യത്തെ മുന്നോട്ട് നയിച്ചതു. ആ കഥകളെക്കുറിച്ച് എഴുതാൻ വൈദഗ്ധ്യമുള്ളവരുണ്ടായിരുന്നു. ആരുടെയും പ്രേരണയാലല്ലാതെ എഴുതുന്നവരായിരുന്നു അവർ.
ഇപ്പോൾ ഇതുപോലുള്ള ഭാവുകത്വമില്ല. ഓരോ കാലഘട്ടത്തിലേയും വിഭിന്നസ്വരങ്ങൾ ഒന്നിച്ച് വന്ന് കലപിലയുണ്ടാക്കുകയാണ്. ഒരു വാർഷികപ്പതിപ്പിൽതന്നെ പലതലങ്ങളിലുള്ള എഴുത്തുകാർ പ്രത്യക്ഷപ്പെടുന്നു. ഇതിന്റെയെല്ലാം വായനക്കാർ ഒരേതരമായിരിക്കുന്നു എന്ന ആപൽക്കരമായ കാര്യമാണ് പറയാനുള്ളത്. അക്കിത്തത്തെയും ആറ്റൂർ രവിവർമ്മയെയും ഒരേപോലെ വായിക്കുകയാണ്. യു.എ. ഖാദറിനെയും എം. സുകുമാരനെയും ഒരേപോലെ വായിക്കുന്നു. സവിശേഷ വായനകളില്ല. പുതുതായെന്തെങ്കിലും പറയാൻ പറ്റാത്തവിധം, ഈ ബഹുസ്വരതയെ ഏകതാനമാക്കി വായന ലഘൂകരിക്കപ്പെട്ടിരിക്കുന്നു. കെ.കെ. സുധാകരനും വായനക്കാരുണ്ട്, എൻ. പ്രഭാകരനും മേതിൽ രാധാകൃഷ്ണനും വായനക്കാരുണ്ട്. ഒരേതരം വായനക്കാർ വിഭിന്ന കാലങ്ങളെ ഒരുപോലെ വായിക്കുകയാണ്. വായിക്കുക എന്ന പ്രക്രിയ പ്രോത്സാഹജനകമാണെങ്കിലും ഇതിൽ ഒരു ദുരന്തവുമുണ്ട്. ഒന്നിനോടും ഗാഢമായ ബന്ധമില്ല. ഒന്നിലും ജീവിക്കാതിരിക്കുന്ന അവസ്ഥ. എല്ലാം വായിച്ചു തള്ളിക്കളയുന്നപോലെ. നിഷ്കൃഷ്ടമായ വായന ഉണ്ടാകുന്നില്ല.
ഒരാൾ വായനയുടെ ഉപഭോക്താവ് മാത്രമാവുകയും ഒന്നിന്റെയും പ്രത്യേക അഭിരുചിക്ക് വിധേയനാകാതിരിക്കുകയും ചെയ്യുന്നതാണ് നാം കാണുന്നത്. വായന മരിക്കുന്നു എന്ന് ചിലർ പറയുന്നത്, പുസ്തകവായന പൊതുവേ കുറയുന്നതിനെ ഉദ്ദേശിച്ചാണ്. എന്റെ നോട്ടത്തിൽ വായന മരിക്കുന്നത് അങ്ങനെയല്ല.
വായിക്കേണ്ടതുപോലെ വായിക്കാത്തത്താണ് വായനയുടെ മരണം. സൂക്ഷ്മമായി ഇറങ്ങി, ബൗദ്ധികമായ ഉണർവ്വുകളിലേക്ക് പ്രവേശിക്കുമ്പോഴാണ് യഥാർത്ഥ വായന ഉണ്ടാകുന്നത്.
പോയവർഷം സാഹിത്യരചനകളുടെ എണ്ണത്തിൽ വൻകുതിപ്പാണുണ്ടായത്. എല്ലാ പത്രങ്ങളും പതിവുപോലെ ഓണപ്പതിപ്പുകൾ പ്രസിദ്ധീകരിച്ചു. പത്രങ്ങളില്ലാത്തവരും ഓണത്തെ സാഹിത്യത്തിലൂടെ വരവേറ്റു. ഓണക്കാലത്ത് സർഗാത്മകമായ പ്രസവം ഏറുകയാണ്. ഓണം സാർവകാലിക ജനാധിപത്യത്തെയാണ് ആഘോഷിക്കുന്നത്. അതുകൊണ്ട് എല്ലാവർക്കും എഴുതാനുള്ള അവസരമാണ് ഓണം ഒരുക്കുന്നത്.
