പ്രാര്‍ത്ഥനയുടെ രാഷ്ട്രീയം / എ. സെബാസ്റ്റ്യന്‍   

നാടകം               

രംഗം -1

ഞായറാഴ്ച രാവിലെ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കുന്ന മാതാപിതാക്കള്‍. അടുക്കളയില്‍ പോയി വെള്ളം കുടിച്ചതിനു ശേഷം മക്കളെ വിളിച്ചെഴുന്നേല്‍പ്പിക്കുന്നു. അവര്‍ വിളി കേള്‍ക്കുന്നുണ്ടെങ്കിലും കിടക്കപ്പായയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ മടി കാണിക്കുന്നു. ബാത്റൂമില്‍ പോയി വന്നതിന് ശേഷം പിതാവ്: ഇന്ന് എന്താ രാവിലത്തേക്ക്?

മാതാവ് : ഉഴുന്ന് വെള്ളത്തിലിടുവാന്‍ മറന്നു. അല്ല, ഉഴുന്ന് തീര്‍ന്നു.

പിതാവ് : എന്താ കൊടുക്കാ?

മാതാവ് : കുന്തം, എന്തെങ്കിലും കാണിക്കാം. നിങ്ങള് ടെന്‍ഷനടിക്കാതെ.

പിതാവ് : ആ ചെറുക്കന് എന്ത് കൊടുക്കും?

നീരസത്തോടെ മാതാവ് : നിങ്ങളൊന്ന് പോയി തരാമോ?

പിതാവ് : നീ എന്തെങ്കിലും ചെയ്യ്.

മാതാവ് : നിങ്ങള് പോയി പേപ്പര്‍ നോക്ക് .

പിതാവ് : കൊറോണയ്ക്ക് ശേഷം അത് നിറുത്തിയില്ലേ.

മാതാവ് : അത് ഞാന്‍ മറന്നു. വയറ്റില്‍ ചെല്ലുന്നില്ല. പിന്നല്ലെ തലയ്ക്കകത്ത് നിറയ്ക്കാന്‍.

പിതാവ് : നീ നിറുത്ത് നിന്റെ കേമത്തരം.

മാതാവ് : അത് പോട്ടെ, നെറ്റിന് എന്ത് ചെയ്യും. മൂന്ന് പേര്‍ക്കും ഓണ്‍ലൈന്‍ വേദോപദേശമുണ്ട് ഒരേ സമയത്ത് എന്ത് ചെയ്യും?

പിതാവ് : അച്ചന്മാര്‍ക്ക് ഇത് വല്ലതും അറിയണോ?

മാതാവ് : അതിന് ഞാന്‍ നിങ്ങളുടെ കൂടെ നില്‍ക്കും.

പിതാവ് : നീ ആരുടെ കൂടെ വേണമെങ്കിലും നിന്നോ, നെറ്റിന് എന്ത് ചെയ്യും. കുര്‍ബ്ബാന കഴിയുമ്പോള്‍ തന്നെ നെറ്റ്  കഴിയാറാകും. പിന്നെ, ഓണ്‍ലൈന്‍ ക്ലാസിന് എന്ത് ചെയ്യും.

മാതാവ് : പിന്നെ, എന്ത് ചെയ്യും?

പിതാവ് : നെറ്റ് തീര്‍ന്നാല്‍ ക്ലാസില്ല.

മാതാവ് : നിങ്ങള് പോയി ഡാറ്റ റീ ചാര്‍ജ് ചെയ്യ് പിള്ളേര് പഠിക്കട്ടേ.

പിതാവ് : ആഴ്ചയിലൊരിക്കലാ അര കിലോ ബീഫ് വാങ്ങുന്നത്.

മാതാവ് : ബീഫ് വേണ്ട. നിങ്ങള് പോയി ഡാറ്റ ചാര്‍ജ് ചെയ്യ്. ക്ലാസില്‍ കയറിയില്ലെങ്കില്‍ മനുഷ്യന് നാണക്കേടാ.

പിതാവ് : ആഴ്ചയിലൊരിക്കലെങ്കിലും വയറ് നിറച്ച് ഭക്ഷണം കൊടുക്കാനോ?

മാതാവ് : ഭൗതീകമായ വിശപ്പ് പിന്നെ അടക്കാം ആത്മീയ വിശപ്പിന് ശേഷം. 

പിതാവ് : നിന്റെ കോണത്തിലെ തത്വ ചിന്ത നിറുത്ത്.

രംഗം -2

മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ കുര്‍ബ്ബാന കാണുന്ന കുടുംബം. ഫോണ്‍ മേശയില്‍ വെച്ചിരിക്കുന്നു. അരികത്ത് രണ്ടറ്റത്തും മെഴുകുതിരി കത്തിച്ച് വെച്ചിരിക്കുന്നു ഗ്ലാസില്‍ പൂവും അലങ്കരിച്ചിരിക്കുന്നു. ഭയ ഭക്തി ബഹുമാനത്തോടെ  കുര്‍ബ്ബാനയര്‍പ്പിക്കുന്നു. 

അച്ചന്‍ : ആകാശത്തിലെ പറവകളെ നോക്കു അവ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല അറപ്പുരകളില്‍ ശേഖരിക്കുന്നില്ല. നിങ്ങള്‍ അവരെ പോലെയാകുവിന്‍. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും നല്‍ക്കുക. ചില്ലറ നേട്ടത്തിന് വേണ്ടി കളവ് പറയുന്നത് പോലും കൊടിയ പാപമാണ്. ചെയ്യുന്നതെ പറയുവാന്‍ പാടുള്ളു എന്നതിന് ഉത്തമ ഉദാഹരണമാണ് ക്രിസ്തുവിന്റെ ജീവിതം. എന്ത് കഷ്ടനഷ്ടം വന്നാലും സത്യത്തിന്റെ കൂടെ നില്‍ക്കുക.

മാതാവ് : ഇപ്പോ അച്ചന്‍ പറഞ്ഞ കേട്ടോ, ഒരു ദിവസം ഇറച്ചി കഴിക്കാത്തത് കൊണ്ട് ചത്ത് പോകില്ലല്ലോ?

പിതാവ് : അല്ലടി, ഈ കഞ്ഞിയും പയറും കൂട്ടി മനുഷ്യന്‍ വശംകെട്ടിരിക്കുമ്പോള്‍ ആഴ്ചയില്‍ ഒരു ദിവസം കിട്ടുന്ന അല്‍പ്പം വായ്ക്ക് രുചി കൂട്ടേണ്ടേ എന്ന്  കരുതിയ.

മാതാവ് : കുറെയൊക്കെ ത്യജിക്കാനും സഹിക്കാനും കഴിയുന്നിടത്താണ് അങ്ങേരുടെ സ്‌നേഹം കിട്ടു. 

പിതാവ് : എല്ലാ ദിവസവും മൂക്ക് മുട്ടേ ഭക്ഷണം കഴിക്കുന്നവര്‍ക്ക് പ്രശ്‌നമില്ല. ഇത് ആഴ്ചയില്‍ ഒരു ദിവസമാണ്.

മാതാവ് : നിങ്ങള് പിള്ളേരെ വഴിതെറ്റിക്കാതെ. 

പിതാവ് : ഞാന്‍ നിന്റെ അടുത്ത് തര്‍ക്കിക്കാന്‍ നില്‍ക്കുന്നില്ല.

മാതാവ് : തര്‍ക്കിച്ചിട്ട് കാര്യമില്ല. സഹനങ്ങളിലൂടെ ഇഷ്ടഭോജ്യം വര്‍ജ്ജിക്കുന്നതിലുടെ മാത്രമേ സ്വര്‍ഗ്ഗം പ്രാപിക്കാന്‍ കഴിയു. അതിന് വാക്കും പ്രവൃത്തിയും ഒന്നാകണം.

