
പാതിര പിറന്നു.
കടൽ കാറ്റിൻ്റെ
ലവണ ചുംബനം
സ്ഥലകാലങ്ങളുടെ
ഓർമ്മപ്പൂക്കളിൽ
ചോര തെറിപ്പിച്ചു
നിശ്ശബ്ദത
കുടഞ്ഞു കളഞ്ഞ്
അവൾ
ശില്പ മുദ്രയിൽ നിന്ന്
മുക്തയായി
പ്രണയ ജലത്തിൻ്റെ
ഓളങ്ങളിൽ
മരണത്തിന്
മുഖാമുഖം നിന്നു
ശിൽപ ജീവിതത്തിൻ്റെ
മണൽ മരവിപ്പിനെ മറന്നു.
കടൽക്കണ്ണുകളിൽ
ചുവടു വെക്കുന്ന
കനൽ തെയ്യത്തിന്
നെഞ്ച് വിരിച്ചു
ശിൽപിയുടെ
വിരൽക്കൊത്തിനാൽ വിരിഞ്ഞ
ആകാര വടിവുകൾ
അഴിച്ചുമാറ്റി
മണൽ ഭ്രമങ്ങളിൽ
തറഞ്ഞു കിടന്ന ആർത്തികൾ
ആഴക്കടലിൽ അടർന്നുവീണു…
അവൾ ..
അവൾ മാത്രമായതിനെ
തിരിച്ചറിയുന്നതിൻ്റെ
പെരുമീനുദിപ്പ്.
അവൻ ….
അവൻ മാത്രമാകുന്നതിൻ്റെ
തിരയെടുപ്പ്.
ആകാശക്കാഴ്ചയിൽ
അകം കാണുന്നതിൻ്റെ
അപൂർവ്വത .
ഉടൽ
ഉപേക്ഷിക്കുന്നതിൻ്റെ
പ്രണയ രൂപകം.
അൽപ നിമിഷങ്ങളുടെ
ജീവിതം.
അതുമതി
ഒരു കാറ്റിനാൽ തകർന്നു പോകുന്ന
ഒരു തിരയാൽ ഒലിച്ചു പോകുന്ന
മണൽ ജീവിതം
ഒറ്റമുദ്രയിൽ
പകൽ മുഴുവൻ പ്രദർശിപ്പിക്കാൻ.