ഭ്രൂണം/സണ്ണി തായങ്കരി

 ദിവസങ്ങൾ നീണ്ട അന്വേഷണത്തി ലായിരുന്നു അയാൾ. പ്രതീക്ഷകൾക്ക് മങ്ങലേറ്റെങ്കിലും അയാൾ യാത്ര തുടർന്നുകൊണ്ടേയിരുന്നു.
നാട്ടിൽ വർഗീയ കലാപം പൊട്ടിപുറപ്പെ ട്ടെന്നും അനേകർ കൊലക്കത്തിക്ക് ഇരയായെന്നും അവരുടെ കോളനി

കൾ അഗ്നിക്കിരയാക്കിയെന്നും ചാനലു
കളിൽ നിരന്തരം വാർത്തയായി. ഹൃദയ ഭേദകമായ കാഴ്ചകൾ തലച്ചോറിൽ ഞടുക്കം സൃഷിച്ചു.
ഉള്ളകത്തിൽ ഇരുട്ട് നിറഞ്ഞപ്പോൾ ഒരു കൊച്ചുമെഴുകുതിരിനാളമായി ലേബർ ക്യാമ്പിലെ അന്യരാജ്യക്കാരായ സഹപ്രവർത്തകർ. വാക്കുകൾകൊണ്ട് കെട്ടുതുടങ്ങിയ പ്രതീക്ഷയുടെ ദീപ ത്തിൽ എണ്ണ പകർന്നു അവർ. ഫിലിപ്പൈയൻസുകാരനും ശ്രീലങ്കക്കാ രനും പാക്കിസ്ഥാനിയും ഒരു സഹോദര നോടെന്നപോലെ അയാളുടെ മനോ ബലം ഉയർത്താൻശ്രമിച്ചുകൊണ്ടിരുന്നു. അന്യരാജ്യത്ത് അന്നത്തിനായി എത്തു ന്നവർക്ക് എല്ലാവരും മിത്രങ്ങളും സഹോ ദരങ്ങളുമാണ്. സ്വന്തം രാജ്യാതിർത്തി കടക്കുമ്പോഴാണ് പലരിലും ഉറങ്ങിക്കിട ക്കുന്ന അപരരാജ്യവിദ്വേഷകൻ തല പൊക്കുന്നത്.

ജനിച്ച മണ്ണിൽ പല പണികൾ ചെയ്തിട്ടും
കടവും കഷ്ടപ്പാടും മാത്രമായ വർഷ ങ്ങൾ… ഒരു നല്ല ജോലി കിട്ടിയിട്ട് മതി വിവാഹമെന്ന നിശ്ചയത്തിന് പ്രായം ക്രമേണ ഇളക്കം വരുത്തി. വിവാഹം കഴിച്ച് കൊണ്ടുവരുന്ന പെൺകുട്ടിക്ക് ഭാഗ്യമുണ്ടെങ്കിൽ നല്ല ജോലി ലഭിക്കു മല്ലോ എന്നാണ് ബാപ്പയും ഉമ്മയും പ്രലോഭിപ്പിച്ചത്. കേട്ടപ്പോൾ അങ്ങനെ യും സംഭവിക്കാമല്ലോയെന്ന് മനസ്സ് സമ്മതിച്ചു.

 റംലത്തിനെ വിവാഹം കഴിക്കുമ്പോൾ പ്രായം നാല്‌പത്.  വൈകാതെ റംലത്ത് ഗർഭിണിയായി. എന്നാൽ ഒരു ഗർഭിണി ക്ക് ആവശ്യമായ പോഷകാഹാരവും ചികിത്സയും കൊടുക്കാൻ മകന് കഴിയുന്നില്ലെന്ന വേദന തിരിച്ചറിഞ്ഞാണ് ബാപ്പ അന്യരാജ്യത്തെ ജോലിക്ക് ആദ്യമായി സമ്മതം മൂളിയത്.
 വീട് പണയപ്പെടുത്തി ഏജന്റിന് ലക്ഷ ങ്ങൾ കൊടുത്തതും ബാപ്പയാണ്. ദുബായിൽ 5000 ദിർഹം ശമ്പളം ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. നമ്മുടെ നാട്ടിലത് ഒരു ലക്ഷത്തിന് മുകളിൽ വരു മെന്ന് അറിഞ്ഞപ്പോൾ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല.

 റംലയെ പിരിയുന്നത് വേദനയുണ്ടാ ക്കുമെങ്കിലും അവൾക്ക് ആവശ്യമുള്ള മരുന്നും ഭക്ഷണവും കൊടുക്കാനാവു മല്ലോ, നല്ല ഒരാശുപത്രിയിൽ പ്രസവം നടക്കുമല്ലോ എന്ന ചിന്ത ആശ്വാസമായി.

  ദുബൈയിലെത്തി ദിവസങ്ങൾക്ക് ശേഷമാണ് ചതിക്കപ്പെട്ടെന്ന സത്യം തിരിച്ചറിഞ്ഞത്. പിന്നെ ആരുടെയൊ ക്കെയോ കാലുപിടിച്ച് കിട്ടിയ പണി ചെയ്തു.  ലേബർ ക്യാമ്പിൽ ഭക്ഷണവും താമസ വും. എല്ലാറ്റിനോടും വേ ഗംപൊരുത്തപ്പെട്ടു. ഒന്നും ബാപ്പയെ അറി യിച്ചില്ല. പിറക്കാനിരിക്കുന്ന തന്റെ കുഞ്ഞിനുവേണ്ടി എന്തു ത്യാഗം സഹി ക്കാനും തയ്യാറായിരുന്നു.
  നിത്യേന വരുന്ന ചാനൽ വാർത്തക ളിൽനിന്ന് അറബിക്ക് കാര്യങ്ങൾ മനസ്സിലായിരുന്നു. സഹപ്രവർത്തകർ അയാളുടെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തി. മനുഷ്യത്വമുള്ള അയാൾ മടക്ക യാത്ര യ്ക്ക് ശുപാർശ ചെയ്തു.

