മധുരം മലയാളം

ഞാൻ അധ്യാപകനായിരുന്ന ഒരു സ്കൂളിൽ ഗുമസ്തനായിരുന്നു രാമൻ നായർ. നല്ല മനുഷ്യൻ, ശുദ്ധൻ, നിഷ്കളങ്കൻ. കഥകളി പഠിച്ചിരുന്നു. സംസാരം, ആംഗ്യം, ഭവ പ്രകടനം ഇവയിൽ നിന്നതു വ്യക്തവുമായിരുന്നു.
ഒരിക്കൽ, D E O ഓഫീസിൽ നിന്ന് വന്ന എഴുത്തിനു അദ്ദേഹമൊരു മറുപടി എഴുതി. H M ഇന്റെ മേശപ്പുറത്തു വച്ചു. വായിച്ചുനോക്കിയ അദ്ദേഹം ക്ലർക്കിനെ വിളിച്ചു ചോദിച്ചു :രാമൻനായരെ, ഇതിൽ അവസാനത്തെ വാചകത്തിൽ enhance എന്നൊരു വാക്കുപയോഗിച്ചിരിക്കുന്നല്ലോ, എന്താ അതിന്റെ അര്ഥം? നായർ ഭവ്യതയോടെ പറഞ്ഞു :അറിയില്ലാസർ.
:പിന്നെന്തിനാ അങ്ങനെ എഴുതിയത്?
:അവിടെ എഴുതേണ്ടിയിരുന്ന വാക്ക് രണ്ടു പ്രാവശ്യം മുകളിൽ എഴുതിയിട്ടുണ്ട്. മൂന്നാമതും എഴുതിയാൽ ആവർത്തന വിരസത ആകുമല്ലോ എന്നു വിചാരിച്ചു.
H M പൊട്ടിച്ചിരിച്ചു.
:ആ വാക്കിന് ഉയർത്തുക എന്നാണർധം. enhance salary എന്നു പറയാം. ഒരു വസ്തു ഉയർത്തുക എന്നതിന് lift എന്നേ പറയാവു. രാമന്നാർ എല്ലാം സമ്മതിച്ചു മറുപടി മാറ്റി എഴുതി.
മലയാളിയുടെ ഭാഷാ പ്രയോഗത്തിലും ഉച്ചാരണത്തിലും രാമൻ നായർ സ്റ്റൈൽ കടന്നു കൂടിയിരിക്കുന്നു. മാതൃഭാഷയോട് ചെയ്യുന്ന ക്രൂരത….. അസഹനീയം. TV യിലെ വാർത്താവായനക്കാരാണ് ഈ കാര്യത്തിൽ ഒന്നാം സ്ഥാനത്തു. അവർക്കു നിയോജകമണ്ഡലം മണ്ഠല മാണ്. വിദ്യാർത്ഥി പണ്ടുമുതലേ വിധ്യാർഥി ആണ്. ശബ്ദം ശബ്ധ മാണ്. ഇതൊക്കെ കേൾക്കുമ്പോൾ പണ്ടത്തെ ഒരനുഭവം ഓർമ്മവരുന്നു. മലയാളം ക്ലാസ്സിൽ മന്നം മന്നം നടന്നു എന്നു പറഞ്ഞതിന് മലയാളം മുൻഷി ചെവിയിൽ ഉണ്ടാക്കിയ മുറിവ് ഇന്നും ഒരു വടു ആയി അവശേഷിക്കുന്നു. മന്ദം മന്ദം എന്നാണ് പറയേണ്ടത്.
ഒരു രാഷ്ട്രീയ നേതാവിന്റെ dictionary ഇൽ പാലായനം എന്ന വാക്കേ ഉള്ളു. പലായനമാണ് ശരി. ഇക്കൂട്ടർ സ്ത്രീ യെ പീഡിപ്പിച്ചു എന്നതിന് പീഠിപ്പിച്ചു എന്നേ പറയു. രണ്ടാമത്തെ വാക്കിന് എന്താണർത്ഥം !അതു ശിക്ഷാർഹമാണോ?
പണ്ടൊരുസർ ‘കുതിരലായം ‘എന്നതിന് കുതിരയുടെ കാലിൽ തറക്കുന്ന, വളഞ്ഞ, ഇരുമ്പുകൊണ്ടുള്ള സാധനം എന്ന്നുപറഞ്ഞു കൊടുത്തു. ആ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അച്ഛൻ തെറ്റു തിരുത്തി. കുതിരയെ കെട്ടുന്നസ്ഥലം (തൊഴുത്തു )ആണ് കുതിരലായം എന്നു മകളെ പഠിപ്പിച്ചു. കൂട്ടി ഇക്കാര്യം ക്ലാസ്സിൽവച്ചു സാറിനോട് പറഞ്ഞു. എന്നാൽ പിന്നെ നീ എന്തിനാ ഇങ്ങോട്ട് വരുന്നത്, അച്ഛനോട് പഠിപ്പിക്കാൻ പറഞ്ഞാൽ പോരേ എന്നു തുടങ്ങി അങ്ങേർക്കറിയാവുന്ന വൃത്തികേടുകളൊക്കെ പറഞ്ഞു. കുട്ടി ഒരാഴ്ച പനിപിടിച്ചു കിടന്നു.
നിള ഇൽ നീരാടുവാൻ എന്നതിൽ നിള എന്നാൽ സമുദ്രം എന്നു പഠിപ്പിച്ച അദ്ധ്യാപികയോട് നിള, ഭാരതപ്പുഴ യാണ് എന്നു പറഞ്ഞു. അവരത് അംഗീകരിച്ചു, നന്ദിയും പറ ഞ്ഞു. അതാണ് വലിയ മനസ്സ്.
