മരുത്വാമലയിലെ സൂര്യോദയം/ തുളസീധരൻ ഭോപ്പാൽ

ശ്രീനാരായണഗുരുവിൻ്റെ ദർശനങ്ങൾ വ്യാഖ്യാനിച്ചുകൊണ്ടുള്ള പുസ്തകങ്ങൾ ധാരാളമായി നാം വായിച്ചിട്ടുണ്ട്. എല്ലാം ഒരുപോലെ ഇരിക്കും .ഗുരുദർശനത്തെ യാന്ത്രികമായി സമീപിക്കുകയാണ് പലരും ചെയ്യുന്നത്. ആരുടെ കൈയിലും ഇതിനെ എങ്ങനെ മനസ്സിലാക്കാം എന്നതിന് ഉപകരണങ്ങളില്ല എന്നു വരുമോ ? . ആർക്കും വേദാന്തത്തിൻ്റെയും അദ്വൈതത്തിൻ്റെയും അനുഭൂതി ലഭിക്കുന്നില്ല.

ദൈവത്തെ ,ദൈവികതയെ ഒരു വ്യക്തി എങ്ങനെ സാവധാനം അനുഭൂതി തലത്തിൽ തിരിച്ചറിയുന്നു ?
ഇത് നമ്മെ അനുഭവിപ്പിക്കുക എന്ന വെല്ലുവിളിയാണ് ഏറ്റെടുക്കേണ്ടത്.  എം.കെ.ഹരികുമാറിന്റെ ‘ശ്രീനാരായണായ ‘ ഇതിൽ ഒരു പുതിയ പാത വെട്ടി തുറന്നിരിക്കുകയാണ്. ഇത്രയും മൗലികവും, സമഗ്രവും , സത്യസന്ധവുമായ ഒരു നോവൽ വളരെ വിരളമായിരിക്കും.

‘ശ്രീനാരായണായ ‘ എന്ന നോവൽ ആദ്യം മുതൽ അവസാനം വരെ വായിച്ചതിനുശേഷം ആ നോവലിലെ ഓരോ കഥാപാത്രവും  ഗുരുദേവ നൊപ്പം സഞ്ചരിച്ച വഴികൾ, സംവദിച്ച വൃക്ഷലതാദികൾ, നീരരുവികൾ, വന്യമൃഗങ്ങൾ വിരഹിച്ചിരുന്ന ഗുഹാ തലങ്ങൾ ഇതെല്ലാം നേരിൽക്കാണണമെന്ന അദമ്യമായ ആഗ്രഹമാണ് എന്നെ മരുത്വാമലയിലെക്ക് നയിച്ചത്.

ഐലൻഡ് എക്സ്പ്രസ് അര മണിക്കൂർ വൈകിയാണ് നാഗർകോവിൽ സ്റ്റേഷനിലെത്തിയത്. വലിയ തിക്കും തിരക്കും ഒന്നുമില്ലാത്ത ഒരു ചെറിയ സ്റ്റേഷൻ .ഞങ്ങൾ പുറത്തിറങ്ങി. തിരുവനന്തപുരത്തെ തിരക്കിലും ബഹളത്തിലും നിന്നും തികച്ചും വ്യത്യസ്തമായി ശാന്തമായ അന്തരീക്ഷം .
പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. മരുത്വാമലയിലേക്ക് ഞങ്ങളെ പ്രകൃതിദേവി സ്വാഗതം ചെയ്യുകയായിരുന്നു എന്ന തോന്നൽ.  നനഞ്ഞുകൊണ്ടു തന്നെ ഞങ്ങൾ സ്റ്റേഷന് പുറത്തേക്കിറങ്ങി. യാത്രക്കാർ
കുറവായതുകൊണ്ട് കേരളത്തിലെ ഒരു സ്റ്റേഷൻ പരിസരത്ത് കാണുന്ന ഓട്ടോറിക്ഷയുടെ നീണ്ട ക്യൂ ഒന്നും കണ്ടില്ല. ഞങ്ങൾ ടാക്സി സ്റ്റാൻഡിലേക്ക് നടന്നു .അപ്പോഴേക്കും ചാറ്റമഴ മാറിയിരിക്കുന്നു .കാക്കി ഷർട്ടിട്ട, ചെറുതേൻനിറമുള്ള ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് ഞാൻ ശ്രദ്ധിച്ചു. എന്റെ സുഹൃത്തായ വിശ്വംഭരനോട് ഞാൻപറഞ്ഞു ;ഒരു മുത്തുസ്വാമി നമ്മുടെ അടുത്തേക്ക് വരുന്നു. അയാൾ ആട്ടോ റിക്ഷാക്കാരനായിരുന്നു. എന്റെ സുഹൃത്ത് വിശ്വംഭരന് ഒരു സംശയം. ഇയാൾ മുത്തുസ്വാമിയാണെന്ന് എങ്ങനെ എനിക്ക് മനസ്സിലായി. ന്യായമായ സംശയം. എല്ലാ ഓട്ടോക്കാരും മുത്തുസ്വാമിമാരും , കനകാമ്പര പൂചൂടിവരുന്ന എല്ലാ സ്ത്രീകളും ഭാനുമതിമാരുമാണ് എന്ന് ഞാൻ  വിചാരിക്കും. വിശ്വംഭരൻ ചിരിച്ചതേയുള്ളൂ. അപ്പോഴേക്കും മുത്തുസ്വാമി തമിഴും മലയാളവും കലർന്ന അവരുടെ ഭാഷയിൽ ഞങ്ങളുടെ വിവരങ്ങൾ തിരക്കി .


