പ്രിയദയുടെ പുരുഷാര്‍ത്ഥം/നോവൽ /2-3

2
ഭാഗീരഥി
——
ഇവളവന് എഴുതുന്നത്‌ മാത്രമേ കാണുന്നുള്ളല്ലോ, അവനെവിടെയാണ്?.  രേണുവിന്റെ ക്ഷമ നശിച്ചു. ഭൂമിയില്‍ നിന്നും അപ്പോള്‍ മാത്രമെത്തിയതിന്റെ പ്രശ്നങ്ങള്‍ പുതുരേണുവിനുണ്ട്. അവളെ കണ്ടു കഴിഞ്ഞപ്പോള്‍ അവനെയും കാണണമെന്നായി. അവന്‍ കണ്ട സ്വപ്നത്തിലെ അതേ രൂപമാണോ അവന്റേത്  എന്നറിയണമെന്നും. ഭൂമിയ്ക്കും ദിവ്യലോകത്തിനും ഇടയില്‍ അവനാടി. മനുഷ്യശരീരം നഷ്ടപ്പെട്ടു, രേണുശരീരത്തിലേക്ക് മുഴുവനായും കേറിയിട്ടുമില്ല. മനസിന്‍റെ തരികള്‍ അപ്പോഴും അവനെ വിട്ടുപോയിട്ടില്ലായിരുന്നു, അതു കാരണം അവളെ കാണുമ്പോഴെല്ലാം ആ അക്ഷരങ്ങളില്‍ അവന്‍ നിറഞ്ഞുനില്‍ക്കുന്നത് കണ്ടു. അപ്പോഴെല്ലാം അവനെ കാണണമെന്നും തോന്നി.
അതൊന്നു വ്യക്തമായി കിട്ടാന്‍  അവന്‍ അപേക്ഷാരൂപത്തില്‍ കൂടെയുള്ള ചൈതന്യത്തിലേക്ക്‌ നോക്കി. അതു സ്നേഹപൂര്‍വം അവനെയൊന്നു കടാക്ഷിച്ചു. ആ കടാക്ഷത്തില്‍ അവന്റെ കാഴ്ച വ്യക്തമായി.
ഭാരതത്തിന്റെ മധ്യഭാഗത്ത്‌ അവന്റെ കണ്ണുകള്‍ നീണ്ടു ചെന്ന് ഉടക്കി. ബോംബിന്റെ, വെടിമരുന്നിന്റെ മണമുള്ള നഗരം. പകല്‍ ഒരിഞ്ചു പഴുതില്ലാതെ വാഹനങ്ങളും മനുഷ്യരും നിരക്കുന്ന തെരുവുകളില്‍ രാത്രിയാകുമ്പോള്‍  മനുഷ്യരെ അടുക്കിയിട്ട കടത്തിണ്ണകള്‍ പെരുകുന്നു‍. നഗരത്തെ സപ്നം കണ്ടെത്തിയ ഗ്രാമങ്ങളാണവിടെ അടുക്കിയിട്ട പോലെ കിടന്നു രാത്രി വെളുപ്പിക്കുന്നത്. എത്ര സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളുമാണ് കടത്തിണ്ണയിലെ ഒറ്റത്തുണികള ല്‍ പൊതിഞ്ഞുവെച്ചിരിക്കുന്നത്. ജീവന്‍ നഷ്ടപ്പെട്ട അവയെ അവരൊന്നും ഉറക്കത്തില്‍ പോലും തുറന്നു നോക്കാറില്ല. കടയില്‍ നിന്നും മാറ്റി വെക്കപ്പെട്ട കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍.
നഗരമോ ? അതെപ്പോഴും പച്ച പുതച്ച ഗ്രാമത്തെക്കുറിച്ച്‌ പറഞ്ഞു നേരം വെളുപ്പിക്കുന്നു. ഒരടി പോലും ഗ്രാമത്തിനു നേരെ ഒരിക്കലും വെക്കില്ലെങ്കിലും. പരസ്പരം മോഹിച്ചു കാലം കഴിക്കുന്ന രണ്ടു ലോകങ്ങള്‍. ഒരിക്കലും അതില്‍ തന്നെ നിലനില്‍ക്കുന്നില്ല,
മറ്റൊന്നാവാന്‍ മാത്രം നോക്കുന്നു.
ഗലികളില്‍ തഴച്ചു നഗരത്തില്‍ തലയുയര്‍ത്തുന്ന അധോലോകം. ജീവനുള്ള മാംസവില്‍പ്പനയ്ക്ക് ലൈസന്‍സ് ഉള്ള, രാവില്‍ മാത്രമല്ല പകലിലും ബീഭത്സമായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ലോകം. കള്ളപ്പണത്തിന്റെ കരിഞ്ചന്തയുടെ  സ്ഫോടനത്തിന്റെ അക്രമത്തിന്‍റെ  അഴുക്കുകള്‍ക്കുമേലെ സമ്പത്തിന്റെ നിയോണ്‍ വെളിച്ചം കണ്ണഞ്ചിക്കുന്നു. ഉറക്കമൊഴിച്ചു വ്യാപാരം നടത്തുന്ന മഹാനഗരം.
