ബലി

മദംപൊട്ടുന്ന ചിന്തകളിൽനിന്ന്‌ രക്ഷപ്പെടാൻ അയ്യപ്പൻ പനമ്പട്ടകൾ കോതിമിനുക്കി വായിലേക്ക്‌ തിരുകി. പനമ്പട്ടകളെ ഉഴിയുമ്പോൾ കാടിന്റെ സ്പർശം. പനമ്പട്ടകൾക്ക്‌ കാടിന്റെ ഗന്ധമാണ്‌. പനമ്പട്ടകളിലൂടെ അയ്യപ്പൻ കാടിനെ തഴുകി. ഇണകളുടെ ചൂടും ചൂരും മസ്തിഷ്കത്തിൽ. തൃഷ്ണകളുടെ കടന്നൽ കുത്തേറ്റ്‌ മദജലം പൊടിയുന്നു.
“മദപ്പാടുള്ള ആനയെ ആണോ എഴുന്നള്ളിക്കുന്നത്‌ ? ആനവൈദ്യവും ആയുർവേദവുമൊക്കെ അറിയാവുന്ന കൃഷ്ണൻനമ്പൂതിരി. രാഘവൻ പാപ്പാന്റെ അടുത്ത്‌ കോപിച്ചു അമ്പലക്കമ്മറ്റിയിലെ ഒരംഗം എന്ന നിലയ്ക്ക്‌ അയാൾക്ക്‌ ചോദിക്കാനുള്ള അവകാശമുണ്ട്‌.
“ഏയ്‌ അതൊക്കെ കഴിഞ്ഞിരിക്കുന്നൂട്ടോ, പിന്നെ അയ്യപ്പൻ മദപ്പാടുകാലത്തും പ്രശ്നംണ്ടാക്കാത്തോനാ, അവനെ കണ്ണടച്ച്‌ വിശ്വസിക്കാം.” അയാൾ വാത്സല്യത്തോടെ അയ്യപ്പനെ തലോടി.
ൻഘും ! നമ്പൂതിരി ഒന്നിരുത്തി മൂളി
മദപ്പാടിനിയും മാറിയിട്ടില്ലെന്ന്‌ അയാൾക്ക്‌ തോന്നി അതിന്റെ തലച്ചോറിൽ ഉരുണ്ടുകൂടുന്ന സംഘർഷങ്ങളെക്കുറിച്ചോർത്ത്‌ അയാൾക്ക്‌ പാവം തോന്നി. അതിന്‌ വേണ്ടത്ര തീറ്റ കൊടുക്കണം എന്ന്‌  നിർദ്ദേശിച്ച്‌ അയാൾ മേളം രസിക്കാനായി പോയി. മേളം കൊട്ടുന്നത്‌ കേൾക്കുന്നതും കാണുന്നതും ഒരുപോലെ രസമാണല്ലോ.
മേളം കഴിയാറായിരിക്കുന്നു. അയ്യപ്പൻ തിളയ്ക്കുന്ന മനസ്സിനെ വരുതിയിലാക്കി അനങ്ങാതെ നിന്നു. മേളത്തിന്റെ താളപ്പെരുക്കങ്ങളിൽ മനസ്സലിഞ്ഞ്‌ ഭക്തിയോടെ ചെവിയാട്ടി. കലാശക്കൊട്ടിന്‌ ആലവട്ടവും വേഞ്ചാമരവും വീശുമ്പോൾ ദേഹം ഇളകാതെ നിൽക്കാൻ അയ്യപ്പൻ ശ്രദ്ധിക്കാറുണ്ട്‌. ഇത്തവണയും അവനാ പതിവ്‌ തെറ്റിച്ചില്ല. ശ്രദ്ധയുടെ ആ നിമിഷങ്ങളിലാണ്‌ അയ്യപ്പൻ ആ കാഴ്ച കണ്ടത്‌.