മരുത്വാമലയിലേക്കുള്ള വഴി പറഞ്ഞു തന്നു .ഞങ്ങളുടെ മലയാളം കേട്ടപ്പോൾ പരിചയസമ്പന്നനായ മുത്തുസ്വാമി ഹിന്ദിയിൽ തന്നെ കാര്യങ്ങൾ പറയാൻ തുടങ്ങി .അത് ഞങ്ങൾക്ക് വലിയ ആശ്വാസമായി . അവൻ കൃത്യമായി വഴി പറഞ്ഞു തന്നു .മുത്തുസ്വാമി ഞങ്ങളെ ബസ്റ്റാൻഡിൽ എത്തിച്ചു .

ഗുരുദേവൻ അവധൂതനായി അന്നത്തെ തിരുവനന്തപുരം ജില്ലയിൽ ആകെ കാൽനടയായി പല തവണ യാത്ര ചെയ്തിട്ടുണ്ടെന്ന അറിവുണ്ടായിരുന്നു . ഗുരുദേവൻ നടന്ന വഴികളിലൂടെയാണല്ലോ ഞങ്ങളുo നടക്കുന്നതെന്ന് ഓർത്തപ്പോൾ വല്ലാത്തൊരു ആത്മാനുഭൂതിയുണ്ടായി. അങ്ങകലെ  കാണുന്ന വലിയ പാറക്കെട്ടുകളുടെ നിര മരുത്വാമലയാണെന്ന്  മുത്തുസ്വാമി ഞങ്ങൾക്ക് വിവരിച്ചു തന്നിട്ടുണ്ട്. ബസ്സ്സ്റ്റാന്റിൽ പത്തു മിനിട്ട് നിന്നതേയുള്ളൂ ബസ് വന്നു .ഞങ്ങൾ ബസ്സിൽ കയറി .ഞങ്ങൾക്ക് ഇറങ്ങേണ്ട സ്ഥലം കണ്ടക്ടർക്ക് അറിയാവുന്നതുപോലെ പതിനൊന്ന്  രൂപയുടെ വീതം രണ്ട് ടിക്കറ്റ് തന്നു .എല്ലാ ദിവസങ്ങളിലും ഈ സമയത്ത് ഈ ബസ്സിൽ മലയാളികൾ മരുത്വാമലയുടെ പുണ്യം തേടി എത്താറുണ്ടായിരിക്കാം .ഞങ്ങൾ പതിനഞ്ച് മിനിട്ടു കഴിഞ്ഞപ്പോൾ പൊറ്റയടി എന്ന സ്ഥലത്തെത്തി. അവിടെ ഇറങ്ങി. നാഗർകോവിൽ- കന്യാകുമാരി ഹൈവേ ആണ് .ഇവിടെ നിന്നുനോക്കിയാൽ മരുത്വാമലയി ലേക്കുള്ള കൽപ്പടവുകൾ കാണാം. ആകാശമേഘങ്ങൾ മൂടിപ്പുതച്ചു നിൽക്കുന്ന പർവ്വതശിഖരങ്ങൾ ഞങ്ങളെ അങ്ങോട്ട് മാടിവിളിക്കുന്നതു പോലെ .എത്രയും വേഗം ആ പുണ്യഭൂമിയിൽ എത്താമല്ലോ എന്ന ചിന്ത ഞങ്ങളുടെ യാത്രാക്ലേശങ്ങളെയെല്ലാം ഒപ്പിയെടുത്തു. ഇടതുഭാഗത്തായിശ്രീനാരായണാശ്രമം എന്ന വലിയ ബോർഡ് കണ്ടു .തമിഴ് ,മലയാളം, കന്നഡ എന്നീ ഭാഷകൾ .ഒരു ചൂണ്ടുപലക ഞങ്ങളോട് വഴി പറയുന്നു. ഞങ്ങൾ ആ വഴിയെ അല്പ ദൂരം നടന്നു .ഗുരുദേവനല്ലാതെ മറ്റൊന്നും ഞങ്ങളുടെ മനസ്സിലില്ല .മെറ്റൽ വിരിച്ച റോഡിലൂടെ മല ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി.

