നീയൊരു മത്തൻ
ചെടിയായെന്റെ
പറമ്പിന്റെ അതിരിൽ
പടർന്നു കിടക്കുന്നു
വേനലിൽ വാടിപ്പോവാതിരിക്കാൻ
ഒരു ജല ചുംബനം
തന്നേച്ചു പോവണേ
എന്ന് മഞ്ഞപ്പൂക്കൾ നീട്ടി
നിശ്ശബ്ദം മൊഴിയുന്നു
ഞാൻ കുനിഞ്ഞൊരു
കുടം വെള്ളം പകർന്ന്
ഇതൾ നെറ്റിയിൽ
ഉമ്മവയ്ക്കുന്നു
അന്നേരം ഒളിച്ചു വച്ച
മത്തങ്ങകൾ നീ
എനിക്ക് കാട്ടിത്തരുന്നു
ഞാന താരും കാണാതെ
പൊതിഞ്ഞു വയ്ക്കുന്നു
നിന്റെ നിശ്വാസങ്ങൾ
എന്റെ ശ്വാസമാകുന്നു
നിന്റെ ഇലത്തലപ്പുകൾ
എന്റെ രസനയ്ക്ക്
വീര്യമാവുന്നു
മത്തങ്ങയുടെ
രഥത്തിലേറി ഞാൻ
മേഘക്കൊട്ടാരത്തിലേക്ക്
യാത്രയാവുന്നു
നീയൊരു രാജകുമാരനായി
മാറിയെന്നെ
നൃത്തം ചെയ്യാൻ
ക്ഷണിക്കുന്നു
നമ്മുടെ നൃത്തം കണ്ട്
ആകാശം പുഞ്ചിരിക്കുമ്പോൾ
നക്ഷത്രങ്ങളുണ്ടാവുന്നു
അമ്പിളിമാമൻ പകർന്നു
തന്ന പാലാകട്ടെ
നിലാവായി വഴിയുന്നു
നമ്മൾ ഭൂമിയിലേക്ക്
പഴയ മാതിരി
മടക്കമായപ്പോൾ
ആകാശത്തിന്റെ
സങ്കടം മഴയായ്
പെയ്യുന്നു.
കണ്ണീരിന്റെ ഉപ്പാകട്ടെ
കടലിൽ ചെന്നടിയുന്നു