പിതാവ് : തമ്പുരാനെ ഓര്‍ത്ത് നീ കടിച്ചാപ്പൊട്ടാത്ത വാക്കുകള്‍ ഒഴിവാക്ക്. പ്ലീസ്, എന്ത് വേണമെങ്കിലും  ഉപേക്ഷിക്കാം. നിന്റെ ഈ ജാതി വര്‍ത്തമാനം നിറുത്തിയാല്‍ മതി.

മാതാവ് : അങ്ങനെ വഴിക്ക് വാ. പിള്ളേര് ഒന്നും കഴിച്ചിട്ടില്ല ക്ലാസ് കഴിയുമ്പോഴേക്കും അവര്‍ക്ക് ഭക്ഷണം കൊടുക്കേണ്ടതാ. നമ്മള് സംസാരിക്കുന്നത് കേട്ട് തല തിരിയേണ്ട. 

പിതാവ് : ആ ചെറുക്കനെ എങ്ങനെ തീറ്റിക്കാനാ. വേണ്ടയെന്ന് പറഞ്ഞാല്‍ പിന്നെ ആ വശത്തേക്ക് നോക്കില്ല ഉച്ചയ്ക്ക് എന്ത് കൊടുക്കുമെന്തോ?

മാതാവ് : സോയാബീന്‍ വച്ച് അവനെ പറ്റിക്കാം. കുറച്ച് അധിക മസാല ചേര്‍ത്ത് മാനേജ് ചെയ്യാം.

രംഗം – 3 

പള്ളിവക സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച് നല്‍കിയ ആധുനിക സയന്‍സ് ലാബിന്റെ ഉദ്ഘാടന വേദിയില്‍ അച്ചന്റെ അധ്യക്ഷ പ്രസംഗം.

അച്ചന്‍ : ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ ലക്ഷങ്ങളില്‍ നാടിനോടും സ്‌കൂളിനോടും സ്‌നേഹമുള്ള ഒരോറ്റ ബാച്ചേയുള്ളു അത് നയന്റി ബാച്ചാണ്. ഇവര്‍ എന്തുകൊണ്ടും മാതൃകയാണ് സ്‌കൂളിനും സമൂഹത്തിനും കിട്ടുന്നതില്‍ ഒരോഹരി മാറ്റി വെച്ച് നിർദ്ധനരായ വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന ഈ വിദ്യാലയത്തെ ചേര്‍ത്ത് നിറുത്തുമ്പോള്‍ അത് സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്ത്? മറ്റുള്ളവരെ സഹായിക്കാനുള്ള ഈ ചെറുപ്പക്കാരുടെ മനോഭാവം എന്ത് കൊണ്ടും പ്രശംസയര്‍ഹിക്കുന്നു. അധികം സംസാരിച്ച് സമയം കളയുന്നില്ല.

പിതാവ് : നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ?

ഒരുവന്‍ : എന്ത് നല്ല കാര്യം ചെയ്താലും അപ്പോ ഉടക്കുമായി വരും. നീ ഒരു കാര്യത്തിന് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ?

പിതാവ് : എങ്ങനെ സപ്പോര്‍ട്ട് ചെയ്യാനാ എന്റെ സുഹൃത്തുക്കളെ, എന്ത് കാര്യത്തിന് ഇത് ചെയ്യുന്നു.

മറ്റൊരുവന്‍ : പാവപ്പെട്ട കുട്ടികള്‍ക്ക് കൈ താങ്ങ്.

പിതാവ് : അതൊക്കെ, ഈ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാ?

ഒരുവന്‍ : എന്താ സംശയം. നമ്മുടെ പള്ളിവക സ്‌കൂളായത് കൊണ്ട് സര്‍ക്കാരില്‍ നിന്നും കിട്ടുന്ന ഫണ്ട് കൊണ്ട് ഇതൊക്കെ ചെയ്യുവാന്‍ സാധിക്കുമോ?

മറ്റൊരുവന്‍ : അങ്ങനെ ചോദിക്കടാ, എന്തിലും കുറ്റം കണ്ട് പിടിക്കുന്ന നിന്റെ ഈ സ്വഭാവം ഒന്ന് മാറ്റാന്‍ നോക്ക്.

പിതാവ് : നിങ്ങളൊന്ന് ആലോചിച്ച് നോക്ക് ഈ സ്‌കൂളില്‍ ഒരു വേക്കന്‍സി വന്നാല്‍ എങ്ങനെയാ നിയമിക്കുന്നത്. ആര്‍ക്കെങ്കിലും പറയാമോ?

ഒരുവന്‍ : ഓ, അവന്റെയൊരു പുതിയ കണ്ടുപിടുത്തം ഒന്ന് പോടാ. നീ പറയുന്നത് പണ്ടായിരുന്നു. കാശ് വാങ്ങി നിയമനം.

പിതാവ് : ഇപ്പോള്‍ നിയമനത്തിന് കാശ് വാങ്ങുന്നില്ലെന്ന് ആരാ പറഞ്ഞേ?

മറ്റൊരുവന്‍ : അത്, പടിയറ പിതാവ് അവസാനിപ്പിച്ചില്ലേ?

പിതാവ് : എവിടെ അവസാനിച്ചൂന്നാ? ഇടയലേഖനമിറക്കിയത് നേരാ. അത് നമ്മുടെ ഏതെങ്കിലും സ്‌കൂളില്‍ നടപ്പാക്കിയിട്ടുണ്ടോ?

ഒരുവന്‍ : ഇവനെന്ത് മണ്ടനാ? എടോ, ആ ഇടയലേഖനത്തിന് ശേഷം ഒരു ചില്ലറ പൈസ പള്ളിക്കാര് വാങ്ങിയിട്ടില്ല.

പിതാവ് : എടാ, റിജു നിന്റെ പെങ്ങള്‍ എത്ര കൊടുത്തു?

റിജു : 30 ലക്ഷം എണ്ണികൊടുത്തിട്ടാ പെങ്ങള്‍ സ്‌കൂളില്‍ കയറിയത്.

ഒരുവന്‍ : ഇത് പള്ളിയെ താറടിച്ച് കാണിക്കുവാനാ ഞാന്‍ വിശ്വസിക്കില്ല.

പിതാവ് : ഇത് തന്നെയാ അവര്‍ക്ക് ബലം. അന്ധവിശ്വാസികള്‍ ഉള്ള കാലത്തോളം ഇത് തുടരും. ഈ പൈസ എന്തും പറഞ്ഞാ വാങ്ങുന്നത്? ഞാന്‍ തന്നെ പറയാം. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യം ഒരുക്കാന്‍. എന്നിട്ട് നിങ്ങളെന്തിനാ പിരിച്ച് കൊടുക്കുന്നത്.

മറ്റൊരുവന്‍ : അപ്പോ, അങ്ങനെയാണോ കാര്യങ്ങള്‍, ഇനി ഈ പേരും പറഞ്ഞ് ആരും എന്റെയടുത്ത് വരരുത്.

പിതാവ് : ആ പറയുന്നത് ശരിയല്ല. ഇങ്ങനെ സഹായിക്കുക തന്നെ ചെയ്യണം. ആര്‍ക്ക് അര്‍ഹതയുള്ളവര്‍ ഒട്ടനവധി പേര്‍ ഈ സമൂഹത്തില്‍ ഒരു നേരത്തെ ഭക്ഷണത്തിന് പാങ്ങില്ലാത്തവരുണ്ട്.

ഒരുവന്‍ : ഇനി ഈ ഏര്‍പ്പാട് അവസാനിപ്പിക്കാം.

രംഗം – 4

പള്ളി കുടുംബ യൂണിറ്റ് ഭാരവാഹികള്‍ മാറാല അടിച്ച് കഴുകി തുടച്ച് വൃത്തിയാക്കുന്നത് ഉത്സാഹത്തോടെ കൂട്ടമായി ചെയ്യുമ്പോള്‍ മാറി നിന്ന് പണിയെടുക്കുന്ന പിതാവ്.