കണ്ണെത്താദൂരം വരെ പച്ചപ്പുല്ല് വിരിച്ച പാട ശേഖരങ്ങൾ .ഇടയ്ക്ക് പന, തെങ്ങ് ,ചെറിയ മാവ് , വേപ്പ് മുതലായ വൃക്ഷങ്ങൾ വളർച്ച മുറ്റിയതു പോലെ നില്ക്കുന്നതു കണ്ടു .
ഞങ്ങൾ ആത്മകവാടത്തിലെത്തി. തുടർന്ന് ഞങ്ങൾ ഗേറ്റ് തുറന്ന് വിശാലമായ ആശ്രമുറ്റത്തെത്തി. ധാരാളം വൃക്ഷങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ വലിയ പൂന്തോട്ടം . മധ്യഭാഗത്തായി ഗുരുദേവ ചിത്രം സിറാമിക്സിൽ ചെയ്തതു കാണാം.ഇരുവശങ്ങളിലായി പുലിയും പാമ്പും ഉണ്ട് . ഞങ്ങൾ അവിടെ ആകെ നടന്നു കണ്ടു. ആശ്രമം എന്ന സങ്കൽപ്പത്തിന് പുതിയ രൂപവും ഭാവവും നൽകികൊണ്ട് വലിയ രണ്ട് നിരകളായി പണിതിട്ടുള്ള ഒരു വലിയ കെട്ടിടമാണ് ആദ്യം ഞങ്ങൾ കാണുന്നത്. താഴത്തെ നിലയിൽ വലിയൊരു ഹാളും സൈഡിലായി ഓഫീസ് റൂം ,
ഗസ്റ്റ് റൂം എന്നിവയുമുണ്ട്.

വിശുദ്ധാനന്ദ സ്വാമികളുടെ ഓഫീസ് റൂമും വിശ്രമത്തിലുള്ള പ്രത്യേക മുറിയും അവിടെയുണ്ട്. അതിനോടടുത്തു തന്നെ മുന്നൂറു  പേർക്ക് ഇരിക്കാവുന്ന വിശാലമായ ഹാൾ .മുകളിൽ വിശാലമായ ഹാൾ കണ്ടു. ഗുരുപൂജയും  പ്രഭാഷണങ്ങളും  അവിടെയാണ് നടക്കുക.