കലാപത്തിലും പ്രളയത്തിലും  തകര്‍ച്ചയിലും നിന്ന് ഒറ്റ നിമിഷത്തില്‍ ജീവന്‍ വീണ്ടെടുക്കുന്ന നഗരം.
പ്രളയത്തില്‍ കരയ്ക്കടിഞ്ഞു നഗരത്തെ മഹാലക്ഷ്മിയാക്കി നിലനിര്‍ത്തുന്ന മഹാലക്ഷ്മി ക്ഷേത്രത്തെ,പുതുരേണു കണ്ണുകൊണ്ടുഴിഞ്ഞു. ലക്ഷ്മി വിളയാടുമെന്നറിയാതെ ആസൂത്രണമില്ലാതെ നിര്‍മ്മിച്ചു ഞെരുങ്ങുന്ന നഗരത്തെയും. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ രൂപരേഖ.
മുംബൈ. ബോംബെ എന്നുതന്നെയെ ചേരുള്ളൂവെന്ന്  സ്റ്റെഫാന്‍ ഹാക്കിങ്ങ്സ് വീണ്ടും പറഞ്ഞു പോയത് ഈ നാടിനെ പറ്റിയാണ്.
ഭൂമിയിലായിരുന്നപ്പോഴത്തെ ചരിത്രബോധം രേണു പുറത്തെടുത്തു.
അവിടെയൊരു കോണില്‍ അവരവന്റെ പാര്‍പ്പിടം കണ്ടു. കണ്ണാടിപ്പാളികള്‍ കൊണ്ടു നിര്‍മ്മിച്ചതെന്നു തോന്നിക്കുന്ന വന്‍ കെട്ടിടം. ചുറ്റും നിര്‍മ്മിച്ചെടുത്ത പൈന്‍ മരങ്ങളും മുളങ്കാടുകളും. അവിടെ അവര്‍ അവനെ കണ്ടില്ല.
 അവളുടെ അക്ഷരങ്ങളില്‍ കവിത തിളച്ചു. രേണു അതിലേക്കുറ്റു നോക്കി. കുഞ്ഞു ജാലകത്തിലൂടെ അവള്‍ എന്തൊക്കെയോ പറയുന്നു.
ഗ്രീഷ്മം ഉഷണം കൊണ്ടെരിച്ച് ഇപ്പോൾ മഴ പുതയ്ക്കുന്ന നഗരത്തിലേക്ക്
 എങ്ങനെയാണൊരു ഗ്രാമം അരിച്ചിറങ്ങുന്നത്.?
തീരാത്ത ചലനങ്ങളോടെ.
നിലയ്ക്കാത്ത സംഗീതത്തോടെ.
ചായങ്ങളുടെ പെരും കലവറ തുറന്ന്.
മഴകൊണ്ടു തളിർത്ത ചെടികളിൽക്കിടയിൽ വെള്ളമന്ദാരങ്ങൾ ഇലക്കൂടൊരുക്കുന്നു.
രണ്ടു പ്രിയദപതംഗങ്ങൾക്കു തലചായ്ക്കാൻ .
മഴത്തുള്ളികൾ ചേർത്തു തുന്നുന്ന തിരശ്ശീല ഇടയ്ക്കിടെ തെന്നി നീങ്ങുന്നു:
പൂക്കൾ കൊണ്ടു മറച്ച വദനം പ്രണയം നിറഞ്ഞ കണ്ണൊന്നുയർത്തും പോലെ .
ഉണ്മയുടെ താഴ്വരയിൽ നിന്നും ആരുമറിയാത്ത കാറ്റു വീശുന്നുണ്ട്.
ഗ്രാമം നിഴൽ വഴികളെ വിട്ടു പെരുവഴിയിലേക്ക് നീങ്ങുന്നു
നഗരത്തിരക്കിൽ വഴി നിലക്കുന്നു.
തിരക്കിന്റെ ജാലകങ്ങളിൽ അക്ഷരങ്ങൾ സുരഭിയെ പോലെ പതിയെ കാത്തു നിൽക്കുന്നു
അദ്ഭുതങ്ങളുടെ കുടമാറ്റം
സുരഭി പശുവിന്റെ അകിടുചുരക്കുന്നു.
കച്ചവടത്തിന്റെ ഇടനാഴികളെയും വെള്ളിവെളിച്ചത്തെയും മറന്ന് നഗരം
ചക്രവർത്തിയാകുന്നു.
സ്വപ്നങ്ങൾ
ഒരിക്കലും നിറരഹിതമല്ല
നിറമില്ലാ കാലത്തിന്റെ ചായക്കൂട്ടാണ്.
സ്വപ്നങ്ങൾ ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്നില്ല.
പന്തലകത്തെ ചമയം പോലെ വീടിനെ അലങ്കരിക്കുന്നു.
അത് സുഷുപ്തിയുടെ ആഗമനമന്ത്രമാണ്.
ചിലപ്പോൾ അവ തേടിയെത്തുന്നു. എന്തിനൊഴിവാക്കണം ?……
സ്വപ്നങ്ങൾ ദേശക്കാരല്ല.
പരദേശികളാണ്.
ആരോ എന്നോ പൂജയ്ക്കായി പുറപ്പെടും മുമ്പേ കൈ തട്ടി വീണുപോയ പൂക്കളാകും അവ.