ഒരു വിശ്വാസി : ദൈവത്തിന്റെ ആലയം ക്ലീന്‍ ചെയ്യുവാന്‍ കിട്ടുന്നത് തന്നെ ഒരനുഗ്രഹമാണ്.

മറ്റൊരു വിശ്വാസി : അനുഗ്രഹമൊക്കെ തന്നെ വീട്ടില്‍ ചെന്ന് വെട്ടിതിളപ്പിച്ച ചൂട് വെള്ളത്തില്‍ കളിച്ചില്ലെങ്കില്‍ വിവരമറിയും.

ഒരു വിശ്വാസി : ക്രിസ്തു സഹിച്ച സഹനം വെച്ച് നോക്കുമ്പോള്‍ ഇതൊക്കെ എന്ത്?

(ഷട്ടില്‍ ബാറ്റുമായി വരുന്ന കൊച്ചച്ചന്മാരെ കണ്ട് പിതാവ്)

പിതാവ് : ഇവര്‍ക്ക് ഇതില്‍ കൂടി പണിയെടുത്താല്‍ ഈ ഷട്ടില്‍ കസര്‍ത്ത് ഒഴിവാക്കാന്‍ പാടില്ലേ?

ഒരു വിശ്വാസി : നീ എന്താ വിളിച്ചേ ഇവരെന്നോ, അച്ചന്മാരെ അങ്ങനെ വിളിക്കാമോ? അവര് പണിയെടുക്കുകയോ, ദൈവത്തിന്റെ പ്രതിപുരുഷന്മാരോ?

പിതാവ് : മൂക്ക്മുട്ടെ തിന്നിട്ട് അസുഖം വരാതിരിക്കാന്‍ കാണിക്കുന്ന കസര്‍ത്തല്ലേ.

മറ്റൊരു വിശ്വാസി : ബലിയര്‍പ്പിക്കുന്നവര്‍ ചൂലെടുത്ത് തൂക്കുകയോ? നല്ല കഥയായി.

പിതാവ് : എന്നാല്‍ പണിയെടുക്കുന്നതിന് കൂലി കൊടുക്കണം.

ഒരു വിശ്വാസി: നമ്മുടെ ആത്മീയ ഗുരുക്കളെല്ലേ. 

പിതാവ് : ഈ സര്‍വ്വീസ് എല്ലാം ഫ്രീയാണോ?

മറ്റൊരു വിശ്വാസി : ദൈവ ദോഷം പറയാതെ, പൈസ വാങ്ങാതെ അവര്‍ക്ക് ജീവിക്കാന്‍ കഴിയുമോ?

പിതാവ് : അപ്പോ, നമ്മള്‍ ചെയ്യുന്ന പ്രവൃത്തിക്ക് കൂലി വേണ്ടേ?

ഒരു വിശ്വാസി : ഇതിന് നീ കണക്ക് പറയേണ്ടി വരും.

പിതാവ് : ആ കണക്കല്ലേ, ഞാന്‍ പറഞ്ഞത്.

മറ്റൊരു വിശ്വാസി : ഭൂമിയിലെ കണക്കല്ല. മരിച്ച് അവിടെ ചെല്ലുമ്പോള്‍.

പിതാവ് : അത് ഞാന്‍ പറഞ്ഞോളാം. മരിച്ചവര്‍ക്ക് വേണ്ടി ഒപ്പീസ് ചെല്ലുന്നതിന് എത്രയാ, ഒരു കുര്‍ബാനയ്ക്ക് എത്രയാ കൂലി, ശ്രമദാനത്തിലൂടെയും പിരിവെടുത്തും പണിത പാരീഷ് ഹാള് ഫ്രീയാണോ?

ഒരു വിശ്വാസി : നിന്റെയടുത്ത് തര്‍ക്കിക്കാന്‍ ഞാനില്ല. നീ അച്ചനോട് കൂലി വാങ്ങിച്ചോ?

പിതാവ് : അത് തന്നെയാ ചെയ്യുവാന്‍ പോകുന്നത്. 

( എല്ലാവരും പണി തീര്‍ത്ത് ബാത്റൂമില്‍ പോയി കൈയും കാലും കഴുകി പോകുവാന്‍ ഒരുങ്ങുമ്പോള്‍ അവിടേക്ക് അച്ചനെത്തുന്നു.)

അച്ചന്‍ : എല്ലാവരും കുശിനിയില്‍ ചെന്ന് ചായ കുടിച്ചിട്ട് പോയാല്‍ മതി.

പിതാവ് : അച്ചോ, പണി വൃത്തിയായി ചെയ്തില്ലേ?

അച്ചന്‍ : ഗംഭീരമായിട്ടുണ്ട്.

പിതാവ് : എന്നാ കൂലിയായി ഒരു ആയിരമെടുത്തോ?

അച്ചന്‍ : ചുമ്മാ തമാശിക്കാതെ ചായ കുടിച്ച് പോകുവാന്‍ നോക്ക്.

പിതാവ് : തമാശയല്ല അച്ചാ, പണിയെടുത്തന്റെ കൂലിയാ ചോദിക്കണേ?

അച്ചന്‍ : ശരിക്കും.

പിതാവ് : പിന്നല്ലാതെ.

അച്ചന്‍ : വെറുതെ ശാപം മേടിക്കാതെ പോകാന്‍ നോക്ക്.

പിതാവ് : ശാപം  കിട്ടിയാലും കുഴപ്പമില്ല. ചെയ്ത പണിക്ക് കൂലി വാങ്ങിയിട്ടേ പോകു.

ഒരു വിശ്വാസി : നീയൊന്ന് മിണ്ടാതിരിക്ക് (പേഴ്‌സ് എടുത്ത് തുറന്നു കൊണ്ട് ) എത്രയാ വേണ്ടേ?

പിതാവ് : നിന്റെ ഓശാരം എനിക്ക് വേണ്ട. 

(സഹിക്കെട്ട് അച്ചന്‍ റൂമില്‍ പോയി പൈസയുമായി വരുന്നു. പിതാവിന്റെ കൈയില്‍ കൊടുക്കുമ്പോള്‍ പള്ളിയിലെ മണിയടിക്കുന്നു കപ്യാര്‍ )

രംഗം – 5

പള്ളിയാശുപത്രിയിലെ ഐസിയുവിന്റെ മുമ്പില്‍ പകച്ച് നില്‍ക്കുന്ന പിതാവ്. അഞ്ചാം നിലയില്‍ 

സിസ്റ്റര്‍ : അതേ, ഡോക്ടര്‍ വിളിക്കുന്നു. (പിതാവ് ആശങ്കയോടെ ഡോക്ടറെ കാണുവാന്‍ ചെല്ലുന്നു.) 

ഡോക്ടര്‍ : എഴുന്നേറ്റ് നിക്കാന്‍ കാലിന് ചെറിയൊരു ഓപ്പറേഷന്‍ വേണ്ടി വരും. 

പിതാവ് : ഡോക്ടറെ ഇത്രയും പ്രായമുള്ള അപ്പനെ നിങ്ങളാദ്യം ആ ബെഡില്‍ ഒന്നിരുത്തുവാനുള്ള മാര്‍ഗ്ഗം നോക്ക്.

ഡോക്ടര്‍ : ഓപ്പറേഷന്‍ ചെയ്തില്ലെങ്കില്‍ ജീവിതത്തില്‍ എഴുന്നേറ്റ് നടക്കുവാന്‍ കഴിയില്ല.

പിതാവ് : ഓപ്പറേഷന് എത്ര സംഖ്യയാവും?

ഡോക്ടര്‍ : അതൊരു ഒന്ന് ഒന്നര ലക്ഷമാകും.