ഹോട്ടലുകളിൽ ഇന്നത്തെ സ്പെഷ്യൽ എന്നൊരു ബോർഡു കാണാറുണ്ട്. മലയാള ഭാഷയെ വികൃത മാക്കുന്നവരുടെ ഇന്നത്തെ സ്പെഷ്യൽ കർമണി പ്രയോഗമാണ്. (ഇതെത്ര പേർക്ക് മനസ്സിലാവുമെന്നറിയില്ല ).
ഒരു വാക്യത്തിന് മുന്ന് ഭാഗങ്ങളുണ്ട്., കർത്താവു, കർമം, ക്രിയ. ക്രിയയോട് ആര് എന്ന ചോദ്യത്തിനുത്തരം കർത്താവു. എന്ത് എന്നചോദ്യത്തിനുത്തരം കർമം
ഞാൻ ദോശ തിന്നു. ആര് തിന്നു….. ഞാൻ അതു കർത്താവു.
എന്തു തിന്നു…. ദോശ. അതു കർമം. കർത്താവിനു പ്രാധാന്യമുള്ളതു ‘കർത്തരി ‘പ്രയോഗം കർമത്തിന് പ്രാധാന്യമെങ്കിൽ കർമണി പ്രയോഗം. തന്നിരിക്കുന്ന ഉദാഹരണം കർത്തരി പ്രയോഗമാണ്. ദോശ എന്നാൽ തിന്നപ്പെട്ടു എന്നത് കർമണി. ദോശ ഞാൻ തിന്നപ്പെട്ടു എന്നു പറഞ്ഞാൽ ദോശയെ അല്ല എന്നെയാണ് തിന്നത് എന്നർത്ഥ ചാനൽ ചർച്ചയിൽ ഒരാൾ പറഞ്ഞു… പുതിയ ബില്ല് നമ്മൾ ചർച്ച ചെയ്യപ്പെടണം. ഇവിടെ നമ്മളെ പറ്റിയാണ് ചർച്ച വേണ്ടതെന്നുവരും. അർത്ഥം പോയ പോക്ക്.
ഭയങ്കരം എന്ന വാക്കിനർത്ഥം ഭയം ജനിപ്പിക്കുന്നതെന്നാണ്. നാം സാധാരണ പറയാറുണ്ട്…. ഭയങ്കര സദ്യ. ഗാനമേള എങ്ങനെ ഉണ്ടായിരുന്നു… ഭയങ്കരം. ആ പെൺകുട്ടിക്ക് ഭയങ്കര സൗന്ദര്യം. ഉദ്ദേശിച്ചതിന്റെ വിപരീതാർത്ഥമാണ് ഇവിടെ എല്ലാം.
മറ്റൊരു പ്രയോഗമാണ് ‘നന്ദി രേഖപ്പെടുത്തുന്നു ‘എന്നത്. നന്ദി പ്രകാശിപ്പിക്കാനേ സാധിക്കു. പ്രതിയുടെ മൊഴി രേഖപ്പെടുത്താം.
വായിലെ പല്ലൊക്കെ പറിച്ചു കളഞ്ഞതാണോ? ഇവിടെ രണ്ടു തെറ്റുണ്ട്. ഒന്ന്, വായിലെ പല്ല് വേണ്ട. പല്ല് വേറെങ്ങും മുളക്കാറില്ലല്ലോ. രണ്ടു, പറിച്ചു കളഞ്ഞതാണോ? ആരെങ്കിലും തല്ലി കളഞ്ഞതാണോ എന്നു ചോദ്യ കർത്താവിനു സംശയമുണ്ടെന്ന് തൊന്നും.
ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്യാൻ തീരുമാനിച്ചു. അനാച്ഛാദനം എന്നാൽ ആവരണം മാറ്റുക, മൂടി വച്ചിരിക്കുന്നത് തുറന്നു കാണിക്കുക എന്നാണ്. മൈക്ക് അന്നൗൺസ്‌മെന്റു ഇങ്ങനെ ആയിരുന്നു :വൈകിട്ട് അഞ്ചു മണിക്ക് ഗാന്ധി പ്രതിമ സുപ്രസിദ്ധ സിനിമാതാരം മഞ്ജു വാരിയർ അനാച്ഛാദനം ചെയ്യപ്പെടുന്നു. ദൈവമേ !ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പട്ടാളം തന്നെ വേണ്ടിവരും.
മലയാളത്തിന്റെ മാദക ഭംഗിയെ നശിപ്പിക്കരുതേ.

9446371979

You can share this post!

Donate Now

For several years I have been spending much amount of time and money each month to move IMPRESSIO and other sites in good level. It is a free and ad-free literature site. No staff and no revenue. It is a passion. If it is valuable to you, please consider aiding its work with a donation. It will help me to enlarge the categories and content. You can donate monthly or anytime in any amount.

AC details :
M.k.Harikumar
Federal Bank, koothattukulam
Account number
11530100071573
Ifs FDRL0001006