എത്ര ഭക്തിപൂർവം, സന്തോഷത്തോടെ എവിടെയൊക്കെ തിരഞ്ഞു ശേഖരിച്ചവ.
ശേഖരിച്ചവർ മറഞ്ഞു പോയിട്ടും പൂക്കളെവിടെയോ കിടന്നു.
പൂക്കൾ മാത്രമല്ല,
സ്വപ്‌നങ്ങള്‍
ചിതറിയ മൺതരികളുമാകും.
ആരോ കൗതുകപൂർവം എവിടെക്കോ എത്തി നോക്കുന്നതിനിടയിൽ കാലടിയിൽ വഴുതി നിരങ്ങിയ മൺതരികൾ:
വഴി പൂർത്തിയാക്കിയവരുടേതാകില്ല.
പാതി വഴിയിൽ യാത്ര നിലച്ചവരുടെ.
സ്വപ്നം കാണും മുമ്പേ ഉറങ്ങി പോയവരുടെ.
പണിയൊതുങ്ങട്ടെ എന്ന് കാത്തിരുന്നവരുടെ.
മറന്നുപോയ പഴയ വഴി ചികയുന്നവരുടെ,
നിദ്രയിലേക്കും നിനവിലേക്കും അവ വഴി തേടുന്നു.
യാത്രികരുടെ ശ്രദ്ധ തിരിക്കുന്നു.
സ്രോതസ്സിലേക്ക് കുടിയേറി വീണ്ടും നഗരങ്ങളെ പണി കഴിപ്പിക്കുന്നു.
ഗ്രാമങ്ങളെ പച്ച പുതപ്പിക്കുന്നു.
മണ്ണിലലിഞ്ഞിട്ടും ശിലയിലേക്ക് തന്റെ ലാവണ്യത്തെ പകർന്നവർ,
പിന്നെയും പിന്നെയും മനസുകളെ മോഹിപ്പിക്കുന്നു.
ലാവണ്യത്തെ അകത്തും പുറത്തും തേടുന്നവരിൽ കലാശക്കൊട്ട് നടത്തുന്നു.
ഉറക്കത്തിൽ നിഴലായും ഉണർവിൽ വിളക്കായും സ്വപ്നങ്ങൾ
പ്രണയികളിൽ കുടിൽ കെട്ടി വാഴുന്നു.
മഹാദ്ഭുതങ്ങളെ സൃഷ്ടിക്കുന്നു.
ശാസ്ത്രത്തെ പരിണയിച്ചവന്റെ വെളിപാടുകൾ.
കലയെ പ്രണയിച്ചവന്റെ സൃഷ്ടികൾ.
എന്റെ സ്വപനത്തിലെവിടെയും നീയുണ്ടായിരുന്നു.
കരുതലിന്റെ വെട്ടം പോലെ,
ഹൃദ്യമായൊരു സുഗന്ധമായി.
നീയുള്ളതുകൊണ്ട് ഉള്ളിലെ ആർദ്രത കൊടുംശൈത്യത്തിലും മഞ്ഞായുറഞ്ഞില്ല
തീ പാറുന്ന സൂര്യനിലും നീരാവിയായി വറ്റിയില്ല.
നീയുണ്ടല്ലോ , ഞാനറിയാത്തൊരു നീ.
ആർദ്രത തെളിനീരായൊഴുകി.
രൂപമറിയാതെ നീയെന്നെ തഴുകി.
അടരാത്ത കായകൾ പിടിച്ച കുങ്കുമമരം പോലെ നീ വളർന്നുനിന്നു.
എത്ര കാലം വെയിൽ കൊണ്ടും മഴ കൊണ്ടും കിടന്നു.
അടരാതെ വിടരാതെ
അഹല്യയെ പോലെ
കായടരുമ്പോൾ കടും ചുവപ്പ്
പരാശക്തിയുടെ അരുണ വർണ്ണം.
ഒന്നിച്ചു കാൽ വെയ്ക്കുന്നതു കൊണ്ട്
സ്വപ്നമിപ്പോൾ ഒരു സോപാനമാണ്.
അടുത്ത കാൽ ശ്രീകോവിലിലേയ്ക്കും. എനിക്കിപ്പോഴേ കാണാം
ആനയിക്കാൻ താലമെടുത്ത സാലഭഞ്ജികകളെ .
ഒന്നായും രണ്ടായും ഒന്നായും അവർ കാണുന്ന നമ്മെയും.
എട്ടാം ദിവസം അവന്‍ അവളോടു പറഞ്ഞു, നിന്‍റെ കവിതകള്‍ക്ക് ത്രിമാനസ്വഭാവമാണ്. കാലവും ലോകവും അതീതവും എല്ലാം അതിലുണ്ട്. ദ്വിമാനത്തില്‍ നിന്നും അതു മാറുന്നു. അതു മാത്രമല്ല, അതിനിപ്പോള്‍ പദാര്‍ത്ഥസ്വഭാവമല്ല. ഊര്‍ജ്ജസ്വഭാവമാണ്.  ധ്യാനത്തിന്‍റെ പ്രതലത്തില്‍ പ്രണയത്തെ വൈദ്യുതതരംഗങ്ങള്‍ കൊണ്ട് മാത്രമേ നിര്‍മ്മിക്കാനാകൂ.