പിതാവ് : ഇത്ര പൈസ കടവും വെലയും വാങ്ങി ചെയ്താല്‍ എഴുന്നേറ്റ് നടക്കുമെന്ന് ഉറപ്പുണ്ടോ?

ഡോക്ടര്‍ : ഉറപ്പ് പറയുവാന്‍ കഴിയില്ല. 

പിതാവ് : പരീക്ഷണത്തിന് ഞാനില്ല. എഴുന്നേറ്റ് നടത്താമെന്ന് ഉറപ്പുണ്ടെങ്കില്‍ ചെയ്യാം.

ഡോക്ടര്‍ : അതൊന്നും പറയുവാന്‍ കഴിയില്ല.

(കുര്‍ബ്ബാനയ്ക്ക് മുന്‍പുള്ള ഗാനം കേള്‍ക്കുന്നു. ഐ സി യു വിന്റെ മുന്നിലുള്ള ബൈ സ്റ്റാന്റേഴ്‌സ് തലയില്‍ തോര്‍ത്തിട്ട് കുര്‍ബാനയ്ക്ക് കൂട്ടുന്നു.)

പിതാവ് : എന്ത് ചെയ്യാനാ? ധര്‍മ്മാശുപത്രിയില്‍ നിന്നും ഹൈടെക്ക് ആശുപത്രിയായപ്പോള്‍ കഴുത്തറുപ്പായി.

കൂട്ടിരുപ്പുകാരന്‍ : പൈസ എത്ര വേണമെങ്കിലും ചെലവാക്കാം അസുഖം മാറേണ്ടേ.

പിതാവ് : കഴുത്തറുക്കുന്നതിനൊപ്പം നല്ല ഡോക്ടര്‍മാരെ നിയമിക്കേണ്ടേ. കെട്ടിടം മാത്രം ഹൈടെക്കായത് കൊണ്ട് രോഗികള്‍ക്ക് എന്താ കാര്യം.

കൂട്ടിരുപ്പുകാരന്‍ : അല്ല, ഞാന്‍ ആലോചിക്കാറുണ്ട്. ഇവര്‍ക്ക് ആശുപത്രിക്കൊപ്പം ധ്യാനകേന്ദ്രമില്ലേ?

പിതാവ് : പിന്നെ, തൊട്ടപ്പുറത്ത് വെള്ളിയാഴ്ചകളില്‍ രോഗ ശാന്തി ശുശ്രൂഷയുണ്ട്.

കൂട്ടിരുപ്പുകാരന്‍ : ഇതെങ്ങനെ വിശ്വാസവും ശാസ്ത്രവും ഒന്നിച്ച് കൊണ്ട് പോണോ?

പിതാവ് : അത് മറ്റൊരു തട്ടിപ്പ് . ധ്യാനകേന്ദ്രത്തിലെ വൈദികന് അസുഖം വന്നപ്പോള്‍ പ്രാര്‍ത്ഥിച്ചല്ല മാറ്റിയത് ചികിത്സിച്ചാ.

കൂട്ടിരിപ്പുകാരന്‍ : വെറുതെ ദൈവ ദോഷം വരുത്തേണ്ട. വിശ്വാസത്തെ കളിയാക്കാന്‍ പാടില്ല. 

( സിസ്റ്റര്‍ വന്ന് ഡോര്‍ തുറന്ന് പിതാവിനെ അരികിലേക്ക് വിളിക്കുന്നു.)

സിസ്റ്റര്‍ : ഡോക്ടര്‍ വിളിക്കുന്നുണ്ട്. 

പിതാവ് : എന്താ കാര്യം സിസ്റ്ററേ?

സിസ്റ്റര്‍ : ഡോക്ടര്‍ പറയും.(സുമുഖനായ ഡോക്ടര്‍ എത്തുന്നു.)

ഡോക്ടര്‍ : അതേ, ചെറിയൊരു പ്രശ്‌നമുണ്ട്?

പിതാവ് : എന്താ സാര്‍?

ഡോക്ടര്‍ : അതോ, നാല് ബ്ലോക്കുണ്ട്. ഉടനെ എന്തെങ്കിലും ചെയ്യണം.

പിതാവ് : ഹാര്‍ട്ടിലാണോ?

ഡോക്ടര്‍ : അതെ

പിതാവ് :  കാലിന്റെ പ്രശ്‌നം കഴിഞ്ഞ് ഹാര്‍ട്ടിനായോ?

ഡോക്ടര്‍ : പ്രായമായില്ലേ. ഓരോ ഭാഗം ക്ഷയിച്ച് തുടങ്ങും ഉടനെ എന്തെങ്കിലും ചെയ്‌തേ പറ്റു.

പിതാവ് : എത്ര വേണ്ടി വരും സാര്‍?

ഡോക്ടര്‍ : ഒരു നാല് ലക്ഷം കരുതിക്കൊള്ളു.

പിതാവ് : പൈസയ്ക്ക് പൈസ വേണ്ടേ.

സോക്ടര്‍ : ഉടനെ ചെയ്യണം. പി.ആര്‍ഒ ആയി സംസാരിച്ച് വേണ്ടത് ചെയ്യ്.

(പി ആര്‍ ഒ എത്തുന്നു )

പി. ആര്‍. ഒ : ഉടനെ പണം അടയ്ക്കണം. അല്ലാ ചേട്ടന്‍ ആശുപത്രിയുടെ പുറകിലല്ലേ താമസിക്കുന്നത്.

പിതാവ് : അതെ, നാല് സെന്റ് ലക്ഷം വീട് കോളനിയില്‍.

പി ആര്‍ ഒ : വഴിയുണ്ട്.

പിതാവ് : എന്ത് വഴി?

പി ആര്‍ ഒ : ചേട്ടന്‍ ആ സ്ഥലം ആശുപത്രിക്ക് നല്‍കിയാല്‍ കാര്യം തീരും.

പിതാവ് : അങ്ങനെ കോളനി വാങ്ങുവാന്‍ പറ്റുമോ?

പിആര്‍ഒ : അത് ഞങ്ങള്‍ ശരിയാക്കിക്കൊള്ളാം. മാര്‍ക്കറ്റ് വില കിട്ടില്ല.

പിതാവ് : എന്ത് കുന്തായാലും കുഴപ്പമില്ല. അപ്പനെ രക്ഷപ്പെടുത്തിയാല്‍ മതി.

പിആര്‍ഒ : ഓഫീസില്‍ വന്ന് എഗ്രിമെന്റ് ചെയ്താല്‍ കാര്യം റെഡി.

പിതാവ് : സാറ് ബിഷപ്പിന്റെ പെങ്ങളുടെ മോനല്ലേ?

പി ആര്‍ ഒ : അതേ, എങ്ങനെ മനസിലായി.

പിതാവ് : ഇവിടത്തെ ജോലിക്കാര്‍ അച്ചന്റെയോ സിസ്റ്റഴ്‌സിന്റെയോ ബന്ധുക്കളല്ലേ. (കുര്‍ബ്ബാനയുടെ അവസാനത്തെ പാട്ട് കേള്‍ക്കാം. രക്ഷിപ്പാന്‍ ദൈവത്തിന്‍ കരമുണ്ടല്ലോ, വീണാല്‍ താങ്ങുവാന്‍ ശക്തനായവനുണ്ടല്ലോ.)

രംഗം – 6

റോമന്‍ കത്തോലിക്കര്‍ തിങ്ങി പാര്‍ക്കുന്നയിടത്തേയ്ക്ക് യൂദാ ശ്ലീഹയുടെ പേരില്‍ പള്ളി ഉയരുന്നു. യൂദാപുരം ഉണ്ടാക്കപ്പെടുന്നു. വ്യാഴാഴ്ചകള്‍ സൗഖ്യ പ്രാര്‍ത്ഥനയാല്‍ മുഖരിതമാകുന്നു.

പിതാവ് : ഇത് ശരിയായ നടപടിയല്ല ?

