മധ്യേയിങ്ങനെ…

ഉള്ളുരഞ്ഞു കത്തിയ തീ ചാമ്പലാക്കിയത്
സ്വപ്നം പൂത്ത കാടുകളെയായിരുന്നു.
ചില മുടന്തൻ ചിന്തകളുടെ അകമ്പടിയാൽ
ഊന്നുവടികളുമായി മരണ താഴ് വരയിലേക്കിറങ്ങി.
മഴത്തല്ലുരഞ്ഞ് ചതഞ്ഞ പാതയോരത്ത്
താളപ്പെരുക്കമുടഞ്ഞ ചെണ്ട,
പുറപ്പെട്ടു പോയ പുരുഷൻ, ഉടുത്തൊരുങ്ങിയിറങ്ങിയ പെണ്ണായി
ഉൾത്തപം ചുവപ്പിച്ച മോഹഹൃത്തുമായി
മുൾക്കാടു താണ്ടിയീ തെരുവോരം,
വരിതെറ്റി നീങ്ങുന്ന കൂനനുറുമ്പുകളിലൊന്നായി മാളങ്ങളിൽ നിന്നും മാളങ്ങളിലേക്ക്,
ചെളിച്ചതുപ്പുകളിലേക്ക്, ഒഴുക്കില്ലാക്കുളത്തിലേക്ക്,
അഴുക്കിലലക്കിയത് മാത്രമണിഞ്ഞു
ഇരുൾ തുരുത്തിൽ വെളിച്ചപ്പുഴ കാത്തു.

കൂർത്ത കാരമുൾപ്പടർപ്പുകൾ മുറിവേൽപ്പിക്കാനാഞ്ഞു
വഴുതി മാറി സംഘർഷങ്ങളുടെ പുഴയൊഴുക്കിലേക്കിറങ്ങി
കണ്ണുകളടച്ചു കിടന്നു.
പൊന്തകൾക്കുമറവിലെ ചെന്നായ കണ്ണുകൾ
അവയ്ക്കൊപ്പം കൂടാനായി കടിച്ചടുപ്പിച്ചു
ചില നഖപ്പാടുകളാഴ്ത്തി
കൂട്ടത്തിൽ ചേരാത്തതെന്ന് വലിച്ചെറിഞ്ഞു
ചത്തതുപോലെ കിടന്നതു കൊണ്ട്
സിംഹങ്ങളാക്രമിച്ചില്ല
കാട്ടുപശുക്കൾ ചുറ്റും കൂടി മണത്തു
മാംസഭുക്കുകളുടെ മണമായതിനാൽ
അവയുമുപേക്ഷിച്ചു
പൊരുത്തക്കേടുകളുടെ വാരിക്കുഴിയിലകപ്പെട്ടതുകൊണ്ട്
ഒപ്പം കൂടാനുമായില്ല
ഉദയഭുക്കുകളെ തേടി ഉൾക്കാടുകളിലലഞ്ഞപ്പോഴാണ്
വളരെ വിജനവും നിഗൂഢവുമായ ഒരിടം കണ്ണിൽ പ്പതിഞ്ഞത്,കരളിലും;
അവിടെ ചിലർ കത്തിയമർന്ന സ്വപ്നങ്ങളുടെ തീ കായുകയായിരുന്നു
ചെളിയും ദുർഗന്ധവുമേറ്റ യാത്രയുടെ
ക്ഷീണമഴിച്ചുവച്ച് അവർക്കൊപ്പം തീ കായാനിരുന്നു.

You can share this post!