മടക്കങ്ങൾ അങ്ങനെയാണ്
ഇനിയെന്നെന്ന് യാത്രാമൊഴിയോതാതെ,
വിതുമ്പലിൻ്റെ നേർത്ത ചീളുകളടരാതെ,
നിശബ്ദതയുടെ ഇടർച്ചയിലേക്കൂർന്ന്,
ഒടുവിലെ നിശ്വാസത്തിൻ്റെ സ്വനമമർന്ന്.
ചെറുസ്പർശത്തിനു വിരൽ ദാഹിച്ച്,
പാളി നോട്ടത്തിൽ മിഴിനീരിറ്റിച്ച്,
ഒരിറ്റിറക്കിന് തുള്ളിയർത്ഥിച്ച്,
ആസന്നമാമനുധാവനത്തിനറിയാതെ
സ്വാഗതമോതി.
തിളങ്ങുന്ന വെയിൽ കാഴ്ചകളെ മിഴി മറന്ന്,
വീണുചിതറുന്ന ശബ്ദതരംഗങ്ങളിലെ മധു മറന്ന്,
നെഞ്ചിലുണരുന്ന നേർത്ത ഗദ്ഗദത്തെ മൗനത്തിനു നൽകി,
നിത്യമായ സത്യത്തെ അമർത്തി പുൽകി ..
എല്ലാ മടക്കങ്ങളും അങ്ങനെയാണ്
യാത്രാമൊഴിയോതാതെ,
വിതുമ്പലിൻ്റെ ചീളുകളടരാതെ,
ഒടുവിലെ നിശ്വാസത്തിൻ്റെ സ്വനമമർന്ന്
അനന്തതയിലേയ്ക്ക്..
അനന്തതയിലേയ്ക്ക്.