ഒരു വിശ്വാസി : ആരാധന സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്.

പിതാവ് : കാര്യം, പള്ളിക്കാരുടെ കൊള്ളരുതായ്മകള്‍ ചോദ്യം ചെയ്യേണ്ടത് തന്നെ. ആര്‍ സി കാരുടെ റോമില്‍ കുടിയേറിയ, കെട്ടി വന്ന മുക്കുവര്‍ ഒരിക്കലും ഇത് ചെയ്യരുതായിരുന്നു.

മറ്റൊരു വിശ്വാസി : അതില്‍ എന്താ തെറ്റ്. ആര്‍ സി ക്കാരുടെ കുന്നായ്മക്ക് അത് തന്നെ വേണം. 

പിതാവ് : അവര് ആര് ഇവിടെ ഉണ്ടായിട്ടാ ഇങ്ങനെ ചെയ്യുന്നത്.

ഒരു വിശ്വാസി : താന്‍ അത് വിട്ട് കള.

പിതാവ് : എന്നാ നിങ്ങള്‍ക്ക് താല്പര്യമുള്ള വിഷയം പറയാം. ആര്‍ സിക്കാരനായ പിതാവ് ലാറ്റിന്‍ സഭയുടെ തലവനായി കാണിച്ച വൃത്തിക്കേടിനെ കുറിച്ച് സംസാരിക്കാം.

മറ്റൊരു വിശ്വാസി : അപ്പോഴും നെറികേട് കാണിച്ചത് ആര് എവിടെ നിന്നിട്ട്?

പിതാവ് : അതല്ലല്ലോ വിഷയം. കര്‍ത്താവിന്റെ മണവാട്ടിയെ പീഡിപ്പിച്ചതല്ലേ വിഷയം.

ഒരു വിശ്വാസി : അത് ഇത്ര പ്രശ്‌നമാക്കേണ്ട കാര്യമുണ്ടോ? പണ്ട് നയനാര് പറഞ്ഞ പോലെ വിദേശത്ത് ചായ കുടിക്കുന്ന പോലെയല്ലേയുള്ളൂ.

പിതാവ് : അവരെ എന്തുകൊണ്ട് സ്ത്രീയായി  കാണുവാന്‍ കഴിയുന്നില്ല.

മറ്റൊരു വിശ്വാസി : മറ്റൊരു പേരാണ് അവര്‍ക്ക് അനുയോജ്യം. അത് ഇവിടെ പറയുവാന്‍ മോറാലിറ്റി അനുവദിക്കുന്നില്ല.

പിതാവ് : വൃത്തികേട് ചെയ്യുന്നതിന് മോറാലിറ്റി പ്രശ്‌നമില്ല. അത് പറയുവാന്‍ മോറാലിറ്റി അനുവദിക്കുന്നില്ല. ഇത് എന്ത് ന്യായം.

മറ്റൊരു വിശ്വാസി : കോടതി വെറുതെ വിട്ട കേസില്‍ നിങ്ങള്‍ വിധിക്കുന്നത് എന്തിന്.

പിതാവ് : ഒരു പിതാവ് ഈ വിഷയത്തില്‍ ആരോപണ വിധേയനാകുക എന്ന് പറയുന്നത് ശരികേടല്ലേ.

ഒരു വിശ്വാസി : വാദത്തിന് ഇങ്ങനെ സംഭവിച്ചുവെന്ന് തന്നെ വിശ്വസിക്കാം. എന്നാലും ഒരു സിസ്റ്റര്‍ പിതാവിനെതിരെ അതും ഇത്തരം അനുസരണക്കേട് കാണിക്കണോ?

പിതാവ് : നിങ്ങളോട് തര്‍ക്കിച്ചിട്ട് കാര്യമില്ല. സത്യമല്ല നിങ്ങള്‍ക്ക് പ്രധാനം വിശ്വാസമാണ്. വെറുതെ എന്തിന് എന്റെ വായിലെ വെള്ളം വറ്റിക്കണം. ഇതൊക്കെ നിന്റെ വീട്ടിലെ കുട്ടിക്ക് സംഭവിക്കുമ്പഴേ നീയൊക്കെ പഠിക്കു.

മറ്റൊരു വിശ്വാസി : കുടുംബത്തില്‍ പിറന്നവര്‍ അങ്ങനെ ചെയ്യില്ല.

പിതാവ് : അപ്പോ, പിതാവ് കുടുംബത്തില്‍ പിറന്നതല്ലേ?

വിശ്വാസി : ഇവന്‍ സഭയ്ക്ക് വേണ്ടി വാദിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് വര്‍ഗ്ഗീയ വാദികളുടെ സ്വരത്തില്‍ സംസാരിക്കുന്നു. ഇത് ശരിയല്ല.

പിതാവ് : വാക്കും പ്രവൃത്തിയും യോജിക്കാത്തവര്‍ വിശ്വാസികളല്ല അന്ധവിശ്വാസികളാണ്. നിങ്ങള്‍ ക്രിസ്തുവിനെ വാഴ്ത്തുന്നുള്ളു. അദ്ദേഹത്തിന്റെ പ്രവൃത്തി പിന്‍തുടരുന്നില്ല. അത് തന്നെയാണ് എളുപ്പ വഴി.

ഒരു വിശ്വാസി : നീ പോയേ അധികം പറഞ്ഞാല്‍ വീക്ക് വാങ്ങും.

മറ്റൊരു വിശ്വാസി : നീ പോവാന്‍ നോക്ക് കൈക്ക് പണിയുണ്ടാക്കാതെ.

പിതാവ് : കൊള്ളാം ശത്രുവിനെ സ്‌നേഹിക്കാന്‍ പറഞ്ഞ ഗുരുവിന്റെ ശിഷ്യന്മാര്‍ തന്നെ നിങ്ങള്‍. 

രംഗം – 7

ഭൂമി വിറ്റപ്പോള്‍ വില കുറച്ച് കാണിച്ചതിന് പിതാവ് പ്രതിയായി കേസ് വരുന്നു. കളവ് പറയരുത്. എന്ന് പഠിപ്പിക്കുന്ന ആത്മീയാചാര്യന്‍ അത് ജീവിതത്തില്‍ പുലര്‍ത്തുവാന്‍ കഴിയാതെ

പിതാവ് : ‘ആകാശത്തിലെ പറവകളെ നോക്ക് വിതക്കുന്നില്ല, കൊയ്യുന്നില്ല, അറപ്പുരകളില്‍ ശേഖരിക്കുന്നില്ല.’ ഈ ബൈബിള്‍ വാക്യം പറയുവാന്‍ കൊള്ളാം. നടപ്പിലാക്കുവാനാണ് ബുദ്ധിമുട്ട്.

ഒരു വിശ്വാസി : നമ്മള്‍ ആരെയും വിധിക്കാന്‍ പാടില്ല. 

പിതാവ് : പ്രവൃത്തിയില്ലാത്ത വര്‍ത്തമാനം നടപ്പിലാക്കുവാന്‍ കഴിയില്ല എന്ന് മാത്രമല്ല, പറയുവാന്‍ കഴിയുന്നത് മാത്രമാണ്. 

മറ്റൊരു വിശ്വാസി : അവരും മനുഷ്യരല്ലേ. ബലഹീനതകള്‍ കാണില്ലേ?

പിതാവ് : ഇതൊന്നും പ്രയോഗികമല്ലെന്ന് സമ്മതിച്ച് തരുവാന്‍ എന്താ ഇത്ര ബുദ്ധിമുട്ട്.

ഒരു വിശ്വാസി : നീ ഭൂമി വാങ്ങിയപ്പോള്‍ നികുതി കുറച്ച് കാണിച്ചല്ലേ ആധാരം നടത്തിയത്.

പിതാവ് : ഒരിക്കലുമല്ല. സര്‍ക്കാരിന് കൊടുക്കേണ്ട കൃത്യം നികുതി കൊടുത്തു തന്നെയാ വാങ്ങിയത്.

