ഇഷ്ടങ്ങളെയൊക്കെ
മയിൽപ്പീലി പോലെ
മന ചെപ്പിൽ
കൊണ്ടു നടക്കുന്ന ഒരുവളാണ്!
ആരുടെ പ്രീതിക്കും
വഴങ്ങി കൊടുക്കാത്ത
ഒരുവൾ!
എന്നാലും
മാറ്റി നിർത്താതെ
ചേർത്തു
നിർത്തിയേക്കണം…
രണ്ടില കണ്ടാൽ
കാട് തിരയുന്നവളും
ഒറ്റ പൂവിൽ
വസന്തം തീർക്കാൻ
കൊതിക്കുന്നവളുമാണ്
ഓരോ ചാറ്റൽമഴയിലും
വരികളുടെ
പെരുമഴക്കാലം
തീർത്തു കവിതയിൽ
നനയുന്നവളാണ്!
എന്നിട്ടും
ചില ദിനങ്ങൾ
വറ്റിപ്പോയൊരു
കാട്ടരുവി പോലെയാണ് …
ഒറ്റപ്പെട്ടൊരു
കുന്നുപോലെയാണ്!
ഏകാന്ത ദ്വീപിലേക്കു
വരച്ചു ചേർക്കപ്പെട്ടതു
പോലെയാണ്….
എത്രയെത്ര
നിലാ രാത്രികളെയാണ്
നിറഞ്ഞ മൗനത്താൽ
ഞാൻ കുടിച്ചു വറ്റിക്കുന്നത്….
എത്രയെത്ര പകലുകളാണ്
നീയില്ലായ്മകളായി
വിയർപ്പാറ്റുന്നത് …
എത്രയെത്ര
നിശ്വാസങ്ങളെയാണ്
ഞാനെൻ്റെ ഹൃദയമിടിപ്പിൻ്റെ
താളക്രമങ്ങളാക്കുന്നത് ..
എന്നിട്ടുമെന്നിലെ
ജീവകോശങ്ങൾ
പറയുന്ന മന്ത്രധ്വനികളെ
രേഖപ്പെടുത്താനിടമില്ലാതെ ഒരു പ്രതലം
തിരയുമ്പോൾ…
എന്നിടങ്ങളിൽ
ലിഖിതപ്പെട്ട നിന്നെ
ഞാൻ കൈമാറുന്നത്
മനുഷ്യരിടങ്ങളിലേക്കാണ്…