അകലുംതോറും
അടുക്കുന്നെന്നു തോന്നിക്കുന്ന
ബന്ധനദൂരങ്ങൾക്കെന്തു
നാമധേയം ?
തൊട്ടുനിന്ന്
ചൊറിഞ്ഞുചെമപ്പിക്കുന്ന
ഹൃദയങ്ങളുടെ
പരിഭാഷയെന്ത്…?
പണ്ടെന്നോ കുറിക്കപ്പെട്ടുപോയ
അക്ഷരത്തെറ്റുകളെ
ഉപ്പിലിട്ടു
സൂക്ഷിച്ച ചങ്കൂറ്റം…
ഉടഞ്ഞുപോയ
കൂട്ടുകഷണങ്ങളെ
പിരിച്ചുചൊരിയാനായി
ജീവിതം പിഴിഞ്ഞ
അമ്ലത്തുള്ളികൾ…..
തുടക്കം മറന്നോടിയ
പന്തയത്തിന്റെ
അഴിയാക്കുടുക്കുകളിൽ
വഴിമുട്ടിച്ച്
വെട്ടിത്തിരുത്തെന്ന്
വീണ്ടും പിരിമുറുക്കുന്ന
തിരിവുകളിലെ
ചോദ്യശരങ്ങൾ…..
ചോരയ്ക്കു ദാഹിക്കുന്ന
തീവ്രാസക്തിയുടെ
രാക്ഷസക്കണ്ണുകൾ
ചാവേറുകളെത്തേടുമ്പോൾ…..
രക്തപ്പൂക്കൾ
അർച്ചനയാകുന്ന
മനുഷ്യത്തെരുവുകളിൽ
സ്നേഹപ്പച്ചയ്ക്കുമേൽ
ഹൃദയച്ചോപ്പിന്റെ
പന്തൽ മെനയാൻ
മനുഷ്യക്കാടുകൾ പണിയണം
അതിനായ്
തോളുരുമ്മലുകൾക്കായി
കോർക്കപ്പെടാനുള്ള
ഐക്യക്കണ്ണികൾക്കു വേണ്ടി
ഇനിയുമെത്ര
കടപ്പത്രങ്ങളെഴുതണം …?