മറ്റൊരു വിശ്വാസി : എല്ലാ നിയമങ്ങളും അണുവിട മാറാതെ ചെയ്യുവാന്‍ ദൈവമല്ലല്ലോ?

പിതാവ് : പിന്നെ, നിങ്ങള്‍ ആദര്‍ശം പറയരുത്. സ്വയം ചെയ്യുവാന്‍ കഴിയാത്തതൊന്നും അടിച്ചേല്‍പ്പിക്കരുത്.

ഒരു വിശ്വാസി : അങ്ങനെ ചെയ്താല്‍ (ഷര്‍ട്ടിന്റെ കൈ മുകളിലേക്ക് തെറുത്ത് കയറ്റി)നീ എന്ത് ചെയ്യും.

പിതാവ് : നീയല്ലേ, ശത്രുവിനെ സ്‌നേഹിക്കാന്‍ പറഞ്ഞ ക്രിസ്തുവിന്റെ ശിഷ്യന്‍ ഹ…ഹ..ഹ

മറ്റൊരു വിശ്വാസി : നീ നിറുത്ത് നിന്റെ അട്ടഹാസം.

പിതാവ് : ഞാന്‍ ചോദിച്ചതില്‍ എന്താണ് തെറ്റെന്ന് ബോധ്യപ്പെടുത്തി തരാമോ?

ഒരു വിശ്വാസി : നീയൊരു മൈരും പറയ്യേണ്ട. നിന്റെ കഴപ്പ് എന്താന്ന് മനസ്സിലായി.

പിതാവ് : എത്ര വേണമെങ്കിലും പ്രകോപിച്ചോളു എനിക്ക് നിങ്ങളാകുവാന്‍ കഴിയില്ല. അല്ലാ, ഞാന്‍ ഇവിടെ എന്താ പറഞ്ഞേ?

മറ്റൊരു വിശ്വാസി: നീയൊന്നും പറയേണ്ട. നീയേ മറ്റുള്ളവരുടെ ചട്ടുകമാകരുത്.

പിതാവ് : ആരുടെ ചട്ടുകമായെന്ന്?

ഒരു വിശ്വാസി : നീ മിണ്ടരുത്. നിന്നെ ഞാന്‍ ശരിയാക്കും. 

പിതാവ് : ആശയത്തില്‍ നിന്നും സംഘട്ടനത്തിലേക്കുള്ളത് എന്റെ പാതയല്ല.

മറ്റൊരു വിശ്വാസി : നീയൊരു പുണ്യാളന്‍. നിനക്ക് രൂപകൂട് പണിയാം.

പിതാവ് : ഇത് തന്നെയാ നിങ്ങളുടെ പ്രശ്‌നം ഗുരുവിനെ ആരാധിച്ചാല്‍ മതി ഗുരു ചെയ്ത പ്രവൃത്തി ചെയ്യുക അതിലും പാടാ.

ഒരു വിശ്വാസി : നിന്നോട് നിറുത്തുവാനാ പറഞ്ഞേ. നീ പറയുവാന്‍ പോകുന്നത് എന്തെന്ന് മനസിലായി. വിദേശത്ത് നിന്ന് ഫണ്ട് വരുന്നു. ഏറ്റവുമധികം സമ്പത്തുള്ളത്. ഇത് കേന്ദ്രം ഭരിക്കുന്നവരുടെ വാദം നീ ഏറ്റെടുക്കേണ്ട. 

പിതാവ് :  ആര് പറഞ്ഞാലും അത് വസ്തുതയല്ലേ?

ഒരു വിശ്വാസി : ഇപ്പോ എങ്ങനെ ഉണ്ട്?

പിതാവ് : സത്യം സത്യമായി പറയണം.

മറ്റൊരു വിശ്വാസി : അവന്റെ അമ്മേടെ സത്യം. (രണ്ട് പേരും ചേര്‍ന്ന് പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നു.)

രംഗം-8

സഭയ്‌ക്കെതിരെ പട നയിച്ചതിന് വിലക്കേര്‍പ്പെടുത്തുന്നു. പിതാവിന്റെ കുടുംബത്തെ.കുടുംബ യൂണിറ്റ് യോഗങ്ങളില്‍ നിന്നും പള്ളി പരിപാടികളില്‍ നിന്നും വിലക്കുന്നു.

പിതാവ് : ഞാന്‍ ചെയ്ത തെറ്റ് എന്ത്?

മാതാവ് : എന്ത് കാര്യത്തിനാ മനുഷ്യാ സഭക്കെതിരെ സംസാരിച്ചത്.

പിതാവ് : ഞാന്‍ എന്ത് സംസാരിച്ചുവെന്ന നീ പറയുന്നത്. 

മാതാവ് : നിങ്ങളൊന്നും പറഞ്ഞില്ലേ?

പിതാവ് : സത്യം വിളിച്ചു പറഞ്ഞു.

മാതാവ് : പണ്ട് കാര്‍ന്നോമാര് പറയും പള്ളിക്കാരോടും പട്ടക്കാരോടും അധികമടക്കരുതെന്ന്.

പിതാവ് : നീ ഒന്ന് പോയേ.

മാതാവ് : ആവശ്യമില്ലാതെ വെല്ലുവിളിച്ച് നടന്നോ? ഒടുക്കം പിള്ളേരുടെ കാര്യം വരുമ്പോള്‍ ഓടാം.

പിതാവ് : എനിക്കറിയാം എന്താ ചെയ്യണ്ടേന്ന്. ഇവിടെ കണ്ട് തീര്‍ന്നില്ലെങ്കില്‍ അതിരൂപതയുണ്ടല്ലോ?

മാതാവ് : അപ്പോ, നിങ്ങള് ഇതിന്റെ പിന്നാലെ തന്നെ പോകുവാനാണോ പരിപാടി. 

പിതാവ് : ശുദ്ധീകരിക്കുവാന്‍ തന്നെയാ പരിപാടി, ഏതായാലും നനഞ്ഞു ഇനി കുളിച്ച് കയറാം

മാതാവ് : നിങ്ങള് വെറുതെ ശാപമേറ്റു വാങ്ങേണ്ട.

പിതാവ് : നീ ഏത് യുഗത്തിലാ ജീവിക്കുന്നത്. മിണ്ടരുത്. കേള്‍ക്കരുത്, കാണരുത് എന്ന പോളിസി എനിക്ക് പറ്റില്ല.

മാതാവ് : സമൂഹത്തില്‍ ജീവിക്കണമെങ്കില്‍ പലതിനും കണ്ണടയ്‌ക്കേണ്ടി വരും.

പിതാവ് : പ്രവര്‍ത്തിക്കാന്‍ പറ്റാത്ത ആദര്‍ശം പറയരുത് എന്ന് തന്നെയാണ് എന്റെ പോളിസി.

മാതാവ് : നിങ്ങള് മാത്രമല്ല ഈ കുടുംബമാണ് തൂങ്ങേണ്ടി വരുന്നത്.

പിതാവ് : പ്രവൃത്തിയെടുക്കാതെ പ്രാര്‍ത്ഥിച്ച് കൊല്ലാമെന്ന് ആരും ധരിക്കേണ്ട.

മാതാവ് : നിങ്ങള്‍ക്ക് മുഴുത്ത പ്രാന്താ.

പിതാവ് : അതേടി, സഭയേയും സമൂഹത്തെയും ശുദ്ധീകരിക്കുവാന്‍ തന്നെയാണ് എന്റെ തീരുമാനം. 

മാതാവ് : സഭയും സമൂഹവും പ്രബലമാണ്. അവര്‍ക്ക് എന്തും ചെയ്യുവാന്‍ കഴിയും.

പിതാവ് : ക്രൂശില്‍ തറച്ചതിനുമപ്പുറം ഒന്നുമില്ലല്ലോ. അത് ഞാന്‍ സഹിച്ചു.

