എന്റെ ഗിരിക്ക്,
നീയെന്നെ മറന്നു കാണില്ല എന്ന് കരുതുന്നു, കരുതലല്ല എനിക്കറിയാം നിനക്കതിന് ഈ ജന്മം കഴിയില്ല എന്ന്…
വർഷങ്ങൾക്കിപ്പുറം ഇങ്ങനെ ഒരു കത്തെഴുതി നിന്നെ പഴയതൊന്നും ഓർമ്മിപ്പിക്കണം എന്നു വിചാരിച്ചതല്ല..
പക്ഷേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണടയ്ക്കുമ്പോളെല്ലാം നിന്റെ മുഖമാണ് മനസ്സ് നിറയെ..
പലവട്ടം ചിന്തിച്ചു തീരുമാനിച്ചതായിരുന്നു, നിന്നെ ഒന്നും അറിയിക്കരുതെന്ന്, ഒരു പക്ഷെ നീയെന്റെ ഓർമ്മകളെ മനപൂർവ്വം മറക്കാൻ ശ്രമിച്ചു വിജയിച്ചിട്ടുണ്ടെങ്കിലോ എന്ന്..
നിന്നെ ആദ്യമായി കണ്ട നിമിഷം, അതിന്നും എന്റെ മനസ്സിലുണ്ട്, അച്ഛന്റെ വിരൽത്തുമ്പിൽ തൂങ്ങി വന്ന നീ എന്റെയടുത്തിരുന്നാണ് പുതിയ സ്കൂളിലെ ജീവിതം ആരംഭിച്ചത്..
അമ്മയില്ലാത്ത കുട്ടിയാണ് ഗിരി എന്നു കൂട്ടുകാർ പറഞ്ഞെങ്കിലും ആ വിഷമം എത്രത്തോളമെന്ന് ഞാനറിഞ്ഞത് കൗമാരത്തിലെപ്പൊഴോ എന്റെ അമ്മ എനിക്കു നഷ്ടമായപ്പോൾ മാത്രമാണ്..
ഒരേ സ്ഥലത്ത് നിന്നു വരുന്നവരായിട്ടും നമ്മൾ അധികം മിണ്ടിയതേയില്ല, എന്തു കൊണ്ടോ നീയെപ്പോഴും മൗനത്തെയാണു കൂട്ടു പിടിച്ചത്..
വർഷങ്ങളുടെ കടന്നു പോക്കിൽ നമ്മൾ വളർന്ന നേരത്തെപ്പോഴോ ആണ് ഞാൻ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത്..
നിനക്കു സ്ത്രീകളോട് ഇടപഴകാൻ മടിയായിരുന്നു, അമ്മയുടെ സ്നേഹവും കരുതലും കിട്ടേണ്ട പ്രായത്തിൽ അതു നഷ്ടമായി പോയതിന്റെ ആകാം..
എങ്കിലും എന്നോടു മാത്രം നീ കാത്തു സൂക്ഷിച്ച അടുപ്പം എന്താണെന്നു ഞാനറിയുന്നത് ഒരിക്കൽ നീയെന്നെ ചേര്‍ത്തു പിടിച്ചു പൊട്ടിക്കരഞ്ഞപ്പോൾ ആയിരുന്നു..
നിന്നെയല്ലാതെ മറ്റൊരു പെണ്ണിനെയും എനിക്ക് സ്നേഹിക്കാനാവില്ല, ഒരു കൂട്ടുകാരി ആയല്ല എനിക്ക് എപ്പോഴൊക്കെയോ അമ്മയുടെ സ്ഥാനമാണ് നിന്നിൽ കാണാൻ കഴിയുന്നത് എന്നു പറഞ്ഞപ്പോൾ ഒരു മറുപടി പറയാൻ വയ്യാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് നീ ഓർക്കുന്നുണ്ടോ..
