
കൂട്ടിലിട്ട മൃഗങ്ങളെ
കാണുവാൻ
വന്നതാണു നാം
വീട്ടിനുള്ളിൽ
തടവിൽ കിടക്കുവോർ
കുട്ടികൾക്കാണിതിൽ
കൗതുകം; ഏറെയും
തങ്ങളെപ്പോലുള്ള
പക്ഷികൾ ചുറ്റിലും
കാണ്ടാമൃഗത്തിൻ
തൊലിക്കട്ടി നോക്കി
അന്യോന്യമാരെന്ന്
തർക്കം; മുതിർന്നവർ!
കാട്ടുപോത്തിൻ
കരുത്തു കണ്ടിട്ടകം
ചുട്ടുപൊള്ളുമിരുകാലികൾ
നാം; പരിഷ്കാരികൾ
നഗരമേകും
സദാചാരസംഹിത
വലിയ വായിൽ
ഉരുക്കഴിക്കുന്നുവോ?
പാമ്പു പോലെ പുളഞ്ഞു
കാമത്തിന്റെ സ്മരണ പേറും
പ്രേമിക്കരുകിലായ്
പെരുമ്പാമ്പിലൊന്നിനെ
കൺപാർത്തു നിൽക്കവേ
കാമമെങ്ങോ
പറന്നുപോകുന്നുവോ?
കിളരമേറും
മരങ്ങളിലാകവേ
ചാടിയാടുന്നു
ശ്രേഷ്ഠരാം പൂർവ്വികർ
എന്ത് കഷ്ടം!
മണ്ണിൻ മണം കെട്ട്
വിണ്ണിലേറുന്നു
നാം പിതൃശൂന്യരായ്!!

കുറ്റമാണു നാം
ചെയ്യുന്നതൊക്കെയും
പാപമാണു
പുലമ്പുന്നതൊക്കെയും
സ്വർണ്ണമോടി-
യിലാടുന്നിതെപ്പൊഴും
മധുരമേറ്റുന്നു
കാരസ്ക്കരത്തിലും
എത്ര മുന്നോട്ടുപോകിലും
പിന്നോട്ടു നമ്മെയാരു
വലിക്കുന്നിതെപ്പൊഴും?
അതു നമ്മൾ തന്നെ
നമുക്കുള്ള കെട്ടടങ്ങാ
ദുരാർത്തികൾ തന്നെടോ!
ഇനി അൽപനേര-
മിരുന്നിട്ട് പോയിടാം
എന്നു ചൊല്ലുന്ന
മാത്രയിൽ കേവലം
ക്ഷീണമാകുന്നു
പേശികൾ സർവ്വവും
മതിലിനപ്പുറം
നഗരമാണെങ്കിലും
ചുട്ടുപൊള്ളുന്ന
വേനലാണെങ്കിലും
ഇവിടെ,
ഇത്തിരിക്കാടിന്റെ ഭംഗിയിൽ
ഇളവേറ്റിരിക്കുന്നതാനന്ദമായിടാം
എത്രയാനന്ദമാകിലും
നോവിന്റെ വേരു കരിയുകയാ-
ണന്തരംഗിയിൽ
സോദരന്മാർ, പിതാക്കൾ,
മുത്തച്ഛരും തടവിലിങ്ങനെ
നീറിക്കിടക്കവേ
ഏതു ശീതള-
ഛായയിലാകിലും
മിഴിയടയ്ക്കുവതെങ്ങനെ
യുക്തമോ?
ഇനി നടക്കാം,
തുടരട്ടെ കാഴ്ചകൾ
കൂട്ടിലിട്ട്
വളർത്തുന്ന വന്യത!
നോക്കി നോക്കി-
ത്തളർത്തുന്ന ദൈന്യത!!
***********************************************
അരുൺകുമാർ അന്നൂർ
ജനനം : 1985 മെയ് 31 , കൊട്ടാരക്കരയ്ക്കടുത്ത് അന്നൂറിൽ
വിദ്യാഭ്യാസം : കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിലും
സാഹിത്യത്തിലും ബിരുദം
ഉദ്യോഗം : ട്രഷറി വകുപ്പിൽ
വിലാസം : അനൂപ് ഭവൻ, അന്നൂർ, അമ്പലത്തുംകാല പി.ഒ
കൊല്ലം ജില്ല, പിൻ – 691 505
ഫോൺ : 9645094001
കൃതികൾ
1. വാക്കുകളുടെ പുസ്തകം (കവിതാസമാഹാരം-2010, പച്ചമലയാളം പബ്ലിക്കേഷൻസ്, കൊല്ലം)
2. ദൈവദൂഷകൻ തന്റെ ജനത്തോട് പറയുന്നത് (ചിന്തകൾ, കവിതകൾ 2011 )
3. കുട്ടിക്കാലം ഡോട്ട് കോം (ബാലസാഹിത്യം-2013, എറണാകുളം ജില്ല ലൈബ്രറി കൗൺസിൽ)
4. മാഞ്ചോട്ടിലിരുന്നൊരു കഥ ചൊല്ലാൻ വിളിച്ചപ്പോൾ (കവിതാസമാഹാരം- 2014 )
5. എന്റെ വെളിപാടു പുസ്തകത്തിൽ നിന്ന് (കവിതാസമാഹാരം- 2014, സാഹിത്യപ്രവർത്തക
സഹകരണസംഘം, കോട്ടയം).
6. കവിതകൾ (2005-15) (കവിതാസമാഹാരം- 2016, പച്ചമലയാളം പബ്ലിക്കേഷൻസ് )
7. മാനവികതയുടെ മാനിഫെസ്റ്റോ (ദർശനം-2017,പ്രഭാത് ബുക്ക്സ് )
പുരസ്കാരങ്ങൾ
2012 ലെ അക്ഷയദീപ പുരസ്കാരം ദൈവദൂഷകൻ തന്റെ ജനത്തോടു പറയുന്നത് എന്ന കൃതിക്ക് ലഭിച്ചു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്റെ സുരേന്ദ്രൻ സ്മാരക പുരസ്കാരം 2012-ൽ മഴയിൽ മട്ടാഞ്ചേരിത്തെരുവിൽ എന്ന കവിതയ്ക്ക് ലഭിച്ചു.