ഉത്ക്കണ്ഠയുടെ ആകുലതകൾ നെഞ്ചിലേറ്റി സ്വന്തം മണ്ണിലേക്ക്…

 ആദ്യം പാഞ്ഞെത്തിയത് സ്വന്തം ഭവനത്തിലേക്ക്...
പക്ഷേ, ഒരു ചുടലക്കളത്തിലെത്തിയ പ്രതീതിയായിരുന്നു...
എങ്ങും എരിഞ്ഞ് ചാമ്പലായവീടുകൾ. പൂർണമായും കത്തിയമരാത്തവയിൽ നിന്ന് അപ്പോഴും ചിതയിൽനിന്ന് എന്ന പോലെ പുക ഉയർന്നുകൊണ്ടിരുന്നു. സ്വന്തം വീട് എവിടെയായിരുന്നുവെന്നു പോലും നിശ്ചയിക്കാനാവാതെ അയാൾ വിതുമ്പി.
 തന്റെ കുഞ്ഞിനെ ഗർഭത്തിൽ വഹിച്ച റംല...വാർധക്യത്തിന്റെ അവശതയേ റിയ ബാപ്പ... ഉമ്മ...ആരും അവശേഷി ക്കുന്നില്ലേ...?

  ആർത്തട്ടഹസിക്കുന്ന അലകടൽ അയാളുടെ പ്രജ്ഞയിൽ മുഴക്കങ്ങൾ തീർത്തു. കത്തിയമർന്ന ആ ചാരക്കൂ മ്പാരത്തിൽ മുഖം പൂഴ്ത്തി അയാൾ കേണു.

 അവിടെനിന്ന് ആരംഭിച്ച യാതനയുടെ യാത്ര... പലരോടും ചോദിച്ചു. പക്ഷേ, മൗനം നിഗൂഢമായ അർഥതലങ്ങൾ ഒളിപ്പിച്ച നിർവികാരമുഖങ്ങളാണ് അയാൾ കണ്ടത്.

 ആശുപത്രികൾ...
 മോർച്ചറികൾ...
 ഒന്നും അയാൾക്ക് ഉത്തരം നൽകി യില്ല.

  സ്വയം നഷ്ടപ്പെട്ടവനായി, സങ്കടങ്ങ ളുടെ നിധി പേറുന്നവരുടെ പ്രതിനിധി യായി അയാൾ ഏതോ ആശുപത്രി മോർച്ചറിയിലെ അവസാന ശവവും കണ്ട് പുറത്തിറങ്ങി. മോർച്ചറിക്ക് പുറത്തെ തുരുമ്പിച്ച് കാലാടുന്ന കസേര യിൽ ചാഞ്ഞിരുന്നു. മനസ്സിനെയും ശരീരത്തെയും ക്ഷീണം കീഴ്പ്പെടുത്തി. കണ്ണുകൾ അടഞ്ഞു പോയി.

കൈയിൽ തണുപ്പ് അനുഭവപ്പെട്ട പ്പോൾ വികൽപ്പത്തിന് വിരാമമുണ്ടായി.
"ഇക്ബാലല്ലേ?"
"ങേ... ആ... രാ...?"
" നെനക്കെന്നെ മനസ്സിലായില്ലേ? ഞാൻ രമേശ്..."
 രമേശ്. പത്താം ക്ലാസിലെ അടുത്ത കൂട്ടുകാരൻ... വിശപ്പിനുമുമ്പിൽ സ്വന്തം ചോറ്റുപാത്രം തുറന്നുവെച്ച്, അരുകിലിരു

ന്ന് കാരുണ്യത്തിന്റെ ബാലപാഠം ഉറക്കെ കേൾപ്പിച്ച സഹപാഠി…

  അവൻ വിളിച്ചിടത്തേയ്ക്ക് നടന്നു.

  അർധരാത്രിയിലും തുറന്നിരിക്കുന്ന ചായക്കടയുടെ മുന്നിലിട്ട ബഞ്ചിലിരുന്ന് കട്ടൻചായ ഊതിക്കുടിക്കുമ്പോൾ സഞ്ചരിക്കേണ്ട പാതയുടെ അറ്റം അയാൾ കാണിച്ചുതന്നു.
  കൂട്ടിയിട്ട് കത്തിക്കുമ്പോൾ പെട്രോൾ തീർന്നതുകൊണ്ട് അഗ്നി ബാക്കിവെച്ചറംല... കൂട്ടബലാൽസംഗത്തിനുശേഷം ആറു മാസം വളർച്ചയെത്തിയ ഭ്രൂണം ത്രിശൂലം കൊണ്ട് കുത്തി പുറത്തെടു ത്തിട്ടും മരണത്തിന് കീഴടങ്ങാതിരുന്ന റംല... പിന്നെ ഏതോ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിൽ...
അവസാനം മോർച്ചറിയുടെ ഒടുങ്ങാത്ത
തണുപ്പിൽ...രമേശ് കൂട്ടിക്കൊണ്ടുപോയ ആശു പത്രി മോർച്ചറിയിൽ 14-ാം നമ്പർ കള്ളി യിലെ ശവശരീരത്തിന്റെ മുഖാവരണം മാറ്റുമ്പോൾ...

 കിളി പറന്നുപോയ നിർജീവമായ കൂട്...

 അയാളുടെ കണ്ണുകൾ അപ്പോൾ ചത്തുമലച്ചിരുന്നു.

You can share this post!