സമൂഹത്തിലെ ഉന്നത കുടുംബത്തിൽ പിറന്ന നിനക്ക് ഈ അരപ്പട്ടിണിക്കാരി ചേരില്ല ഗിരീ എന്നു പറഞ്ഞപ്പോൾ നീയെന്റെ വായ്പൊത്തി പിടിച്ചു, കണ്ണുനീരു തുടച്ചു പറഞ്ഞില്ലേ ഇനി നിന്റെ കണ്ണു നിറഞ്ഞു കാണരുതെന്ന്..
ഇതെഴുതുമ്പോഴും എന്റെ കണ്ണു നിറയുന്നുണ്ട്, പക്ഷേ ഞാൻ കരയില്ല നിനക്ക് അതു പണ്ടേ ഇഷ്ടമല്ലല്ലോ അതുകൊണ്ട് മാത്രം..
നീയെന്നെ സ്നേഹിക്കാൻ മാത്രമാണ് പഠിപ്പിച്ചത്, ഒരിക്കൽ പോലും ഒരു വാക്കു കൊണ്ടു പോലും നോവിക്കാതെ, ചേര്‍ത്തു നിർത്തി ആ ഹൃദയത്തോട്..
പലപ്പോഴും വീട്ടിലെ ഇല്ലായ്മകൾക്കിടയിൽ വിശപ്പ് കത്തിക്കാളിയ നിമിഷങ്ങളിലെല്ലാം നിന്റെ മുമ്പിൽ വരാൻ എനിക്കു മടിയായിരുന്നു..
നിന്നോടുള്ള എന്റെ പ്രണയത്തിന്റെ തീവ്രത കുറഞ്ഞു പോയാലോ എന്നു ഞാൻ ഭയപ്പെട്ടു, വിശപ്പിനേക്കാൾ വലുതല്ലല്ലോ മനുഷ്യന് മറ്റൊന്നും..
പിന്നീടെപ്പൊഴോ എന്റെ നാവിൻതുമ്പിൽ നിന്നു നീയതറിഞ്ഞപ്പോൾ നിന്റെ കണ്ണിലൊരു നനവു പടർന്നിരുന്നു..
അതു വരെ മറച്ചു വച്ച ചില ജീവിതസത്യങ്ങളുണ്ട് എന്നിൽ എന്നത് നിനക്കൊരു പുതിയ അറിവായിരുന്നു..
അതിനു ശേഷം എത്രയോ തവണ നീ വാങ്ങിക്കൊണ്ടു വന്നു നീട്ടിയ പൊതിച്ചോറിൽ ഞാനെന്റെ വിശപ്പടക്കി..
അത്രമേൽ പരസ്പരം പുണർന്നു പോയ മനസ്സുകൾ ആയിരുന്നിട്ടു കൂടി ഞാൻ നിന്നെ ഉപേക്ഷിച്ച് പോകേണ്ടി വന്നു, അതിനെ വിധിയെന്നു വിളിച്ചു ചിരിക്കാനാണ് എനിക്കിഷ്ടം..
നിനക്കു മാത്രമേ ഞാൻ എല്ലാ അർത്ഥത്തിലും പൂർണ്ണതയുള്ളവൾ ആയിരുന്നുള്ളൂ, സമൂഹത്തിനു മുമ്പിൽ ഞാനൊരു ഒന്നുമില്ലാത്തവൾ തന്നെയായിരുന്നു..
ഒടുവിൽ കുറ്റപ്പെടുത്തലുകൾ താങ്ങാനാകാതെ, നിന്നോട് ഒരു വാക്കു പോലും പറയാതെ നിന്റെ നിഴലു പോലും എന്നിൽ എത്തിച്ചേരാത്തയിടത്തേയ്ക്ക് ഞാൻ ഓടി മറയുകയായിരുന്നു..
നിന്നെ ഞാനൊരുപാടു സ്നേഹിച്ചിരുന്നു, എങ്കിലും നിനക്കു കിട്ടാനിടയുള്ള നല്ല ജീവിതത്തിലെ ഒരു വിലങ്ങു തടിയാകാൻ ഞാനാഗ്രഹിച്ചില്ല..