ദീപാരാധനയുടെയോ അതോ മറ്റേതെങ്കിലും വെടിവഴിപാടിന്റെയാണോ എന്നറിയില്ല കനൽപ്പാടുകൾ തീജ്വാലയായി പുൽനാമ്പുകളിലേക്ക്‌ പടരുന്നു. അടുത്ത്‌ വെടിമരുന്നിന്റെ ഓലപ്പുര. ഓലപ്പുരയുടെ അരികെ വെടിക്കാരൻ ഗോപാലൻ ഭാര്യയോടെന്തോ സംസാരിച്ചു നിൽക്കുന്നു. അവരുടെ അടുത്ത്‌ ഒരു കുട്ടിയുണ്ട്‌. മറ്റൊരു സ്ത്രീ കുഞ്ഞിനെയുമെടുത്ത്‌ ആനയെ കാട്ടി രസിക്കുന്നു, ഒരു വൃദ്ധൻ വിശ്രമിക്കാനായി അടുത്തൊരു കല്ലിൽ ഇരിക്കുന്നു. തീജ്വാലകൾ ആരും കാണുന്നില്ല. സമർത്ഥനായ ഒരു കള്ളനെപ്പോലെ അത്‌ വെടിമരുന്നുപുര ലക്ഷ്യമാക്കി പതുങ്ങി നീങ്ങുന്നു.
അയ്യപ്പൻ ചുറ്റും നോക്കി മുമ്പിൽ വിളക്കു പിടിക്കുന്നവർ കാൽച്ചുവട്ടിൽ പാപ്പാന്മാർ തൊട്ടടുത്ത്‌ മേളത്തിന്‌ മതിമറന്ന്‌ കൊട്ടുന്നവർ. മേളം തലയാട്ടി കൈയാട്ടി രസിക്കുന്നവർ. അനങ്ങിയാൽ അവരെല്ലാം ഭയക്കും പക്ഷേ അതിലും വലുതല്ലേ…. ആലോചിക്കും മുമ്പേ അയ്യപ്പനിൽനിന്ന്‌ ചിന്നം
വിളിയുയർന്നു. അവൻ തുമ്പിക്കൈകൊണ്ട്‌ പാപ്പാനെ തൊടാനൊരുങ്ങി. പക്ഷേ പാപ്പാൻ രാഘവൻ അകന്നുമാറി. അയാൾ പരിഭ്രമിച്ച്‌ അയ്യപ്പനെ തോട്ടികൊണ്ട്‌ ആഞ്ഞുകുത്തി. “ആനയിടഞ്ഞേ !!! ” ആളുകൾ അലറിവിളിച്ചുകൊണ്ടോടിത്തുടങ്ങി.
ഒരു മയക്കുവെടി അവന്റെ മസ്തിഷ്കത്തിൽ പതിച്ചു കൂച്ചുവിലങ്ങുകളിൽ അവന്‌ അനങ്ങാൻ പറ്റാതായി. അവൻ പിന്നെയും ചിന്നം വിളിച്ചു. പിന്നെയും ഒരു വെടികൂടി അവനുനേരെ…
ആനയിടഞ്ഞു, ആളുകൾ ഓടുന്നതിനിടയിൽ വെടിമരുന്ന്പുരയ്ക്ക്‌ തീ പിടിച്ചു. സംഘാടകർ തക്കസമയത്ത്‌ കണ്ടിടപെട്ടതിനാൽ ആളപായമുണ്ടായില്ല. അന്നത്തെ സംസാരം ഇതുതന്നെയായിരുന്നു.
ഇടഞ്ഞ ആനയെ അമ്പലപ്പറമ്പിലെ ഒരു മൂലയിൽ മയക്കുവെടിവച്ച്‌ തളച്ചിട്ടിരിക്കുന്നു. ആർക്കും ഒന്നും പറ്റിയിട്ടില്ലെന്ന്‌ അയ്യപ്പനുമറിഞ്ഞു. അവന്‌ സമാധാനമായി. അവന്‌ എഴുന്നേൽക്കാനാവുമായിരുന്നില്ല. പൊടുന്നനെ അവന്റെ ശരീരം തളർന്നു. അമ്പലപ്പറമ്പിലെ വെറും മണ്ണിൽ അവൻ കൊമ്പുകൾ മുട്ടിച്ചു, നമസ്ക്കാരം പോലെ.
ആളുകൾ അവനെ പരിഹസിച്ചു ചിരിച്ചു. അവൻ കൊമ്പുകുത്തീട്ടോ. പരാജയം സമ്മതിച്ചൂട്ടാ അവൻ – എല്ലാവരും അവന്റെ ചുറ്റും നിന്നു ചിരിച്ചു.
അയ്യപ്പന്റെ ചലനങ്ങൾ നിശ്ചലമായി. അവന്റെ തുമ്പിക്കരങ്ങൾ മണ്ണിൽ സമർപ്പിതമായി.

You can share this post!