അല്ലെങ്കിലും ഊര്‍ജ്ജ പ്രവാഹം വരുന്നതോടെ വ്യക്തി പോലും മാറുന്നു.തീരത്തിരുന്നു കടല്‍ കാണുന്നവളില്‍ നിന്നും  ഒഴുകുന്ന മത്സ്യകന്യകയിലേക്ക്.  അവള്‍ ആര്‍ദ്രമായി അത്രയും പറഞ്ഞു. പിറ്റേന്ന് ആദ്യ കവിതയെ ഒറ്റ ത്രികോണമാക്കി നടുവില്‍ വെച്ചു . ചുറ്റും കഴിഞ്ഞ എട്ടു ദിനങ്ങളിലെ നിര്‍മ്മലഗീതങ്ങളെ ത്രികോണങ്ങളാക്കി അതിനു ചുറ്റും ഒരു വലയം തീര്‍ത്തു. അതു നോക്കും തോറും അവള്‍ക്കുള്ള സന്തോഷം വര്‍ദ്ധിച്ചുവന്നു.
9 ജനിതകങ്ങളിൽ ദേശാടനം രേഖപ്പെടുത്തിയ പക്ഷികൾ എത്ര ദൂരം പിന്നിട്ടിട്ടും ലക്ഷ്യം കാണുന്നു.
പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയം പോലും
വായുവിന്റെ ചുരുളുകളിൽ ദീപ്തമായി ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.
നമ്മളെ ആലേഖനം ചെയ്ത ചുരുളുകൾ എപ്പോഴാണ് ധ്രുവക്കരടി തുറക്കുന്നത്?
ശൈത്യം അന്നത്തിന്റെ അവസാനതുള്ളിയെയും മൂടുമ്പോൾ
ഹിമഭൂവിലെ അവസാനമരത്തെയും മഞ്ഞു പൊതിയുമ്പോൾ പക്ഷിക്കൂട്ടം വിട പറയുന്നു.
ധ്രുവക്കരടി ദിശ ചൂണ്ടുന്നു.
മറഞ്ഞുപോയ എത്ര തലമുറകളുടെ ഇംഗിതമാണ് ഓരോ പക്ഷിയെയും  ചലിപ്പിക്കുന്നത് .
ചിറകുകളെ ചടുലമാക്കുന്നത്.
ആകാശത്തിലൂടെ അവർ എന്തിനെയൊക്കെ മറി കടക്കുന്നു.
മൺ നിറങ്ങളെ,
പച്ചപ്പുതപ്പുകളെ
ഇരുട്ടിന്റെ വേട്ടക്കാരെ,
തലചായ്ക്കാനിടം കൊടുത്ത വൃക്ഷശിഖരങ്ങളെ.
‘ജീവജാലങ്ങൾക്കെല്ലാം ഹിതമാകട്ടെ’
എന്നു കരുതി കതിർക്കറ്റകൾ സ്വയമുതിർത്ത ധാന്യമണികൾ നിറഞ്ഞ പാടശേഖരങ്ങളെ
കുഞ്ഞുമീനുകൾ പുളയുന്ന ചളിപ്പാടങ്ങളെ
എന്തൊക്കെ.,
അവർ നാടറിയുന്നു. തീറ്റ തേടുന്നു..
പൊഴിയുന്ന ചില തൂവലുകളെങ്കിലും സ്നേഹത്തിന്റെ വിവിധ വർണ്ണങ്ങൾ നിറച്ചിടത്തു വീണു സ്വയം ചിത്രം വരയ്ക്കുന്നു.
ധ്രുവക്കരടിയും ഹിമപ്പക്ഷികളും
നമ്മളെ പറയുമ്പോൾ
കവിതപ്പാടങ്ങൾ പൂത്ത മണം കാറ്റു കൊണ്ടുവരുന്നു.
പക്ഷി പൊഴിച്ചിട്ട തൂവൽ
മണം വന്ന ദിശ നോക്കി പറക്കുന്നതാണ്.
ധ്യാനമെന്നത് ലയമാണെന്നും
ലയമെന്നത് അപൂർവമായെങ്കിലും പ്രിയദമായ മനോഭൂമികളിൽ സംഭവിക്കുമെന്നും
അതു രണ്ടു സ്വാതന്ത്ര്യങ്ങൾ തമ്മിലാണെന്നും
അടിമകൾ തമ്മിലല്ലെന്നും
രണ്ടർദ്ധങ്ങൾ ചേർന്ന് വൃത്തമാകുന്നതാണെന്നും
പിന്നെയും ഹിമം പുരണ്ട ചിറകുകൾ കുടഞ്ഞ് കിളിക്കൂട്ടം ചിലയ്ക്കുന്നു.
ഓ! അവള്‍ ഗ്രാമത്തിലും അവന്‍ നഗരത്തിലുമാണ് അല്ലെ, അവളുടെ സ്വതന്ത്രമായ സ്വപ്‌നങ്ങള്‍ പോലും മറ്റുള്ളവരുടെതാണെന്ന സ്നേഹം നിറഞ്ഞ നന്ദിയോടെയാണ് അവള്‍ സ്വീകരിക്കുന്നത്. എത്ര വിനയാന്വിതയാണവള്‍! അഗാധമായ അറിവ്, സംസ്കാരം, ഭാഷ. അവളവനോട് അക്ഷരം കുറിക്കുമ്പോള്‍ അവളും  അവനും ഇല്ലാതാകുന്നു. അറിവിന്റെ മനോഹരമുഖങ്ങള്‍ മാത്രം പ്രകാശിക്കുന്നു. അവരുടെ മുഖത്തും മൊഴികളിലും അതുല്യമായ ഭാവം പ്രകടമാണ്. അവനൊപ്പം അതു വായിച്ചു നില്‍ക്കാന്‍ തോന്നുന്നു.
