പൊട്ടനാം രാജാവ്…കണ്ണു പൊത്തി,
രാജ്യംഭരിക്കുന്ന കാലമാണോയിത്.
ചുറ്റുംതീനാളമാളുവാൻപാകത്തിൽ,
പുകമറകൾ ദുസ്സൂചനനൽകിടുന്നൂ.
ഇനിയൊരുവാക്കിന്റെയൊച്ച മാത്രം
മതി, ചുറ്റിലുമഗ്നിയാളി പ്പടർന്നിടാൻ.
മതക്കൂറചുറ്റിവരിഞ്ഞതീപ്പന്തമായാ
ളുകളഗ്നിപകരുവാൻകാത്തിരിപ്പല്ലേ.
ഒന്നിച്ചിരുന്നുംനടന്നുംപഠിച്ചുംഭുജിച്ച
വർ,തങ്ങളിൽ ഭേദമില്ലാതെ ജീവിച്ച
യാനല്ലനാളിന്റോർമ്മകളോർക്കാതി
രിക്കില്ലിനി വരുമോരോ ദിനത്തിലും.
ചീർത്തുജീർണിച്ച ശീലുകൾ ചിന്തിച്ചു
ആത്മരോഷത്തിലണിനിരക്കുന്നവർ,
മാനുഷ്യഭാവമൊട്ടുമില്ലാത്തൊരീ, സാ
ത്താന്റെ സന്തതിപരമ്പരയിലുള്ളവർ.
മതങ്ങളൊക്കെയുംമനുഷ്യനന്മയ്ക്കാ
യ്,തിരഞ്ഞെടുപ്പതും,കൂട്ടിച്ചെടുക്കലും
തിരികെവന്നിടാൻകഴിയാതെയുള്ളൊ
രുതിരിച്ചുപോക്കിന്റോർമ്മയിലാകണം.
-വിവേകാനന്ദൻ കൊട്ടിയം