2017ലെ നൂറുകണക്കിനു കഥകളിൽനിന്ന് ശ്രദ്ധേയമെന്ന് തോന്നിയ പത്ത് എണ്ണം തിരഞ്ഞെടുക്കുകയാണ്. പത്തിലൊതുക്കേണ്ടിവരുന്നതുകൊണ് ട് വേറെ മികച്ച കഥയില്ല എന്ന് അർത്ഥമാക്കേണ്ടതില്ല.
ടി പത്മനാഭന്റെ മരയ, പ്രകാശ് മാരാഹിയുടെ അരശ്, കെ.വി. മോഹൻകുമാറിന്റെ രണ്ട് പശുക്കച്ചവടക്കാർ, വി.ആർ. സുധീഷിന്റെ അച്ഛൻ വന്നു, എം.ജി. ബാബുവിന്റെ അധികം ദീർഘിപ്പിക്കുന്നില്ല, സി. രാധാകൃഷ്ണന്റെ ഒറ്റയാൻ, പെരുമ്പടവം ശ്രീധരന്റെ ചാവ്നിലങ്ങളിലെ കാറ്റ്, ഇ.കെ. ഷീബയുടെ ഇന്ത്യൻ റുപ്പി, എം. രാജീവ്കുമാറിന്റെ പുല്ലിംഗപ്പാടം, പ്രശാന്ത് കാക്കശ്ശേരിയുടെ വായനക്കാരന്റെ ജാതി എന്നീ കഥകൾ കുറച്ചൊക്കെ വ്യത്യസ്തമാണ്. പ്രമേയപരമായ വൈവിധ്യമാണ് പ്രധാനമായി കണ്ടത്. ടി. പത്മനാഭന്റെ വിവരണരീതി, സാത്വികമായ ഒരു മാനസികാവസ്ഥയാണ് വായനക്കാർക്ക് നൽകുന്നത്. പ്രണയത്തെ മാനവമഹത്വത്തിന്റെ പ്രതീകമായി ഈ കഥയിലും അദ്ദേഹം അവതരിപ്പിക്കുന്നു. ഗൗരിയിൽ അസാധാരണമായ ഒരു കൂടിക്കാഴ്ചയായിരുന്നെങ്കിൽ മരയയിൽ പ്രണയത്തിന്റെ പ്രശാന്തിയാണുള്ളത്. മനുഷ്യൻ അവന്റെ സങ്കുചിതവും വിഷലിപ്തവുമായ സ്വാർത്ഥതകളിൽ നിന്നുയർന്ന് അസാധാരണമായ ജീവിതകാമനകളിലേക്കുയരുമ്പോഴാണ് പ്രണയമൊക്കെ സാധ്യമാവുന്നത് എന്ന യാഥാർത്ഥ്യമാണ് ടി. പത്മനാഭൻ പറയുന്നത്.