ഗുരുദേവന്റെ ചൈതന്യവത്തായ വലിയ ഫോട്ടോ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന ഒരു രഥം .അതിനുമുമ്പിലാണ് ഗുരുദേവ ഭക്തർക്ക് ഇരുന്നു ധ്യാനിക്കാനുള്ള സ്ഥലം .ഞങ്ങൾ ഗുരുദേവനെ വന്ദിച്ച് താഴെ വന്നപ്പോഴേക്കും സുകേശൻ ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു .കഴിഞ്ഞ ഒരു വർഷമായി സുകേശനും ഭാര്യയും ഈ ആശ്രമത്തിലാണ്  താമസിക്കുന്നത്. ഒരു നേർച്ചയാണ് .ഈ ആശ്രമത്തിലെ അന്തേവാസിയായി ഇവിടുത്തെ എല്ലാ ജോലികളും ചെയ്യുകയും, ചെയ്യിപ്പിക്കുകയും ചെയ്തു ഒരു വർഷമായി ഇവിടെ താമസിക്കുന്ന കഥ അദ്ദേഹം വിവരിക്കുന്നു .ഇനി സുകേശിൻറെ വാക്കുകൾ:
“ഞാൻ ഗവർമെൻറ് ജോലിയിൽനിന്ന് കഴിഞ്ഞവർഷം വിരമിച്ചു. ഭാര്യയും ഗവൺമെൻറ് സ്കൂളിൽ അധ്യാപികയായിരുന്നു. ഞങ്ങളുടെ സ്ഥലം പത്തനംതിട്ടയാണ്. ഞങ്ങൾക്ക് രണ്ടു മക്കളാണ്; ഒരാണും ഒരു പെണ്ണും .രണ്ടുപേരും വിവാഹിതരാണ്. രണ്ടുപേർക്കും നല്ല ജോലിയുണ്ട് .നല്ല സാമ്പത്തികസ്ഥിതിയുമുണ്ട് .മൂന്നു  വർഷത്തിൽ കൂടുതലായി അവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇതുവരെ അവർക്ക് മക്കൾ ഉണ്ടായിട്ടില്ല. ധാരാളം ചികിത്സകൾ നടത്തി .ഒരുപാട് അമ്പലങ്ങളിൽ പോയി പ്രാർത്ഥിച്ചു , നേർച്ചകൾ നേർന്നു.
ഒരു ഫലവുമുണ്ടായില്ല. അപ്പോഴാണ് ഈ ആശ്രമത്തിലെ ഒരു അന്തേവാസിയെ കാണാനിടയായതും അവരുടെ കഥ കേൾക്കാൻ ഇടയായതും. ഗുരുദേവൻ കനിഞ്ഞനുഗ്രഹിച്ച ആ കഥ കേട്ട അന്ന് തീരുമാനിച്ചതാണ് ,ഒരു വർഷം ഈ ആശ്രമത്തിൽ വന്ന്  അന്തേവാസികളായി താമസിക്കണമെന്ന് .
ഒരു വർഷമായി .ഞങ്ങൾ അടുത്ത മാസം തിരിച്ചു പോവുകയാണ് .ഞങ്ങളുടെ പ്രാർത്ഥന ഗുരുദേവൻ കേട്ടു…. ഞങ്ങളുടെ മകളും മരുമകളും കഴിഞ്ഞ മാസം പ്രസവിച്ചു. ഞങ്ങളുടെ നേർച്ച ഫലിച്ചു. എങ്കിലും രണ്ടുമാസം കൂടി ഞങ്ങൾ ഇവിടെ താമസിക്കും. പിന്നീട് ഇടയ്ക്കിടയ്ക്ക് ഇവിടെ വരും .ഇവിടെ വന്നു ഈ സേവ തുടരും .ഈ പുണ്യഭൂമിയും ഈ ആശ്രമവും ഗുരുദേവചൈതന്യം നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ്. ഒരുപാട് അത്ഭുതങ്ങൾ നടന്നിട്ടുള്ള സ്ഥലമാണ്. നമ്മുടെ ആളുകൾ ഇതറിയുന്നില്ല .ഇത്രയും പറഞ്ഞ് ആ ഗുരുദേവഭക്തൻ നിർത്തി. അപ്പോഴേയ്ക്കും അദ്ദേഹത്തിൻ്റെ  ഭാര്യ കട്ടൻകാപ്പിയുമായി വന്നു. ഞങ്ങൾക്കു വേണ്ട താമസസൗകര്യങ്ങൾ ഒരുക്കിത്തരുവാൻ  വിശുദ്ധാനന്ദസ്വാമികൾ നിർദേശം നല്കിയിരുന്നു. അതനുസരിച്ച് ഞങ്ങൾക്ക് ഒരു പ്രത്യേക മുറി തുറന്നു തന്നു.എല്ലാ സൗകര്യങ്ങളുമുള്ള നല്ല ഒരു റൂം. വെസ്റേൺ രീതിയിലുള്ള കുളിമുറിയും രണ്ടുപേർക്ക് കിടക്കാവുന്ന നല്ല ഒരു മെത്തയും മറ്റു സൗകര്യങ്ങളും .

