മരം /ഋത്വിക് ഘട്ടക്ക് /പരിഭാഷ:കുന്നത്തൂർ രാധാകൃഷ്ണൻ

 ഗ്രാമത്തിൽ നിന്ന് അല്പം ദൂരെ മാറി ഒഴുകുന്ന കൊച്ചുനദിയുടെ കരയിൽ ആൽമരം വീണുകിടക്കുന്നു.അധികമൊന്നും വർണിക്കാനില്ലാത്ത ഒരു മരം. ചിതൽ തിന്ന തടിയും ജീർണിച്ച കൊമ്പുകളും മാത്രം സ്വന്തമായ ഒരു പുരാതനവൃക്ഷം.അനതിവിദൂരഭൂതകാലത്ത് ഓജസ്സും കരുത്തുമായി അതു നിലകൊണ്ടിട്ടുണ്ടാവണം. അതൊക്കെ ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. ആ മരം കൊണ്ട് ആർക്കും ഉപയോഗമൊന്നും ഉണ്ടായിരുന്നില്ല. അതിന്റെ പിൻവശത്ത്, 

ഗ്രാമത്തിലേക്ക് തിരിയുന്ന വളവിൽ ഹാരുകുശവന്റെ

ചൂളയുണ്ട്.ആ ചൂളയുള്ളതുകൊണ്ടാണ് അതിലെ പോകുന്നവർക്ക് അവിടെ ആൽമരമുണ്ടെന്ന് ബോധ്യ

പ്പെടുന്നതുതന്നെ.

              കൊല്ലത്തിലൊരിക്കൽ  ചരക് മഹോൽസവത്തിനു (പരമശിവനെ ആരാധിക്കുന്ന പൂജ) മാത്രം ആൽമരം ഗ്രാമീണരുടെ അഭിമാനസ്തംഭമായി.ചരക്മഹോത്സവത്തിന് ഗ്രാമം അണിഞ്ഞൊരുങ്ങുമ്പോൾ ആൽമരത്തിന്റെ വേരുകൾ എണ്ണയും നിറങ്ങളും കൊണ്ട് ഉജ്വലമായി തിളങ്ങും.ഉൽസവം കൊഴുപ്പിക്കാൻ ദൂരസ്ഥലങ്ങളിൽ നിന്നു ആളുകൾ ഗ്രാമത്തിലെത്തി. ഉൽസവകാലത്തു ഗ്രാമമൈതാനിയിൽ ഒരു ചന്തയുമൊരുങ്ങും. ആ മേളാന്തരീക്ഷത്തിൽ ആൽമരം പെട്ടെന്ന്  ശ്രദ്ധാകേന്ദ്രമാകും.

                          ഉൽസവം കഴിഞ്ഞാൽ  വർഷം 

മുഴുവൻ നാട്ടുകാരിലാരും അതിനെ തിരിഞ്ഞു നോക്കാറില്ല. തൊട്ടടുത്ത വരണ്ടപാടങ്ങളാവട്ടെ, മേഞ്ഞുനടക്കുന്ന പശുക്കളെകൊണ്ട് നിറയും. ഇടയ്ക്കിടെ ഒരു വിദൂരയാത്രികൻ മാത്രം ആൽമരത്തിന്റെ കുളിർമ്മ നിറഞ്ഞ ഛായയിൽ വിശ്രമിക്കാറുണ്ട്. .ഭാണ്ഡത്തിൽ കെട്ടിവെച്ച ചിർമുരി (അരികൊണ്ടുണ്ടാക്കുന്ന ഒരു ലഘുഭക്ഷണം) ഭക്ഷിച്ചശേഷം , പുഴയിലെ ഒഴുക്കിൽനിന്ന് വെള്ളമെടുത്തു മോന്തി അയാൾ സ്ഥലം വിടും.

               നിലാവ് നിറഞ്ഞൊഴുകുന്ന ഒരുരാത്രി യിലാണ് ആൽമരം നിലം പൊത്തിയത്. ഏറ്റക്കുറച്ചിലോടെയുള്ള ഒഴുകുന്ന നദിയെ നിർന്നിമ്മേഷമായി നോക്കിനിൽക്കുന്ന മരത്തെ എന്തു നിഗൂഢ സ്വപ്നങ്ങളാണ് ചതിച്ചതെന്ന് ആർക്കറിയാം.

വിശാലമായ പാടശേഖരങ്ങൾക്ക് സമീപത്തെ സ്വന്തം വളപ്പിൽ അതു കമിഴ്ന്നു വീണപ്പോള്‍ ഉല്ലാസജനകമായ വെളിച്ചവും നിഴലും തത്തിക്കളിച്ചു .

