പ്രഹേളിക

 

രാത്രിയേകാന്ത, മാകാശം ഘനശ്യാമം;

നേർത്ത തേങ്ങൽപോലൊരു തെന്നലിടക്കിടെ

മൂർത്ത ദു:ഖങ്ങളാം മരങ്ങളെയിളക്കുന്നൂ,

പിന്നെ വീണ്ടും നിശ്ചലയായീടുന്നു.

തപ്ത ഗാത്രിയാം ഭൂമി ജ്വരഗ്രസ്തയെപ്പോലെ

ദുഷ്ടസ്വപ്നങ്ങള്‍ കണ്ടു ഞെട്ടിത്തരിക്കുന്നൂ.

നീരവസമുദ്രമാമന്തരീക്ഷമേതോ

ഭീകരവിപത്തിനെക്കാത്തിരിക്കുന്നതുപോലെ.

ശീര്‍ഷമില്ലത്തൊരു തെങ്ങില്‍

പൊടുന്നനെയിടിമിന്നല്‍.

ഒട്ടിടകഴിഞ്ഞൊരു മഴ-

യശ്രുപോല്‍പ്പൊഴിയുന്നൂ. . .

ഉത്തരമില്ലാത്ത പ്രശ്നമോയീ വിശ്വമെ-

ന്നെത്രയും വിസ്മയചകിതനായ്‌പ്പോകുന്നു പാവം മര്‍ത്ത്യന്‍!

You can share this post!