സാധനങ്ങളെല്ലാം അലമാരയിൽ വച്ച് ഞങ്ങൾ തിരിച്ചെത്തിയപ്പോഴേക്കും വിശുദ്ധാനന്ദസ്വാമിജിയെ കാണാനുള്ള അനുവാദം കിട്ടി .നാല്പതു മിനിട്ട് നീണ്ടുനിന്ന  സംഭാഷണം .
ഇരുത്തിയഞ്ചു വർഷം മുമ്പ് ഒറ്റയ്ക്ക് ഇവിടെ വന്ന് താമസം തുടങ്ങിയതിൻ്റെ കാരണം വിശദീകരിച്ചു.  ഗുരുദേവൻ തപസ്സുചെയ്ത് ഈശ്വരസാക്ഷാത്കാരം നേടിയ ഈ പുണ്യഭൂമിയും മരുത്വാമലയും , പിള്ളത്തടംഗുഹയും ലോക ജനതക്കുവേണ്ടി തുറന്നു കൊടുക്കണമെന്നും, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശാന്തിസ്ഥാനമാക്കിമാറ്റണമെന്നുമാണ് താൻ ലക്ഷ്യം വയ്ക്കുന്നതെന്ന് സാമി പറഞ്ഞു .

വിശ്വശാന്തിയജ്ഞത്തിലേക്കും, വിശ്വശാന്തിമന്ദിരത്തിന്റെ നിർമ്മാണത്തിലേക്കും ആ സംഭാഷണം നീണ്ടു. രാവിലെ 3 .50 ന് ഗുരുപൂജയും ഗുരുപുഷ്പാഞ്ജലിയും ആരംഭിക്കുമെന്നും അതിൽ പങ്കെടുത്ത്  ഗുരുദേവന്റെ അനുഗ്രഹത്തോടെ വേണം മല ചവിട്ടാനെന്നും സ്വാമി ഉപദേശിച്ചു. രാവിലെ 3.50 ന് ആരംഭിക്കുന്ന യജ്ഞത്തിൽ പങ്കെടുക്കണമെന്ന ഉപദേശമനുസരിച്ച് ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ കുടുംബാംഗങ്ങളുടെ പേര് രജിസ്റ്റർ ചെയ്തു.

തുടർന്ന് സുരേശൻ ഞങ്ങളെ അത്താഴം കഴിക്കാൻ ക്ഷണിച്ചു .
നാടൻ അരിക്കഞ്ഞിയും വൻപയർ തോരനും ഞങ്ങൾ കഴിച്ചു. അല്പ സമയം കുശലം. അതിനുശേഷം ഞങ്ങൾ റൂമിലേക്ക് പോയി.

രാവിലെ തന്നെ ഞങ്ങൾ ഉറക്കമുണർന്നു പ്രഭാതകർമ്മങ്ങൾ കഴിഞ്ഞു. ഗുരുപൂജ നടത്തുന്ന പ്രാർത്ഥനാഹാളിൽ വളരെ കുറച്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗുരുദേവൻ്റെ മരുത്വാമലയിലെ കഠിനമായ തപസ്സുകഴിഞ്ഞു ശരീരമാകെ ശോഷിച്ച് ക്ഷീണിച്ച അവസ്ഥയിലുള്ള ഒരു ഫോട്ടോ മനോഹരമായി ഫ്രെയിം ചെയ്തു അലങ്കരിച്ച ഒരു രഥത്തിൽ സജ്ജമാക്കിയിട്ടുണ്ടായിരുന്നു. അവിടെയാണ് ഗുരുപൂജ നടക്കുന്നത് മുന്നൂറുപേർക്ക് ഇരിക്കാവുന്ന ഹാളാണ്. ഞങ്ങൾ അവിടെ വിരിച്ചിട്ടിരുന്ന ഒരു പുൽപ്പായയിൽ ചമ്രം പടഞ്ഞിരുന്നു.
ഗുരു പൂജ ആരംഭിച്ചിരുന്നു. ഞങ്ങൾ ആ പൂജയിൽ ഭക്തിനിർഭരമായ മന്ത്രാലാപനങ്ങളിൽ മുഴുകി .
സ്വാമി വിശുദ്ധാനന്ദയുടെ മുഖ്യകാർമികത്വത്തിൽ  ശുഭാനന്ദയാണ് ഗുരുമന്ത്രങ്ങൾ ചൊല്ലുന്നത്. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് കർപ്പൂര ആരതിയോടെ ഗുരുപൂജ അവസാനിച്ചത്.