ഭൂമിയിലുണ്ടായിരുന്നപ്പോള്‍ എനിക്കിങ്ങനെയുള്ളവരെ കാണാനുള്ള ഭാഗ്യമൊന്നും ഉണ്ടായിട്ടില്ല. പുതു രേണുവിന്‍റെ ശബ്ദം താണു. അതിനെന്താണ്, ഇനിയും വായിക്കാമല്ലോ. അവള്‍ തുടങ്ങിയിട്ടേ ഉള്ളൂ, നീയിപ്പോള്‍ അവരുടെ ലാവണ്യലോകത്തിന്‍റെ ഭൂത, ഭാവി വര്‍ത്തമാനത്തിനു സാക്ഷിയാകുകയല്ലേ, ഇന്ദ്രനീലക്കണ്ണ്‍ ഹൃദയം കൊണ്ടവനെ ആലിംഗനം ചെയ്തു.
രണ്ടു രൂപങ്ങളുടെയും തന്മാത്രകള്‍ ചേര്‍ന്ന് ഒറ്റ രൂപമായി.
3
അളകനന്ദ
——-
ഓര്‍ബിറ്റിനുള്ളില്‍ നൃത്തമൊതുങ്ങി. സംഗീതം താഴ്ന്ന സ്ഥായിയിലായി. ജാതകപരിശോധകര്‍ക്കടുത്തേക്ക് വീണ്ടും ഒഴുകുമ്പോള്‍ ഭൂബന്ധം വിട്ടിട്ടില്ലാത്ത രൂപം കുറച്ചു കൂടി ആത്മവിശ്വാസം നേടിയിരുന്നു. കുറച്ചുകൂടി കാര്യങ്ങള്‍ മനസ്സിലായി തുടങ്ങിയിരുന്നു.  അവിടെ ഒലിവു ചില്ലകളില്‍ കാറ്റു വീശിത്തുടങ്ങി. ഇലകള്‍ ഒരേ താളത്തില്‍ അനങ്ങി. ജാതക പരിശോധകരും പുതുരൂപത്തോട്‌ പരിചിതരായിക്കഴിഞ്ഞു. ചോദിക്കാതെ തന്നെ അവരില്‍ നിന്നും വിവരങ്ങളിറങ്ങി.
അതൊരു പാണിഗ്രഹണത്തിന്റെ കുറിപ്പ് നോക്കലായിരുന്നു. അപൂര്‍വമായ ഒരു പരിണയത്തിന്റെ മുന്നോടിയാണ് അത്തരം ചടങ്ങുകള്‍.
കാരണം അവര്‍ സാമ്പ്രദായികരാണ്. രേണുലോകങ്ങളിലും പാരമ്പര്യവും പാരമ്പര്യനിഷേധവുമുണ്ട്. അതെ ചൊല്ലി കലഹങ്ങളില്ലെന്നു മാത്രം.
രേണു അവള്‍ കുഞ്ഞുജാലകത്തില്‍ കുറിച്ച വരികള്‍ ഓര്‍ത്തു. സംശയിച്ചവന്‍ ചോദിച്ചു . “ഇവിടെ ഇത് തീരുമാനിക്കുന്നത് അവര്‍ക്കുമറിയുമോ ?” “ഇല്ല ,”
“അവളുടെ അക്ഷരങ്ങളില്‍ വിദൂരതയില്‍ നടക്കുന്നു എന്നൊക്കെയുണ്ടല്ലോ  …”
“ലോകങ്ങള്‍ക്കു തമ്മില്‍ ചില ബന്ധമുണ്ടല്ലോ, അവ  പ്രവര്‍ത്തിക്കുമ്പോള്‍ അറിയാതെ അറിഞ്ഞുപോകുന്നതാകും. എന്നാലും അതിലപ്പുറം അറിയില്ല. ലോകം ഒറ്റ ഒന്നില്‍ ബന്ധിതമാണല്ലോ.”
എന്താണവരുടെ പ്രത്യേകത ?
“ലോകത്ത് വറ്റിപ്പോകുന്ന പ്രണയം അപൂര്‍വമായേ മനുഷ്യരില്‍ പുഷ്പിക്കാറുള്ളൂ. അങ്ങനെയുള്ളവരാണ് അവര്‍.”
രേണുവിന് ഉത്സാഹം കൂടി. ജീവിതകാലം മുഴുവന്‍ പ്രണയം നിഷേധിച്ചു ആത്മീയതക്കു വേണ്ടി ഉഴിഞ്ഞുവച്ചതാണ്. പ്രേമനിഷേധമൊന്നുമല്ല ആത്മീയതയെന്നറിയുമ്പോഴേക്കും ഭൂമിയില്‍ നിന്നും വിടപറഞ്ഞു. സ്നേഹത്തിന്റെയും നന്മയുടെയും ആളായതുകൊണ്ട് അവര്‍ക്കുള്ള ഈ ലോകത്തേക്ക് എത്തി. രേണുപ്രസ്ഥത്തിലേക്ക്. ഭൂമിയില്‍ വെച്ചുണ്ടായ ആ നഷ്ടങ്ങളാണ് ഈ ഉത്സാഹത്തിനു കാരണം.