എന്റെ ദുരിതങ്ങളുമായി ജീവിക്കാൻ ഞാൻ പഠിച്ചിരുന്നു അപ്പോഴേയ്ക്കും, നീയറിയാതെ നിന്നെ പിന്തുടരാൻ എനിക്ക് കഴിയുമായിരുന്നു, നിന്നിലെ ഓരോ മാറ്റവും അപ്പോഴപ്പോൾ നിന്റെ വിശ്വസ്ത സ്നേഹിതനിലൂടെ ഞാനറിഞ്ഞിരുന്നു, ഒരിക്കലും നീയത് അറിയില്ല എന്ന ഉറപ്പിൽ..
ഈ എഴുത്ത് നിന്റെ കയ്യിൽ കിട്ടും വരെ ആ സുഹൃത്ത് അതു ഭംഗിയായി നിർവഹിച്ചു എന്നത് സന്തോഷം തരുന്നു..
വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി നീ വിവാഹിതനായതും കുഞ്ഞുങ്ങളായതും ഒക്കെ ഞാനറിയുന്നുണ്ടായിരുന്നു, നിന്റെ മൂത്ത മകളുടെ വിവാഹത്തിനു വന്നു നിനക്കൊരു സർപ്രൈസ് തരണമെന്ന് മോഹിച്ചിരുന്നു..
പക്ഷേ നമ്മുടെ മോഹമെല്ലാം സാധിക്കണം എന്നില്ലല്ലോ, വരാൻ പറ്റിയ അവസ്ഥ ആയിരുന്നില്ല ആ നാളുകളിൽ, ഇക്കാലത്തിനിടയ്ക്ക് എനിക്ക് കൂട്ടു വന്ന ഒരു രോഗത്തിന് ആ ദിവസങ്ങളിൽ എന്നോടു പ്രണയം കൂടുതലായിരുന്നു..
നിന്നെ ഒരിക്കൽക്കൂടി കാണാൻ എനിക്ക് മോഹമില്ലാഞ്ഞിട്ടല്ല, വേണ്ട എന്നു വച്ചിട്ടു തന്നെയാണ്..
ചിലപ്പോൾ നിനക്കതു താങ്ങാൻ ശക്തിയുണ്ടായെന്നു വരില്ല, കാച്ചെണ്ണ മണക്കുന്നു പെണ്ണേ നിന്റെ മുടിയിലെന്നു നീയെപ്പോഴും ഇഷ്ടത്തോടെ പറയുമായിരുന്നില്ലേ, ഇപ്പോൾ അവിടം ശൂന്യമാണ്..
രോഗത്തിന്റെ കാഠിന്യം പലപ്പോഴും താങ്ങാൻ കഴിയുന്നില്ല എങ്കിലും കണ്ണു നിറഞ്ഞു വരുമ്പോൾ നിന്നെ ഓർക്കും, കണ്ണു നിറയ്ക്കല്ലെ പെണ്ണേ എന്നു പറഞ്ഞ് നീ ചേര്‍ത്തു നിർത്തിയത് ഓർക്കും, പിന്നെ മനസ്സിലെവിടെയോ സാന്ത്വനവും വല്ലാത്ത ഒരു ധൈര്യവുമാണ്..
ഈ എഴുത്തിനു മറുപടി ഞാൻ പ്രതീക്ഷിക്കുന്നില്ല, ഒരു പക്ഷെ പ്രതീക്ഷിച്ചാലും അതു കൈപ്പറ്റാൻ ഞാനുണ്ടാവണമെന്നുമില്ല..
ഇനിയുമൊരു ജന്മമുണ്ടോ എന്നെനിക്ക് അറിയില്ല, അങ്ങനെ ഒന്നുണ്ടെങ്കിൽ എന്റെ മകനായി നീ ജനിക്കാൻ എനിക്കു ഭാഗ്യം കിട്ടണേ എന്ന പ്രാർത്ഥന മാത്രം…
സ്നേഹത്തോടെ നിർത്തുന്നു ഗിരിയുടെ മാത്രം ദേവി…
വികാരസാന്ദ്രം.