പെരുമ്പടവം ശ്രീധരന്റെ ‘ചാവ്നിലങ്ങളിലെ കാറ്റ്’ ഏറെക്കുറെ വൃദ്ധരായ ദമ്പതികളുടെ ഒളിഞ്ഞിരിക്കുന്ന പ്രണയത്തെ ആവിഷ്കരിക്കുകയാണ്. ചാനലുകളിലെ കാഴ്ച കണ്ടിരിക്കുന്ന അവരുടെ മനോനില വായനക്കാർക്ക് വ്യക്തമാവുന്നുണ്ട്. ഭർത്താവിനെ സ്നേഹിക്കാൻ ആഗ്രഹിക്കുന്ന ഭാര്യ, ഭാര്യയോടുള്ള സ്നേഹം എങ്ങനെ പുറത്തെടുക്കണമെന്നറിയാതെ കഴിയുന്ന ഭർത്താവ്. അവർക്കിടയിൽ അകലമൊന്നുമില്ല. ചാനലുകളും മാധ്യമങ്ങളും അവരിലേക്ക് ഏതോ അന്യത അടിച്ചേൽപ്പിക്കുകയാണ്. നമ്മെ സ്വന്തം ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ പ്രേരിപ്പിക്കുകയാണ് ചാനലുകൾ. വിരുദ്ധാത്മകവും വിഭ്രമകവുമായ കാഴ്ചകളെ പ്രണയത്തിന്റെയും ഭക്തിയുടെയും നിറങ്ങളിലേക്ക് സംയോജിപ്പിച്ച് ആസ്വദിച്ചുകൊണ്ടിരിക്കുന്ന നമുക്ക് ഒന്നിനും വേണ്ടി സ്വയം സജ്ജരാകാൻ കഴിയില്ല. നമ്മെ മറ്റാരോ നിയന്ത്രിക്കുകയാണ്. ഒരുപക്ഷേ, ആ റിമോട്ട് കൺട്രോൾ ഓരോ ചാനലുമാണ്. ചാനൽ നമ്മെ കെട്ടിയിടുകയാണ്. ഒരാൾ യഥാർത്ഥ റിമോട്ടിലമർത്തുമ്പോൾ, തിരിച്ച് ചാനലും ഒരു ബട്ടണമർത്തുന്നു. വേർപിരിയാനാവാത്തവിധം ബന്ധിക്കുന്നതിനുള്ള ബട്ടൺ. ഇതിനിടയിൽപ്പെട്ട ദാമ്പത്യംപോലും ഇന്ന് മാറ്റിവയ്ക്കപ്പെടുകയാണ്. സ്നേഹിക്കണമെന്ന് തോന്നുമ്പോൾ, ചാനൽപ്പെട്ടി തുറന്നുവച്ച് അൽപനേരം സ്നേഹിക്കും. പ്രേമം ചാനലിൽ വരുന്നവരോടാണ്; വീട്ടിലുള്ളവരോടല്ല. വീട്ടിലുള്ളവർ ഒരു വാർത്തയും സൃഷ്ടിക്കുന്നില്ല. ഒരു ചായവും പൂശുന്നില്ല. ലൈംഗിക ചേഷ്ടകൾ കാണിക്കുന്നില്ല. ലൈംഗിക സ്വാതന്ത്ര്യമൊന്നും അറിയാതെ വെറും പ്രേക്ഷകരാവാനാണല്ലോ അവരുടെ വിധി. പെരുമ്പടവത്തിന്റെ കഥ ഈ ചിന്തകളെല്ലാമാണ് മനസിലേക്ക് കോരിയിട്ടത്.
ചെറുകഥയും നോവലും തമ്മിലാണോ ഇപ്പോൾ മത്സരമെന്ന് ശങ്കിക്കുകയാണ്. ഒരു ആഴ്ചപ്പതിപ്പിൽ രണ്ടോ മൂന്നോ കഥകൾ വരുന്നുണ്ട്. എന്നാൽ പുസ്തകരൂപത്തിൽ പുറത്തുവരുന്ന നോവലുകളുടെ എണ്ണ മുൻകാലങ്ങളേക്കാൾ അധികമാണ്. കഥയെഴുതിയാൽ ഇന്ന് എഴുത്തുകാരന് സമ്പൂർണ ഖ്യാതി കിട്ടുന്നില്ല. ചില വാരികകൾ മുഖ്യസൗന്ദര്യം നോക്കി മുഖചിത്രമടിക്കുന്നത് മാത്രമാണ് മെച്ചം. എന്നാൽ വായനക്കാർ ഒരു കഥയെഴുത്തുകാരനെ വലിയൊരു സാഹിത്യകാരന്റെ തലത്തിലേക്ക് ഉയർത്തണമെങ്കിൽ ആ രംഗത്ത് ദീർഘകാലത്തെ സംഭാവന വേണം. സി.വി. ശ്രീരാമനൊക്കെ അത് നേടി. വി.പി. ശിവകുമാർ അത് കൈവരിച്ചു. ഒരു ഓഥർ എന്നാൽ ഇപ്പോഴും നോവലിസ്റ്റാണ്. അതുകൊണ്ടാണ് പാശ്ചാത്യരാജ്യങ്ങളിൽ സർഗാത്മകത എന്നാൽ നോവൽ എന്ന നിലയിലേക്ക് കാര്യങ്ങൾ വികസിച്ചതു. സൽമാൻ റുഷ്ദി, അരുന്ധതി റോയി തുടങ്ങിയവർ ആഗോളശ്രദ്ധ നേടിയത് നോവലിലൂടെയാണല്ലോ. അവർ ചെറുകഥകളാണ് എഴുതിയിരുന്നതെങ്കിൽ ഈ ഖ്യാതി ലഭിക്കുമായിരുന്നില്ല. മാത്രമല്ല നോബൽ സമ്മാനം തൊണ്ണൂറു ശതമാനവും നോവലുകൾക്കാണെന്ന് കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തെ ലിസ്റ്റ് നോക്കിയാൽ മനസിലാകും. മലയാളത്തിലും ഇപ്പോൾ നോവൽകാലമാണ്.