മാതാവ് : നിങ്ങള് ഒരു കാലത്തും നന്നാവില്ല.

പിതാവ് : ഞാന്‍ വെള്ളം കുടിക്കാനോ, പെണ്ണ് പിടിക്കാനോ പോയത് കൊണ്ടല്ലല്ലോ?

മാതാവ് : അതായിരുന്നെങ്കില്‍ ഇതിലും ഭേദമായിരുന്നു.

പിതാവ് : സത്യത്തെ പ്രതി ഏതറ്റം വരെ പോകുവാനും ഞാന്‍ തയ്യാറാണ്.

മാതാവ് : അവരുടെ അറ്റകൈ പ്രയോഗമുണ്ട്.

പിതാവ് : എന്ത്?

മാതാവ് : തലയ്ക്ക് സുഖമില്ലെന്ന് വരുത്തി തീര്‍ക്കും.

പിതാവ് : എന്ത് വന്നാലും സത്യത്തെ പ്രതി എന്തും സഹിക്കാന്‍ ഞാന്‍ തയ്യറാണ്.

മാതാവ് : നിങ്ങള് മാത്രമല്ലല്ലോ അനുഭവിക്കുന്നത്. ഞാനും എന്റെ പിള്ളേരുമല്ലേ? 

രംഗം – 9

പിതാവിനെ ഒത്തുതീര്‍പ്പിന് പള്ളിയിലേക്ക് വിളിക്കുന്നു. കൈക്കാരനും നാട്ടിലെ പ്രമുഖരും ചര്‍ച്ചയിലുണ്ട്.

അച്ചന്‍ : എന്തിനാണ് വെറുതെ സഭക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിക്കുന്നത്.

പിതാവ് : കൊള്ളരുതായ്മകള്‍ കണ്ടാല്‍ ചോദ്യം ചെയ്യും.

അച്ചന്‍ : അങ്ങനെ എല്ലാം ശരിയായി നടക്കണമെന്ന് വാശി പിടിക്കരുത്.

പിതാവ് : അങ്ങനെ വാശി പിടിച്ചാല്‍ എന്താ പ്രശ്‌നം?

അച്ചന്‍ : അച്ചന്‍ ക്ലിയറ് കട്ടായിട്ട് പറയാം. പള്ളിയില്‍ കയറ്റില്ല.

പിതാവ് : ഇത് പറയാന്‍ അച്ചന് എന്തധികാരം?

കൈക്കാരന്‍ : ഇയാള് നേരാവണ്ണം തീര്‍ക്കില്ലെന്ന് തോന്നുന്നു.

പിതാവ് : അതേ, ഞാനും അച്ചനുമായിട്ടാണ് സംസാരിക്കുന്നത്.

അച്ചന്‍ : ഇവരും പള്ളിയെ നയിക്കുന്നവരാണ്.

പിതാവ് : പള്ളിക്കൂടത്തിനരികെയുള്ള ബാര്‍ മാറ്റുന്നതിന് പകരം പള്ളിക്കൂടം മാറ്റിയവനല്ലേ?( കൈക്കാരന്‍ ചാടിയെഴുന്നേല്‍ക്കുന്നു. കശപിശയാകുന്നു. അച്ചന്‍ എഴുന്നേറ്റ് അയാളെ ശാന്തനാകുന്നു.)

അച്ചന്‍ : താന്‍ വല്യ അധികപ്രസംഗം നടത്തേണ്ട.

പിതാവ് : ഞാന്‍ പറഞ്ഞത് വസ്തുതയല്ലേ?

അച്ചന്‍ : അതല്ലല്ലോ വിഷയം.

പിതാവ് : അത് തന്നെയാ വിഷയം.

അച്ചന്‍ : താന്‍ വലിയ പുളളിയാണെന്ന വിചാരം, അത് വേണ്ട. പള്ളിയില്‍ നിന്നും മാറ്റി നിറുത്തും. ചത്താല്‍ പോലും തിരിഞ്ഞ് നോക്കില്ല.

പിതാവ് : അച്ചോ, ഭീഷണിയാണോ?

അച്ചന്‍ : ഭീഷണിയാണെങ്കില്‍?

പിതാവ് : (എഴുന്നേറ്റ് കൊണ്ട്) എന്നാ പിന്നെ സംസാരിച്ചിട്ട് കാര്യമില്ലല്ലോ? ഇവിടെ കോടതിയും സഭ കോടതിയുമുണ്ട്. അന്ധവിശ്വാസികളല്ലാത്തവരും വിശ്വാസികളായുണ്ട് അത് ഓര്‍ത്താല്‍ കൊള്ളാം.

അച്ചന്‍ : അപ്പോ അങ്ങനെയാ കാര്യങ്ങള്‍ എന്നാല്‍ അങ്ങനെ തീര്‍ക്കാം.

പിതാവ് : പറയാനാണെങ്കില്‍ ഒരുപാടുണ്ട്.

അച്ചന്‍ : നിന്റെ അധിക പ്രസംഗം നീ നിറുത്ത്.

രംഗം -10

ക്രിസ്ത്യാനികള്‍ തിങ്ങി പാര്‍ക്കുന്നയിടം. വിവാഹാഘോഷം നടക്കുന്ന വീട്.

പിതാവ് : എന്നാലും തൊട്ടയല്‍പക്കം പോട്ടേ ഒരേ കുടുംബം പോലെ കഴിഞ്ഞവരല്ലേ എന്നിട്ടും.

മാതാവ് : ചോദ്യം ചെയ്യുമ്പോള്‍ ഓര്‍ക്കണമായിരുന്നു.

പിതാവ് : അങ്ങനെ ചെയ്യോ?

മാതാവ് : ഇത് അവര് വിലക്കിയത് തന്നെയാണ്.

പിതാവ് : നീ ഒന്ന് പോയേ.

മാതാവ് : അവര്‍ ഇടഞ്ഞാല്‍ നിങ്ങള്‍ വിചാരിക്കുന്നതിനുമപ്പുറമായിരിക്കും.

പിതാവ് : സഭ അങ്ങനെ അണലിയുടെ വാശി വെച്ച് പുലര്‍ത്തോ?

മാതാവ് : നിങ്ങള്‍ക്ക് അറിയാന്‍ പാടില്ലാഞ്ഞിട്ടാ. വളഞ്ഞിട്ട് ആക്രമിക്കും ഒടുക്കം നിങ്ങള്‍ ആശുപത്രിക്ക് സ്ഥലം വിട്ട് കൊടുക്കേണ്ടി വരും തീര്‍ച്ച. എത്രയും പെട്ടെന്ന് രമ്യതയിലാക്കുവാന്‍ നോക്ക്.

പിതാവ് : ഞാന്‍ പറഞ്ഞ കാര്യങ്ങളൊന്നും ശരിയല്ലെന്ന് ഞാന്‍ കരുതുന്നില്ല.

മാതാവ് : എന്നാല്‍ നിങ്ങള്‍ അനുഭവിച്ചോ? ഞാനും എന്റെ മകളും കൂടി അനുഭവിക്കേണ്ടി വരുമല്ലോ?

പിതാവ് : എന്നാ നിങ്ങള് നിങ്ങടെ വഴി നോക്കിക്കോ?

മാതാവ് : വെറുതെ മണ്ടത്തരം പറയാതെ. പോയി ക്ഷമ ചോദിക്കാന്‍ നോക്ക്.

പിതാവ് : ഞാന്‍ ചോദ്യം ചെയ്തത് ശരിയെന്ന ബോധ്യമെനിക്കുണ്ട്.

മാതാവ് : ഞങ്ങളെ ഒന്ന് ഒഴിവാക്കി തരുവാന്‍ എന്ത് ചെയ്യണം? ശരിക്കും അറിയാവുന്നത് കൊണ്ട് പറയുന്നതാ അവര്‍ ശരിക്കും ദ്രോഹിക്കും.