സുകേശനും സഹധർമ്മിണിയും രാവിലെ തന്നെ എഴുന്നേറ്റു കട്ടൻ കാപ്പി കുടിക്കാനുള്ള ഏർപ്പാട് ചെയ്തു. ഞങ്ങൾ രണ്ടു ഗ്ലാസ് കാപ്പി വീതം കുടിച്ച് മല ചവിട്ടാൻ തയ്യാറെടുക്കുകയായിരുന്നു . മംഗലാപുരത്തു നിന്നും വന്ന എൺപത്തിയഞ്ചു പേരടങ്ങുന്ന
ഒരു സംഘം ബില്ലവ സമുദായത്തിൽപെട്ടവർ മല ചവിട്ടാൻ വരുന്ന വിവരം സുകേശൻ ഞങ്ങളോട് നേരത്തേ പറഞ്ഞിരുന്നു .അവർ എത്തി കഴിഞ്ഞിരുന്നു. കുട്ടികളും സ്ത്രീകളും മുതിർന്ന ചെറുപ്പക്കാരുമായി എൺപത്തിയഞ്ചു ഗുരുഭക്തർ മഞ്ഞവസ്ത്രങ്ങൾ ധരിച്ച് തയ്യാറായിരിക്കുന്നു. അവർ തലേദിവസം കന്യാകുമാരിയിൽ ഹോട്ടലിൽ മുറിയെടുത്ത് വിശ്രമിച്ച്, അതിരാവിലെ തന്നെ പുറപ്പെട്ടു അഞ്ചുമണിക്ക് മുമ്പുതന്നെ ഇവിടെ എത്തിയതാണ്. മറ്റെല്ലാവരും പ്രാർത്ഥനാഹാളിലെത്തി ഗുരുദേവനെ കണ്ടുവണങ്ങി മലചവിട്ടാൻ തയ്യാറായിരിക്കുന്നു. സുകേശന്റെ  നിർദ്ദേശമനുസരിച്ച് ഒരു കുപ്പി വെള്ളമെടുത്ത് അവരോടൊപ്പം ഞങ്ങളും യാത്ര ആരംഭിച്ചു. ഗുരുദേവനെ മനസ്സിൽ ധ്യാനിച്ച് ശരണം വിളികളുമായി ആ സംഘത്തോടൊപ്പം ഞങ്ങളും ചേർന്നു.

സ്വാമിയേ ഗുരുദേവസ്വാമിയേ ,സ്വാമിയേ ഗുരുദേവ …ഈ ശരണം വിളികളാണ് ഗുരുഭക്തർ ഉരുവിട്ടിരുന്നത്. ഞങ്ങളും അവരോടൊപ്പം ശരണം വിളിച്ചു നടന്നു.

ഉദയഗിരി ചുമന്നു വരുന്നതുള്ളൂ. ഇപ്പോഴും ഇരുട്ടാണ് .എന്നാലും ഞങ്ങൾ യാത്രതുടർന്നു. തെരുവുവിളക്കുകളുടെ അരണ്ട വെളിച്ചത്തിൽ മെറ്റൽ വിരിച്ച റോഡിലൂടെ പതുക്കെ പതുക്കെ നടന്നു .ആ റോഡ് അവസാനിക്കുന്നിടത്തെ കൽപ്പടവുകൾ വലിയ പാറയിൽ കൊത്തിയെടുത്തിയിരിക്കുന്ന പടികൾ .പടികൾ കഴിഞ്ഞു  വിജനസ്ഥലം . അതു കഴിഞ്ഞ് വീണ്ടും പടവുകൾ .അങ്ങനെ നൂറ്റിയമ്പതോളം പടവുകൾ കഴിഞ്ഞ് ഒരു വിശ്രമസ്ഥലം. അതിനടുത്ത് ഒരു മഹാദേവക്ഷേത്രം. വലിയ ഗുഹയ്ക്കകത്ത് ശിവപാർവതി യുടെ വലിയൊരു ചിത്രം ആലേഖനം ചെയ്ത പാറ. അതിനു ചുറ്റും പ്രകൃതി ഒരുക്കിയിരിക്കുന്ന മതിലുകൾ .ഒരു വലിയ ത്രിശൂലവും ചുവന്ന തുണിയും രുദ്രാക്ഷമാലയും ആ ശൂലത്തിൽ തൂക്കിയിട്ടിരിക്കുന്നു. അവിടെനിന്നും മഹാദേവന്റെ അനുഗ്രഹം വാങ്ങി ഞങ്ങൾ യാത്ര തുടർന്നു. അവിടെ കൽപ്പടവുകൾ അവസാനിക്കുകയായിരുന്നു.

