മതങ്ങളോട്/ഡോ.എസ്.സുഷമ, ചിറക്കര

ആരുടെ ജന്മമാണാദ്യം?
മരമോ മരത്തിന്റെ വിത്തോ?
ആരുടെ ജന്മമാണാദ്യം?
മനുഷ്യനോ അവന്റെ മതമോ?
ശ്രേഷ്ഠമായുള്ളതിതിലേതോ?
മതമോ മനുഷ്യനോ പറയൂ ?

ദൈവത്തെ സൃഷ്ടിച്ച മതമേ,
ദൈവത്തെ കണ്ടവരുണ്ടോ?
എങ്കിലും നിങ്ങൾ വരച്ചു,
വഞ്ചിച്ചുവല്ലോ ജനത്തെ.

നമ്മളെയൊക്കെ കാണാൻ,
കണ്ണുകളില്ലാത്ത ദൈവം.
നമ്മുടെ നിലവിളി കേൾക്കാൻ,
കാതുകളില്ലാത്ത ദൈവം.
നിങ്ങൾ വിശന്നു കരഞ്ഞാൽ,
ആഹാരമേകുമോ ദൈവം?
മാരക രോഗങ്ങൾ വന്നാൽ,
മാറ്റുവാൻ കഴിയാത്ത ദൈവം.

നാലു പതിറ്റാണ്ടിലേറെ,
കുർബാനയർപ്പിച്ചയച്ഛൻ,
പീക്കിരിചെക്കന്റെ കയ്യാൽ,
കൊല ചെയ്യപ്പെട്ടങ്ങു ഫ്രാൻസിൽ.

ഇസ്രയേലിനെതിരായ് തുടരും,
സ്ഫോടന പരമ്പര തടയാൻ,
യഹോവയിറങ്ങിവന്നില്ലല്ലോ,
മരണങ്ങൾ നിർദ്ദയം നീളേ.

ക്രൂര ബലാൽസംഗമെങ്ങും,
പരമ്പരയായി തുടരും,
തടയുവാനായില്ല യാർക്കും,
ദൈവങ്ങൾ കണ്ടില്ലെന്നാണോ?
കാശ്മീരി ദേവാലയത്തിൽ,
എട്ടുവയസ്സുള്ള ബാല,
എത്രനാൾ നിലവിളിച്ചെന്നോ?
ദൈവങ്ങൾ കേട്ടില്ലയെന്നോ?

നന്മകളില്ലാ മതങ്ങൾ,
തള്ളിക്കളഞ്ഞു കുളിക്കൂ !
ഭയവും പകയും വെറുപ്പും,
വിതയ്ക്കും മതത്തെ വെറുക്കൂ.
നിങ്ങളിൽ സ്നേഹം നിറക്കാൻ,
മതത്തിന്റെ പിൻബലം വേണോ?

അധമവികാരം വളർത്തും,
മതത്തിന്റെ കുപ്പായമൂരൂ!
വെറുക്കാൻ പഠിപ്പിച്ച മതവും,
ദൈവങ്ങളേയും കളയൂ
നല്ല മനുഷ്യരായ് വാഴാൻ,
മതങ്ങളും ദൈവവും വേണ്ടാ..

You can share this post!