പിതാവ് : ഒരു ചുക്കും ചെയ്യില്ല. ഇവിടെ നിയമമുണ്ട് കോടതിയുണ്ട് ഞാന്‍ ഏതറ്റം വരെ പോകുവാനും തയ്യാറാണ്.

മാതാവ് : എന്നാ നിങ്ങള്‍ക്ക് നിങ്ങളുടെ വഴി ഞങ്ങക്ക് ഞങ്ങളുടെ വഴി.

പിതാവ് : എന്നെ ഒറ്റപ്പെടുത്തുവാനാണോ തീരുമാനം?

മാതാവ് : ഞങ്ങള് ഈ സമൂഹത്തിലും സഭയിലും ജീവിക്കണം. അതിന് വേണ്ടി എന്തിനും തയ്യാറാണ്. 

പിതാവ് : ഞാന്‍ തടസമാകുന്നുവെങ്കില്‍ ഞാന്‍ മാറി തരുവാന്‍ തയ്യാറാണ്. അത് നേരെ ചൊവ്വേ പറഞ്ഞാല്‍ പോരെ.

മാതാവ് : ഒരു മാപ്പെഴുതിക്കൊടുത്താല്‍ തീരുന്ന പ്രശ്‌നമുള്ളു.

പിതാവ് : അതൊരിക്കലും നടക്കില്ല. ഞാന്‍ ചോദ്യം ചെയ്തത് വസ്തുതയാണ്. അത് ഒരിക്കലും മാറാത്ത കാലത്തോളം തെറ്റിനെ അംഗീകരിക്കാന്‍ കഴിയില്ല.

മാതാവ് : എന്നാ നിങ്ങള് നിങ്ങടെ ശരിയെ കെട്ടിപ്പിടിച്ചിരുന്നോ.

പിതാവ് : എന്നാല്‍ ശരി ഞാന്‍ എന്റെ വഴി നോക്കിക്കൊള്ളാം.(അയാള്‍ അവിടെ നിന്നും ഇറങ്ങി പോരുന്നു.)

രംഗം-11

മലമുകളിലിരുന്നു പ്രാര്‍ത്ഥിക്കുന്ന യേശു.

പിതാവ് : ഞാന്‍ ചെയ്ത തെറ്റ് എന്തെന്ന് എനിക്ക് മനസിലാകുന്നില്ല.

യേശു : എന്നെ തന്നെ അംഗീകരിക്കുന്നില്ല, പിന്നെയല്ലേ നിന്നെ.

പിതാവ് : ഞാന്‍ ശരികേടുകള്‍ക്കെതിരെയാണ് നിലപാട് സ്വീകരിച്ചത്.

യേശു : ഒന്നോര്‍ത്താല്‍ മതി. ഞാന്‍ എന്തിനാണ്  ക്രൂശിലേറിയത്?

പിതാവ് : അങ്ങും അത് തന്നെ ആവര്‍ത്തിക്കണമെന്നാണോ ആഗ്രഹിക്കുന്നത് .

യേശു: എന്ത് ചെയ്യുവാന്‍ കഴിയും. നിങ്ങള്‍ ആഗ്രഹിച്ച നേതാക്കളെ നിങ്ങള്‍ക്ക് ലഭിക്കു.

പിതാവ് : അതൊക്കെ ശരി, ഈ ശരി കേടുകള്‍ ഇനിയും ആവര്‍ത്തിക്കണമെന്നാണോ അങ്ങും ആഗ്രഹിക്കുന്നത്.

യേശു : സിസ്റ്റം മാറാതെ ഒരു രക്ഷയുമില്ല

പിതാവ് : ഈ സിസ്റ്റം ആര് മാറ്റും?

യേശു : ഒറ്റപ്പെട്ട ശബ്ദത്തില്‍ നിന്നും കൂട്ടങ്ങള്‍ ഉയര്‍ന്ന് വരണം.

പിതാവ് : നിങ്ങളും എന്നെ കൈ വിടുകയാണോ?

യേശു : ഇത് കൈവിടലിന്റെ പ്രശ്‌നമല്ല.

പിതാവ് : ഞാന്‍ സ്വീകരിച്ച നിലപാടിന്റെ പുറത്ത് നിങ്ങള്‍ കൈ വിട്ടാല്‍ എന്തും സ്വീകരിക്കാന്‍ തയ്യാറാണ്.

യേശു : ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ സഹിക്കാനും തയ്യറാകണം.

പിതാവ് : അങ്ങ് കൈ ഒഴിയുകയാണെങ്കില്‍ ഓക്കെ.

യേശു :  ഞാന്‍ പ്രവൃത്തിയെടുക്കാന്‍ പറഞ്ഞപ്പോള്‍ അത് ചെയ്യാതെ, എന്നെ ആരാധിക്കാനും പ്രാര്‍ത്ഥിക്കാനും തുടങ്ങി. പ്രവൃത്തിയില്ലാത്ത പ്രാര്‍ത്ഥന വ്യര്‍ത്ഥമെന്ന് പറഞ്ഞിട്ട് ആര് കേള്‍ക്കാന്‍. 

പിതാവ് : അങ്ങയുടെ കൈയില്‍ നിന്നും പോയോ?

യേശു : അത് എന്നേ പോയി. ചാട്ടവാറെടുക്കാന്‍ ഞാന്‍ പ്രാപ്തനല്ല. 

പിതാവ് : പിന്നെ എന്താണ് രക്ഷ?

യേശു : ഒറ്റപ്പെട്ട സ്വരങ്ങള്‍ പലപുഴകള്‍ ഒന്നായി ചേര്‍ന്നൊഴുക്കി പ്രവാഹമായി മാറുന്ന പോലെ ചോദ്യങ്ങള്‍ ഉയര്‍ത്തി ചീട്ടുക്കൊട്ടാരം പോലെ തകരുന്നവരെയ്ക്കും നിങ്ങള്‍ ഉറക്കെ ശബ്ദിക്കണം. എല്ലാം തകര്‍ത്തെറിയുന്ന ദിനം വരും. 

പിതാവ് : എന്ന്?

യേശു : ശക്തി പ്രാപിക്കുമ്പോള്‍, അത് നിങ്ങളിലൂടെ സംഭവിക്കാം നിങ്ങള്‍ക്ക് ശേഷം സംഭവിക്കാം. എന്നാലും നിലപാടില്‍ ഉറച്ച് നില്‍ക്കുക.

പിതാവ് : എന്നാ ഞാന്‍ കുരിശിലേറുവാന്‍ തയ്യാര്‍.

യേശു : എന്നാല്‍ പകുതി വിജയമായി. സമൂഹത്തെ കുറിച്ച് വിചാരിക്കപ്പെടുന്നവന് ദുരിതമായിരിക്കും.

പിതാവ് : എല്ലാം ഞാന്‍ ഏറ്റു വാങ്ങുവാന്‍ തയ്യാര്‍.

യേശു : ചോദ്യം ചെയ്യുന്നവന്‍ എന്നെ പ്രതി ക്രൂശിക്കപ്പെട്ടാലും സിസ്റ്റം മാറാതെ ഇരിക്കാനാവില്ല. അത് മാറുക തന്നെ ചെയ്യും. എന്തും സഹിക്കാന്‍ ഒരുങ്ങിക്കോ.

( വൈദീകരും പ്രമാണിമാരും വന്ന് പിതാവിനെ തച്ച് തകര്‍ക്കുവാന്‍ വരുമ്പോള്‍ മറു കരണം കാണിച്ചു കൊണ്ട് ചോദ്യങ്ങള്‍ ഒന്നായി ഊരിയെടുക്കുന്നു. സന്തോഷത്തോടെ പിതാവ് എല്ലാം സഹിക്കുന്നു.)

You can share this post!