പിന്നീടുള്ള യാത്ര വലിയപാറക്കല്ലുകൾക്കിടയിലൂടെയായിരുന്നു.  കീഴ്ക്കാംതൂക്കായ ഊടുവഴികൾ .ചുവന്ന പെയിൻറിംഗിലുള്ള ചൂണ്ടുപലകകൾ നോക്കി വലിയ പാറക്കല്ലുകളിൽ മുകളിലേക്ക് കയറണം. വളരെ അനായാസമായി ഞങ്ങൾ കയറി. ഞങ്ങളോടൊപ്പം വന്ന മംഗലാപുരത്തുകാർ ഗുരുദേവ ശരണം വിളികളുമായി വളരെ ഉയരത്തിൽ എത്തിയിരുന്നു. എന്നാൽ രണ്ടുപേർ  വഴികാട്ടിയായി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു ;സുദാമയും , സർവ്വേശ്വരനും .രണ്ടുപേർക്കും ഹിന്ദി നല്ലതുപോലെ അറിയാം. അതൊക്കെ ഞങ്ങൾക്ക് ഒരാശ്വാസമായി . ഞങ്ങളോടൊപ്പം ഉയരങ്ങൾ കീഴടക്കി യാത്ര തുടങ്ങി. കീഴക്കാംതൂക്കായ പാറകൾ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളായിരുന്നു. ഞങ്ങൾ പിടിച്ചു ചവുട്ടി കയറുന്ന പാറകളിൽ മലയാളത്തിലും തമിഴിലും കന്നടയിലുമുള്ള എഴുത്തുകൾ കാണാമായിരുന്നു.

ഇവിടെയാകെ പച്ചമരുന്നുകൾ നിറഞ്ഞ കുറ്റിക്കാടുകൾ കാണാം. വൻ വൃക്ഷങ്ങൾ ഒന്നുംതന്നെയില്ല. വൻവൃക്ഷങ്ങൾ ഇവിടെ വളരില്ല എന്നറിയാം. എങ്കിലും ഒന്നും കണ്ടില്ലല്ലോ എന്ന് മനസ്സിൽ തോന്നിയതാണ്. ഞങ്ങൾ നടന്നു വന്നുവഴിയേ എത്രയോ തവണ ഗുരുദേവൻ നടന്നിട്ടുള്ളതാണെന്ന് വെറുതെ ഓർത്തുപോയി .ആ കാണുന്ന നിരപ്പുള്ള ശിലകളിൽ ഗുരുദേവൻ ധ്യാനനിമഗ്നനായി ഇരുന്നു തപസ്സു ചെയ്യുമായിരുന്നു.ഈ കാണുന്ന കാട്ടുചെടികളോടൊക്കെ ഗുരുദേവൻ മൗനഭാഷയിൽ എത്രയോ തവണ സംവദിച്ചിട്ടുണ്ടാകാം .ഈ കാട്ടുചെടികളൊക്കെ ഗുരുദേവൻ്റെ  ജീവൻ നിലനിർത്താൻ ഉപകരിച്ച ദിവ്യൗഷധങ്ങളാകാം . ഞങ്ങൾ ഒന്നുരണ്ടു ചെടികളുടെ ഇലകൾ കടിച്ചു നോക്കി. രൂക്ഷഗന്ധമുള്ള ഔഷധച്ചെടികൾ .ഗുരുദേവനൊപ്പം അന്തിയുറങ്ങിയ പുലിയും പാമ്പും ഈ വഴിയൊക്കെ
ഗുരുദേവനോടൊപ്പം സഞ്ചരിച്ചതാണല്ലോ എന്ന് ഞങ്ങൾ പറഞ്ഞു കഴിഞ്ഞതും രണ്ടു വലിയ കീരികൾ ശബ്ദമുണ്ടാക്കി ഞങ്ങളുടെ അടുത്തുകൂടി ചാടിപ്പോയി.