വർഷാവർഷം ആറു ഋതുക്കളിലും വിരാമമില്ലാതെ അതിന്റെ ശിരസ്സ് ആടിക്കൊണ്ടിരുന്നതാണ്. നദിയിലൂടെ പാഞ്ഞുപോകുന്ന ബോട്ടുകളുടെ ദ്വാരത്തിലൂടെ ജിജ്ഞാസ മുറ്റിനിൽക്കുന്ന കൊച്ചുമുഖങ്ങൾ ആൽമരത്തെ ഉറ്റുനോക്കി.കുട്ടികൾ ആൽമരച്ചുവട് അവർക്ക് കൂട്ടുകൂടാനുള്ള സങ്കേതമാക്കി. അതിന്റെ ശിഖരങ്ങളിൽ കയറി അവർ കസർത്തുകാണിക്കും. നദിയുടെ ആഴങ്ങളിലേക്ക് ഊളാമ്പിയിടും . 

             ഗ്രാമീണർ അവരുടെ ചെറുപ്പകാലം തൊട്ടേ, ആ മരത്തെ കാണുന്നുണ്ട്. അതിന്റെ ചുറ്റിപ്പിണഞ്ഞ

വേരുകൾ  അവർ സൗകര്യപ്രദമായ ഇരിപ്പിടങ്ങളാക്കറുണ്ട്. അവിടെയിരുന്ന് അവർ വെള്ളത്തിന്റെ മൃദുവാർന്ന കളകളാരവം ശ്രദ്ധിക്കും.

            ആൽമരത്തിന്റെ, നദിക്കരയിലേക്ക് പടർന്നു കിടക്കുന്ന വേരുകൾക്കിടയിലെ ഒഴിഞ്ഞസ്ഥലങ്ങളിലെത്തുന്ന വലുതും ചെറുതുമായ മീനുകളെ പിടിക്കാൻ നാട്ടിലെ മുക്കുവർക്കറിയാം.കുളിക്കുന്നിടത്തെത്തുന്ന മീനുകളെ അവരുടെ കുട്ടികൾ തോർത്തുമുണ്ടുകൊണ്ടാണ് പിടിക്കുന്നത്. മുക്കുവരുടെ വലകളിലും ധാരാളം മത്സ്യങ്ങൾ കുടുങ്ങാറുണ്ട്.

        ഗ്രാമത്തിലെ പ്രായം ചെന്നവർ എക്കാലവും ആ മരത്തോട് സൗഹൃദം പുലർത്തി. അവർ അതിന്റെ  മുരട് ചാരിയിരുന്ന് കുട്ടികളുടെ കളിയും മുക്കുവരുടെ മീൻപിടിത്തവും ആസ്വദിച്ചു തലകുലുക്കും.അത്തരം സന്ദർഭങ്ങളിൽ ഒരു പക്ഷെ, സ്വന്തം ജീവിത സായാഹ്നത്തെക്കുറിച്ച് അവർ ചിന്തിക്കുന്നുണ്ടാവാം.

എന്നാൽ ആ പഴമക്കാർക്കുപോലും തങ്ങളുടെ മനസ്സിൽ ആ മരത്തിന് എത്രമാത്രം ഇടമുണ്ടെന്ന് വലിയ പിടിയൊന്നുമില്ല. ശിവഭഗവാന്റെ പുരാതന ആൽമരം എന്ന നിലയിലാണ് അവർ അതിനെ കണക്കാക്കിയത്.ആ മരം എപ്പോഴും അവിടെ ഉണ്ടായിരുന്നുവെന്നും സംശയാതീതമായി അത് നിലനിൽക്കുമെന്നും അവർ കരുതി. അവിടെ ഹാരു അമ്മാവന്റെ വളവ് ഉള്ളതുപോലെ,എപ്പോഴും പരമശിവന്റെ പഴയ ആൽമരവുമുണ്ടായിരിക്കുമെന്ന്

അവർ വിശ്വസിക്കുന്നു.തലമുറകൾക്കുവേണ്ടി നിലകൊണ്ട അതേ സ്ഥാനത്ത് ആ മരം നിലകൊള്ളും. നിരവധി ഭാവിയാത്രികർക്കും അതു അഭയകേന്ദ്രമാവും.

                എന്നാൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് സർക്കാർ പുതിയ പദ്ധതിയുടെ സാന്നിധ്യം അറിയിച്ചത്.പുതിയ ജലസേചന പദ്ധതി അനുസരിച്ച് നദീതടം വികസിപ്പിക്കേണ്ടി വന്നു. അതിന്റെ അനന്തരഫലമായി ആൽമരം വലിയ ശബ്ദത്തോടെ നിലം പതിച്ചു_ശിവന്റെ പഴയ ആൽമരം. പൗരാണികമായ പുഴയുടെ ഇരുകരകളും

കുഴിച്ച് ആധുനികകനാൽ നിർമ്മിക്കപ്പെട്ടു. 