ഈ ലോകത്തില്‍ ഇന്ദ്രിയങ്ങള്‍ അല്ല പ്രവര്‍ത്തിക്കുന്നത് തോന്നലുകളാണ്‌. അത് തന്നെ കാഴ്ചയും കേള്‍വിയും രസവുമാകുന്നു, അനുഭവവും. ഗന്ധവും ഋതുക്കളും എല്ലാം. വസന്തവും, വേണമെങ്കില്‍ ഹേമന്തവും ഗ്രീഷ്മവും ഒരു തോന്നലില്‍.
കണ്ണുകളില്‍ പുഷ്യരാഗം പതിച്ചെന്നു തോന്നുന്ന രൂപം അവനടുത്തെത്തി. ഒരു തംബുരു നീട്ടി. ഇവിടെ എന്തൊക്കെ വിചിത്ര വിശേഷങ്ങള്‍ ! തംബുരുവില്‍ കൈവെച്ചവന്‍ പാടാന്‍ തുടങ്ങി. അതവര്‍ക്ക് വേണ്ടിയായിരുന്നു. ഭൂമിയില്‍ അവന്റെയും അവളുടെയും ജാലകത്തിനരികില്‍ നിശാഗന്ധികള്‍  ഒന്നിച്ച് പൂത്തു.
പഴയ കാലത്തിന്റെ പടിപ്പുരയോളം ചെന്നാൽ അറിയാമായിരിക്കും’
പറയാതെ അറിയാതെ പോന്നതെന്തിനാണെന്ന് .
സൂര്യനിപ്പോഴും നല്ല തെളിച്ചത്തിൽ
നമുക്കിടയിൽ ഭൂമി എത്ര തവണ പ്രദക്ഷിണം ചെയ്തു.
എത്ര ജനനങ്ങൾ മരണങ്ങൾ
എത്ര വസന്തങ്ങൾ ! അത്രയും ഗ്രീഷ്മങ്ങൾ ! ഇലപൊഴിയും കാലങ്ങൾ!
വസന്തമെന്നു കാണുക പോയിട്ട് കേൾക്കുക പോലും ചെയ്യാതെ, ഞാനൊരിടത്ത് .
നീയൊ!
ദേശങ്ങളെത്രയൊക്കയോ മറികടന്നൊരിടത്തു കൊട്ടാരം തീർത്ത് .
നാടു വെടിഞ്ഞ്, നട തള്ളിയ കോവിൽകുട്ടിയെ പോലെ
നാടറിയാതെ, വീടറിയാതെ,
ഒന്നും പറയാതെ, അറിയാതെ.
വേർപാടിന്റെ പതിറ്റാണ്ടുകൾ തംബുരുവിൽ ഹൃദ്യമായ രാഗം മൂളുന്നു.
ഊരുചുറ്റികളായ ഗായകർ പിന്നണിയിൽ,
ഇതുവരെയും ആർക്കുവേണ്ടിയും മൂളാത്ത സംഗീതത്തിന്റെ ശേവധി തുറക്കുന്നു.
ഗോത്രങ്ങളുടെ പരുക്കൻ താളം.
*ജിബ്രാൻ പറയുന്നത് നിങ്ങൾ ഒന്നിച്ചാകുമ്പോഴും ഇടയിൽ അകലം സൂക്ഷിക്കുക.
സ്വർഗത്തിലെ കാറ്റിനു നൃത്തം ചെയ്യാൻ.
കാറ്റു പതിറ്റാണ്ടുകളെ വിറ കൊള്ളിച്ചു വീശുന്നു.
പ്രണയത്തിന്റെ ലോലമുദ്രകളിൽ.
ലാസ്യചലനങ്ങളിൽ നൃത്തവിസ്മയത്തിൽ
സ്വർഗചലനങ്ങൾ പകർത്തുന്നു.
ഇടയിലെന്തെന്നറിയാതെ,
ഇടയുണ്ടോ എന്നു പോലുമറിയാതെ ചുറ്റും വീശുന്നു.
ഏതു യക്ഷനയച്ച സന്ദേശകാവ്യങ്ങളാണ് മഴയിവിടെ പെയ്തു തീർക്കുന്നത്.
നാടുകളിൽ നിന്നും മാറിനിൽക്കേണ്ടി വരുന്നവരുടെയെല്ലാം പ്രണയം ഉരുണ്ട് കൂടി മേഘങ്ങൾ സൃഷ്ടിക്കുന്നു.
വഴി മറച്ചു നില്ക്കുന്നു.
കാഴ്ചകളിൽ കാർനിറമില്ല.
നിലാവിനെ അനുയാത്ര ചെയ്യുന്ന നിറങ്ങളിൽ ചിലപ്പോൾ ശുഭ്രതയ്ക്കു കര വെക്കാൻ മാത്രം ഒന്ന്.
*മഴ പെയ്തു നിറഞ്ഞ വിദ്യാലയമുറ്റത്ത്
ഒരു കളിവഞ്ചി പോലുമില്ല.