2017ലെ മികച്ച പതിനൊന്ന് പുസ്തകങ്ങൾ എടുക്കുക എന്നത് ശ്രമകരമാണ്. എങ്കിലും ആഖ്യാനത്തിന്റെ പ്രത്യേകത, വിവിധ സാഹിത്യശാഖകളുടെ പ്രസക്തി എന്നീ പരിഗണനകൾ വച്ചുകൊണ്ട് പതിനൊന്ന് പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നു.
1) ചിന്താമുള്ളുകൾ, കവിത, നീല പത്മനാഭൻ
2) ചുവന്ന ബാഡ്ജ്, നോവൽ, രാജേഷ് ആർ വർമ്മ
3) ജവഹർഘട്ട്, നോവൽ, പൊന്ന്യം ചന്ദ്രൻ
4) ലീലാപ്രഭു, നോവൽ, ഡോ. സുധീർ കിടങ്ങൂർ
5) പൂജ്യം, നോവൽ, രവിവർമ്മ തമ്പുരാൻ
6) മറുവഴി, പുതുവഴി – സാഹിത്യ, സാംസ്കാരിക അവലോകനം, പ്രദീപ് പനങ്ങാട്
7) നിശ്ചലം, നിശ്ശബ്ദം, ഫോട്ടോഗ്രാഫിയുടെ ചരിത്രം, സജി എണ്ണയ്ക്കാട്
8) വാൻഗോഗിന്റെ കത്തുകൾ, പരിഭാഷ, എൻ. മൂസക്കുട്ടി
9) സമുദ്രങ്ങൾ, കവിത, സച്ചിദാനന്ദൻ
10) ഫാന്റം ബാത്ത്, കഥകൾ, ഇ.കെ. ഷാഹിന
11) ആശാന്റെ വീണപൂവ് – വിത്തും വൃക്ഷവും, പഠനം, കെ. ജയകുമാർ
എൻ. മൂസക്കുട്ടിയുടെ പരിഭാഷയെ പ്രശംസിക്കാതിരിക്കാനാവില്ല. മഹാചിത്രകാരനായ വാൻഗോഗിന്റെ നൂറുകണക്കിനു കത്തുകൾ വലിയൊരു സാഹിത്യ സംസ്കാരമാണ് പരിചയപ്പെടുത്തുന്നത്. അരാജകവാദിയായി അറിയപ്പെടുന്നുവേങ്കിലും വാൻഗാഗിൽ ഒരു വലിയ വായനക്കാരനും കലാചിന്തകനുമുണ്ട്. ഒരിടത്തും രാജിയാകാത്ത മനോബലമുള്ളവനും, സ്ഥിരോത്സാഹിയുമായിരുന്നു വാൻഗോഗ്. തന്റെ മുൻഗാമികളിൽനിന്ന് എന്ത് ഉൾക്കൊള്ളണമെന്നും എന്ത് തള്ളണമെന്നും വ്യക്തമായി അദ്ദേഹത്തിനു അറിയാമായിരുന്നു. വാൻഗോഗിന്റെ കത്തുകളുടെ സമ്പൂർണ മലയാള പരിഭാഷ പ്രസിദ്ധീകരിക്കണമെന്ന് ലളിതകലാ അക്കാദമിയോട് അഭ്യർത്ഥിക്കുകയാണ്. സഹോദരൻ തിയോയ്ക്ക് എഴുതുന്ന കത്തുകളിൽ വാൻഗോഗ് കലാപ്രവർത്തനത്തെ ഗ്രസിച്ചിട്ടുള്ള തത്ത്വചിന്താപരവും ആത്മീയവുമായ കുരുക്കുകൾ അഴിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഒരു കത്തിലെ വാചകങ്ങൾ ചുവടെ ഉദ്ധരിക്കുന്നു:
“ഡച്ച് ഗ്രന്ഥകാരനായ മുൾട്ടാടുലിയുടെ അവിശ്വാസിയായ ഒരു കഥാപാത്രം തന്റെ പ്രാർത്ഥന അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ‘ഓ ദൈവമേ, ദൈവം എന്ന ഒന്നില്ല’- നമ്മൾ ഈ വാക്കുകൾ ഉച്ചരിക്കുമ്പോഴാണ് ദൈവം യഥാർത്ഥത്തിൽ ആരംഭിക്കുന്നതെന്ന് അവളൊരിക്കലും മനസിലാക്കുന്നില്ലെന്ന് ഞാൻ സംശയിക്കുന്നു. പുരോഹിതന്മാരുടെ ദൈവം എനിക്കു കതകിൽ തറച്ച ആണിപോലെ മൃതമാണ്. അതെല്ലാംകൊണ്ട് ഞാനൊരു നിരീശ്വരവാദിയാണോ? പുരോഹിതന്മാർ എന്നെ അങ്ങനെയാണ് കണക്കാക്കുന്നത്.
അതങ്ങനെയാവട്ടെ. പക്ഷേ, ഞാൻ സ്നേഹിക്കുന്നു. ഞാൻ സ്നേഹിച്ചില്ലെങ്കിൽ, മറ്റുള്ളവർ സ്നേഹിച്ചില്ലെങ്കിൽ, എങ്ങനെയാണ് എനിക്ക് സ്നേഹം തോന്നുക? പിന്നീടും നമ്മൾ ജീവിക്കുകയാണെങ്കിൽ അതിൽ എന്തോ നിഗോൂഢതയുണ്ട്. ഇനി അതിനെ ദൈവമെന്നോ മനുഷ്യപ്രകൃതമെന്നോ അല്ലെങ്കിൽ നിനക്ക് ഇഷ്ടമുള്ളതെന്നോ വിളിക്കൂ. എന്നാൽ എനിക്കു സാമ്പ്രദായികമായി നിർവ്വചിക്കാൻ കഴിയാത്ത എന്തോ ഒന്നുണ്ട്. പക്ഷേ, അത് വളരെയേറെ സജീവവും വളരെ യഥാർത്ഥവുമാണ്. നോക്കൂ. അതാണ് ദൈവം; അല്ലെങ്കിൽ ദൈവത്തെപ്പോലെ അത്രയും നല്ലത്.” 2017ൽ ഈ ലേഖകന്റെ രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതിൽ ഒന്ന് വാൻഗോഗിനെക്കുറിച്ചെഴുതിയ നോവലാണ്. ‘വാൻഗോഗിന്’ എന്നാണ് പേര്. വാൻഗോഗിന്റെ ഇടതുചെവി ഛേദിച്ചതു അദ്ദേഹമാണെന്ന ചരിത്രമാണ് നമ്മുടെ മുമ്പിലുള്ളത്. ഒരു തീവ്രവികാരാവസ്ഥയിൽ തന്റെ ചെവി ഛേദിച്ച്, ഇത് നീയെടുത്തുകൊള്ളുക എന്നു പറഞ്ഞ് കാമുകിക്ക് കൊടുത്തുവേന്നാണ് നമ്മെ പഠിപ്പിച്ചിട്ടുള്ളത്. വാൻഗോഗിന്റെ ജീവിതം പഠിച്ചപ്പോൾ, ഇങ്ങനെയൊരു സാഹസത്തിനു അദ്ദേഹം മുതിരില്ലെന്ന് മനസിലായി. പലതും കൂട്ടിവായിച്ചപ്പോൾ, അത് ചെയ്തത് വാൻഗോഗല്ല, കൂടെ താമസിച്ചിരുന്ന സുഹൃത്തും ചിത്രകാരനുമായ പോൾ ഗോഗിനാണെന്ന് തോന്നി. അതിനു പ്രേരിപ്പിച്ച ചില കാര്യങ്ങളിൽ ഏറ്റവും പ്രധാനം വാൻഗോഗ് ഗോഗിന് അയച്ച കത്തിലെ ഒരു വാചകമാണ്. ‘ആ കാര്യം എന്നിൽനിന്ന് പുറത്തുവരില്ല,നീയും അങ്ങനെ ചെയ്യുമെന്ന് കരുതുന്നു’ എന്ന വാക്യത്തിൽ ഒരു ധ്വനി അടങ്ങിയിട്ടുണ്ട്. സുഹൃത്തുമായി വാൻഗോഗ് വഴക്കുകൂടി എന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. വാളുകൊണ്ടുള്ള ആയോധനകലയിൽ ഗോഗിൻ വൈദഗ്ധ്യം നേടിയിരുന്നു എന്നുകൂടി അറിയുമ്പോൾ ഇത് വ്യക്തമാവുകയാണ്. മറ്റൊരു പുസ്തകം, സൈദ്ധാന്തിക, ദാർശനികതലത്തിൽ എന്റെ സ്വന്തം ചിന്തകൾ അവതരിപ്പിച്ച ‘എം.കെ. ഹരികുമാറിന്റെ സിദ്ധാന്തങ്ങൾ’ എന്ന കൃതിയാണ്.
നവാദ്വൈതം, ഉത്തര-ഉത്തരാധുനികത തുടങ്ങിയ ആശയങ്ങൾ ഇതിൽ ചർച്ച ചെയ്യുന്നു. കവിത ഒരു പൊതുഭാഷണമായിട്ടുണ്ട്. ഒരുകാലത്ത് കഥകളെഴുതിയവരും പിന്നീട് ആ രംഗത്ത് നിന്ന് നിഷ്ക്രിച്ചവരുമൊക്കെ, ഇപ്പോൾ പെട്ടെന്ന് ‘കവി’കളായി തിരിച്ചെത്തിയിരിക്കുന്നു. ഒരാൾക്ക് ഒരു കവിജന്മം കിട്ടാൻ പനമ്പിന്റെ മറ മതി എന്നായിരിക്കുന്നു. കവികളാകാൻ ആളുകൾ ക്യൂ നിൽക്കുകയാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ബിസിനസുകാരും ബ്ലേഡ് ബാങ്കുകാരുമൊക്കെ കവിത എഴുതുകയാണ്. കാരണം കവിത എല്ലാവരുടെയും അവകാശമാണ്. സർക്കാർ നിരോധിക്കുന്നതുവരെ കവിത എഴുതും എന്ന് പ്രഖ്യാപിച്ചവർപോലുമുണ്ട്. എന്നിരുന്നാലും പോയവർഷം ചില ഭേദപ്പെട്ട കവിതകളുണ്ടായി. വ്യക്തികളുടെ പേര് നോക്കിയല്ല, ഇവിടെ കവിതകൾ തിരഞ്ഞെടുക്കുന്നത്. വായനയിൽ, വേറിട്ട ഒരു വഴിയിലേക്ക് നമ്മെ പ്രലോഭിപ്പിക്കുന്നുണ്ടോ എന്ന് മാത്രമാണ് ആലോചിച്ചതു. പാരമ്പര്യത്തെ അതേപടി ആവർത്തിക്കുന്നതിൽ ചെടിപ്പുള്ളവർക്ക് ഈ കവിതകളിലൂടെ കടന്നുപോകാവുന്നതാണ്.