            പ്രാചീനമരത്തിന് ഹാനികരമായി കനാൽ പണിയുന്നതിനെതിരെ ഗ്രാമം ഒന്നടങ്കം ഇളകി. മരം തങ്ങളുടെ ജീവിതത്തിൽ എന്താണെന്ന് ആളുകൾ മനസ്സിലാക്കി. ഗ്രാമത്തിന്റെ ആത്മാവിന് നൊന്തു. ഗ്രാമം മുഴുവൻ ശബ്ദിച്ചു. എന്നാല്‍ അവരുടെ ചെറുത്തുനില്പ് ഒരിക്കലും പിറുപിറുക്കലിന് അപ്പുറം എത്തിയില്ല. മരം നിലംപൊത്തി. പതുക്കെ, പതുക്കെ ആൽമരത്തിന്റെ പ്രതിബിംബം ആളുകളുടെ സ്മരണയിൽ നിന്ന് മാഞ്ഞുപോയി. 

            ഇപ്പോൾ ഗ്രാമത്തിൽ പുതിയ മുഖങ്ങളും പുതിയ വീടുകളും സുലഭം. എല്ലാം പുതിയവ. നദീതീരം കടന്നു പോകുന്ന പഴയ ഗ്രാമീണർ മാത്രം വൃക്ഷസ്ഥാനത്തെ ഒഴിഞ്ഞ ഇടം നോക്കി നെടുവീർപ്പയച്ചു. അവർ കൈകൊണ്ട് ആംഗ്യഭാഷയിൽ പുതുതലമുറയോട് തങ്ങളുടെ അരുമയാർന്ന മരത്തെക്കുറിച്ച് വിശദീകരിച്ചു.  മാറുന്ന കാലത്തെക്കുറിച്ച് സംസാരിച്ചു. പക്ഷെ, അവർക്ക് അതെത്രകാലം തുടരാനാവും? 

               മുൻകാലത്ത് അനവധി പേർക്ക് അഭയം നൽകിയ പഴയ ആൽമരം ആളുകളുടെ മനോചക്രവാളത്തിൽ നിന്ന് ഇപ്പോൾ തീർത്തും നിശ്ശബ്ദമായി  മറഞ്ഞു പോയിരിക്കുന്നു.

———————-——_-—————————–

ഋത്വിക് ഘട്ടക്ക് (1925-1976)

———————————–

ഇന്ത്യയിലും വിദേശത്തുമുള്ള സിനിമാസ്നേഹികളെ സംബന്ധിച്ച് ഋത്വിക് ഘട്ടക്കിന് ഒരു മുഖവുര ആവശ്യമില്ല. ഇന്ത്യന്‍ സിനിമയ്ക്ക് സത്യജിത്ത് റായിക്കൊപ്പം യാഥാർഥ്യത്തിന്റെ മുഖം നൽകിയ ചലച്ചിത്രകാരനാണ്  അദ്ദേഹം. എന്നാല്‍ ഘട്ടക്കിന്റെ

കഥകൾ അദ്ദേഹത്തിന്റെ സിനിമകളോളം അറിയപ്പെടുന്നവയല്ല. സിനിമാസംവിധായകനെന്ന നിലയിൽ പ്രശസ്തനാവുന്നതിനു മുൻപാണ് അദ്ദേഹം 

കഥകളെഴുതിയത്. കലാകാരന്മാരിൽ ചിലർ കുറെ കഴിയുമ്പോൾ തങ്ങൾ സ്വീകരിച്ച മാധ്യമത്തിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തെ പ്രണയിക്കുന്നതുകാണാം. അതു അവരുടെ രണ്ടാം പ്രണയമാണ്. കഥാകാരനായ റായിയും ചിത്രകാരനായ 

ടാഗോറും രണ്ടാം കലാപ്രണയത്തിന് ഉദാഹരണമാണ്. എന്നാല്‍ കഥാരചന ഘട്ടക്കിന്റെ ഒന്നാം പ്രണയമായിരുന്നു. ഘട്ടക്കിന്റെ ചലച്ചിത്രത്തിലെന്ന പോലെ കഥയിലും യാഥാർഥ്യത്തിന്റെ തീക്ഷ്ണത നിറഞ്ഞുനിൽക്കുന്നു.ഘട്ടക്കിന്റെ The Tree (ഗച്ച്) എന്ന കഥയുടെ സ്വതന്ത്ര വിവർത്തനമാണിത്.

You can share this post!