പണ്ടത്തെ മഴക്കാലത്തിന്റെ ചാലുകളിലാണ് ആ കളിവള്ളങ്ങൾ ഇപ്പോഴും സഞ്ചരിക്കുന്നത്.
ഒട്ടുമുലയാതെ, ആ തോണികൾ തേടിയെത്തുന്നു.
ഉത്സാഹത്തിന്റെ കുഞ്ഞുനിധികളെ ഏറ്റി.
കുപ്പിവളപ്പൊട്ടുകളും മാനം കാണാതെ, താളുകൾക്കിടയിൽ സൂക്ഷിച്ചു വെച്ച മയിൽപീലിയും
അതിനരികിൽ കുഞ്ഞുമയിൽപീലിയെ കൂടി കാക്കുന്ന കുട്ടികളുമൊക്കെ ഇല്ലാതായി.
ഇനിയുള്ള കാലത്ത് എന്തൊക്കെ ഇല്ലാതാകും.
അഭിനിവേശം എന്ന വാക്ക് പോലും ഉണ്ടാകില്ല.
അത്ര ലഹരി തിളച്ചിരുന്ന കമിതാക്കളെല്ലാം വഴിയിൽ വീണുപോയി.
മഴ കൊണ്ടു കടൽ കണ്ട മനസ്സുകളൊക്കെ കടൽ കൊണ്ടുപോയി.
എന്നിട്ടും
മരിക്കാതെ ചിലതൊക്കെ.
വഴിവക്കിൽ തരംഗചലനങ്ങളുയർത്തിയ നീളൻപാവാടകളെയും
വേലിക്കൽ കൺനട്ടു നില്ക്കുന്ന പൊടിമീശക്കാരനെയും കടന്ന് കാലം മുന്നോട്ടു നീങ്ങുന്നു.
എന്നിട്ടും
ലോലമായ ആവേഗങ്ങളെ സ്വീകരിക്കാൻ ട്യൂൺ ചെയ്ത മനസ്സുകളിൽ വാക്കുകൾ ഹൃദയഹാരിയാകുന്നു.
ലോകം അതിന്റെ അദ്ഭുതം കൊണ്ടു മാത്രമാണ് മനോഹരമാകുന്നത്.
*എത്ര അതുല്യമാണ് വഴികൾ.
അപൂർവമാണ് മനസ്സ്.
ഇന്ന് ഇന്ന് ഇന്ന്.
അതുകൊണ്ടല്ലേ ഓരോ പുലർവേളകളും സായന്തനങ്ങളും പ്രഭാപൂർണ്ണമാകുന്നത്‌.
പ്രഭയൊരു മുഖമാകുന്നത്.
മുഖമൊരു ലയമാകുന്നത്.
ചന്ദ്രൻ ഗ്രഹണപാതയിലാണ്.
ഇവിടെ ചന്ദ്രൻ പ്രണയപാതയിലല്ലേ
എന്നാലും വിരഹമെന്നോർക്കുമ്പോൾ പട്ടുനൂലഴിയുന്ന മൃദുഭാവം മാറി ഒരു മുന കൊള്ളുന്നു.
വിടപറയും വരെ സ്നേഹം അതിന്റെ ആഴങ്ങൾ അറിഞ്ഞില്ലെന്നു ജിബ്രാൻ
അങ്ങനെയല്ല കൂടിച്ചേരും വരെ അറിയാതെ പോയെന്ന് നമ്മളും.
എന്താണോ തിരഞ്ഞിരുന്നത്, ജീവിതം മുഴുവൻ തിരഞ്ഞിരുന്നത്.
അത് വേണ്ടാതെ പോയി.
വായിച്ചത്,
ജപിച്ചത്,
ഊരുചുറ്റിയത്,
ചിന്തകൊണ്ടു പൊള്ളിയത്,
അതിനി വേണ്ട.
അതിതായിരുന്നു.
ഇനിയൊന്നും വേണ്ടെന്നൊരു നിഷേധം
ഇനിയാണ് വേണ്ടതെന്ന സ്വീകാരത്തിലേക്ക് വഴി മാറുന്നു.
ആകാശത്തിന്റെ വളവിലോ തിരിവിലോ നിന്നെ പറ്റിച്ചൊളിക്കാമെന്നുണ്ടായിരുന്നു.
നീലപൂങ്കുലകൾ പോലെ ആകാശം അനന്തമായി അതിരുകളില്ലാതെ തെളിയുമ്പോൾ
ഒളിച്ചു പാർക്കാൻ തിരിവുകളില്ലെന്ന് .
പ്രതിഫലനവെളിച്ചം പറഞ്ഞുപോകുന്നു.
ഇത്രയും കൂടി,
ആകാശം നിന്റെ നെഞ്ചോളം ചുരുങ്ങിയെന്ന്.
അവിടം ആകാശത്തോളം വിശാലമായതെന്ന്.
*ഓരോ സ്പർശത്തിലും
ശിലയിൽ ജീവൻ പകരാനാവുന്ന ശില്പികളുണ്ട്.
തപോവനത്തിൽ നിന്നും വരുന്ന അവരെ കാത്ത്
ശില വെയിൽ കൊണ്ടും മഴ കൊണ്ടും കിടക്കും.
