രാത്രിയില്‍ മടങ്ങിയെത്തി,
നിന്നെക്കുറിച്ചുള്ള എന്‍റെ നഷ്ടപ്പെട്ട ഓര്‍മ.
ആരാരുമറിയാതെ
വസന്തകാലം പൂക്കളെക്കൊണ്ട് നിറയ്ക്കുന്നു
ഒരൊഴിഞ്ഞ വയല്‍ പോലെയായിരുന്നു, ഞാന്‍.
മരുഭൂമി പോലെയായിരുന്നു, ഞാന്‍;
മുകളിലൂടെ, ഏറെ ശ്രദ്ധയോടെ
സൗമ്യമായി ചലിയ്ക്കുന്നു,
ഇളം തെന്നല്‍.
അകാരണമായി പുഞ്ചിരിയ്ക്കുന്ന,
മരിച്ചു കൊണ്ടിരിയ്ക്കുന്ന
രോഗിയെപ്പോലെയായിരുന്നു, ഞാന്‍.
2. തനിച്ചല്ല
തടവിലാണെങ്കിലും
തനിച്ചല്ല, ഞങ്ങള്‍!
ഓരോ ദിവസവും,
പിതൃഭൂമിയുടെ അരുണോദയത്തിന്‍റെ കുളിര്‍കാറ്റ്
ഓര്‍മകളുടെ സുഗന്ധം പരത്തിക്കൊണ്ട് വന്നെത്തുന്നു;
കണ്ണുനീര്‍ മുത്തുകളുടെ ഭാരമേന്തിക്കൊണ്ട് മടങ്ങിപ്പോകുന്നു.
3.വര്‍ണ്ണത്തിന്‍റെ രുപകങ്ങള്‍
നിന്നെപ്പറ്റിയുള്ളതെല്ലാം
എന്‍റെ കവിതയില്‍
നെയ്തെടുത്തു, ഞാന്‍.
എനിക്ക് പറയാനുള്ളതെല്ലാം നിന്‍റെതായിരുന്നു.
വര്‍ണ്ണത്തിന്നുള്ള,
സുഗന്ധത്തിന്നുള്ള,
സൗന്ദര്യത്തിന്നുള്ള,
പിന്നെ,
നന്മക്കുള്ള
എല്ലാ രുപകങ്ങളും നിന്നെക്കുറിച്ചായിരുന്നു.
നിനക്കും നിന്‍റെ വാഗ്ദാനങ്ങള്‍ക്കും മുമ്പ്
മറ്റു കാര്യങ്ങള്‍ എന്നെ താങ്ങി നിര്‍ത്തിയിരുന്നു.
രത്നങ്ങളെ ഞാന്‍ എണ്ണുമ്പോള്‍,
നിന്‍റെ വേദന
എന്‍റെ ഹൃദയത്തെ സമ്പന്നമാക്കി.
എന്‍റെ മടിയില്‍ വീഴുന്ന,
വാനത്തെ എല്ലാ നക്ഷത്രങ്ങളും.
അവളുടെ ദീര്‍ഘായുസ്സിന്നായി പ്രര്‍ത്ഥിയ്ക്കുന്നു ഞാന്‍;
അവള്‍ എന്‍റെതായിരുന്നില്ലെങ്കില്‍ പോലും……….