സച്ചിദാനന്ദന്റെ അമ്മ, സിവിക് ചന്ദ്രന്റെ നേർച്ചത്തുമ്പി, ദേശമംഗലം രാമകൃഷ്ണന്റെ ഏകാന്തത്തയുടെ തിരക്ക്, പി.കെ. ഗോപിയുടെ ആദിത്യതീർത്ഥയിലെ അരയന്നങ്ങൾ, ബി.കെ. ഹരിനാരായണന്റെ നീ എവിടെയായിരുന്നു, സന്ധ്യ ഇയുടെ ദൂരം, കെ. ജയകുമാറിന്റെ സഹപാഠികൾ ഒത്തുചേരുകയാണ്, പി. രാമന്റെ പെട്ടെന്ന് പാറിവന്ന കിളികൾ, മോഹനകൃഷ്ണൻ കാലടിയുടെ വെളിച്ചങ്ങൾ, ഇരുട്ടുകൾ, സംപ്രീതാ കേശവന്റെ ഛായ എന്നീ കവിതകൾ ഓർമ്മയിലെത്തുന്നു. ഈ കവിത ഒരു പൊതുസ്വരത്തിലോ ഈണത്തിലോ അല്ല നിലനിൽക്കുന്നത്. പല പാരമ്പര്യങ്ങളെ അവ ചിലപ്പോഴൊക്കെ സംഗീതമാക്കി പുനരവതരിപ്പിക്കുന്നുണ്ട്. എന്നാൽ സ്വകീയമായ ഉദ്യുഗ്നതയുടെ ആഴങ്ങളിൽ നിന്ന്, സമൂഹത്തിന്റെ ആത്മാവിൽ നിന്ന് ഉയിർക്കൊള്ളുന്ന സാരസ്വതം എന്ന നിലയിൽ അവ വെവ്വേറെ സ്വരങ്ങൾ കേൾപ്പിക്കുന്നു. പൊയ്പോയ വിഷാദങ്ങളെ അന്ധമായി പൈന്തുടരാതെ, ഭാഷയിലൂടെ സ്വതന്ത്രരാവാൻ ഇന്നത്തെ കവികൾ പരിശീലിച്ചിരിക്കുന്നു. . ചിന്തയുടെ ഒരടിയൊഴുക്കുണ്ട്. ആത്മവിശ്വാസവും ദൃഢനിശ്ചയവും ഉള്ളതുകൊണ്ട് പ്രണയത്തിന് ഒരു അധികമധുരം ലഭിക്കുകയാണ്. പ്രണയിക്കുമ്പോഴെങ്കിലും എല്ലാം അഴിച്ചവയ്ക്കാൻ കഴിയണം. നൂറ്റാണ്ടുകളായുള്ള മാനസികബന്ധനത്തിൽനിന്നാണ് ഒരാൾ സ്വന്തം സിദ്ധികൾകൊണ്ട് പ്രണയത്തിലെത്തുന്നത്. കണ്ടിഷിനിംഗിന് കീഴ്പ്പെടാത്തവർ, ഒരു നിമിഷമെങ്കിലും ജീവിച്ചു എന്ന് തെളിയിക്കുന്നു.
മുൻകാലങ്ങളിൽ മനുഷ്യർ എങ്ങനെ ജീവിച്ചുവോ, ഏതെല്ലാം പൊയ്‌വിശ്വാസങ്ങളിൽ തട്ടി ജീവിതം പ്രതിസന്ധിയിലായോ എന്നൊക്കെ ആലോചിക്കാൻ പോലും സ്വാതന്ത്ര്യംവേണം. പ്രണയിക്കുന്നവർക്ക് സത്യസന്ധതവേണം. എന്നാൽ അത് മാമൂലുകളുടെ തിരിച്ചുവരവല്ല; ഒരു സ്വതന്ത്രവ്യക്തി ഒരു വൻകര കണ്ടെത്തുന്നതുപോലെയാണ്.
2017ലെ സാഹിത്യത്തെ കമ്പോട്കമ്പ് വിശകലനം ചെയ്യാൻ കൂടുതൽ വിസ്തരിക്കേണ്ടിവരും. സൂക്ഷ്മവും ഗണനീയവുമായ ചില ആശയങ്ങളും സൊാചനകളുമാണ് ഇവിടെ പങ്കുവച്ചതു. എഴുത്തുകാർ ഇന്ന് പൊതുവേ ഏകാന്തരല്ല. ഏകാന്തത്തയുടെയും ആത്മീയഭാരത്തിന്റെയും കാലം കഴിഞ്ഞു. ഇത് ആശയാനന്തര കാലമാണ്. ഒരു ആശയത്തിനും ആധിപത്യമില്ലാത്ത കാലം.