ഒരു വിരലുയർത്തി അവർ ഒരു ഗ്രീഷ്മത്തെ തടുക്കും
ഒരില വച്ചവർ ഒരു വർഷഋതുവിനെ മാറ്റി നിർത്തും;
ശിലയും ശില്പിയും കാലത്തെ അറിയുന്നു.
വേനലിൽ ഇത്തിരി ക്ഷമ,
മഴയിലിത്തിരി സഹനം
വിവേകത്തിന്റെ ചെറു പൊടികൾ, സ്വീകരണത്തിന്റെ ജലത്തുള്ളികൾ
പിന്നെ കിളികളായി മനുഷ്യനും.
*സന്ധ്യ കഴിയുമ്പോൾ ഇരുട്ടു പരക്കുമ്പോൾ മാത്രം വന്നെത്തുന്ന തണുപ്പുണ്ട്. കാറ്റുണ്ട്.
ആ നേരത്തൊരു യാത്ര.
അതൊരു ധ്യാന മാർഗം കൂടിയാണ്.
ചില നല്ല ഓർമ്മകൾ ആ കാറ്റിലുലഞ്ഞു പറന്നു വരും.
സ്വപ്നങ്ങൾ പോലും അതിന്‍റെ മനോഹാരിതകൊണ്ട്
ചിലപ്പോള്‍ നിലനിന്നുപോകും.
കായ്കറികളുടെ സമൃദ്ധിയും ജലം നിറഞ്ഞ നാടും.
അവിടെ വച്ച് ഒരു പേർഷ്യൻ വൃദ്ധൻ എന്നോടു പറയുന്നു ” മുജെ ഭൂഖ് ലഖ് രേ”
ഒന്നൊന്നര ദശകം മുമ്പു കണ്ട സ്വപ്നം ഇന്ന് വീണ്ടും വഴി തെറ്റി വന്നിരിക്കുന്നു..
ഓർമ്മയെ വഴി വെട്ടി തിരിച്ചുവിട്ടാണ്, ഞാൻ
വേനൽക്കാലത്തിൽ നിന്നും കാലം മാറിയെത്തിയത്.
ജനിയുടെ  മണ്ണിന്റെ, ഭൂമിയുടെ സ്പർശത്തിൽ നിന്നും തുടങ്ങിയിരുന്നു. ഊഷരതയുടെ ഗ്രീഷ്മം.
ശിശിരം പൊഴിച്ച ഇലകൾ.
നൂറ്റാണ്ടുകളിലൂടെ തുടർന്ന വിഷജന്മങ്ങളുടെ ആരണ്യകങ്ങളിൽ തളിരിട്ടു വളർന്നവ.
 ഏതൊക്കെയോ ജന്മങ്ങളിൽ തഴച്ചു നിർത്തിയവ,
ഉണക്കാനെത്തിയ വെയിൽ, പൊഴിക്കാനെത്തിയ കൊടുങ്കാറ്റുകൾ.
കഴിഞ്ഞു പോയ ഊഷരതകൾക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നെന്നു തോന്നുന്നു.
ഉണക്കിയും പൊഴിച്ചും തീർക്കാൻ.
തിരിച്ചറിയാതെയായിരുന്നു പിടഞ്ഞുപോയത്.
സഹ്യപർവതത്തോളം വലുതായ അസഹ്യതകളുടെ ചുമടുകൾ തലയിലേറ്റി വെച്ച കൊടുങ്കാറ്റുകൾ
മഴവില്ലെന്നെഴുതാതെ ,
പൂക്കളെന്നു പറയാതെ
പക്ഷിയെന്നു പറക്കാതെ
നീണ്ടു പോയ കാലയളവുകൾ
അതു ദക്ഷിണായനം.
ഗതി മാറുന്നു ഉത്തരായനം
ഇളം നാമ്പുകളിൽ ഹിന്ദോളത്തിന്റെ ശ്രുതി മാറ്റം.
മഴയെന്നും മഴവില്ലെന്നും ആകാശം,
നിറങ്ങളുടെ അർദ്ധവൃത്തം നിറമില്ലായ്മയുടെ അർദ്ധതലത്തിൽ നിന്നും തുടങ്ങുന്നു.
ഇനി നിറങ്ങളുടെ പരിക്രമണമാണ്.
വെള്ളി വെളിച്ചം തട്ടി തിളങ്ങുന്ന നീലജലാശയം.
മയിൽപ്പച്ചയണിഞ്ഞ മലഞ്ചെരിവുകൾ.
സമതലത്തിലെ കാവുകളിൽ പൂക്കളുടെ സുഗന്ധകാലം.
അവര്‍ പരസ്പരം അറിഞ്ഞിരുന്നവരും പറയാതെ പിരിഞ്ഞവരുമാണല്ലേ,  കഥയുടെ ട്വിസ്റ്റില്‍ പുതുരേണു കേറിപ്പിടിച്ചു. ഓരോ സന്ദര്‍ഭത്തിലും എന്തെങ്കിലും കമന്റ് പറയാതെ പുതുരേണു അവിടെ നിന്നും നീങ്ങില്ല.  സന്തോഷിക്കുക മാത്രമല്ല മറ്റുള്ളവര്‍ക്ക് പകരുകയും ചെയ്യും.
തുടരും

You can share this post!