ഇരുണ്ട ഭൂമിക
തേടിയുള്ള യാത്രയിലാണ്
വീണ്ടും സൂര്യനെ കണ്ടെത്തിയത്…
ഇമയുയർത്താൻ പറ്റാത്താത്ര ദ്യുതിയുണ്ടതിന് പക്ഷേ ചൂട് കുറഞ്ഞിട്ടുമാണ്….
ജ്വലിക്കുന്നതെങ്കിലും കത്തിച്ചു കളയില്ലെന്നെ…
നടന്നടുക്കാൻ മോഹം
എരിഞ്ഞടങ്ങാൻ ദാഹം …
പക്ഷേ കനിവിന്റെ കുളിർമ്മയാണ്
ചിരിക്കുന്ന സൂര്യനെനിക്ക് നീട്ടിയത്..
മിഴിയിണകളിൽ ചുംബിച്ച് സുഗന്ധദ്രവ്യങ്ങൾ കുതിർത്ത
തൂവലുകൊണ്ട് തഴുകി കനിവിന്റെ
സുഖദമായ പൂനിലാവെന്റെ മേനിയിൽ അണിയിച്ച്
അങ്ങനെ മാസ്മരികമായൊരു ലോകത്തേക്കുള്ള വാതായനങ്ങൾ ഇരുവശത്തേക്കും വിശാലമായ് തുറന്നു തന്ന് ചിരിച്ചുകൊണ്ട് സൂര്യൻ ക്ഷണിക്കുകയാണ്….
വലതു കാൽപാദമൂന്നി ഞാൻ കടന്നു വരട്ടേ….
കനിവിന്റെ സൂര്യാ … ക്ഷീണമകറ്റാൻ തൽപം വേണം ലഹരി നുകരാൻ താംബൂലം വേണം… മാറിലണിയാൻ പവിഴ മണി മാലകളും വേണം…
കടുത്ത മുന്തിരിച്ചാറ് നുരയുന്ന ചഷകം നുകർന്നെന്റെ അധരം തുടുത്തു …
സ്വർഗ്ഗീയ സംഗീതത്തിന്റെ അലകൾ കാതിൽ മധുരം പൊഴിച്ചു …
നിലാവിതളുകൾ ചുറ്റിലും വീണു മയങ്ങി…
തഴുകുന്ന സൂര്യന്റെ വിരൽതുമ്പുകളിൽ നഖങ്ങൾ കൂർത്തിരിക്കുന്നുവോ?
അവയെന്റെ ശരീരം കുത്തി പൊളിക്കുമോ…
ഭയമെന്നെ ഉണർത്തുന്നു …
ഭയം കാടു തീർക്കുന്നു… ഭയം കാർമേഘമാകുന്നു…
തിരികെ ഓടിയകലാൻ വെമ്പുമ്പോൾ കാലുകളിലെ ചങ്ങല മുറുകുന്നു.
രൗദ്രം ആട്ടക്കാരനായ് പദമാകുന്നു….
സൂര്യൻ അണഞ്ഞിരിക്കുന്നു…
തമസ്സ് ഏറുന്നു… നാവു വരളുന്നു…
ഭീതി തിരശ്ശീലക്ക് മറവിലിരുന്ന് അലറി ച്ചിരിച്ചു..
തലച്ചോറിൽ മിന്നി മറയുന്ന നിഴൽ രൂപങ്ങളിൽ അപ്പോളും സൂര്യനും ഞാനും പ്രണയം പറയുകയാണ്.
എന്റെ ശരീരം നിറയേ മഞ്ചാടിമണികൾ നിറയുകയാണ് …