അപ്പോൾ സമയം രാവിലെ 7:00 മണി.
പ്രകാശം തെളിഞ്ഞ ആകാശം. എങ്ങോട്ടു നോക്കിയാലും ഭീമാകാരമായ കറുത്തതും പായൽ പിടിച്ചതുമായ കൂറ്റൻ പറക്കെട്ടുകൾ . ചൂണ്ടുപലക നോക്കി ഞങ്ങൾ യാത്ര തുടർന്നു. ഇനി അര മണിക്കൂർ കൂടി യാത്ര തുടരണം .അപ്പോൾ ഏറെക്കുറെ സമതലമായ പിള്ളത്തടം ഗുഹക്കരികെ എത്താമെന്നുമാണ് ഞങ്ങളോടു പറഞ്ഞത്.


ഞങ്ങൾ പത്തു മിനിട്ട് വിശ്രമിച്ച്‌ വീണ്ടും യാത്രയായി. അങ്ങകലെ ഞങ്ങളോടൊപ്പം യാത്രതിരിച്ചവർ വിശ്രമിക്കുന്നത് ഞങ്ങൾ കണ്ടു. ഞങ്ങളുടെ യാത്രയുടെ സ്പീഡ് കൂടി. ഓടിക്കയറാൻ തുടങ്ങി. അങ്ങനെ ഞങ്ങൾ എട്ടുമണിക്ക് പിള്ളത്തടം ഗുഹക്കരികിൽ എത്തി.

ഗുരുദേവൻ നീണ്ടനാൾ തപസ്സിരുന്ന് ആത്മസാക്ഷാത്ക്കാരം നേടിയ മരുത്വാമലയുടെ പിള്ളത്തടം ഗുഹാമുഖത്തെത്തിയ ഞങ്ങൾ അവിടെ പരന്നു വിശാലമായി കിടക്കുന്ന മിനുസ്സമേറിയ ശിലാപാളികളിൽ അല്പനേരം വിശ്രമിച്ചു.
അവിടെ ഇരുന്നപ്പോൾ വീശിയടിക്കുന്ന തണുത്ത കാറ്റിന്റെ ഹുങ്കാരശബ്ദം ഞങ്ങൾക്ക് ഓങ്കാരശബ്ദമായി തോന്നിയത് യാദൃശ്ചികമല്ല.അവിടെ ഗുരുദേവനെമാത്രം മനസ്സിൽ ധ്യാനിച്ചെത്തുന്ന ഏവർക്കും ഈ അനുഭവമുണ്ടാകും.
അവിടെ നിന്ന് തെക്കു കിഴക്കുഭാഗത്തേക്ക് നോക്കിയാൽ  ത്രിവേണി സംഗമം ഒരുക്കുന്ന വിസ്മയക്കാഴ്ച കാണാം.ആഴിയും തിരയും കാറ്റും ആഴവും എല്ലാം സമ്മേളിക്കുന്ന ആ ദൃശ്യം, ദൈവദശകത്തിലെ രചനാപശ്ചാത്തലത്തിലേക്ക് ഞങ്ങളെ എത്തിച്ചു. ഇവിടെ എത്തുമ്പോൾ  ഞാനെന്ന ഭാവം ഇല്ലാതെയാകും .
എല്ലാ ഗുരുദേവനിൽ അർപ്പിച്ച്  ഗുഹാ കവാടത്തിലുടെ പിള്ളത്തടത്തിലേക്ക് ഇറങ്ങുവാൻ ശ്രമിച്ചു. ആദ്യം വിശ്വംഭരൻ രണ്ടു വലിയപാറക്കിടയിലൂടെ ഞെരിഞ്ഞമർന്ന് ഇഴഞ്ഞ് അകത്തു കടന്നു. ഒരാളുടെ സഹായമില്ലാതെ
അകത്തു കടക്കാൻ പ്രയാസമാണ്.

താഴെ വിശാലമായ ഒരു ശിലാഫലകം ;വിശാലമായ ഒരു ഹാൾ പോലെ. ഇവിടെയാണ് നാലു വർഷത്തോളം ഗുരുദേവൻ തപസ്സു ചെയ്തത്. അവിടെ ഞങ്ങൾ രണ്ടു പേരും ഇരുന്നു. കുറച്ചു സമയം ധ്യാനിച്ചു.  വിശ്വപ്രാർത്ഥനയായ ദൈവദശകം ഉറക്കെ ചൊല്ലി. കുറച്ചു സമയം  അവിടെ ധ്യാനിച്ചതിനു ശേഷം പുറത്തേക്ക് കടക്കാൻ ശ്രമിച്ചു.

You can share this post!